Image

ഡിഗ്രിയോടുള്ള ആര്‍ത്തി (മുരളി തുമ്മാരുകുടി)

Published on 11 February, 2018
ഡിഗ്രിയോടുള്ള ആര്‍ത്തി (മുരളി തുമ്മാരുകുടി)
Muralee Thummarukudy 
ഐ ഐ ടി യില്‍ നിന്നും പി എച്ച് ഡി യും എടുത്ത് അന്താരാഷ്ട്ര ഓയില്‍ കമ്പനിയില്‍ ജോലിക്ക് ചെന്നപ്പോഴാണ് എനിക്കൊരു കാര്യം വ്യക്തമായത്. ഞാന്‍ ഈ പി എച്ച് ഡി എടുത്തതൊക്കെ ചുമ്മാതാന്ന്. എന്റെ കൂടെ ജോലി ചെയ്യുന്നവര്‍ക്കും, എന്റെ ജോലി ഇതിന് മുന്‍പ് ചെയ്തവര്‍ക്കും, എന്റെ ബോസിനും, എന്തിന് എന്റെ മാനേജിങ്ങ് ഡയറക്ടര്‍ക്ക് പോലും പി എച്ച് ഡി പോയിട്ട് മാസ്റ്റേഴ്‌സ് പോലും ഇല്ല. ഈ പണികളൊക്കെ ചെയ്യാന്‍ എടുത്താല്‍ പൊങ്ങാത്ത ഈ ബിരുദത്തിന്റെയൊന്നും ആവശ്യമില്ലായിരുന്നു. ഇപ്പോള്‍ യു എന്നിലെ സ്ഥിതിയും വ്യത്യസ്തമല്ല.

കഴിഞ്ഞ നൂറ്റാണ്ടിലാണ് ആളുകള്‍ക്ക് ഡിഗ്രിയോടുള്ള ആര്‍ത്തി വന്നത്. ഒരു ഡിഗ്രി കൈയിലുണ്ടെങ്കില്‍ ജീവിതകാലം മുഴുവന്‍ തൊഴില്‍ ജീവിതത്തിന് ഗുണമുണ്ടാകുമെന്നും ഡിഗ്രി ഉള്ളവര്‍ക്ക് ഡിഗ്രി ഇല്ലാത്തവരേക്കാള്‍ അവരുടെ ജീവിതകാലത്ത് വലിയ വരുമാനമാറ്റം ഉണ്ടാകും എന്ന കാരണത്താലാണ് കൂടുതല്‍ ആളുകള്‍ ഡിഗ്രി ചെയ്യാനായി പോയത്.

അമേരിക്കയില്‍ യൂണിവേഴ്‌സിറ്റികളുടെ എണ്ണം കൂടിയില്ല, വിദ്യാഭ്യാസത്തിന്റെ ചിലവ് ഏറെ കൂടുകയും ചെയ്തു. അവിടെ അച്ഛനമ്മമാര്‍ കുട്ടികളുടെ വിദ്യാഭ്യാസച്ചിലവ് വഹിക്കുന്നത് അത്ര സാധാരണം അല്ലാത്തതിനാല്‍ പതിനായിരക്കണക്കിന് ഡോളര്‍ കടവും ആയിട്ടാണ് ശരാശരി അമേരിക്കന്‍ വിദ്യാര്‍ത്ഥി ഡിഗ്രി നേടുന്നത്.

എന്നാല്‍ ഈ ഡിഗ്രി കൊണ്ടുണ്ടായിരുന്ന വേതന വര്‍ദ്ധന പഴയതുപോലെ ഇപ്പോള്‍ ഇല്ലെന്നും, ഡിഗ്രിയുടെ ചിലവും ഡിഗ്രി എടുക്കാന്‍ പോകുന്ന സമയത്ത് ഉണ്ടാക്കാമായിരുന്ന വരുമാനവും കൂട്ടുമ്പോള്‍ ഡിഗ്രി നഷ്ടക്കച്ചവടം ആയേക്കാം എന്നുമാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. പോരാത്തതിന് തൊഴിലുകള്‍ അതിവേഗം മാറുന്ന കാലത്ത് ഒരു അടിസ്ഥാന ഡിഗ്രിയുമായി ആയുഷ്‌ക്കാലം ജീവിക്കാന്‍ പറ്റില്ലെന്നും എന്തെങ്കിലും സ്‌കില്‍ പഠിച്ച് ഏറ്റവും വേഗത്തില്‍ തൊഴില്‍ കമ്പോളത്തില്‍ എത്തുന്നതാണ് ബുദ്ധിയെന്നുമാണ് ഏറ്റവും പുതിയ ചിന്ത. പത്തോ പതിനഞ്ചോ കൊല്ലം കഴിയുമ്പോള്‍ വീണ്ടും പഠിക്കുക, വീണ്ടും തൊഴില്‍ കമ്പോളത്തിലേക്ക്, അതായിരിക്കും ഇനിയുള്ള ലോകം.

ഇത്തരം ചിന്തയൊന്നും തല്‍ക്കാലം കേരളത്തില്‍ എത്തിയിട്ടില്ല. പറ്റുന്നവരെല്ലാം ഇപ്പോഴും ഡിഗ്രിയുടെ പുറകേ പായുകയാണ്. ഒരു ഡിഗ്രി കഴിഞ്ഞിട്ടും തൊഴില്‍ കിട്ടുന്നില്ലെങ്കില്‍ ബിരുദാനന്തര ബിരുദം, എന്നിട്ടും തൊഴില്‍ കിട്ടിയില്ലെങ്കില്‍ പി എച്ച് ഡി. അതേസമയം ഡിഗ്രി ഉള്ളവര്‍ക്ക് ചെയ്യാനുള്ള ജോലി പോലും ഇവിടെ ഉണ്ടാകുന്നില്ല താനും. ഒരു ഡിഗ്രിയുമില്ലാതെ ചെയ്യാന്‍ പറ്റുന്ന തൂപ്പു പണി മുതല്‍ പോലീസ് ജോലി വരെ, ബാങ്ക് പണി മുതല്‍ സര്‍ക്കാരിലെ ക്ലര്‍ക്ക് പണി വരെയുള്ള ജോലികള്‍ക്ക് ബിരുദാനന്തര ബിരുദം ഉള്ളവര്‍ മത്സരിക്കുന്നു.

കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ ഇത് മാത്രമല്ല പ്രശ്‌നം. കുട്ടികളുടെ വിദ്യാഭ്യാസ ചിലവ് മാതാപിതാക്കളാണ് ഇപ്പോഴും വഹിക്കുന്നത്, അതവരുടെ ഉത്തരവാദിത്തമാണെന്ന് കുട്ടികള്‍ ചിന്തിക്കുന്നു. അതുകൊണ്ട് കുട്ടികളുടെ പഠനം കഴിയുമ്പോള്‍ കടക്കെണിയിലാകുന്നത് മാതാപിതാക്കളാണ്. മറ്റു രാജ്യങ്ങളില്‍ കടബാധ്യത കുട്ടികളുടെ മേല്‍ വരികയും അത് വരാതിരിക്കാന്‍ കുട്ടികള്‍ ഡിഗ്രിക്ക് പോകാതെ മറ്റെന്തെങ്കിലും തൊഴില്‍ പഠിച്ച് അതിനു പോവുകയോ, ഡിഗ്രിക്കൊപ്പം തൊഴില്‍ ചെയ്യുകയോ ചെയ്യുമ്പോള്‍ നമ്മുടെ കുട്ടികള്‍ ഒരു ഉത്തരവാദിത്തബോധവുമില്ലാതെ ഒരു പ്രയോജനവുമില്ലാത്ത ഡിഗ്രികള്‍ക്ക് വേണ്ടി സമയം കളയുകയാണ്.

തീര്‍ന്നില്ല പ്രശ്‌നം. മുടി വെട്ട് മുതല്‍ കുളം നന്നാക്കുന്നത് വരെ, ഹോട്ടലിലെ ജോലി മുതല്‍ പുല്ലു വെട്ടുന്നത് വരെ ലക്ഷക്കണക്കിന് ജോലികള്‍ കേരളത്തില്‍ ഇപ്പോള്‍ ഉണ്ട്. അതിനോരോന്നിനും മാസം പതിനയ്യായിരം രൂപയുടെ മുകളില്‍ വരുമാനവും ഉണ്ട്. എന്‍ജിനീയറിങ് കഴിഞ്ഞാല്‍ പി എസ് സി പരീക്ഷയുടെ കോച്ചിങ്ങിനു പോകാനോ അയ്യായിരം രൂപക്ക് കോണ്‍ട്രാക്ട് ജോലിക്ക് പോകാനോ ആയിരക്കണക്കിന് കുട്ടികള്‍ തയ്യാറാകുന്നു. പക്ഷെ അച്ഛന്റെയും അമ്മയുടേയും ചിലവില്‍ ഡിഗ്രി കഴിഞ്ഞിറങ്ങുന്ന നമ്മുടെ കുട്ടികള്‍ സ്‌കില്‍ ആവശ്യമുള്ള പണിയൊന്നും ചെയ്യില്ല. ഇത്തരം ഒരു ജോലിയും ചെയ്യാനുള്ള സ്‌കില്‍ ആര്‍ജിക്കാന്‍ അവര്‍ക്ക് താല്പര്യമില്ല.

ഇതൊരു വലിയ സാമൂഹ്യ പ്രശ്‌നമാണ്. നമ്മുടെ കുട്ടികളെ നാം ഈ ഡിഗ്രിയുടെ നീരാളിപ്പിടുത്തത്തില്‍ നിന്നും മോചിപ്പിച്ചേ പറ്റൂ. ലോകത്തെങ്ങും ഡിഗ്രിയുടെ ആവശ്യവും പ്രസക്തിയും നഷ്ടപ്പെടുകയാണ്. എന്തെങ്കിലും തൊഴില്‍ പഠിച്ച് ഏറ്റവും വേഗം തൊഴില്‍ കമ്പോളത്തിലെത്തുക എന്നതാണ് ശരിയായ കരിയര്‍ മാനേജ്മെന്റ്. ബാക്കിയുള്ള പഠനം അവിടെ നിന്നാകാം. ഇതിന് നാലുകാര്യങ്ങള്‍ നമ്മള്‍ ചെയ്‌തേ പറ്റൂ.

1. പതിനെട്ട് വയസ്സിന് ശേഷമുള്ള പഠനത്തിന്റെ ചിലവ് കുട്ടികള്‍ വഹിക്കണം എന്ന ചിന്താഗതി കൊണ്ടുവരണം.

2. ഡിഗ്രി വേണ്ടാത്ത തൊഴിലുകള്‍ക്ക് അപേക്ഷയുടെ അടിസ്ഥാന യോഗ്യത ഡിഗ്രി ആക്കുന്നത് നിറുത്തണം. പറ്റിയാല്‍ സാങ്കേതിക യോഗ്യതകള്‍ തീരുമാനിക്കണം.

3. നമ്മുടെ ചുറ്റും ഇപ്പോള്‍ അതിഥി തൊഴിലാളികള്‍ ചെയ്യുന്ന അനവധി തൊഴിലുകള്‍ നമ്മുടെ കുട്ടികള്‍ക്കും ചെയ്യാന്‍ കുട്ടികളേയും തൊഴില്‍ ദാതാക്കളേയും പ്രോത്സാഹിപ്പിക്കുന്ന തൊഴില്‍ നിയമങ്ങളും സൗകര്യങ്ങളും കൊണ്ടുവരണം.

4. ഡിഗ്രിയും, ജോലിയും, കല്യാണവും തമ്മിലുള്ള പരസ്പര ബന്ധം മാറ്റിയെടുക്കണം.
ലോകം മാറുകയാണ്, നമ്മളും മാറിയേ പറ്റൂ...

മുരളി തുമ്മാരുകുടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക