Image

കണ്ടതും കേട്ടതും അറിഞ്ഞതും(ഒരിക്കല്‍ ഒരിടത്ത്: ജയ്ന്‍ ജോസഫ്)

ജയ്ന്‍ ജോസഫ് Published on 08 February, 2018
 കണ്ടതും കേട്ടതും അറിഞ്ഞതും(ഒരിക്കല്‍ ഒരിടത്ത്: ജയ്ന്‍ ജോസഫ്)
സുരേഷേട്ടാ ക്രൂ റെഡിയാണ്. ഇതാ ഇന്നത്തെ പ്രോഗ്രാം ഷീറ്റ്. ക്യാമറാമാന്‍ അനില്‍ ഇന്നത്തെ ഞങ്ങളുടെ കാര്യപരിപാടികള്‍ എഴുതിയ തുണ്ട് കടലാസ് എനിക്ക് കൈമാറി.
കേരളത്തിലെ പ്രശസ്തമായ ഒരു ടെലിവിഷന്‍ ചാനലിലെ സീനിയര്‍ ന്യൂസ് റിപ്പോര്‍ട്ടറാണ് സുരേഷ് രാമചന്ദ്രന്‍ എന്ന ഞാന്‍. ക്യാമറാമാന്‍ അനില്‍കുമാറും ഡ്രൈവര്‍ കുമാരന്‍ചേട്ടനും മറ്റു മൂന്നു സഹായികളും അടങ്ങിയതാണ് ഞങ്ങളുടെ ക്രൂ. രാവിലെ തൊട്ട് പാതിരാത്രിവരെ ഓടി നടന്ന് ബ്രേക്കിംഗ് ന്യൂസും മറ്റ് പ്രധാന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യുക എന്നതാണ് ഞങ്ങളുടെ ജോലി.

ഇന്നത്തെ ആദ്യപരിപാടി മുഖ്യമന്ത്രിയുടെ  പ്രസ് കോണ്‍ഫറന്‍സാണ്. അരമണിക്കൂര്‍ മുമ്പേയെങ്കിലും എത്തി ക്യാമറ സെറ്റ് ചെയ്തില്ലെങ്കില്‍ നല്ല സ്‌പോട്ട് കിട്ടില്ല. സ്ഥലത്തെത്തിയപ്പോള്‍ ചാനലുകാരുടെ ചാകര! കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ആണ് ഇന്നത്തെ പ്രസ് കോണ്‍ഫറന്‍സിന്റെ വിഷയം. സമയനിഷ്ഠയുടെ കാര്യത്തില്‍ മുഖ്യന്‍ മുമ്പന്‍ തന്നെ.

ഗവണ്‍മെന്റിന്റെ പുതിയ പദ്ധതികള്‍ മുഖ്യമന്ത്രി വെളിപ്പെടുത്തി. മന്ത്രിമാരുടെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കാന്‍ അവര്‍ക്ക് പുതിയ വാഹനങ്ങളും ജനങ്ങളുമായി സംവദിക്കാന്‍ ആധുനിക സൗകര്യങ്ങളോടു കൂടിയ സെല്‍ഫോണുകളും അനുവദിച്ചിരിക്കുന്നു. പഴയതായ ഗവണ്‍മെന്റ് ഓഫീസുകള്‍ പുതുക്കിപ്പണിയുകയും ഉന്നത ഉദ്യോഗസ്ഥ•ാരുടെ ഓഫീസുകള്‍ ശീതീകരിക്കുകയും ചെയ്യുന്നതാണ്. നാടിന്റെ പുരോഗതിക്കായി ഇതുപോലുള്ള പല പദ്ധതികളും ഗവണ്‍മെന്റ് വിഭാവനം ചെയ്തു നടപ്പിലാക്കുന്നതാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

'അപ്പോള്‍ സാധാരണക്കാരനു വേണ്ടിയൊന്നുമില്ലേ?' ഏതോ ഒരു ചെറിയ ചാനലിന്റെ ന്യൂസ് റിപ്പോര്‍ട്ടറുടെ ചോദ്യം പതിവു പോലെ മുന്‍നിര ചാനല്‍ ഗര്‍ജ്ജനങ്ങളില്‍ മുങ്ങിപ്പോയി.

സുരേഷ് മൈക്രോഫോണ്‍ ഓണാക്കി. അനില്‍ ക്യാമറയുമായി റെഡിയായി.
'റോളിംഗ്.'

'കേരളത്തിന്റെ പുരോഗതിയെ ലക്ഷ്യമാക്കിയുള്ള നിരവധി പദ്ധതികളാണ് നമ്മുടെ പ്രിയപ്പെട്ട മുഖ്യമന്ത്രി അനൗണ്‍സ് ചെയ്തിരിക്കുന്നത്. ഭരണത്തിലേറിയ രണ്ടു വര്‍ഷവും അഹോരാത്രം നാടിനുവേണ്ടി പ്രവര്‍ത്തിക്കുന്ന നമ്മുടെ നേതാക്കള്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് തലസ്ഥാന നഗരിയില്‍ നിന്ന് ക്യാമറാമാന്‍ അനില്‍കുമാറിനൊപ്പം ഞാന്‍ സുരേഷ് രാമചന്ദ്രന്‍.'

വീണ്ടും വീണ്ടും പൊതുജനം വിഡ്ഢികളാക്കപ്പെട്ടുകൊണ്ടിരിക്കുന്നു. സത്യത്തിന്റെ ദുര്‍മുഖത്തെ ഭംഗിയുള്ള പുതിയ കുപ്പികളിലാക്കി വില്‍ക്കാന്‍ മീഡിയക്കാരും നിര്‍ബന്ധിതരാവുന്നു. മനസാക്ഷിയെ, ധര്‍മ്മബോധത്തെ ഒക്കെ നിലനില്‍പ്പെന്ന യാഥാര്‍ത്ഥ്യവുമായി താരതമ്യപ്പെടുത്തി പെട്ടിയിലടച്ചു. പൂട്ടുന്നു. ഞാനുള്‍പ്പെടുന്ന ജേര്‍ണലിസ്റ്റ് സമൂഹം. മനസ്സ് അസ്വസ്ഥമാവുന്നതുപോലെ!

അടുത്തത് ഒരു ക്രിസ്തീയസഭാ കണ്‍വന്‍ഷനാണ്. വൈദികനും കുഞ്ഞാടുകളും തിങ്ങിനിറയുന്ന വാര്‍ഷിക കണ്‍വന്‍ഷന്‍. ഇന്ന് നടക്കുന്ന ഉദ്ഘാടനത്തിനെത്തുന്ന സഭാദ്ധ്യക്ഷ•ാരെയൊക്കെ കവര്‍ ചെയ്യണം. ചാനലിനു വളരെ വേണ്ടപ്പെട്ട സഭാവിഭാഗമാണ്. ചാനല്‍ ഹെഡ് ഈപ്പന്‍ സാറുള്‍പ്പെടെ ചാനലിലെ പല ഉദ്യോഗസ്ഥരേയും വിശ്വാസത്തില്‍ വളര്‍ത്തുന്ന സഭ! ഈ കണ്‍വന്‍ഷന്‍ ഞാന്‍ തന്നെ കവര്‍ ചെയ്യണം എന്ന് ഈപ്പന്‍ സാറിന് നിര്‍ബന്ധമായിരുന്നു. തലസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളാണ് എന്നെത്തേടി വരുന്നത്. ഏല്‍പിക്കുന്ന ഉത്തരവാദിത്വങ്ങള്‍ നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നതു കൊണ്ടാണ് സീനിയര്‍ റിപ്പോര്‍ട്ടര്‍ പദവി എനിക്ക് ലഭിച്ചിരിക്കുന്നത്. നല്ല രീതിയില്‍ എന്നു പറയുമ്പോള്‍ ചാനല്‍ തലവ•ാര്‍ക്ക് തൃപ്തികരമായ രീതിയില്‍ എന്ന് എടുത്തുപറയേണ്ടി വരും.

കണ്‍വന്‍ഷന്‍ നഗരിയിലേക്ക് ജനം ഒഴുകുകയാണ്. ചാനലിന്റെ പേരുവച്ചിട്ടുള്ളതു കൊണ്ട് ഞങ്ങളുടെ വാന്‍ ഉദ്ഘാടനം നടക്കുന്ന വേദിയുടെ അടുത്തുവരെ എത്തിക്കാന്‍ കുമാരേട്ടന് സാധിച്ചു. ചാനലും സഭയുമായുള്ള ഇരിപ്പുവശം കാരണം നല്ല ഒരു സ്ഥാനത്ത് തന്നെ ക്യാമറ ഉറപ്പിക്കാനും ഞങ്ങള്‍ക്ക് സാധിച്ചു. സഭയുടെ കേരളത്തിലെ ഉന്നതാദ്ധ്യക്ഷ്യം വഹിക്കുന്ന ബിഷപ്പിന്റെ ആഢംബരവാഹനം വന്നു നിര്‍ത്തിയത് ഞങ്ങളുടെ തൊട്ടുമുമ്പിലാണ്. സഭ വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ഈ കണ്‍വന്‍ഷന്റെ തിരക്ക് അതിനുദാഹരണമാണെന്നും അദ്ദേഹം വിനയാന്വിതനായി ചാനലുകാരെ അറിയിച്ചു. തിങ്ങി നിറഞ്ഞ വിശ്വാസികള്‍ക്കിടയിലൂടെ ഒരു രാജാവിന്റെ പ്രൗഢിയോടെ അദ്ദേഹം വേദിയിലേക്ക് നടന്നു.

എന്തുമാത്രം ജനങ്ങളാണ് വിശ്വാസം വില്‍ക്കുന്ന ഈ മാമാങ്കത്തിനെത്തിയിരിക്കുന്നത്? ഇവരുടെയൊക്കെ പ്രശ്‌നങ്ങള്‍ക്കുള്ള ഒറ്റമൂലി ഇവിടെ ഒരു കുപ്പിയിലാക്കി വില്‍ക്കുന്നതുപോലെ. വീടിന്റെ നിശബ്ദ്തയില്‍ ഇരുന്ന് വിളിച്ചാല്‍ വിളികേള്‍ക്കാത്ത ദൈവമുണ്ടോ?

ഇത് എന്റെ ആത്മഗതമാണ്. എന്റെ അഭിപ്രായം പറയാനുള്ളതല്ല ഈ മൈക്രോഫോണും ക്യാമറയും.

'സുരേഷേട്ടാ, റെഡി. റോളിംഗ്.'

'ഭക്തിനിര്‍ഭരമായ ഈ അന്തരീക്ഷത്തില്‍ നില്‍ക്കുമ്പോള്‍ ദൈവം താഴെയിറങ്ങി വന്നിരിക്കുന്നതു പോലെയാണ് എനിക്ക് അനുഭവപ്പെടുന്നത്. വിശ്വാസികള്‍ ഒന്നടങ്കം...'
'ഓ.കെ.സുരേഷേട്ടാ....' 

മൈക്രോഫോണ്‍ ഊരി അനിലിന്റെ സഹായിയായ ജിനുവിനെ ഏല്‍പിച്ചു. കൈയിലിരുന്ന കുപ്പിയിലെ വെള്ളം മുഴുവന്‍ കുടിച്ച് തീര്‍ത്തിട്ടും ദാഹം തീരാത്തതുപോലെ ഞാന്‍ പറയുന്ന പൊള്ളയായ വാക്കുകള്‍ എന്നെ ശ്വാസം മുട്ടിക്കുന്നു. ഇതെന്റെ ജോലി മാത്രമാണ് എന്നെനിക്കറിയാം. എന്നാലും ഈയിടെയായി ഒരു യാന്ത്രികത; ഒരു വിമ്മിഷ്ടം. ന•യുള്ള ഒരു ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിട്ട് എത്ര നാളായി. ഇല്ലാത്തതിനെ ഊതിപ്പെരുപ്പിക്കല്‍. സത്യത്തെ ഒളിച്ചുവെയ്ക്കല്‍, പൊതുജനത്തിന് നയാപ്പൈസയ്ക്ക് പ്രയോജനമില്ലാത്ത രാഷ്ട്രീയ നേതാക്കളെ പുകഴ്ത്തല്‍, ചാനലിനു താല്‍പ്പര്യമില്ലാത്ത സംഘടനകളെ പ്രസ്ഥാനങ്ങളെ ഇകഴ്ത്തല്‍, ഇതൊക്കെത്തന്നെയാണ് ഇന്നിന്റെ ന്യൂസ് റിപ്പോര്‍ട്ടിംഗ്. ഒരു കുറുക്കന്റെ ബുദ്ധിയോടെ ആനുകാലിക സംഭവങ്ങള്‍ ചാനലിനും, ചാനലിനെ തുണയ്ക്കുന്ന ഭരണപക്ഷത്തിനുമായി വളച്ചൊടിക്കുക. അതു മാത്രമാണ് സീനിയര്‍ റിപ്പോര്‍ട്ടര്‍ പദവിയില്‍ ഉറച്ചിരിക്കാന്‍ എന്നെ സഹായിക്കുന്ന ഘടകങ്ങള്‍!
അടുത്തത് സിനിമാസംഘടനയുടെ മീറ്റിംഗാണ്. ഒരു മണിക്ക് പ്രസ് കോണ്‍ഫറന്‍സ് വിളിച്ചിട്ടുണ്ട്. വഴിക്ക് ശരവണാസില്‍ ലഞ്ചിന് നിര്‍ത്താം. അനില്‍ ഞങ്ങളുടെ ഉച്ചകഴിഞ്ഞത്തെ പരിപാടികള്‍ വിശദീകരിച്ചു.

'അനിലേ ഞാനൊന്ന് മയങ്ങട്ടെ. നിങ്ങള്‍ കഴിച്ചോളൂ. എനിക്ക് വിശക്കുന്നില്ല.'
ശരവണാസില്‍ അനിലും ബാക്കിയുള്ള ക്രൂവും ഊണ് കഴിക്കാന്‍ പോയി. എനിക്ക് മയങ്ങാന്‍ സാധിക്കുന്നില്ല.

സിനിമാസംഘടനയുടെ മീറ്റിംഗ് നടക്കുന്ന മുന്തിയ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ഞങ്ങളെത്തിയപ്പോഴേക്കും മറ്റ് പ്രമുഖ ചാനലുകാര്‍ എല്ലാം തന്നെ സ്ഥാനം പിടിച്ചിരുന്നു. ഏതാണ്ട് ഒരു മണിക്കൂറോളം വൈകി പ്രസ് മീറ്റിംഗ് തുടങ്ങി. മിന്നും താരങ്ങള്‍ വേദിയിലെത്തിയപ്പോള്‍ ക്യാമറാ ഫഌഷുകള്‍ മത്സരിച്ചു മിന്നിത്തെളിഞ്ഞു. പതിവുപോലെ നടിമാരുടെ സാന്നിധ്യം കുറവാണ്.അതെങ്ങനെയാ സംഘടനാസ്ഥാനങ്ങള്‍ മുഴുവന്‍ പുരുഷ കേസരികള്‍ കൈയടക്കി വച്ചിരിക്കുകയാണല്ലോ. ഇന്‍ഡസ്ട്രിയെ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ചോദ്യശരങ്ങള്‍ റിപ്പോര്‍ട്ടര്‍മാര്‍ എയ്തു. എന്നാല്‍ രാഷ്ട്രീയക്കാരേക്കാള്‍ സാമര്‍ത്ഥ്യത്തോടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറിയും, തമാശ പ്രയോഗങ്ങളിലൂടെ ഇന്‍ഡസ്ട്രിയില്‍ പ്രശ്‌നമൊന്നുമില്ലെന്ന് കാരണവ•ാര്‍ പറഞ്ഞു സ്ഥാപിച്ചു.

സിനിമാ ഇന്‍ഡസ്ട്രി നീറിപ്പുകയുകയാണ്. സിനിമയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് നേരെ കണ്ണടച്ചിരുട്ടാക്കുന്ന കാലം കഴിഞ്ഞിരിക്കുന്നു. സ്ത്രീയെ ഇടിച്ചു താഴ്ത്തുന്ന കേവലം പരിഹാസങ്ങള്‍ കൊണ്ട് അവളെ നിശബ്ദയാക്കുന്ന ഈ സംഘടനാ താല്‍പര്യങ്ങളെ എനിക്ക് പുച്ഛമാണ്. പക്ഷെ ഇവിടെ ഒരു 'ന്യൂട്രല്‍ സ്റ്റാന്‍ഡ്'  എടുക്കാനാണ് ഈപ്പന്‍ സാറിന്റെ നിര്‍ദ്ദേശം.

തങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും തങ്ങളുടെ സഹാദരിമാരുടെ ലൊക്കേഷനിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ വേണ്ടത് ചെയ്യുമെന്നും സിനിമാ സംഘടനാ പ്രസിഡന്റ് അറിയിച്ചു. കല എന്ന പൊതുതാല്‍പര്യത്തിനായി ഒരുമിച്ച് നിലകൊള്ളാന്‍ തങ്ങള്‍ ബാദ്ധ്യസ്ഥരാണെന്ന് അദ്ദേഹം തന്റെ സഹപ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ചു. മിന്നും താരങ്ങള്‍ മാരിയറ്റ് ഹോട്ടലില്‍ നിന്നും ക്യാമറാമാന്‍....'
ഇത് പുകഞ്ഞ് തുടങ്ങിയ അഗ്നിപര്‍വതമാണ്; പൊട്ടിത്തെറിക്കുക തന്നെ ചെയ്യും. അത് കാലം തെളിയിക്കട്ടെ.

ഫോണ്‍ അടിക്കുന്നു. ഈപ്പന്‍സാറാണ്.
'സുരേഷേ, സെക്രട്ടേറിയറ്റിലേക്ക് വിട്ടോ. ബ്രേക്കിംഗ് ന്യൂസാണ്. മാര്‍ച്ച് നടത്തിയ പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലീസിനു നേരെ കല്ലെറിഞ്ഞു. ക്യാമറ ഒന്ന് വേണ്ട രീതിയില്‍ കൈകാര്യം ചെയ്യാന്‍ അനിലിനെ ഓര്‍മ്മിപ്പിക്കണം.'
ഇത് പഴയ രാസവാക്യമാണ്. സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തുന്ന പ്രതിപക്ഷം+ പോലീസ്= ലാത്തിച്ചാര്‍ജ്.

ഈപ്പന്‍സാറിന് വേണ്ട രീതിയില്‍ പാര്‍ട്ടിക്കാരുടെ രോഷം ഉള്‍ക്കൊള്ളുന്ന വിഷ്വല്‍സ് കൂടുതല്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടും പോലീസിനെ ന്യായീകരിച്ചുകൊണ്ടും എന്റെ വിപ്ലവവാക്കുകള്‍ കൂട്ടിച്ചേര്‍ത്ത വിവരണത്തോടെ ലൈവ് കവറേജ് ഒപ്പിയെടുത്തു.
നല്ല ക്ഷീണം ഇന്നത്തെ ജോലി ഇതോടെ കഴിയുന്നു. വീണ്ടും ഫോണ്‍ അടിക്കുന്നു. ഈപ്പന്‍സാര്‍ തന്നെയാണ് വിളിച്ചിരിക്കുന്നത്.

സുരേഷേ ഞാനൊരു അഡ്രസ് ടെക്സ്റ്റ് ചെയ്തിട്ടുണ്ട്. ഒരു സ്ത്രീയുടേയും മകളുടേയും മകളുടേയും മരണമാണ് വിഷയം. നാട്ടുകാര്‍ അത് കുത്തിപ്പൊക്കി കൊലപാതമാണെന്നും ഒക്കെ പറഞ്ഞ് മുഖ്യനെ ഒക്കെ വലിച്ചിടുന്നുണ്ട്. എന്തോ പെന്‍ഷന്‍ കിട്ടിയില്ലെന്നോ. അങ്ങിനെയെന്തൊക്കെയോ... ഒന്നു പോയി നോക്കിക്കേ. മുഖ്യനെ ഒരു വിധത്തിലും അതിലേക്ക് വലിച്ചിടാത്ത രീതിയില്‍ ഒരു സ്ലോറി ഉണ്ടാക്കി വിട്ടേര്. ഈവ്‌നിംഗ് ന്യൂസ് ലൈവില്‍ തന്നെ ചെയ്യാം. വൈകിക്കണ്ട. അല്ലെങ്കില്‍ ചിലപ്പോള്‍ കേരള വിഷന്‍ അത് കുത്തിപ്പൊക്കും.'

ഈപ്പന്‍സാറിന്റെ ഇന്നത്തേയ്ക്കുള്ള ലാസ്റ്റ് ക്വട്ടേഷന്‍ എടുത്ത് ഞങ്ങള്‍ അടുത്തസ്ഥലത്തേക്ക്. സെക്രട്ടേറിയറ്റിനു മുമ്പിലൂടെ ഞങ്ങളുടെ വാന്‍ കടന്നു പോയപ്പോള്‍ അവിടെവിടെയായി നിശബ്ദമായി ധര്‍ണ നടത്തുന്ന, നിരാഹാരം കിടക്കുന്ന കുറെ സാധുജനങ്ങളിലേക്ക് കണ്ണുകള്‍ ഞാന്‍ പോലുമറിയാതെ എന്നെ കൂട്ടിക്കൊണ്ട് പോയി. ഇവരുടെ പ്രതിഷേധം അക്രമാസക്തമല്ല; സമാധാനപരമാണ്. അതുകൊണ്ട് തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ, മന്ത്രിമാരോ, പോലീസോ ഞങ്ങള്‍ ചാനലുകാരോ അവരെ ശ്രദ്ധിക്കാറില്ല. കുറെ ദിവസങ്ങള്‍ കഴിഞ്ഞ് മനസ്സുമടുത്ത് അവര്‍ തിരികെപ്പൊയ്‌ക്കൊള്ളുമെന്ന് ഞങ്ങള്‍ക്കെല്ലാം അറിയാം. വന്നതു പോലെ തന്നെ നിശബ്ദരായി! അവരുടെയെല്ലാം കണ്ണുകള്‍ എന്നെ തുറിച്ചു നോക്കുന്നതു പോലെ. ഞാന്‍ മുഖം തിരിച്ചു.

'സുരേഷേട്ടാ ഇതാണ് വീട്.'
'അനിലേ, നിങ്ങള്‍ ഇവിടെയിരിക്ക്. ഞാനൊന്ന് അന്വേഷിച്ചറിഞ്ഞു വരാം.'
തലമൂത്ത ഒരു കാര്‍ന്നോര്്, മികച്ച സ്ത്രീയുടെ ഉറ്റ സുഹൃത്തും അയല്‍ക്കാരി യുമായ ഒരു സ്ത്രീ, ഭര്‍ത്താവിന്റെ ഒരു സുഹൃത്ത് എന്നിവരില്‍ നിന്ന് കാര്യങ്ങള്‍ എനിക്ക് വ്യക്തമായി. ഭര്‍ത്താവ് മരിച്ച ഒരു സാധുസ്ത്രീ. അവരുടെ മകള്‍ എന്നിവരാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്. ഗവണ്‍മെന്റില്‍ നിന്നു ഒരു സഹായവും കിട്ടില്ലെന്നുറപ്പായപ്പോള്‍, ജീവിക്കാന്‍ ഒരു വഴിയും കാണാതെ ഒരമ്മയും മകളും ജീവനൊടുക്കിയിരിക്കുന്നു. നാട്ടുകാരോരുത്തരായി അവരുടെ പ്രതിഷേധം എന്നോട് പറഞ്ഞ് കരയുന്നു. ഇവരൊക്കെ മടുത്തിരിക്കുകയാണ്. ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ ഇവര്‍ക്കറിയേണ്ട. ഇവരുടെ പക്ഷത്താരുണ്ട്. അതാണ് അവര്‍ക്കറിയേണ്ടത്? എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു.



'സുരേഷേട്ടാ, റെഡി. ഗോയിംഗ് ലൈവ്. റോളിംഗ്' ഞാന്‍ ഈവ്‌നിംഗ് ലൈവ് ന്യൂസിനായി സംസാരിച്ചു തുടങ്ങി.

കേരളത്തിലെ ഒരു സാധാരണ പൗരന്റെ വീടിനു മുമ്പിലാണ് ഞാനിപ്പോള്‍. ഈ വീട്ടിലെ ഗൃഹനാഥന്‍ ഒരു ഗവണ്‍മെന്റ് ഉദ്യോഗസ്ഥനായിരുന്നു. രണ്ടുവര്‍ഷം മുമ്പ് അദ്ദേഹം മരിച്ചു. അദ്ദേഹത്തിന്റെ ഭാര്യ രാധിക. തനിക്ക് ലഭിക്കേണ്ട വിധവാ പെന്‍ഷനു വേണ്ടി അന്നുതൊട്ട് സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുന്നു. എന്നാല്‍ ഇതുവരെ ഒരു ചില്ലിക്കാശുപോലും അവര്‍ക്ക് കിട്ടിയിട്ടില്ല. മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് പരാതി ബോധിപ്പിച്ചിട്ടും ഒരു നീക്കവുമുണ്ടായില്ല. കൈയിലുള്ളതെല്ലാം വിറ്റ് തീര്‍ത്ത് ഈ വാടക വീട്ടില്‍ നിന്നിറങ്ങേണ്ട അവസ്ഥയില്‍ എത്തിയ അമ്മയും മകളും ഏതാണ്ട് പട്ടിണിയിലായിരുന്നു. അയല്‍വക്കക്കാരുടെ ദാരിദ്ര്യത്തിന്റെ ഒരു പങ്കിലാണ് അവര്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ തള്ളി നീക്കിയത്. ഗവണ്‍മെന്റില്‍ നിന്നും നീതി കിട്ടാന്‍ നടത്തിയ സമരത്തില്‍ നിന്നും ഇന്നവര്‍ തോറ്റു പിന്മാറിയിരിക്കുന്നു. അവരുടെ ജീവിതമവസാനിപ്പിച്ചുകൊണ്ട്. ഇതൊരാത്മഹത്യയല്ല. കൊലപാതകം തന്നെയാണ്. ഈ രണ്ടുമരണങ്ങളുടേയും ഉത്തരവാദിത്വം സര്‍ക്കാരിനാണ്; മുഖ്യമന്ത്രിക്കാണ് പണക്കാരനെ വീണ്ടും പണക്കാരനാക്കുന്ന, പാര്‍ട്ടിയെ താങ്ങുന്നവരെ മാത്രം വളര്‍ത്തുന്ന മുഖ്യമന്ത്രിയുടെ നയങ്ങള്‍ക്കെതിരെ, ജാതിമതരാഷ്ട്രീയ ഭേദമെന്യേ ഈ ഗ്രാമത്തിലെ സാധാരണക്കാര്‍ ഒന്നിച്ചിരിക്കുകയാണ്. അവരുടെ ശബ്ദമാണ് നിങ്ങളിപ്പോള്‍ കേള്‍ക്കുന്നത്. ഇതൊരു തുടക്കമാവട്ടെ. ക്യാമറാമാന്‍ അനില്‍കുമാറിനൊപ്പം ഞാന്‍ സുരേഷ് രാമചന്ദ്രന്‍..... ഇന്നു മുതല്‍ കേരളത്തിലെ സാധാരണക്കാരനൊപ്പം....'

ചുറ്റുമുയരുന്ന കരഘോഷങ്ങള്‍ ഏറ്റുവാങ്ങി, ക്യാമറ ഓഫ് ചെയ്യാന്‍ മറന്ന് എന്നെ വാരിപ്പുണര്‍ന്ന അനിലിനൊപ്പം, കണ്ണുനീര്‍ തുടയ്ക്കുന്ന എന്റെ ക്രൂവിനൊപ്പം, എന്റെ ഫോണിലേക്ക് തുടരെത്തുടരെ വരുന്ന കോളുകളെ അവഗണിച്ച്, കഴുത്തിലിട്ടിരുന്ന ചാനലിന്റെ ബാഡ്ജി ഊരിയെറിഞ്ഞ് ഞാന്‍ മുമ്പോട്ട് നടന്നു; തലയുയര്‍ത്തി.

Join WhatsApp News
Boby Varghese 2018-02-08 09:37:21
Hey Suresh, fake news is the same all over the world , subject may be Dileep, Trump etc etc. Trump call them fake. Pope call them satanic news.
അന്നമ്മ പൗലോസ് 2018-02-10 16:55:52
മീ ടൂ അമേരിക്കയിൽ കോളിളക്കം സൃഷ്ട്ടിച്ചിട്ട് അമേരിക്കയിലെ പ്രഗത്ഭരായാ ഒരു സ്ത്രീ സാഹിത്യകാരികളും മുന്നോട്ട് വരികയോ അതിനെക്കുറിച്ച് ഒരു ലേഖനം എഴുതുകയോ ചെയ്തു കണ്ടില്ല .   അതോ സ്ത്രീകളെ പണക്കാരും പ്രതാപികളും ശക്തന്മാരും പോങ്ങന്മാരായ അച്ചായന്മാരും ചവിട്ടി മെതിക്കുമ്പോൾ മുഖം തിരിഞ്ഞു നിൽക്കുകയോ? സാഹിത്യകാരന്മാരും, പിന്നെ മഹാസംഘടനകളിലെ അച്ചായന്മാരും ഇതൊന്നും കാണിക്കാത്ത പഞ്ചപാവങ്ങളാണോ?

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക