Image

കന്മദപ്പൂക്കള്‍ (നോവല്‍- അധ്യായം - 3 : കാരൂര്‍ സോമന്‍)

Published on 10 February, 2018
കന്മദപ്പൂക്കള്‍ (നോവല്‍- അധ്യായം - 3 : കാരൂര്‍ സോമന്‍)
കാല്‍പ്പാടു കൊണ്ടെഴുതിയ കവിത

ആന്‍സി പത്താംക്ലാസില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്കു വാങ്ങി വിജയിച്ചതില്‍ ആന്റണിയും അനുജത്തിമാരും ആനൊപ്പം മതിമറന്ന് സന്തോഷിച്ചു. അവള്‍ക്ക് തുടര്‍ന്ന് പഠിക്കണമെന്നുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ആന്റണി മനോവേദന കടിച്ചിറക്കി മകള്‍ക്ക് ധൈര്യം പകര്‍ന്നു. സ്‌നേഹപൂര്‍വ്വം മകളെ ആശീര്‍വദിച്ചു.ഓരോ നിമിഷം കഴിയുന്തോറും ഹൃദയം തകരുകയാണ്. എങ്ങനെയാണ് മകളെ തുടര്‍ന്ന് പഠിപ്പിക്കുക. നിത്യവും കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട്.
സ്കൂള്‍ഫീസ് അടക്കമുള്ള എല്ലാ ചെലവുകളും മറ്റും സഹപ്രവര്‍ത്തകരോട് കടംവാങ്ങിയാണ് ഇന്നുവരെ നടത്തിയത്. ഇനിയും കടംചോദിക്കാന്‍ വയ്യ. അപ്പന്റെ മനസ് അസ്വസ്ഥമായിരിക്കുമ്പോഴാണ് അവള്‍ കൂട്ടുകാരി മിനിയെ കണ്ടത്. ആന്‍ മിഴികളുയര്‍ത്തി മിനിയെ നോക്കി. മനസ്സിലുള്ള സങ്കടം അവളുമായി പങ്കുവച്ചു. തുടര്‍ന്ന് പഠിക്കണമെന്നുണ്ട്. സ്വന്തം പിതാവിന് അതൊരു ഭാരമായിപ്പോകുമെന്നുള്ള ഭയവും അവള്‍ക്കുണ്ട്. അപ്പനത് തുറന്നുപറയാന്‍ പ്രയാസമാണ്. അതിനാല്‍ എന്തെങ്കിലും ചെറിയൊരു ജോലിചെയ്ത് കാശുണ്ടാക്കണമെന്നാണ് ആഗ്രഹം.
അതിന് ആരാണ് ജോലി തരിക.
എന്തു ജോലി ചെയ്യും?
ഒരു തൊഴിലും പഠിച്ചിട്ടില്ലല്ലൊ.
അടുക്കളപ്പണി മിനി അസൂയപ്പെട്ട് നോക്കി.
അടുക്കളപ്പണി മാത്രമല്ലേ അറിയൂ. ക്ലാസില്‍ ഇരിക്കുമ്പോഴും ഒന്നിച്ച് നടക്കുമ്പോഴും സ്വഭാവഗുണങ്ങള്‍ കാണുമ്പോഴൊക്കെ ആനില്‍ ഒരു പ്രത്യേകത എല്ലാവരും കണ്ടിരുന്നു. സ്‌നേഹം നിറഞ്ഞു തുളുമ്പുന്ന പുഞ്ചിരിയും തിളക്കമുള്ള കണ്ണുകളും ആ നോട്ടവും തഴുകിയെത്തുന്ന കുളിര്‍ക്കാറ്റുപോലെ പലര്‍ക്കും തോന്നാറുണ്ട്. അതുകൊണ്ടാണ് അവളെ ഏറ്റവും വെറുക്കാന്‍ കാരണം. സ്വന്തം വീട്ടില്‍ത്തന്നെ ഇവളെ വേലക്ക് നിര്‍ത്താന്‍ മനസ് പറഞ്ഞു. അടുത്ത ദിവസം തന്നെ ആന്‍സിയുടെകാര്യം മിനി അമ്മയുമായി സംസാരിച്ചു. അമ്മ കാത്ത അച്ഛനോടറിയിക്കാതെ തീരുമാനം പറയാന്‍ പറ്റില്ലെന്നറിയിച്ചു. അതിന് അവടെ അച്ഛന്‍ ഏലിയാസ് അച്ഛനെ കാണാന്‍ ഉപദേശിച്ചു. ആ വിവരം മിനി ആന്‍സിയെ അറിയിച്ചു. അതിനുമുമ്പായി പള്ളി വികാരി ഫാ. കുര്യാക്കോസിനെ കാണാന്‍ ഏലിയാസ് തീരുമാനിച്ചു. എല്ലാ ഞായറാഴ്ചകളിലും പള്ളിക്കുള്ളില്‍ നിന്നും മധുരമായ ഗാനങ്ങള്‍ പുറത്തേക്ക് വരുന്നത് ആന്‍സി വഴിയാണ്. ആ സന്തോഷം പള്ളിയിലുള്ള പലരും ഏലിയാസുമായി പങ്കു വച്ചിരുന്നു. ഒരുദിവസം സൂര്യരശ്മികള്‍ തിളങ്ങുന്ന വരിവരിയായി നില്ക്കുന്ന പനന്തെങ്ങുകള്‍ക്കിടയിലൂടെയുള്ള റോഡിലൂടെ ഏലിയാസ് ഉജ്വലമായി ഉയര്‍ന്നു നില്ക്കുന്ന പള്ളിമേടിയിലേക്ക് ചെന്നു. വികാരിയച്ചന്‍ മുറ്റത്ത് കാറ്റുകൊള്ളാന്‍ ഉലാത്തുകയായിരുന്നു. മൊബൈല്‍ഫോണില്‍ ആരുമായോ സംസാരിക്കുന്നു. വികാരിയച്ചന്‍ സുസ്‌മേരവദനനായി ഏലിയാസിനെ സ്വീകരിച്ചു.കസേരയില്‍ ഇരുന്നിട്ട് പറഞ്ഞു.
ഏലിയാസ് ഇരിക്കു
വേണ്ടച്ചോ, ഞാനിവിടെ നിന്നോളാം.
അച്ചനെ ഉറ്റുനോക്കിക്കൊണ്ട് പ്രസന്നവദനനായി ഏലിയാസ് തുടര്‍ന്നു. മകളെ തുടര്‍ന്നുപഠിപ്പിക്കാന്‍ ആഗ്രഹമുണ്ടെന്നും സഭയുടെ ഏതെങ്കിലുമൊരു സ്കൂളില്‍ മകളെ ചേര്‍ത്ത് പഠിപ്പിക്കണമെന്നും അപേക്ഷിച്ചു. തന്റെ ഏല്ലാഭാരങ്ങള്‍ക്കും പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് ഏലിയാസ് എത്തിയത്. വികാരിയച്ചന്‍ തന്റെ താടിരോമങ്ങളില്‍ വിരലോടിച്ച് നിമിഷങ്ങള്‍ ചിന്താകുലനായിരുന്നു. സഭയുടെ അടിത്തറ നില്ക്കുന്നത് സമ്പത്തിലാണ്. ഇതിനകം സ്വന്തം ബന്ധത്തിലുള്ള ഒരു കുട്ടിക്കും മറ്റൊരു സമ്പന്നന്റെ കൂട്ടാളിക്കും ഫീസില്ലാതെ പഠിക്കാന്‍ അച്ചന്‍ ശുപാര്‍ശ ചെയ്തു കഴിഞ്ഞു. ഇനിയും ഒരാള്‍ക്കുകൂടി ശുപാര്‍ശചെയ്യുക സാധ്യമല്ല. ഏലിയാസിന്റെ കണ്ണുകള്‍ പകല്‍പോലെ തുറന്നിരുന്നു. നീണ്ട നിശബ്ദതക്കൊടുവില്‍ അച്ചന്‍ കൈമലര്‍ത്തി. ഏലിയാസ് ഏറെ പ്രതീക്ഷകളോടെ കാത്തുനിന്ന നിമിഷങ്ങള്‍ക്ക് മങ്ങലേറ്റു. ദുഃഖഭാരത്തോടെ അയാള്‍ മടങ്ങി. അന്നത്തെ രാത്രി ഏലിയാസിന് ശരിക്കൊന്ന് ഉറങ്ങാന്‍പോലും കഴിഞ്ഞില്ല. കിടക്കയില്‍ അയാള്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു. മുറിയില്‍ വിളക്ക് തെളിച്ച് തറയില്‍ ഗാഢനിദ്രയിലുറങ്ങുന്ന കുഞ്ഞുങ്ങളെ നിറകണ്ണുകളോടെ നോക്കി. അകന്ന് കിടന്ന പുതപ്പ് പുതപ്പിച്ചു. വിളക്കണച്ച് കതക് തുറന്ന് പുറത്തിറങ്ങി ആകാശത്ത് നക്ഷത്രവിളക്കുകളെ നോക്കി. ഭാര്യ സാറയെ ഒരു നിമിഷം ഓര്‍ത്തിരുന്നു കരഞ്ഞു. ഭൂമിയിലെ എല്ലാ ജീവജാലങ്ങളും സുഖാനുഭവങ്ങള്‍ അനുഭവിച്ച് സുഖമായി ഉറങ്ങുന്നു. എന്റെ മനസ് വല്ലാതെ തിളച്ചു മറിയുന്നു. എന്താണ് ചെയ്യുക? മകളെ വീട്ടുവേലക്ക് വിടണോ? ഏതോ മരമുകളിലിരുന്ന് മൈനകള്‍ പാടുന്നു.

നേരം പുലര്‍ന്നു. പാടത്തിന്റെ പലഭാഗത്തും കൊയ്ത്തു നടക്കുന്നുണ്ട്. പുല്ല് നിറഞ്ഞഭാഗങ്ങളില്‍ ചിലര്‍ പശുക്കളെ മേയ്ക്കുന്നു. ഒരു പശുവിനൊപ്പം അതിന്റെ കിടാവും നടക്കുന്നു. കൊയ്ത്തു കഴിഞ്ഞാലുടന്‍ അവിടെ പശുക്കള്‍ മേഞ്ഞു നടക്കും. മേച്ചില്‍പുറങ്ങള്‍ പശുക്കള്‍ ഏറെ ഇഷ്ടപ്പെട്ടു. കൃഷിക്കാരന്‍ കളപ്പുരകള്‍ നിറയ്ക്കുന്ന സന്തോഷത്തിലാണ്. മിനിയുടെ അച്ഛന്‍ ദാമോദരന്‍ മുതലാളി പാടവരമ്പത്ത് ഒരു കുടയും ചൂടി നില്ക്കുന്നുണ്ട്. ഒരു മദ്യവ്യവസായി കൂടിയാണ്. അയാളുടെ ശ്രദ്ധ മുഴുവന്‍ കൊയ്തു മാറ്റുന്ന കറ്റകളിലും ആരെങ്കിലും വെറുതെ നില്ക്കുന്നുണ്ടോ എന്നതിലുമായിരുന്നു. ഇടയ്ക്കയാള്‍ എന്തൊക്കെയോ പിറുപിറുക്കുന്നുമുണ്ട്. ധാരാളം നെല്‍വയല്‍ നിരത്തി മുതലാളി കരയാക്കിയിട്ടുണ്ട്. സൂര്യവെളിച്ചത്തില്‍ മഞ്ഞുകണങ്ങള്‍ ഉരുകി മാറി. കരയിലുള്ള ഏതോ വീട്ടില്‍ നിന്ന് ഒരു നായ കുരയ്ക്കുന്ന ശബ്ദം കേള്‍ക്കാം. അത് ഏലിയാസിനെ കണ്ടിട്ടായിരുന്നു. ഇടവഴിയിലൂടെ എത്തുമ്പോഴാണ് പുരയിടത്തില്‍ കിടന്ന നായ കുരച്ചത്. ഏലിയാസ് നടന്നകലുന്തോറും നായ മുറുമുറുത്തുകൊണ്ടിരുന്നു. ചതുപ്പുകളില്‍ ചവിട്ടി പാടവരമ്പത്തൂടെ നടന്ന് ഏലിയാസ് ദാമോദരന്റെ മുന്നിലെത്തി. തോളത്തിട്ടിരുന്ന തോര്‍ത്തെടുത്ത് ബഹുമാനത്തോടെ നോക്കി. ദാമോദരന്റെ മുന്നില്‍ മകളുടെ കാര്യം അവതരിപ്പിച്ചു. വാറ്റുചാരായമുണ്ടാക്കി വില്പന നടത്തുന്നതില്‍ കര്‍ക്കശക്കാരനായിരുന്നെങ്കിലും മറ്റുള്ളവരെ സഹായിക്കുന്ന കാര്യത്തില്‍ ദാമോദരന്‍ പിശുക്കു കാട്ടാറില്ല. ഏലിയാസിന്റെ ആവശ്യങ്ങള്‍ക്ക് പെട്ടെന്ന് ഒരു മറുപടി പറയാതെ ദാമോദരന്‍ ഭാര്യ പറഞ്ഞത് ഓര്‍ത്തു. മകളുടെ കൂട്ടുകാരിയാണ്. അവളെ നല്ലൊരു സ്ഥാപനത്തില്‍ പഠിപ്പിക്കുമ്പോള്‍ അവള്‍ക്കും ആഗ്രഹമില്ലേ പഠിക്കാന്‍. അവള്‍ക്ക് സമ്പത്ത് ഇല്ലാതെ പോയത് അവളുടെ കുറ്റമല്ലല്ലോ. രാവിലെയും വൈകിട്ടും അവള്‍ വന്ന് വീട്ടിലെ ജോലികള്‍ ചെയ്തിട്ട് പോകട്ടെ. എന്തെങ്കിലും സഹായം നമ്മളും ചെയ്യാന്‍ ശ്രമിക്കണം. എവിടെ എത്രയോ സമ്പന്നരായ ക്രിസ്ത്യാനികള്‍ ഉണ്ട്. അവരോടൊന്നും ആവശ്യപ്പെടാതെ നമ്മളോടല്ലെ സഹായം ആവശ്യപ്പെട്ടത്. ദാമോദരന്‍ സഹാനുഭൂതിയോടെ ഏലിയാസിനെ നോക്കി. പാവപ്പെട്ടവനെ സഹായിക്കേണ്ടത് പണക്കാരന്റെ ധര്‍മ്മമാണ്. ഏലിയാസ് ആകാംക്ഷയോടും പ്രതീക്ഷയോടും നോക്കി നില്‌ക്കെ അയാള്‍ സമ്മതമറിയിച്ചു. ഏലിയാസിന്റെ മനസ് കുതിര്‍ന്നു. അയാള്‍ കൈകൂപ്പി നന്ദി പറഞ്ഞിട്ട് നടന്നകന്നു. മകളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് വന്നത്. കഠിനാധ്വാനം ചെയ്യുന്ന തനിക്ക് മകള്‍ ഏതുജോലി ചെയ്യുന്നതിലും വിരോധമൊന്നുമില്ല. അവള്‍ പറഞ്ഞതും സത്യമാണ്. സ്വന്തമായി ഒരാള്‍ അധ്വാനിച്ച് കാശുണ്ടാക്കുന്നത് നല്ല കാര്യമാണ്. ആ വാക്കുകളില്‍ അയാള്‍ എല്ലാം മറന്നു. പാടത്തിന്റെ മധ്യത്തിലൂടെ ഒരു അരുവി ഒഴുകുന്നു. അതില്‍ ധാരാളം കുഞ്ഞു പരലുകള്‍ നീന്തിത്തുടിക്കുന്നു. അപ്പനെ പറഞ്ഞുവിട്ടിട്ട് ആന്‍സി അപ്പനെ കാത്ത് കാത്ത് ഇരിക്കുകയായിരുന്നു. അപ്പന്‍ വരുന്നത് കണ്ട് വാതില്ക്കല്‍ നിന്നും അവള്‍ അപ്പന്റെ അടുത്തേക്ക് ഓടിച്ചെന്നു. ദാമോദരന്‍ മുതലാളിക്ക് സന്തോഷമേയുള്ളൂ. എതിര്‍പ്പൊന്നുമില്ല. നാളെ മുതല്‍ നീ ജോലിക്ക് രാവിലെയും വൈകിട്ടും ചെല്ലുക. അപ്പന്റെ നാവില്‍നിന്നും അത് കേട്ടയുടന്‍ അവള്‍ക്ക് സന്തോഷമായി. അകത്തേക്ക് കയറിയ അപ്പന് വേഗത്തിലവള്‍ ഉച്ചഭക്ഷണമെടുത്ത് പുറത്തേക്ക് വന്നു. അവള്‍ കൂടുതല്‍ ഉന്മേഷവതിയായിരുന്നു. മകളുടെ കയ്യില്‍ നിന്നും ഭക്ഷണപ്പൊതി വാങ്ങി അയാള്‍ വേഗത്തില്‍ പാറമടയിലേക്ക് നടന്നു. മനസ്സില്‍ വിഷാദം മാത്രമായിരുന്നു.
പുറത്ത് നീന നിമ്മിയുടെ മുടി ചീകിക്കൊണ്ടിരിക്കുകയായിരുന്നു. ആന്‍ മീന്‍ചട്ടിയില്‍ മീന്‍ വെട്ടാനായി പുറത്തേക്ക് വന്നു.
'അപ്പന്‍ പോയ കാര്യം എന്തായി ചേച്ചി'
'നാളെ മുതല്‍ ജോലിക്ക് പോകണം. ഇനി നിങ്ങള്‍ക്ക് രണ്ടിനും അല്പം ജോലി കൂടും. എനിക്ക് ആറു മണിക്ക്തന്നെ അവിടെ ചെല്ലണം.'
' ചേച്ചി പൊക്കോ. ചോറും കറികളും ഞങ്ങളുണ്ടാക്കാം.'
'പോത്തുപോലെ ഉറങ്ങുന്ന നീ ആ സമയത്ത് എഴുന്നേല്ക്കുമോ?'
അത് കേട്ട് നിമ്മി ചിരിച്ചു. ആന്‍സി നീനയുടെ കണ്ണുകളില്‍ത്തന്നെ മറുപടിക്കായി നോക്കിയിരുന്നു.
'ചേച്ചി പോകുമ്പോള്‍ എന്നെ ഒന്ന് വിളിച്ചാല്‍ മതി. എന്താ പറ്റില്ലേ?'
ആന്‍സി സ്‌നേഹവാത്സല്യത്തോടെ അനുജത്തിയെ നോക്കി പുഞ്ചിരിച്ചു. കണ്ണുകളില്‍ സന്തോഷം നിറഞ്ഞു. കുടുംബത്തിന്റെ സുഖദുഃഖങ്ങളില്‍ പങ്കുചേരാന്‍ അവളും പഠിച്ചിരിക്കുന്നു. മീന്‍ വെട്ടിക്കൊണ്ടിരിക്കെ കാക്കകള്‍ മത്സ്യത്തിന്റെ പണ്ടങ്ങള്‍ക്കായി കാത്തിരുന്നു.ഒരു കാക്കയ്ക്ക് തീരെ ഇരിപ്പുറയ്ക്കുന്നില്ല. അത് അവളുടെ അടുത്തേക്ക് വന്നിരുന്നു. അവള്‍ മത്സ്യത്തിന്റെ വാലും തലയും കുടലുമൊക്കെ കാക്കകള്‍ക്ക് മുന്നിലേക്ക് എറിഞ്ഞുകൊടുത്തിട്ട് അകത്തേക്കു പോയി. അനുജത്തിമാര്‍ കാക്കകളുടെ അത്യുത്ഹാസത്തില്‍ ദൃഷ്ടിയുറപ്പിച്ചു നിന്നു.
അടുത്ത ദിവസം പുലര്‍ച്ചെ ആറുമണിക്കുതന്നെ ആന്‍സി മിനിയുടെ വീട്ടിലെത്തി. കാര്‍ത്തയുടെ കണ്ണുകള്‍ അടിമുടി അവളില്‍ പതിഞ്ഞു. അവളുടെ സൗന്ദര്യത്തില്‍ നിമിഷങ്ങള്‍ കാര്‍ത്ത മുഴുകി നിന്നു. ഈ പ്രായത്തില്‍ ഇത്ര സുന്ദരിയെങ്കില്‍ വളര്‍ന്നുവരുമ്പോള്‍ ഏതൊരാണും അവളില്‍ പുളകംകൊള്ളുക സ്വാഭാവികം. ഈ മുഖത്ത് അടുക്കളയിലെ കരി പുരളാനാണ് നിയോഗം. ഈശ്വരന്‍ എല്ലാ സൗഭാഗ്യവും എല്ലാവര്‍ക്കും ഒന്നിച്ച് കൊടുക്കാറില്ലല്ലോ. കുശലാന്വേഷണങ്ങളെല്ലാം നടത്തിയതിന് ശേഷം അവളെ അടുക്കളയിലേക്ക് വിളിച്ചുകൊണ്ടുപോയി. എന്തൊക്കെ ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചു. ആ കൂട്ടത്തില്‍ കാര്‍ത്ത ഒരു കാര്യം പറഞ്ഞു. ഇവിടെ പെണ്ണുങ്ങള്‍ പുറത്തെ ജോലിക്ക് വരാറുണ്ട്. എന്നാല്‍ വീറും വൃത്തിയുമില്ലാത്തതിനെയൊന്നും ഞാനീ അടുക്കളയില്‍ കയറ്റാറില്ല. 'നീ സുന്ദരിക്കുട്ടിയാണ്. അതുപോലെയായിരിക്കണം അടുക്കള' അവള്‍ മന്ദഹാസം പൊഴിച്ചുകൊണ്ടുനിന്നു. ഒരമ്മയുടെ സ്‌നേഹനിര്‍ഭരമായ പെരുമാറ്റം. അവള്‍ സ്വന്തം അമ്മയെപ്പറ്റി ഓര്‍ത്തു. ധാരാളം നല്ല സ്മരണകളാണ് മനസ്സിലുള്ളത്. അത് ഹൃദയം നിറഞ്ഞു കവിയുന്ന സന്തോഷമാണ്. ആ സ്‌നേഹത്തിന്റെ മണിനാദം എപ്പോഴും ഹൃദയത്തില്‍ മുഴങ്ങാറുണ്ട്. അമ്മ സ്വന്തം അനുജത്തിമാരെ തന്നെ ഏല്പിച്ചിട്ടാണ് മടങ്ങിപ്പോയത്. എങ്ങനെയും കുടുംബത്തെ കര കയറ്റണം. അവരെ കരുതലോടെ ഒരമ്മയുടെ സ്ഥാനത്തുനിന്ന് വളര്‍ത്തണം. മുറിയിലേക്ക് വന്ന ഈച്ചകളെ ആട്ടിപ്പായിക്കുന്നതിനിടയില്‍ അടുക്കളയോടു ചേര്‍ന്നുള്ള വരാന്തഭിത്തിയില്‍ ''കാത്തമ്മോ,ദാ പാലിരിക്കുന്നു.'' അയാള്‍ പോയി. ഉടന്‍തന്നെ ആന്‍സിയോടായി കാത്തമ്മ പറഞ്ഞു ''ങാ, നീ നാലുഗ്ലാസ് ചായ ഇട്.'' അടുക്കളയുടെ മുകള്‍ത്തട്ടുകളിലായിരിക്കുന്ന തേയില,പഞ്ചസാര മുതലായവ താഴേക്ക് എടുത്തുവച്ച് മറ്റ് മുളക്,മല്ലി,ജീരകം,കടുക് തുടങ്ങിയ എല്ലാറ്റിന്റെയും സ്ഥാനം കാണിച്ചു കൊടുത്തു. കാത്തമ്മതന്നെ ചായക്കുള്ള വെള്ളം അടുപ്പത്ത് വച്ചിട്ട് ഗ്യാസ് അടുപ്പ് കത്തച്ചു. അവള്‍ക്ക് ഗ്യാസ് കത്തിച്ചുള്ള പരിചയം ഇല്ല. വീട്ടില്‍ മണ്ണണ്ണ സ്റ്റൗവും വിറകുമാണ് ഉള്ളത്. ഇനിയും ഇതണയ്ക്കുന്നത് എങ്ങിനെയാണ്. മുഖം വല്ലാതെയായി. അവള്‍ വരാന്തയിലിരുന്ന പാല്‍ എടുത്ത് അടുക്കളയില്‍ കൊണ്ടുവന്നു. മടിച്ചു മടിച്ച് കാത്തമ്മയോട് ചോദിച്ചു.'' ഈ ഗ്യാസടുപ്പ് എങ്ങിനെയാ അണയ്ക്കുന്നത്?'' കാത്തമ്മ സൂക്ഷിച്ചുനോക്കി. ഈ കാലത്തും ഇതൊന്നുമറിയില്ലേ, അതായിരുന്നു ആ നോട്ടത്തില്‍. അവളുടെയുള്ളില്‍ ഒരു ഭയം നിറഞ്ഞുനിന്നു. ഗ്യാസ് കത്തിക്കുന്നതും അണയ്ക്കുന്നതും അവള്‍ക്ക് കാണിച്ചുകൊടുത്തു. അവള്‍ കണ്ണുറപ്പിച്ച് അതില്‍ത്തന്നെ ശ്രദ്ധയോടെ നോക്കിനിന്നു. വെള്ളം തിളച്ചുമറിഞ്ഞ് ആവിയായി മുകളിലേക്കുയര്‍ന്നു. മുറ്റത്ത് മരങ്ങളിലായിരുന്ന് കാക്കയും മറ്റു കിളികളും വല്ലതും തരണേയെന്ന് വീടിനുള്ളിലേക്ക് നോക്കി ചിലച്ചു. അവള്‍ ചായ ഓരോ കപ്പുകളിലേക്കും പകര്‍ന്നു. ആദ്യം ചായ കൊടുത്തത് കാത്തമ്മയ്ക്കാണ്. ചായ ഒരു കവിള്‍ കുടിച്ചിട്ട് അവളെ ഉറ്റുനോക്കി. അവളുടെ മുഖത്തെ സന്തോഷം ഓടിയൊളിച്ചു. എന്തുപറ്റി? മധുരം കൂടിയോ?അതോ കടുപ്പം കുറഞ്ഞോ? കാത്തമ്മ തെറ്റുകണ്ടാല്‍ പറയുമെങ്കിലും നല്ലതു കണ്ടാല്‍ അഭിനന്ദിക്കുകയും ചെയ്യുന്ന ആളാണ്. കാത്തമ്മ പുഞ്ചിരിയോടെ പറഞ്ഞു.
'കൊള്ളാം നല്ല ചായ' അതുകേട്ടപ്പോഴാണ് അവളുടെ മുഖം തെളിഞ്ഞത്. ജീവിതത്തില്‍ ആദ്യമായി ലഭിച്ച ഒരംഗീകാരമായിത്തോന്നി. മിനിയുടെ ചായ അവളും ഭര്‍ത്താവിന്റെ ചായ കാത്തമ്മയുമെടുത്തിട്ട് അകത്തേക്കു നടന്നു. മിനി ഉറങ്ങുന്ന മുറി കാണിച്ചുകൊടുത്തിട്ട് അവള്‍ക്ക് ചായകൊടുക്കാന്‍ പറഞ്ഞിട്ട് നടന്നുപോയി. ആന്‍സി അടച്ചിട്ടിരുന്ന മുറി തുറന്നു. ആര്‍ഭാടം നിറഞ്ഞ ആ വിലയ മുറിക്കുള്ളില്‍ മിനി മൂടിപ്പുതച്ചു കിടന്നുറങ്ങുന്നത് ആന്‍സി സന്തോഷത്തോടെ നോക്കിനിന്നു. ഗാഢനിദ്രയിലായിരുന്ന കൂട്ടുകാരിയെ ചായ മേശപ്പുറത്ത് വച്ചിട്ട് തട്ടിവളിച്ചു.'ഹലോ, ഗുഡ്‌മോണിംഗ്. ഇതാരാണെന്ന് നോക്ക്.'
വീണ്ടും വിളിച്ചപ്പോള്‍ അവള്‍ അലസഭാവത്തില്‍ കോട്ടുവായിട്ടുകൊണ്ട് കണ്ണുചിമ്മി എഴുന്നേറ്റു.
''അല്ലാ, നീ വന്നോ?'' ആന്‍സി ചായ എടുത്ത് അവളുടെ നേര്‍ക്ക് നിറപുഞ്ചിരിയോടെനീട്ടി. അവള്‍ വാങ്ങി. അവളെ സമീപത്ത് കണ്ടപ്പോള്‍ മിനിയുടെ ഉള്ളം സന്തോഷിച്ചു. അവളെ അസൂയയോടെ നോക്കി ഉള്ളില്‍ പറഞ്ഞു. ' നീ എത്ര സുന്ദരിയാണെങ്കിലും എത്ര പഠിക്കാന്‍ മിടുക്കിയാണെങ്കിലും എന്റെ വേലക്കാരിയാകാനല്ലേ നിനക്ക് കഴിഞ്ഞുള്ളൂ. ഇങ്ങനെയെങ്കിലും നിന്നോടെനിക്ക് കണക്ക് തീര്‍ക്കാന്‍ കഴിഞ്ഞല്ലോ. ആന്‍സി അവള്‍ ചായ കുടിക്കുന്നത് നോക്കിനില്‌ക്കേ ഉള്ളാലെ പറഞ്ഞു. വാപോലും കഴുകി വായിലെ അഴുക്ക് കളയാതെ ഇവള്‍ക്ക് എങ്ങനെ ചായ കുടിക്കാന്‍ കഴിയുന്നു. എന്തായാലും പതുക്കെ പറഞ്ഞുകൊടുക്കണം വായ്കഴുകിയിട്ട് ചായ കുടിക്കാന്‍. മിനിക്ക് അവള്‍ മുന്നില്‍ നില്ക്കുന്നത് സുഖമുള്ള ഒരനുഭവമായിരുന്നു. ചായ കുടിച്ച് കപ്പ് കൊടുത്തിട്ട് ഒന്നു പറയാതെ അവള്‍ വീണ്ടും മൂടിപ്പുതച്ചു കിടന്നു. ആന്‍സി കതകടച്ചിട്ട് അടുക്കളയിലേക്ക് നടന്നു.ഓരോ ദിവസം കഴിയുന്തോറും അവള്‍ ആ വീട്ടിലെ ഒരംഗത്തെപ്പോലെയായി.കോളേജ് ദിനങ്ങള്‍ ആരംഭിച്ചു. മിനി കാറില്‍പോകുമ്പോള്‍ രണ്ട് വീട്ടിലെ ജോലികള്‍ കഴിഞ്ഞ് ആന്‍സി ബസിലാണ് പോയത്. കോളേജ്കുമാരന്മാര്‍ പലരും അവളുടെ മിഴിവാര്‍ന്ന ശരീരഭംഗി കണ്ട് ആസ്വദിച്ചു. ആണ്‍കുട്ടികളുടെ സൗഹൃദം അവള്‍ കൂടുതല്‍ ഇഷ്‌പ്പെട്ടില്ല. ഒരു സമ്പന്നകുടുംബത്തില്‍ കോളേജ് കുമാരന്‍ അവളെ പ്രസംസിക്കുകയും പ്രേമാഭ്യര്‍ത്ഥന നടത്തുകയും ചെയ്തു. ഞാനിവിടെ വരുന്നത് പ്രേമിക്കാനല്ല പഠിക്കാനാണെന്ന് അവള്‍ മറുപടി കൊടുത്തു. അതോടെ ആ ശല്യം ഒഴിഞ്ഞു. പഠിച്ച് വളരണമെന്ന് ഒറ്റ ഉദ്ദേശ്യമേ അവള്‍ക്കുണ്ടായിരുന്നുള്ളൂ. പ്രണയവുമായി കോളേജില്‍ അലഞ്ഞുതിരിയുന്ന പലരെയും അവള്‍ കണ്ടു. ആ കൂട്ടത്തില്‍ മിനിയുമുണ്ടായിരുന്നു. ഒരിക്കല്‍ അവളോട് അക്കാര്യം പറഞ്ഞപ്പോള്‍ അവള്‍ കര്‍ശനസ്വരത്തില്‍ പറഞ്ഞു. ''ആന്‍സീ നീ നിന്റെ കാര്യം നോക്കിയാല്‍ മതി. നീ എന്നെ ഉപദേശിക്കുകയൊന്നും വേണ്ട.' അവള്‍ വേദനയോടെ പിന്‍വാങ്ങി. ചിന്തിക്കാനും പ്രവര്‍ത്തിക്കാനും പൂര്‍ണ്ണവളര്‍ച്ചയെത്തിയ ഒരാളെ ുപദേശിക്കാന്‍ താന്‍ ആരാണ്?ഒപ്പം പഠിച്ച കൂട്ടുകാരിയാണ്. കോളേജില്‍ വന്നപ്പോള്‍ രണ്ടു ക്ലാസുകളിലായി. ആ കുടുംബത്തില്‍നിന്ന് സ്വാദോടെ കഴിക്കുന്ന ഭക്ഷണമോര്‍ക്കുമ്പോള്‍ കാത്തമ്മയെ ഓര്‍ക്കുമ്പോള്‍ പറഞ്ഞുപോയതാണ്. കാമുകനുമൊത്ത് കാറില്‍ പലവട്ടം പോകുന്നത് കണ്ടിട്ടുണ്ട്. എന്തായാല്‍ത്തന്നെയും പറയാനുള്ളത് താന്‍ പറഞ്ഞു.ആ കാര്യം കാത്തമ്മയോട് പറഞ്ഞാല്‍ ചിലപ്പോള്‍ ഉള്ള ജോലിയും നഷ്ടമാകും. ആ കാര്യം താനായി പറഞ്ഞാല്‍ മിനി എന്റെ ശത്രുവാകുകയുംചെയ്യും. എല്ലാദിവസവും പലകൂട്ടുകാരും അവളുടെ കാറില്‍ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കാറുണ്ട്. ഒരിക്കല്‍പ്പോലും അവളെ വിളിച്ചിട്ടില്ല. ഒരുപക്ഷെ വീട്ടിലെ അടുക്കളജോലിക്കാരിയെ അവള്‍ക്കൊപ്പമിരുത്താന്‍ താല്പര്യം കാണില്ലായിരിക്കും. മിനിയുടെ തുണിയലക്കുമ്പോഴും മീന്‍ വെട്ടുമ്പോഴും മുറി അടിച്ചുവൃത്തിയാക്കുമ്പോഴും മിനി അത് കണ്ട് ആശ്വാസംകൊണ്ടു. സമീപത്തുകൂടി നടന്നുപോയാല്‍പ്പോലും അവള്‍ ഒരക്ഷരം മിണ്ടാറില്ല. വീട്ടിനുള്ളില്‍ കൂടുതല്‍ കൂടുതല്‍ ജോലി ചെയ്യുന്നത് കാണുന്നത് മിനിക്ക് ആഹഌദവും ആശ്വാസവുമാണ്. മിനിയുടെ മൗനത്തില്‍ നൊമ്പരമനുഭവിച്ചത് ആന്‍സിയായിരുന്നു. തുടരെയുള്ള അവളുടെ കുറ്റപ്പെടുത്തലുകളും അവളെ ദുഃഖത്തിലാഴ്ത്തി. അവളുടെ ദയകൊണ്ടാണ് തന്റെ പഠനംവരെ മുന്നോട്ടുപോകുന്നത്. കാമുകന്‍ ചതിക്കുമെന്ന് പറഞ്ഞതാകാം അവളുടെ വിരോധത്തിന്റെ കാരണം. പറഞ്ഞുപോയില്ലെ? അതിനി തിരിച്ചെടുക്കാന്‍ പറ്റില്ലല്ലോ. അതിനെയോര്‍ത്ത് ദുഃഖിക്കാനും താല്പര്യമില്ല. ഒരു ദിവസം തേങ്ങ തിരുമ്മിയിരിക്കുമ്പോള്‍ കാത്തമ്മ ചോദിച്ചു. '' പഠിത്തം കഴിഞ്ഞാല്‍ നീ ജോലിക്കു പോകുമല്ലേ?'' അവള്‍ അറിയില്ലെന്ന് തലയാട്ടി. വീണ്ടും കാത്തമ്മ പറഞ്ഞു'' നീ പഠിക്കാന്‍ മിടുക്കിയല്ലേ. ഇനിയും പഠിക്കണം. വിദേശത്തുപോയി പഠിക്കണമെങ്കില്‍ അതിനും ഞാന്‍ നിന്നെ സഹായിക്കാം.' അവള്‍ അവിശ്വാസത്തോടെ നോക്കി. കണ്ണുകളില്‍ അഗാധമായ തിളക്കം കണ്ടു. അവളുടെ സമീപം ചെന്ന് കസേരയിലിരുന്നിട്ട് പറഞ്ഞു''എന്റെ ആങ്ങളേടെ മോന്‍ അങ്ങ് ലണ്ടനിലാ.അവന്‍ ഒത്തിരി പിള്ളാരെ പഠിക്കാന്‍ സഹായിക്കുക മാത്രമല്ല അവന്റെ കമ്പനി വഴി ഒത്തിരി പിള്ളാര്‍ അവിടെ പഠിക്കാനും പോകുന്നുണ്ട്. അവന്‍ അടുത്തമാസം വരുന്നുണ്ട്. നിനക്ക് ഇഷ്ടമെങ്കില്‍ നിന്റെ കാര്യം ഞാന്‍ അവനോട് പറയാം.'
അവള്‍ക്ക് ആ വാക്കുകള്‍ അത്ഭുതകരമായി തോന്നി. വെറുമൊരു വേലക്കാരിയായിട്ടല്ല കാത്തമ്മ തന്നെ കാണുന്നത്. ഒരു മോളായിട്ടുതന്നെയാണ്. ദൈവം ഓരോരോ വഴികള്‍ തുറന്നുതരുന്നത്കണ്ട് അവള്‍ മനസ്സാലെ ദൈവത്തോടെ നന്ദി പറഞ്ഞു. ലണ്ടനില്‍പ്പോയാല്‍ ജീവിതം രക്ഷപെടുകതന്നെ ചെയ്യുമെന്ന് അവള്‍ വിശ്വസിച്ചു.

(തുടരും)...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക