Image

പരാജിതരുടെ വിജയങ്ങള്‍(കവിത:രാജന്‍ കിണറ്റിങ്കര)

രാജന്‍ കിണറ്റിങ്കര Published on 08 February, 2018
പരാജിതരുടെ വിജയങ്ങള്‍(കവിത:രാജന്‍ കിണറ്റിങ്കര)
തോല്‍വി എന്നത്

സുഖകരമായ

ഒരു അനുഭൂതിയത്രെ..

 

വിജയിയുടെ

ആഹ്ലാദം

ദൂരെനിന്നു വീക്ഷിക്കാം

ഹൃദയമിടിപ്പുകള്‍

അറിയാം

നെഞ്ചളവുകള്‍

മനസ്സിലാക്കാം ..

 

പരാജിതര്‍ക്കു

മാത്രം കിട്ടുന്ന

സഹതാപങ്ങളുടെ

പെരുമഴ കൊള്ളാം..

 

വിജയിക്ക്

ജീവിതം ഒരുഭാരമാണ്

പ്രതീക്ഷകളുടെ

സ്വപ്നങ്ങളുടെ

പ്രലോഭനങ്ങളുടെ

സമ്മര്‍ദങ്ങളുടെ ...

 

പരാജിതനോ?

ഒരു നറുതൂവല്‍ പോലെ

ഒഴുകി നടക്കാം..

ആളൊഴിഞ്ഞ കോണില്‍

മടിപിടിച്ചിരുന്ന്

ഉറക്കം തൂങ്ങാം

ആരാലും

ശ്രദ്ധിക്കപ്പെടാതെ

ഭാരങ്ങളില്ലാതെ

പ്രതീക്ഷകളില്ലാതെ ...

 

വീണുകിട്ടുന്ന

ഓരോ വിജയവും

ഓരോ അലങ്കാരങ്ങളായി

ഓര്‍മ്മകളില്‍

കുറിച്ചിടാം ..

 

വിജയിയുടെ

ഓരോ ചുവടിലും

മത്സരങ്ങളുടെ

തീജ്വാലകളുണ്ട്

പരാജിതന്റെ

കാല്‍ച്ചുവട്ടില്‍

അനുഭവങ്ങളുടെ

തിരിച്ചറിവുകളാണ്…

 

അല്ലെങ്കിലും

എത്ര സങ്കീര്‍ണ്ണമാണ്

വിജയത്തിന്റെ

പിന്നാമ്പുറങ്ങള്‍,

മുന്നേ പോകുന്നവനിലും

പുറകെ വരുന്നവനിലും

ഒരുപോലെ അര്‍പ്പിക്കണം

മനസ്സും ദൃഷ്ടിയും …

 

പരാജിതനു മുന്നില്‍

ഉള്ളത്

ഒരു വിജയി മാത്രം

പക്ഷെ,

വിജയിക്ക് പുറകില്‍

എത്രയെത്ര പരാജിതര്‍ ..

 

എന്നിട്ടും വിജയം

ആടി തിമിര്‍ക്കുന്നു

യാഥാര്‍ഥ്യങ്ങളുടെ

പുകമറയ്ക്കുള്ളില്‍….

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക