Image

ഡി വിജയകുമാറോ പി മോഹന്‍രാജോ ചെങ്ങന്നൂരില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയാകും

അനില്‍ പെണ്ണുക്കര Published on 06 February, 2018
ഡി വിജയകുമാറോ പി മോഹന്‍രാജോ  ചെങ്ങന്നൂരില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയാകും
ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ചെങ്ങന്നൂരില്‍ വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ തേടി എല്ലാ മുന്നണികളും പരക്കം പായുമ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു ഡി എഫ് മുന്നണി ഏറെ ആശ്വാസത്തില്‍ .

ഒരു കാലത്തു സ്ഥാനാര്‍ഥിപദം അടുത്തെത്തിയ ചെങ്ങന്നൂരെ അറിയപ്പെടുന്ന കോണ്‍ഗ്രസ് നേതാവ് അഡ്വ . ഡി വിജയകുമാറോ,പത്തനംതിട്ട മുന്‍ ഡി സി സി പ്രസിഡന്റ് പി മോഹന്‍രാജോ യു ഡി എഫ് സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത . ഇരുവര്‍ക്കും സമൂഹത്തില്‍ ഉള്ള ഇമേജ് ആണ് കോണ്‍ഗ്രസ്സ് നേതൃത്വം പരിഗണിക്കുന്നതിന് പിന്നില്‍. പക്ഷെ പരമ്പരാഗതമായി ചെങ്ങന്നൂര്‍ എ ഗ്രൂപ്പിന്റെ സീറ്റ് ആണ് . ഡി വിജയകുമാര്‍ ആകട്ടെ ഐ ഗ്രൂപ്പുകാരനും .അതുകൊണ്ട് പി മോഹന്‍ രാജിന് ആയിരിക്കും നറുക്കു വീഴുക. കേരള രാഷ്ട്രീയത്തിലേക്ക് കടക്കാന്‍ ഒരുങ്ങുന്ന രാജ്യ സഭാ ഉപാധ്യക്ഷന്‍ പി. ജെ കുര്യനും ഹൈക്കമാണ്ടില്‍ പി മോഹന്‍ രാജിന് വേണ്ടി പിടി മുറുക്കുന്നതായാണ് അറിവ് .

മുന്‍ എം എല്‍ എ പി സി വിഷ്ണുനാഥ് മത്സരത്തിന് ഇല്ല എന്ന നിലപാടിലാണ്. പാര്‌ലമെന്റ് തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നിന്നും ലോക്‌സഭയിലേക്ക് മത്സരിക്കുവാനുള്ള തയാറെടുപ്പിലാണ് പി സി വിഷ്ണുനാഥ് .

അഡ്വ.കെ കെ രാമചന്ദ്രന്‍ നായരുടെ അകാല നിര്യാണത്തോടെ ഒഴിവ് വന്ന ചെങ്ങന്നൂരില്‍ ഉടന്‍ ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ കേരളത്തിലെ പ്രബല മുന്നണികള്‍ക്കെല്ലാം ഈ തെരഞ്ഞെടുപ്പ് തങ്ങളുടെ പ്രസ്റ്റിജ് തെരഞ്ഞെടുപ്പാകും . ദീര്‍ഘകാലം യു ഡി എഫിന്റെ കയ്യിലിരുന്ന മണ്ഡലം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അഡ്വ. കെ കെ രാമചന്ദ്രന്‍ നായരിലൂടെ സി പി എം പിടിച്ചെടുക്കുകയായിരുന്നു. ബി ജെ പിക്കും ശക്തമായ സ്വാധീനമുള്ള മണ്ഡലം എന്ന നിലയില്‍ ബി ജെ പിക്കും വളരെ നിര്‍ണ്ണായകമായ മത്സരമാണ്. അത് കൊണ്ടാണ് വിജയ സാധ്യതയുള്ള, ക്‌ളീന്‍ ചിറ്റുള്ള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുവാന്‍ എല്ലാ മുന്നണികളും രംഗത്തു വരുന്നത്.

ഡി വിജയകുമാറിനെ മുന്‍പ് കെ കരുണാകരന്‍ ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിക്കുകയും, പിന്നീട് ശോഭനാ ജോര്‍ജ് അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയായി വരികയും ചെയ്ത രാഷ്ട്രീയ നാടകങ്ങള്‍ ചെങ്ങന്നൂര്‍ കണ്ടതാണ് .

പി മോഹന്‍ രാജിനും കഴിഞ്ഞ തവണ സീറ്റ് കിട്ടുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. അവസാന നിമിഷം അദ്ദേഹത്തിന് സീറ്റ് ലഭിച്ചില്ല. അയ്യപ്പ സേവാ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളിലൂടെയും എന്‍ എസ് എസ് സംഘടനകളുമായി ഡി വിജയകുമാര്‍ ഉണ്ടാക്കിയെടുത്തിട്ടുള്ള ബന്ധങ്ങളും മണ്ഡലത്തില്‍ അദ്ദേഹം ഉണ്ടാക്കിയ ഇമേജുമാണ് അദ്ദേഹത്തിലേക്ക് സ്ഥാനാര്‍ത്ഥിത്വം എത്താനുള്ള ഒരു കാരണം .പക്ഷെ ഐ ഗ്രുപ്പുകാരന്‍ എന്ന കീറാമുട്ടിയാണ് മോഹന്‍ രാജിലേക്കു സ്ഥാനാര്‍ത്ഥിത്വം എത്തുന്നതിന്റെ മറ്റൊരു കാരണം.

പി മോഹന്‍ രാജ് ആണെങ്കിലും വളരെ വിജയ സാധ്യതയുള്ള ഒരു സീറ്റില്‍ കോണ്‍ഗ്രസ് ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചാല്‍ മണ്ഡലം തിരിച്ചു പിടിക്കാമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നത്. മുന്‍ എം എല്‍ എ ശോഭനാ ജോര്‍ജിനെ പരിഗണിക്കാനുള്ള സാധ്യതയും വളരെ കുറവാണ് . ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചാല്‍ അത് കേരള രാഷ്ട്രീയത്തില്‍ വരാന്‍ പോകുന്ന രാഷ്ട്രീയ മാറ്റങ്ങളുടെ കേളികൊട്ടായിരിക്കും .

പക്ഷെ കോണ്‍ഗ്രസും സി പി എമ്മും ഇവിടെ ഭയക്കുന്നത് ബി.ജെ.പിയെയാണ്. കഴിഞ്ഞ തവണ ഇടതു സ്ഥാനാര്‍ത്ഥി സി.പി.എമ്മിലെ കെ.കെ രാമചന്ദ്രന്‍ നായര്‍ 52,880 വോട്ടിന് വിജയിച്ച സീറ്റില്‍ 42,682 വോട്ടുകളാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി പി.എസ് ശ്രീധരന്‍പിള്ള നേടിയത്. യു.ഡി.എഫിലെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി പി.സി.വിഷ്ണുനാഥ് 44,897 വോട്ടു നേടിയപ്പോഴാണ് തൊട്ടടുത്ത് മുന്നണികളെ ഞെട്ടിച്ച് ബി.ജെ.പി തകര്‍പ്പന്‍ മുന്നേറ്റം നടത്തിയിരുന്നത്.

മൂന്ന് പാര്‍ട്ടികള്‍ക്കും ശക്തമായ അടിത്തറയുള്ള ചെങ്ങന്നൂരില്‍ ഇത്തവണ തീ പാറുന്ന പോരാട്ടമാണ് നടക്കുക എന്ന കാര്യം ഉറപ്പായി കഴിഞ്ഞു.
ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം അധികം താമസിയാതെ തന്നെ ഉണ്ടാകുമെന്നതിനാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതിനകം തന്നെ ചെങ്ങന്നൂര്‍ മണ്ഡലത്തിലെ പാര്‍ട്ടി കമ്മറ്റികള്‍ വിളിച്ച് ചേര്‍ത്ത് തുടങ്ങിയിട്ടുണ്ട്.

പിണറായി സര്‍ക്കാറിനെ സംബന്ധിച്ച് സിറ്റിംങ് സീറ്റ് നഷ്ടപ്പെട്ടാല്‍ ഭരണത്തിനെതിരായ വിധിയെഴുത്തായി ചിത്രീകരിക്കപ്പെടും എന്നതിനാല്‍ സംസ്ഥാന ഭരണ സംവിധാനങ്ങളും പാര്‍ട്ടി സംവിധാനങ്ങളും ചെങ്ങന്നൂര്‍ കേന്ദ്രീകരിക്കുമെന്ന കാര്യം ഉറപ്പാണ്.

സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളും മുഖ്യമന്ത്രി പിണറായി വിജയന്‍, വി.എസ് അച്യുതാനന്ദന്‍ അടക്കമുള്ള നേതാക്കളും മണ്ഡലത്തില്‍ പ്രചരണത്തിന് നേതൃത്വം കൊടുക്കും. കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് കഴിഞ്ഞ തവണ കൈവിട്ട ചെങ്ങന്നൂര്‍ ഏത് വിധേയനേയും തിരിച്ച് പിടിക്കുക എന്നത് നിലനില്‍പ്പിന്റെ പ്രശ്നമാണ്.

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് നടക്കുന്ന ഈ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടാല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കും, കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സനും സ്ഥാനം തെറിക്കാനും സാധ്യത കൂടുതലാണ്.

പിണറായി സര്‍ക്കാറിനെതിരെ ജനവികാരമുണ്ടെന്നും ഉപതിരഞ്ഞെടുപ്പ് നടന്നാല്‍ അത് വ്യക്തമാകുമെന്നാണ് കെ.പി.സി.സി നേതൃത്വം ഹൈക്കമാന്റിനെ അറിയിച്ചിട്ടുള്ളത്. ബി.ജെ.പിയാകട്ടെ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ശ്രീധരന്‍ പിള്ള കഴിഞ്ഞ തവണ നേടിയ വോട്ട് തന്നെയാണ് അവരുടെ ആത്മവിശ്വാസത്തിന് പ്രധാന കാരണം.

സംഘപരിവാറിന്റെ മുഴുവന്‍ സംഘടനാ സംവിധാനവും ചെങ്ങന്നൂരില്‍ ഉപയോഗിക്കാനാണ് തീരുമാനം. കേന്ദ്ര മന്ത്രിയായ അല്‍ഫോന്‍സ് കണ്ണന്താനം വഴി ക്രൈസ്തവ വോട്ടുകള്‍ തേടാനും, എന്‍.എസ്.എസ് വോട്ടുകള്‍ ഉറപ്പിച്ച് നിര്‍ത്തുന്നതിനുമാണ് ബി.ജെ.പി പ്രധാന പരിഗണന കൊടുക്കുന്നത്. കഴിഞ്ഞ തവണ യു.ഡി.എഫില്‍ ഉണ്ടായിരുന്ന കെ.എം.മാണിയുടെ കേരള കോണ്‍ഗ്രസ്സ് ഇത്തവണ എന്‍.എസ്.എസിനെ പോലെ സമദൂരം പാലിക്കുമെന്നാണ് ബി.ജെ.പി നേതൃത്വം കണക്കുകൂട്ടുന്നത്. കേരള കോണ്‍ഗ്രസ്സിന്റെ ഒരു വിഭാഗം വോട്ട് തട്ടിയെടുക്കാനും ബി.ജെ.പിക്ക് പദ്ധതിയുണ്ട്. ആവശ്യമെങ്കില്‍ ഇതിനായി കേന്ദ്ര തലത്തിലെ ഇടപെടലിനും സാധ്യതയുണ്ടെന്നാണ് സൂചന.

യു.ഡി.എഫിലെ പ്രതിസന്ധിയും സര്‍ക്കാറിനെതിരായ ജനവികാരവും കണ്ണട വിവാദങ്ങളും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ മകനെതിരായ സാമ്പത്തിക തട്ടിപ്പ് ആരോപണവുമെല്ലാം ബി.ജെ.പിയുടെ അട്ടിമറി വിജയ സാധ്യത വര്‍ദ്ധിപ്പിക്കുന്നതാണെന്ന് അവര്‍ വിശ്വസിക്കുമ്പോള്‍ ക്‌ളീന്‍ ചിറ്റുള്ള സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി വിജയിപ്പിക്കുവാനുള്ള തയ്യാറെടുപ്പിലാണ് കോണ്‍ഗ്രസ് നേതൃത്വം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക