Image

ദൈവസ്‌നേഹം പ്രപഞ്ച രചനയില്‍ (ലേഖനം: ജയന്‍ വര്‍ഗീസ്)

Published on 06 February, 2018
ദൈവസ്‌നേഹം പ്രപഞ്ച രചനയില്‍ (ലേഖനം: ജയന്‍ വര്‍ഗീസ്)
ഒരമ്മ തന്റെ കുഞ്ഞിന് വേണ്ടി തോട്ടില്‍ കെട്ടുകയാണ്. എത്രമാത്രം ശ്രദ്ധയും, ദീര്‍ഘ വീക്ഷണവുമാണ് ആ 'അമ്മ തൊട്ടിലിലേക്ക് പകരുന്നത് ?! കുഞ്ഞിന്റെ മൃദുമേനിക്ക് അലോസരമുണ്ടാക്കാത്ത മിനുത്ത തുണി തന്നെ തൊട്ടിലിനായി തെരഞ്ഞെടുത്തിരിക്കുന്നു, കാറ്റും, വെളിച്ചവും ലഭ്യമാവുന്ന ഒരിടം കണ്ടെത്തിയിരിക്കുന്നു, ഒരു കാരണവശാലും പൊട്ടിപ്പോകാത്ത കയറില്‍ തൊട്ടിലിനെ ഉറപ്പിച്ചിരിക്കുന്നു, ബലമാര്‍ന്ന ഒരു മോന്തായത്തില്‍ അതിനെ തൂക്കിയിരിക്കുന്നു, കുഞ്ഞിന് പരമാവധി സുഖദായകമായ ഒരു വേഗത്തില്‍ 'അമ്മ തൊട്ടിലിനെ ആട്ടുന്നു. അനുഭൂതികളുടെ അനശ്വരമായ സ്വപ്നലോകത്ത് കുഞ്ഞ് വളര്‍ച്ചയുടെ പടവുകള്‍ താണ്ടുന്നു!!

ദൈവസ് സ്‌നേഹത്തിന്റെ പരമമായ സൃഷ്ടി പൂര്‍ണ്ണതയാണ് മനുഷ്യന്‍. പ്രപഞ്ചത്തിലെങ്ങും ഇതുപോലൊരു സൃഷ്ടിയുള്ളതായി ആര്‍ക്കും അറിവില്ല. മനുഷ്യന്‍ എന്ന തന്റെ അരുമക്കുഞ്ഞിന് വേണ്ടി ദൈവം ഞാത്തിയിട്ട കളിത്തൊട്ടിലാകുന്നു ഭൂമി എന്നാണു എന്റെ വിശ്വാസം. തന്റെ ഓമനയുടെ മൃദു ചര്‍മ്മത്തിന് പോറലും, കീറലും ഏല്‍ക്കാതിരിക്കാനായി വായുവെന്ന മസ്ലിന്‍ പുതപ്പുകൊണ്ട് ഇതിനെ പൊതിഞ്ഞിരിക്കുന്നു. ചുട്ടുപൊള്ളാനും, തണുത്തു മരവിക്കാനും വിടാതെ അത്യാസ്വാദ്യകരമായ ഒരു മിതോഷ്ണാവസ്ഥ ഉപരിതലത്തിലെ മിക്കവാറും ഭാഗങ്ങളിലും ഒരുക്കിയിരിക്കുന്നു. അറിയപ്പെടുന്ന പ്രപഞ്ചത്തില്‍ എവിടെയും കാണപ്പെടാത്ത തരത്തില്‍ മൂല പദാര്‍ത്ഥങ്ങളെ അതി സമര്‍ത്ഥവും, അത്യതിശയകരവുമായി സംയോജിപ്പിച് ജല സമൃദ്ധി കൊണ്ട് ഇതിനെ നിറച്ചിരിക്കുന്നു. സൂര്യന്‍ ചിരിക്കുന്‌പോള്‍ ഭൂമിയില്‍ വെളിച്ചം നിറയുന്നു, ചന്ദ്രന്‍ മന്ദഹസിക്കുന്‌പോള്‍ നറുനിലാവ് പരക്കുന്നു !!

മനസ്സിനെയും, ശരീരത്തെയും പോഷിപ്പിക്കുന്ന സസ്യ ലതാദികള്‍ കൊണ്ട് ഉപരിതലത്തെ പച്ചപ്പിന്റെ പരവതാനി അണിയിച്ചിരിക്കുന്നു. രത്‌നഗര്‍ഭയും, സുഗന്ധ വാഹിനിയുമായ മണ്ണ് മനുഷ്യ സ്വപ്നങ്ങള്‍ക്ക് തണലും, തലോടലുമേകുന്നു. എത്രയോ യുഗങ്ങളായി മനുഷ്യന്‍ എന്ന ഈ മനോഹര ജീവി സൗര യൂഥത്തിലെ ഈ നീലവര്‍ണ്ണ ഗോളത്തിന്റെ സജീവ സാന്നിദ്ധ്യമായി ഇര തേടിയും, ഇണ തേടിയും നിലനില്‍ക്കുന്നു !

ആധുനിക ജീവിതത്തിന് അത്യന്താപേക്ഷിതമായ ഒന്നാണ് വൈദ്യുതി എന്ന് നമുക്കറിയാം. വൈദ്യുതി ആവശ്യം വരുന്‌പോള്‍ നാം ആശ്രയിക്കുന്നത് നമ്മുടെ കൈയെത്തുന്നിടത്തെ സ്വിച്ചിനെ മാത്രമാണ്. സ്വിച്ച് ഓണ്‍ ചെയ്തുകൊണ്ട് നാം ടി.വി. കാണുന്നു, പാട്ടു കേള്‍ക്കുന്നു, എ. സി. അനുഭവിക്കുന്നു. അങ്ങിനെ നൂറു നൂറ് ആവശ്യങ്ങള്‍ക്കായി നാം വൈദ്യുതി ഉപയോഗിക്കുന്‌പോളെല്ലാം നമ്മുടെ സമീപനം സ്വിച്ചില്‍ വരെ മാത്രമേ എത്തുന്നുള്ളു. സ്വിച്ചിന്റെ പിറകിലുള്ള മഹത്തും, ബൃഹത്തുമായ സാങ്കേതിക വിദ്യയെ പലപ്പോഴും നാം മറക്കുന്നു. നമ്മുടെ സ്വിച്ചില്‍ വൈദ്യുതി എത്തിക്കുന്ന വയറുകള്‍, വയറുകള്‍ക്കു പിന്നിലുള്ള കണ്‍ട്രോള്‍ പാനലുകള്‍, സര്‍ക്യൂട്ട് ബ്രേക്കറുകള്‍, മെയിന്‍ സ്വിച്ചുകള്‍, അളവുകളുടെ അടിസ്ഥാനത്തിലുള്ള സപ്ലെ ലൈനുകള്‍, എല്ലാ ലൈനുകളും ചെന്ന് ചേരുന്ന പവര്‍ സ്‌റ്റേഷനുകള്‍, പവര്‍ സ്‌റ്റേഷനുകള്‍ക്ക് ശക്തി പകരുന്ന കൂറ്റന്‍ ജനറേറ്ററുകള്‍, ജനറേറ്ററുകളെ തിരിക്കുന്നതിനായി ഉപയോഗപ്പെടുത്തിയിരിക്കുന്ന ജല ശക്തിയോ, താപ ശക്തിയോ, അണുശക്തിയോ മറ്റും മറ്റുമായ ശാക്തിക റിസോര്‍സുകള്‍.

നമ്മള്‍ വിരല്‍ നീട്ടിയെത്തുന്ന ഒരു സ്വിച്ചില്‍ നിന്ന് നമുക്ക് സുഖം പകരുന്നതിനായി ആയിരക്കണക്കിന് നിര്‍മ്മിതികളും, സംവിധാനങ്ങളും, സാഹചര്യങ്ങളും, ചിന്തകളും, പ്രവര്‍ത്തികളും ലക്ഷ്യബോധത്തോടെ സമന്വയിച്ചിരിക്കുന്നതായി നമുക്ക് കാണാം.

ദൈവാവബോധമുള്ള ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഇത് പോലെ തന്നെയാണ് ഭൂമി മനുഷ്യവാസ യോഗ്യമാക്കുന്നതിനുള്ള സംവിധാനങ്ങളും ദൈവം ഒരുക്കിയിട്ടുള്ളത്. നമ്മുടെ കണ്ണുകള്‍ കാണുന്നത് കൊണ്ട് സൂര്യനും, ചന്ദ്രനും വെളിച്ചങ്ങളാണെന്ന് നമുക്കറിയാം.ഇവ മുന്‍ സൂചിപ്പിച്ച സ്വിച്ചുകള്‍ പോലെയാണ്. ഈ സ്വിച്ചുകളിലൂടെ വെളിച്ചം മാത്രമല്ലാ നമുക്ക് കിട്ടുന്നത്. സര്‍വ സസ്യങ്ങളെയും, ജീവികളെയും ഇവകളോട് ബന്ധിപ്പിച്ചിരിക്കുന്നു. കടലുകളെയും, കാറ്റുകളെയും ഇവകളോട് ബന്ധിപ്പിച്ചിരിക്കുന്നു. മനസ്സുകളെയും, വികാരങ്ങളെയും ഇവകളോട് ബന്ധിപ്പിച്ചിരിക്കുന്നു. ഇരയേയും, ഇണയെയും അതി സമര്‍ത്ഥമായി ഇവകളോട് ബന്ധിപ്പിച്ചു കൊണ്ട്, ഇര തേടലിലൂടെ നിലനില്‍പ്പും, ഇണ ചേരലിലൂടെ പ്രത്യുല്‍പ്പാദനവും സംവിധാനം ചെയ്തിരിക്കുന്നു !!

നാം നേരിട്ട് കാണുകയും, അനുഭവിക്കുകയും ചെയ്യുന്നത് കൊണ്ടാണ് സൂര്യനും ചന്ദ്രനും പ്രാഥമിക സ്വിച്ചുകളുടെ നിരയില്‍ വരുന്നത്. നാം കാണാത്ത എത്രയോ സംവിധാനങ്ങള്‍ ? സൂര്യ കുടുംബത്തില്‍ ( സോളാര്‍ സിസ്റ്റം ) തന്നെ എട്ട് ഗ്രഹങ്ങള്‍. ( പ്ലാനറ്റ്‌സ് ) നവ ഗ്രഹ സിദ്ധാന്തം പഴയ കഥ. (നമ്മുടെ പ്ലൂട്ടോയെ 2006 ല്‍ ഡിസ്മിസ് ചെയ്ത് തരം താഴ്ത്തി കുള്ളന്‍ ഗ്രഹങ്ങള്‍ക്കൊപ്പം ( ഡ്വാര്‍ഫ് പ്ലാനറ്റ് ) മാറ്റി നിര്‍ത്തിയത് ഓര്‍ക്കുമല്ലോ? ) പ്ലൂട്ടോയുടെ ഉപഗ്രഹം ( ചാറോണ്‍ ) ഉള്‍പ്പടെ എഴുപതോളം ഉപഗ്രഹങ്ങള്‍;(മൂണ്‍സ് ) കുള്ളന്‍ ഗ്രഹങ്ങള്‍ ; (ഡ്വാര്‍ഫ് പ്ലാനറ്റ്‌സ് ) വാല്‍ നക്ഷത്രങ്ങള്‍; ( കോമറ്റ്‌സ് ) ഉല്‍ക്കകള്‍; (അസ്‌ട്രോയിഡ്‌സ് ) പൊടിപടലങ്ങള്‍.

ഇവിടന്നും പിന്നോട്ട് പോയാല്‍ സൂര്യന്റെ തറവാടായ ക്ഷീരപഥം.( മില്‍ക്കിവേ ) ക്ഷീരപഥത്തില്‍ തന്നെ ശാസ്ത്രജ്ഞരുടെ നിഗമനപ്രകാരം നൂറ് ബില്യണിലധികം വരുന്ന നക്ഷത്രങ്ങള്‍. ഇവയില്‍ പലതും സൂര്യന്റെയൊക്കെ വല്യ വല്യേട്ടന്മാരായ ഭീമാകാരന്മാരാണ്. ഓരോന്നും തമ്മിലുള്ള ദൂരമാകട്ടേ പ്രകാശ വര്‍ഷങ്ങള്‍.

സെക്കന്‍ഡില്‍ ഒരു ലക്ഷത്തി എണ്‍പത്താറായിരം മൈല്‍ വേഗതയില്‍ സഞ്ചരിക്കുന്ന വെളിച്ചം ഒരു വര്‍ഷക്കാലം കൊണ്ട് ഇതേ വേഗതയില്‍ എത്തിച്ചേരുന്ന ദൂരമാണ് ഒരു പ്രകാശ വര്ഷം. നമ്മുടെ സൂര്യന്റെ തൊട്ടയക്കാരനായ നക്ഷത്രത്തില്‍ എത്തിച്ചേരാന്‍ ഇതേ വേഗതയില്‍ നാലേകാല്‍ വര്ഷം വേണം പ്രകാശത്തിന് . അതായത് നാലേകാല്‍ പ്രകാശ വര്ഷം. അവിടന്നും പിന്നോട്ട് പോയാല്‍ കോടാനുകോടി പ്രകാശ വര്‍ഷങ്ങള്‍ക്ക് അകലെ നില്‍ക്കുന്ന നക്ഷത്ര ഭീമന്മാര്‍ വരെയുണ്ട് നമ്മുടെ ഗാലക്‌സിയില്‍. ഒന്നും രണ്ടുമല്ല, നൂറ് ബില്യണിലുമധികമാണ് മില്‍ക്കി വേയുടെ കുഞ്ഞു കുട്ടി പരാധീനങ്ങള്‍ !

നമ്മുടെ ഗാലക്‌സിയായ മില്‍ക്കി വേ ഗാലക്‌സികളുടെ ഒരു നാലംഗ സംഘത്തിലെ അംഗമാണ്. ഈ സഖ്യത്തെ ' ആന്‍ഡ്രോമീഡിയാ ' എന്ന് ശാസ്ത്രജ്ഞന്മാര്‍ വിളിക്കുന്നു. നഗ്‌ന നേത്രങ്ങള്‍ കൊണ്ട് കാണാവുന്ന ഈ നാല്‍വര്‍ സംഘം ലോക്കല്‍ ഗ്രൂപ് എന്നറിയപ്പെടുന്നതും, 30 ഗാലക്‌സികള്‍ ഉള്‍പ്പെടുന്നതുമായ ഒരു കൂട്ടുകുടുംബത്തിലെ അംഗങ്ങളാണ്.

വീണ്ടും പിന്നോട്ട് പോയാല്‍, ഗാലക്‌സികളുടെ ഒരു പ്രളയമാണ്.ചുരുങ്ങിയത് നൂറുബില്യണ്‍ ഗാലക്‌സികളെ ഇതിനകം കണ്ടെത്തിക്കഴിഞ്ഞു എന്ന് അവകാശപ്പെടുന്ന ശാസ്ത്രം, ആകെയുള്ളതിന്റെ അഞ്ചു ശതമാനം പോലും കണ്ടെത്താനായിട്ടില്ലാ എന്നും പരിതപിക്കുന്നു? ശക്തിയേറിയ പുത്തന്‍ ടെലസ്‌കോപ്പുകളുടെ വരവോടെ കൂടുതല്‍ ഗാലക്‌സികളെ കണ്ടെത്താനാവും എന്ന പ്രതീക്ഷയിലാണ് ശാസ്ത്രജ്ഞര്‍.

ഇവയെയെല്ലാം നില്‍ക്കേണ്ടിടത്ത് നിര്‍ത്തിയിരിക്കുന്നു. ആകര്‍ഷണ വികര്‍ഷണങ്ങളുടെ അജ്ഞേയങ്ങളായ ചരടുകളില്‍ ബന്ധിപ്പിച്ചിരിക്കുന്നു . മനുഷ്യ മനസിനോ,അവന്റെ ബുദ്ധിക്കോ , അവന്‍ എന്ന സാധുജീവിയുടെ അവിരാമമായ അന്വേഷണങ്ങള്‍ക്കോ ഒന്നിനും ഇതെല്ലാം എങ്ങിനെ സംഭവിച്ചു എന്നതിന് ഒരവസാന ഉത്തരം കണ്ടെത്താനാവുകയില്ല. സര്‍വ ശക്തനായ ദൈവത്താല്‍ ഇതെല്ലാം സംഭവിച്ചു എന്ന് ദൈവ വിശ്വാസികളായ മനുഷ്യര്‍ വിശ്വസിക്കുകയും ആശ്വസിക്കുകയും ചെയ്യുന്‌പോള്‍, മറ്റുള്ളവര്‍ അവരവരുടെ ന്യായങ്ങളില്‍ ഉത്തരം തേടുന്നു. കാല വിസ്മൃതികളുടെ തീരഭൂമികളില്‍ ജീവിച്ചുമരിച്ച , ആത്മ നിഷ്ഠയുടെ അതീന്ദ്രിയങ്ങളില്‍ നിന്നും ജ്ഞാനം ആര്‍ജ്ജിച്ച കാലാതിവര്‍ത്തികളായ ദാര്‍ശനികരുടെ കണ്ടെത്തലുകളാണ് മറ്റേതു നിഗമനങ്ങളെക്കാളും ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നത്.

അംബര ചുംബികളായ സൗധസമുച്ചയങ്ങളുടെ ഒരു സമാഹാരമാണ് പ്രപഞ്ചമെങ്കില്‍, അതിലൊന്നിലെ ഒരു ചെറുമുറിയിലെ കുഞ്ഞുപോടില്‍ ഒളിഞ്ഞിരിക്കുന്ന ഒരു പാറ്റാക്കുഞ്ഞിനെപ്പോലെയാണ് മനുഷ്യന്‍. വീടിനുള്ളില്‍ അതിനു മിതോഷ്ണാവസ്ഥ കിട്ടുന്നുണ്ട്, രാത്രിയില്‍ പുറത്തു വരുന്‌പോള്‍ ആഹാരം കിട്ടുന്നുണ്ട്, താമസിക്കാന്‍ മനോഹരമായ ഒരു പോട് അതിന് സ്വന്തമായിട്ടുണ്ട് . നമ്മളെപ്പോലെ അതും പറയുന്നുണ്ടാവണം: എനിക്ക് വീടുണ്ട്, കാറുണ്ട്, ജോലിയുണ്ട്, പണമുണ്ട് , പദവിയുണ്ട് എന്നൊക്കെ.ആത്മാര്‍ത്ഥമായ ഒരന്വേഷണത്തില്‍ ഇതൊന്നും അത് ആര്‍ജ്ജിച്ചതല്ലാ, അതിന് ലഭിച്ചതാണ് എന്ന് കാണാം.

മനുഷ്യന്റെ സാങ്കേതിക ജ്ഞാനം കൊണ്ടുവരുന്ന വൈദ്യുതി ഉപയോഗിച്ചും, ഗ്യാസ് എരിയിച്ചുമുണ്ടാക്കുന്ന മിതോഷ്ണാവസ്ഥയാണ് അതിന് അനുഭവേദ്യമാവുന്നത്. അവന്റെ തീന്‍ മേശയില്‍ നിന്നും തൂവിപ്പോയ ചെറു തരികളായിരുന്നു, രാത്രിയില്‍ അതിന് ലഭ്യമായ ഫൈവ് കോഴ്‌സ് ഡിന്നര്‍. മനുഷ്യന്റെ ഭവനത്തിലെ ഏതോ ചെറുപോടാണ് അതിന് ലഭ്യമായ ലക്ഷ്വറി ഹവുസ്.

പാറ്റ ഇതറിയുന്നുണ്ടോ? ഇല്ലേയില്ല. അതിന്റെ മനസ്സ് ഇതൊന്നും ഉള്‍ക്കൊള്ളാന്‍ മാത്രം വളര്‍ന്നതല്ല. മനുഷ്യനെ അത് കണ്ടിട്ടുണ്ടോ? തീര്‍ച്ചയായും ഇല്ല. അതിന്റെ കണ്ണുകള്‍ക്ക് കാണാനാവുന്ന ചെറു ഫ്രെയിമിനെക്കാള്‍ എത്രയോ വലുതാണ് മനുഷ്യന്‍? അവന്റെ സാന്നിദ്ധ്യം അതറിയുന്നുണ്ടോ? ഉണ്ടാവാനിടയില്ല. അവന്റെ പാദപതന നാദം അതിനനുഭവപ്പെടുന്ന ഭൂകന്പമാണ്. അവന്റെ സഞ്ചാരം അതിന് കൊടുങ്കാറ്റാണ്. അവന്റെ ശബ്ദം അതിന് ഇടിനാദവും, അവന്റെ ചലനം അതിന് സുനാമിയുമാണ് ?!

തന്റെ ഓമനക്കു വേണ്ടി തൊട്ടില്‍ കെട്ടിയ അമ്മയുടെ ശ്രദ്ധയും, കരുതലുമാണ് തന്റെ അരുമയായ മനുഷ്യന് വേണ്ടി ദൈവം ഇവിടെ ഒരുക്കിയിട്ടുള്ളത്. അനന്തമായ ആകാശത്തിലെ ഭൂമിയെന്ന ഈ നക്ഷത്രപ്പാറയിലെ വായു കുമിളയില്‍ ദൈവം മനുഷ്യനെ കിടത്തിയിരിക്കുന്നു. അവന്റെ സുഖത്തിനും, സന്തോഷത്തിനും നിലനില്‍പ്പിനും വേണ്ടതെല്ലാം ഒരുക്കിയിരിക്കുന്നു. പ്രഥമ വിശകലനത്തില്‍ നമ്മുടെ ചിന്ത എത്തുന്നത് കേവലമായ ചില സ്വിച്ചുകളില്‍ മാത്രമാണ്. ഈ സ്വിച്ചുകളില്‍ നിന്നാണ് നമുക്കെല്ലാം കിട്ടുന്നത്.സംശുദ്ധമായ വായു, സ്പടിക നിര്‍മ്മലമായ ജലം, അകളങ്കിതമായ അഗ്‌നി, ഊര്‍ജ്ജ സര്‍വ്വസ്വമായ ആകാശം, സസ്യ ജന്തു ജാല സമൃദ്ധി.

ഈ സ്വിച്ചിനും പിറകിലുള്ള സംവിധാനങ്ങളിലേക്ക് നമുക്ക് എത്തിപ്പെടാനാവുന്നില്ല. ഒരു പാറ്റക്കുഞ്ഞിന് അതിരിക്കുന്ന പോട് സ്ഥിതി ചെയ്യുന്ന വീടിന്റെ മേല്‍ക്കൂര പോലും കാണാനാവാത്തതു പോലെ, നാം പരമാവധി നമ്മുടെ ഭൂമിയും, അതിന്റെ ചമയങ്ങളുമേ കാണുന്നുള്ളൂ. മനുഷ്യന്‍ പറന്നു, പറന്ന് ചന്ദ്രനിലിറങ്ങിയത്രേ! അത് ശരിയാണെങ്കില്‍ത്തന്നെയും നമ്മുടെ പാറ്റ അത് വസിച്ചിരുന്ന പോടില്‍ നിന്നും പുറത്തിറങ്ങി എന്ന് പറയുന്നത് പോലെയേ അതുള്ളൂ. ഈ നക്ഷത്രപ്പാറയിലെ ( ശാസ്ത്ര ഭാഷയില്‍ റോക്കി പ്ലാനെറ്റ് ) വായു കുമിള ഇതുപോലെ നിലനിര്‍ത്തുന്നതിനുള്ള പവര്‍ സ്‌റ്റേഷനുകളും, സപ്ലൈ ലൈനുകളും, സര്‍ക്യൂട്ട് ബ്രെക്കറുകളുമാണ്, നാം കാണുന്നതും, കാണപ്പെടാത്തതുമായ മഹാപ്രപഞ്ചം ! കാരണം, ദൈവത്തിന് പ്രിയപ്പെട്ടത് മനുഷ്യനാണ്. ദൈവത്തിന്റെ ഓമനയാണവന്‍ ! പ്രപഞ്ചത്തിന് വേണ്ടി മനുഷ്യനെയല്ലാ, മനുഷ്യന് വേണ്ടി പ്രപഞ്ചമാണ് ദൈവം ഒരുക്കിയിട്ടുള്ളത്. തന്റെ അരുമക്കുഞ്ഞിന് വേണ്ടി തൊട്ടിലൊരുക്കിയ അമ്മയെപ്പോലെ !

' അന്നം ഹി ഭൂതാനാം ജേഷ്ഠം ' എന്ന് ഭഗവത് ഗീത പറയുന്നു. സര്‍വ ഭൂതങ്ങള്‍ക്കും അഥവാ ജീവികള്‍ക്കും അന്നം അഥവാ ആഹാരം ജേഷ്ടാവസ്ഥയില്‍ ( മുന്‍പേ ഉണ്ടായ ) ആയിരുന്നു എന്ന് സാരം. .കാലാതിവര്‍ത്തിയായ ഒരു ദാര്‍ശനികന് ലഭിച്ച വെളിപാടായിരുന്നു അത്. അന്നം എന്നതിന് ' അനുകൂലമായ ജീവിത സാഹചര്യങ്ങള്‍ ' എന്നും കൂടി അര്‍ഥം കല്പിക്കേണ്ടതുണ്ട്. ജീവിക്കുന്നതിന് അനുകൂലമായ എല്ലാ സാഹചര്യങ്ങളും ജീവിക്കു മുന്‍പേ തന്നെ ജേഷ്ടാവസ്ഥയില്‍ ഉണ്ടായിരുന്നു. ഈ അനുകൂലാവസ്ഥകള്‍ ഒരുങ്ങി നിന്ന ഒരിടത്തേക്കാണ്, അഥവാ, ദൈവം ഒരുക്കിയ ഭൂമി എന്ന പിള്ളത്തൊട്ടിലിലേക്കു തന്നെയാണ് അനുഗ്രഹത്തിന്റെ ആഗ്ര വിരലില്‍ തൂങ്ങി അവന്‍ ( മനുഷ്യന്‍) കടന്നു വന്നത് !

പതിനഞ്ചിലധികം ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രപഞ്ചം രൂപപ്പെട്ടുവെന്നും, എന്നിട്ടും 35 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് ആദിമ മനുഷ്യന്‍ വന്നതെന്നും ശാസ്ത്രം പറയുന്‌പോള്‍ ' അന്നം ഹി ഭൂതനാം ജേഷ്ഠം ' എന്ന ഗീതാ ദര്‍ശനം അര്‍ത്ഥവത്താകുന്നു. സകല സൃഷ്ടികള്‍ക്കും അവസാനമായിട്ടാണ് മനുഷ്യ സൃഷ്ടി നടന്നത് എന്ന ബൈബിള്‍ പ്രഖ്യാപനവും ഇവിടെ അന്വര്‍ത്ഥമാകുന്നതായി കാണാം. രണ്ടും രണ്ട് കാലഘട്ടങ്ങളിലെ ദാര്‍ശനികരുടെ ചിന്താ സരണിയില്‍ കത്തിയ വിളക്കുകള്‍ !!
Join WhatsApp News
Christian Brothers 2018-02-06 11:34:41
Please do not write any comment for this guy anymore.
He became an arrogant proud self-promoter with the last article.
let us ignore him. He said he did not see god. God is invisible. No one alive can see god.
ശാസ്ത്ര ലോകം 2018-02-08 18:42:47
 
"നിങ്ങള്‍ ശാസ്ത്രത്തെ മാനിക്കുകയും അതിന്റെ സ്വാതന്ത്ര്യത്തിന് വിലകല്‍പ്പിക്കുകയും ചെയ്യുന്നുവെങ്കില്‍ അതിനെ മതങ്ങളുമായോ രാഷ്ട്രീയവുമായോ കമ്മ്യൂണിസ്റ്റ്-കാപ്പിറ്റലിസ്റ്റ് സാമ്പത്തിക രീതികളുമായോ ഒന്നും കൂട്ടിക്കെട്ടാതിരിയ്ക്കുക.

എന്തുകൊണ്ട് ശാസ്ത്രം ആശയസംഹിതകളില്‍ നിന്ന് സ്വതന്ത്രമായി നില്‍ക്കണം ?

ആശയപരമായി ശാസ്ത്രവുമായി കിടപിടിച്ചു നില്ക്കാന്‍ മതത്തിനോ ദൈവത്തിനോ സാധ്യമല്ല. ആദ്യകാലങ്ങളില്‍ മതം ചെല്ലും ചെലവും കൊടുത്തു വളര്‍ത്തിവന്ന ശാസ്ത്രം പിന്നീട് മതത്തിന്റെ തത്വങ്ങളെ തന്നെ നിരാകരിക്കാന്‍ തുടങ്ങിയതോടെ കാലോചിതമായ പരിഷ്കരണത്തിന് വിസമ്മതിച്ച മതങ്ങളും പുത്തന്‍ ചക്രവാളങ്ങള്‍ തേടിയ ശാസ്ത്രവും ആശയങ്ങളിലും തത്വങ്ങളിലും വഴിപിരിഞ്ഞു. ശാസ്ത്രത്തിന്റെയും ഗണിതത്തിന്റെയും പ്രാരംഭ കാലവും പ്രചരണവും ക്രിസ്ത്യാനിറ്റിയുടെയും ഇസ്ലാമികകൃതയുടെയും സഹായത്തോടുകൂടി ആയിരുന്നതായി പറയപ്പെടുന്നു. ഭാരതീയ ശാസ്ത്രവും (പ്രത്യേകിച്ച് ജ്യോതിശാസ്ത്രവും, വാസ്തുവിദ്യയും) പൌരോഹിത്യത്തിന്റെ ചൂളയിലൂടെ തന്നെയാണ് കടന്നു വന്നത്. തുടക്കം മുതല്ക്കുതന്നെ ശാസ്ത്രത്തിന് സ്വതന്ത്രമായ നിലനില്‍പ്പ് ഇല്ലായിരുന്നുവെന്നതാണ് വാസ്തവം.

മതങ്ങളുടെ കയ്യില്‍ നിന്നും പിന്നീട് വ്യാപാരികളുടെ കയ്യിലേയ്ക്കും യുദ്ധാവശ്യമെന്നോണം രാജ സദസ്സുകളുടെയും ഭരണകൂടത്തിന്റെ കയ്യിലേയ്ക്കുമാണത് സഞ്ചരിച്ചത്. വ്യാപാരത്തിനും ഭരണകൂടത്തിനും തത്വ പരമായും പ്രായോഗികമായും എതിരു നില്‍ക്കാത്തതിനാല്‍. യുദ്ധ സാമഗ്രികളിലും കച്ചവട മേഖലയിലും പരമാവധി സഹായം ശാസ്ത്രം ചെയ്തുകൊടുത്തു. കല്ലും കവണയും കെട്ടിയടിച്ചിരുന്ന യുദ്ധ തന്ത്രങ്ങള്‍ ജൈവായുധങ്ങളില്‍ എത്തി നില്‍ക്കുന്നു. വ്യാവസായിക വിപ്ളവം വഴി, ഐ.ടി വിപ്ളവം എന്നിവയാല്‍ കച്ചവട-മുതലാളിത്ത രംഗങ്ങളിലും മേളം കൊഴുത്തു.
.
എന്നാല്‍ ഇന്നും സാമൂഹിക പുരോഗമനോപാധിയെന്ന നിലയില്‍, സ്വതന്ത്രമായ അസ്ഥിത്വം കണ്ടെത്താന്‍ ശാസ്ത്രത്തിനായിട്ടില്ല. യൂണിവേഴ്സിറ്റികളും വായനശാലകളും 'പള്ളി'ക്കൂടം വ്യവസ്ഥയില്‍ നിന്ന് വെളിയില്‍ വന്നപ്പോള്‍ പ്രതീക്ഷയുണ്ടായിരുന്നു എങ്കിലും. കച്ചവട-മുതലാളിത്ത മേഖലകളെ ആശ്രയിച്ചാണ് അത് ഇന്നും നിലനില്‍ക്കുന്നത്. പ്രത്യേക വിഷയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അതതു ഗവേഷകര്‍ക്കും, കമ്പനികളുടെ ഗവേഷസ്ഥാപനങ്ങള്‍ക്കു മാത്രം അടുത്തറിയാന്‍ അവസരങ്ങള്‍ ലഭിക്കുമ്പോള്‍, പാടത്തും പറമ്പിലും അക്ഷരാഭ്യാസം പോലുമില്ലാത്തവര്‍ പണിയെടുക്കുന്നു.
ശാസ്ത്രം തെരുവുകളില്‍ പോലും ചര്‍ച്ച ചെയ്യപ്പെടണം എന്ന് പൂര്‍വ്വസൂരികള്‍ സ്വപ്നം കണ്ടിരുന്നു.

ചരിത്രം ആവര്‍ത്തിക്കപ്പെടുന്നു. മതങ്ങളുടെ കീശയില്‍ കിടന്നു വളര്‍ന്ന ശാസ്ത്രം എപ്രകാരമാണോ മതങ്ങള്‍ക്ക് പ്രശ്നമായിത്തുടങ്ങിയത്, അപ്രകാരം തന്നെ മുതലാളിത്തത്തിനും തിരിച്ചടി നല്‍കാന്‍ കെല്‍പ്പുള്ളതാണ് ശാസ്ത്രം. ഉയര്‍ന്ന കമ്പ്യൂട്ടേഷന്‍ ശേഷിയും നൂതന സാങ്കേതികവിദ്യകളും ഉപയോഗിച്ച് ഉല്പ്പന്നങ്ങളുടെ ലഭ്യതയും നിലവാരവും നിലനില്‍പ്പും കാര്യശേഷിയും വളരെയധികം വര്‍ധിപ്പിക്കാനാകും. എന്നാല്‍ ഇവ വര്‍ധിക്കുകയാണെങ്കില്‍ അത് ലാഭ വ്യവസ്ഥയ്ക് വിഘാതമായി വരും. ആയതിനാല്‍ത്തന്നെ ലാഭത്തില്‍ അധിഷ്ഠിതമായ നിലവിലെ ഈ മുതലാളിത്ത സാമ്പത്തിക വ്യവസ്ഥയ്ക്കും.
എണ്ണയെ അടിസ്ഥാനപ്പെടുത്തി നിലനില്‍ക്കുന്ന ഈ സമ്പദ് വ്യവസ്ഥ നാനോ സാങ്കേതികവിദ്യയുടെ കടന്നുകയറ്റത്തോടെ വന്‍ ഭീഷണി നേരിടും. സൌജന്യമായി ലഭിക്കുന്ന സൂര്യ പ്രകാശവും കാറ്റും തിരമാലയും ഭൌമതാപോര്‍ജ്ജവുമെല്ലാം ഭീമാകാരമായ അളവില്‍ ഊര്‍ജ്ജം പ്രദാനം ചെയ്യും. നിലവിലെ ഊര്‍ജ്ജ ഉപഭോഗത്തിന്റെ 78% (ഏതാണ്ട് എണ്‍പതു ശതമാനത്തോളം) കയ്യാളിയിരിക്കുന്ന പെട്രോളിയം വ്യവസായം മുട്ടുമടക്കേണ്ടിവരും. തല്‍ഫലമായി അതിനെ ആശ്രയിച്ച് നിലനില്ക്കുന്ന മുതലാളിത്തവും. ഓപ്പണ്‍ സോഴ്സ് സംരംഭങ്ങള്‍ ശക്തിപ്രാപിച്ചാല്‍ അതും കാപ്പിറ്റലിസത്തിന് (പണ വ്യവസ്ഥയ്ക്ക്) തിരിച്ചടിയാകും.
.
ശാസ്ത്രത്തിന്റെ വിപ്ളവത്തിന് തടയിടാന്‍ മതങ്ങള്‍ നടത്തിയ എല്ലാ കളികളും കാപ്പിറ്റലിസവും കളിയ്ക്കും.
കത്തിയ്ക്കപ്പെട്ട ബ്രൂണോയുടെയും വീട്ടുതടങ്കലിലാക്കപ്പെട്ട ഗലീലിയോയുടെയും ആശയങ്ങള്‍ മതത്തിന്റെ ഇരകളുടെ ദാഹരണമായി കാണുമ്പോള്‍, നിക്കോള ടെസ്ലയുടെ കണ്ടുപിടിത്തങ്ങള്‍ മുതലാളിത്ത അക്രമത്തിന്റെ ഇരയ്ക്ക് ഉദാഹരണമായെടുക്കാം. (ടെസ്ലയെപ്പറ്റി പലരും കേട്ടിട്ടുകൂടി ഇല്ല എന്നത് വിപ്ളവം മൂടിവയ്ക്കുന്നതില്‍ പോലും അവര്‍ എത്രത്തോളം വിജയിച്ചു പോകുന്നു എന്നതിന് ഉദാഹരണമാണ്.)
.
ചരിത്രം ആവര്‍ത്തിയ്ക്കും. കാപ്പിറ്റലിസത്തിന്റെയും അടിവേരറുത്തുകൊണ്ടാകും ശാസ്ത്രം പുതിയ യജമാനന്‍മാരെ തേടുന്നത്. അല്ലെങ്കില്‍ സ്വതന്ത്രമാകുന്നത്(സ്വതന്ത്രമായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു). എന്നാല്‍,
ലോകത്തിന്റെ ഏതുകോണിലും കുപ്പയില്‍ കൂലിപ്പണിയെടുക്കുന്നവന്‍ മുതല്‍, കൊട്ടാരത്തിലിരിക്കുന്നവന്‍ വരെ കാപ്പിറ്റലിസത്തിന്റെ ജീവരക്തം(പണം) കുടിച്ചാണ് ജീവിക്കുന്നത് എന്നതിനാല്‍, മുതലാളിത്തം മുങ്ങിത്താഴുമ്പോള്‍ അതിനെ ആശ്രയിച്ച് ജീവിക്കുന്നവര്‍ എല്ലാംകൂടി അതിനൊപ്പം താഴും എന്നത് അപ്രിയസത്യമാണ്.

ശാസ്ത്രം എന്തിന്റെയെങ്കിലും കീഴില്‍ വര്‍ത്തിക്കുവോളം അത് അതിന്റെ അടിമത്തത്തെ ഊട്ടിയുറപ്പിച്ച് നിര്‍ത്തിക്കൊണ്ടിരിയ്ക്കും. കാപ്പിറ്റലിസത്തിന്റെയോ കമ്മ്യൂണിസത്തിന്റെയോ ഫ്രീമാര്‍ക്കറ്റ് ഇക്കണോമിയുടെയോ ഒന്നും തന്നെ കീഴില്‍ അല്ലാതെ സ്വതന്ത്രമായ ഒരു സാമൂഹിക സമ്പ്രദായമായി നിലനില്‍ക്കാന്‍ ശാസ്ത്രത്തിന് കെല്‍പ്പുണ്ട്.

ഇത്തരം ആശയങ്ങളുടെ ശിങ്കിടിയായി ശാസ്ത്രം നില്‍ക്കുന്നത് അതിന്റെ ശുദ്ധ സ്വഭാവത്തിന് വിരുദ്ധമാണ്. ചില ഉദാഹരണങ്ങള്‍ നോക്കാം. വാസ്തുവിദ്യ പൌരോഹിത്യത്തിന്റെ കീഴില്‍ ആയിരുന്നപ്പോള്‍ കന്നിമൂലയും ഗണപതിയും പൂജയുമൊക്കെ അതില്‍ ശുദ്ധ ശാസ്ത്രമെന്നോണം സ്ഥാനം പിടിച്ചത് ശ്രദ്ധിക്കുക. അസ്ട്രോണമി അസ്ട്രോളജി ആയി വളര്‍ന്നതും ചൊവ്വാ ദോഷവും ശനിദോഷവുമൊക്കെ അതിന്റെ ഭാഗമായി വന്നതും ഉദാഹരണങ്ങളാണ്.

എന്നാല്‍ സയന്‍സ് ശുദ്ധമായി അതിന്റേതായ രീതിയില്‍ തലപൊക്കിയതിന് ഉദാഹരണങ്ങളാണ് പിരമിഡുകളുടെ നിര്‍മ്മാണ രീതി. അന്നത്തെ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഏറ്റവും ഉയരമുള്ള കെട്ടിടങ്ങള്‍ ഉണ്ടാക്കാനുള്ള ആകൃതി എന്നത് സ്തൂപിക തന്നെയായിരുന്നു. സിമ്പിള്‍ ഫിസിക്സ്. (ഇന്നത്തെപ്പോലെ erect concrete structures അവര്‍ക്ക് അറിയില്ലല്ലോ). ആയതിനാല്‍ത്തന്നെ ഗ്രഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ ( അമേരിക്കന്‍ ഭൂഖണ്ഡം, ഈജിപ്ത്, ചൈന ) അത് അതേ രീതിയില്‍ നിര്‍മ്മിക്കപ്പെട്ടു (ആശയങ്ങളുടെ കലര്‍പ്പ് പ്രശ്നങ്ങളുണ്ടാക്കാതെതന്നെ). ഫിസിക്സും ഗണിതവും ഒക്കെ എല്ലായിടത്തും ഒരുപോലെ ആയിരുന്നു.

രാഷ്ട്രതന്ത്രത്തിന്റെ ഗുണ്ടയായി ശാസ്ത്രം നിലനിന്നതിന്റെ ഫലമായി അണുവായുധങ്ങളും ഭൂഖണ്ഡങ്ങള്‍ വരെ ഭസ്മമാക്കിക്കളയാന്‍ പോന്ന മിസൈലുകളും ജനിച്ചു. ""Nationalism is an infantile disease. It is the measles of mankind." എന്നാണ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ പോലും പറഞ്ഞത്.

മതത്തിന്റെയും പൊളിറ്റിക്സിന്റെയും കീഴില്‍ എന്നതുപോലെതന്നെ പ്രശ്നകരമാണ് സാമ്പത്തിക പ്രത്യയ ശാസ്ത്രങ്ങളുടെ കീഴില്‍ ശാസ്ത്രം പ്രവര്‍ത്തിക്കുന്നത്. ഉദാഹരണങ്ങള്‍ നോക്കാം. നിക്കോള ടെസ്ലയുടെ വാര്‍ഡന്‍ക്ളിഫ് ടവര്‍, വയര്‍ലെസ് ഇലക്ട്രിസിറ്റി എന്നീ കണ്ടുപിടിത്തങ്ങള്‍ മാനവരാശിയ്ക്ക് ആവശ്യമായ ഊര്‍ജ്ജം ഭൂമി മുഴുവന്‍ സുലഭമായി, സൌജന്യമായി ലഭ്യമാക്കാന്‍ ഉതകുന്നതായിരുന്നു. എന്നാല്‍, ലാഭാധിഷ്ഠിത കാപ്പിറ്റലിസ്റ്റ് ഇക്കണോമിയ്ക് അതില്‍ നിന്നും സാമ്പത്തിക ലാഭം കണ്ടെത്താനാകില്ല എന്ന കാരണത്താല്‍, പ്രൊജക്ട് നിര്‍ത്തലാക്കപ്പെട്ടു. ഇന്നും അതേ കാരണം കൊണ്ടു മാത്രമാണ് ആ പദ്ധതിയും free food പദ്ധതിയും ഒന്നും നിലവില്‍ വരാത്തത്.

നമ്മള്‍ ഒരു സോഫ്റ്റ് വെയര്‍ നിര്‍മ്മിക്കുന്നതിനു മുന്‍പായി നടത്തുന്ന അപഗ്രധനത്തില്‍, 'cost efficiency' അഥവാ 'economic feasibility' എന്നത് ഒരു പ്രധാന ഘടകമാണ്. സാമ്പത്തികപരമായി ലാഭകരം അല്ലെങ്കില്‍ പ്രോജക്ട് ഉപേക്ഷിക്കാനോ അല്ലെങ്കില്‍ പ്രോ‍ഡക്റ്റില്‍ ഉപഭോക്താവിന്റെ കണ്ണെത്താത്ത ഭാഗത്ത് ലാഭിച്ചുകൊള്ളാനോ (പറ്റിക്കാനോ) ആണ് പഠിപ്പിക്കുന്നത്. മറ്റു ശാസ്ത്രമേഖലകളും ഇങ്ങനെ തന്നെ ആയിരിക്കും എന്നു കരുതുന്നു. അങ്ങനെ തന്നെ ആവാനേ തരമുള്ളു.

കൂലിത്തല്ലുകാരന്റെ നിലയില്‍ നിന്ന് സ്വതന്ത്രമായി മാറി രാജാവിന്റെ സ്ഥാനത്തുനിന്ന് സമൂഹത്തെ പരിപാലിച്ചു പോകാന്‍ ശാസ്ത്രത്തിനാകും എന്ന തിരിച്ചറിവ് കാരണമാണ് ഇന്നലെ മതങ്ങളും, ഇന്ന് രാഷ്ട്രീയവും സാമ്പത്തിക വ്യവസ്ഥകളും ശാസ്ത്രത്തെ ഭയപ്പെടുന്നത്. ചെപ്പിനുള്ളിലെ ഭൂതമാണ് ശാസ്ത്രം. അതിനാല്‍ എന്തും സാദ്ധ്യമാണ്. എന്നാല്‍ ഇപ്പോഴും യജമാനന്‍മാര്‍ ഉള്ളതിനാല്‍ പേടിച്ചേ അതിന് ജീവിയ്ക്കാനാവൂ.

രാഷ്ട്രീയത്തിലും സാമ്പത്തിക വ്യവസ്ഥയിലും അധിഷ്ഠിതമായ ഭരണ രീതികള്‍ക്ക് പ്രശ്നം പരിഹരിക്കാന്‍ അറിയില്ല എന്നുള്ളതിന്റെ ഉദാഹരണമാണ്, ഒരു വന്‍ പ്രകൃതിദുരന്തം വരുമ്പോഴോ അപ്രതീക്ഷിതമായി യുദ്ധം വരുമ്പോഴോ അവര്‍ എന്തുചെയ്യണമെന്നറിയാതെ ശാസ്ത്രത്തെ വിളിയ്ക്കുന്നത്. ശാസ്ത്രത്തിന്റെ സഹായത്തോടെ യുദ്ധകാലാടിസ്ഥാനത്തില്‍ അവര്‍ പ്രശ്നം പരിഹരിക്കുന്നു. സയന്‍സിന് അതിന്റെതായ, മെച്ചപ്പെട്ട പ്രശ്ന പരിഹാര മാര്‍ഗ്ഗങ്ങളും രീതിശാസ്ത്രങ്ങളും ഉണ്ട്. അത് വ്യക്തിഗത ഇന്റര്‍പ്രട്ടേഷനുകള്‍ക്ക് സാധ്യതയില്ലാത്തതും ആര്‍ക്കു വേണമെങ്കിലും പരിശോധിച്ച് തിരുത്താവുന്നതുമാണ്. ആയതിനാല്‍ത്തന്നെ കൂടുതല്‍ ജനകീയവുമാണ്.
.
2012 എന്ന സിനിമയില്‍ പ്രസിഡന്റ് ആയുള്ള കഥാപാത്രത്തിന്റെ ഒരു quote ഉണ്ട്.
"a young scientist is gonna be worth 20 old politicians."

ശാസ്ത്രത്തിന്റെ സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം എന്ന നിലയിലല്ലെങ്കിലും, യവനചിന്തകനായ പ്ളേറ്റോ അദ്ദേഹത്തിന്റെ 'ദ റിപ്പബ്ളിക്ക്' എന്ന പുസ്തകത്തില്‍ 'തത്വചിന്തകരുടെ രാഷ്ട്രം' എന്ന ആശയം അവതരിപ്പിച്ചിട്ടുണ്ട്. രാജ്യഭരണം തത്വചിന്തകരുടെ മേല്‍നോട്ടത്തില്‍. ( അഥവാ ചിന്തകര്‍ ആണ് രാജാവ് ). പ്ളേറ്റോയുടെ കാലത്തെ ഗ്രീസില്‍ ശാസ്ത്രവും ഗണിതവും കൈകാര്യം ചെയ്തിരുന്നതും ചിന്തകര്‍ ആയിരുന്നു. (ആ കാലഘട്ടത്തില്‍ / അതിനെത്തുടര്‍ന്നുണ്ടായിരുന്ന കുറച്ചു കാലത്ത് കല-സാഹിത്യം-ശാസ്ത്രം-ഗണിതം-സംഗീതം എല്ലാം പരസ്പരം ബന്ധപ്പെട്ടു കിടന്നത് കാണാം. നവോത്ഥാന കാലത്ത് ആ പരസ്പര ബന്ധം വിപ്ളവാത്മകമായി ഒത്തുനിന്നതും കാണാം. എന്നാല്‍ ഇന്ന് പണ-തൊഴില്‍ അധിഷ്ഠിത വിദ്യാഭ്യാസത്തിനാല്‍ വിദ്യാര്‍ത്ഥികള്‍ കേന്ദ്രീകൃതമായി പഠിച്ചുപോകുന്നു. ഒരു സാധാരണ കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍ DNA യെപ്പറ്റി അറിയേണ്ടതില്ല. വിഷയങ്ങളുടെ വൈവിധ്യത്തെക്കുറിച്ചുള്ള അറിവില്ലായ്മ. ഇത് ക്രിയാത്മകത നശിപ്പിക്കും.
" Everything Connects to Everything Else " - ലിയാനഡോ ഡാവിഞ്ചിയുടെ quote ആണിത്.

ഐന്‍സ്റ്റൈന്‍ പറഞ്ഞത് നോക്കാം,
“ നിലനില്‍പ്പും പൂര്‍ണതയുമുള്ള ഒന്നെന്നനിലയ്ക്ക് ശാസ്ത്രം ഏറ്റവും വസ്തുനിഷ്ഠമായൊരു കാര്യമാണ്. എന്നാല്‍ ഉണ്ടായിക്കൊണ്ടേയിരിക്കുന്നതും സോദ്ദേശ്യം പിന്തുടരേണ്ടതുമായ ശാസ്ത്രം മറ്റേതു പ്രവര്‍ത്തനത്തെപ്പോലെയും വ്യക്തിനിഷ്ഠമാണ്. മനസ്സിന്റെ നിയന്ത്രണത്തിലാണ്. തത്ഫലമായി, 'ശാസ്ത്രത്തിന്റെ ഉദ്ദേശ്യവും അര്‍ത്ഥവും എന്താണ് ?' എന്ന ചോദ്യത്തിന് വിവിധ കാലങ്ങളില്‍ വിവിധ ആളുകളില്‍ നിന്ന് വിവിധ ഉത്തരങ്ങളാണ് കിട്ടുക "

മനുഷ്യര്‍ ഏതെങ്കിലും മതത്തിന്റെയോ രാഷ്ട്രീയാദര്‍ശങ്ങളുടെയോ സാമ്പത്തിക വ്യവസ്ഥകളുടെയോ അടിമകളായി ജീവിക്കുമ്പോള്‍. ശാസ്ത്രത്തിനും അത് പിന്തുടരേണ്ടി വരും.
എന്നാല്‍ സയന്‍സിന്റെ സ്വത്വത്തെ സാമൂഹിക പരിഷ്കരണ മാര്‍ഗ്ഗമായി അംഗീകരിയ്ക്കുകയും അതിന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും ചെയ്താല്‍ വ്യവസ്ഥാപിത താല്‍പ്പര്യങ്ങള്‍ക്കായി ഭുമിയെ യുദ്ധക്കളവും ദാരിദ്ര്യം നിറഞ്ഞതും ആക്കുന്നതിന് പകരം മതങ്ങള്‍ വിഭാവനം ചെയ്ത സ്വര്‍ഗ്ഗം (ഒരുപക്ഷെ അതിനെക്കാള്‍ "മെച്ചപ്പെട്ടത്) നമുക്കിവിടെ നിര്‍മ്മിക്കാം.
വിദ്യാധരൻ 2018-02-08 19:58:29
മാംസം രക്തമാക്കി വിയർപ്പാക്കി 
കണികാഭൗതികതയാൽ പ്രപഞ്ചരഹസ്യത്തിന്റെ 
ചുരുളഴിക്കും ശാസ്ത്രകാരാ നിനക്ക് നമസ്കാരം 
മതവും രാഷ്ട്രീയവും ശാസ്ത്രത്തെ കയ്യടക്കി 
പ്രപഞ്ചരചനയ്ക്ക് ദൈവത്തിന് പൊന്നാട
തൂണു ചാരി നിന്നവൻ പെണ്ണുമായി പോയി
അജ്ഞതയുടെ ചങ്ങലയിൽ മനുഷ്യരെ പൂട്ടും 
സാഹിത്യകാരന്മാരെ  പിൻവാങ്ങിടു 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക