Image

മൂവന്തി (കവിത: സിജു പോള്‍)

Published on 11 February, 2018
മൂവന്തി (കവിത: സിജു പോള്‍)
മൂവന്തിയായി, പകലിന്‍ തിരിയണഞ്ഞു
ത്രിസന്ധ്യയായി, ഇരവിന്‍ ഇരുളുണര്‍ന്നു
കിളികളെല്ലാം പറന്നകന്നു, അകലെയെങ്ങോ കൂടണഞ്ഞു
പുഴവരമ്പില്‍ വയലിറമ്പില്‍ വഴി മറന്നു നിലാവലഞ്ഞു
മൂവന്തിയായി..

പുലരിയില്‍ തുടങ്ങുമീ
നിതാന്തമാം കുതിപ്പുകള്‍
ഉച്ചയില്‍ എന്നുച്ചിയില്‍
തളിച്ചിടും വിയര്‍പ്പു തുള്ളികള്‍
അപരാഹ്ന വേളകള്‍
തളച്ചിടും തിരക്കുകള്‍
സായാഹ്നയാമം അടുക്കവേ
കിതക്കുന്ന ചിന്തകള്‍
തളരുന്ന പേശികള്‍
പതറുന്ന സന്ധികള്‍
മുറുകുന്ന ഞരമ്പുകള്‍
ഇടറുന്ന കൈപ്പാടുകള്‍ കണങ്കാലുകള്‍

മൂവന്തിയായി, പകലിന്‍ തിരിയണഞ്ഞു,
ത്രിസന്ധ്യയായി, ഇരവിന്‍ ഇരുളുണര്‍ന്നു
ദിനം ഒടുക്കം വിട പറഞ്ഞു, തിടുക്കമോടെ ഞാന്‍ നടന്നു
തേഞ്ഞു തീരും ചെരുപ്പുരച്ച്, കറ പുരണ്ട വിഴുപ്പുടുത്ത്
മൂവന്തിയായി..

കണക്കുകള്‍ കുറിക്കുവാന്‍
അളന്നു ഞാന്‍ മാത്രകള്‍
വാക്കുകള്‍ പ്രവൃത്തികള്‍
തീര്‍പ്പുകള്‍ എതിര്‍പ്പുകള്‍
ആശയിന്‍ സ്പന്ദനങ്ങള്‍
മാറ്റൊലിക്കും ആശങ്കകള്‍
ശിഷ്ടം ഈ അനുഭവങ്ങള്‍
ജരകളാം കൈയ്യൊപ്പുകള്‍
നശ്വരം ഓരോ ദിവസവും
നിസ്വനം ഇനി വിശ്രമിച്ചിടാം
നിശ ഒരു മൃതസഞ്ജീവനി
നിശ്ചയം, നാളെ ഇന്നിന്‍ പുനര്‍ജനി

മൂവന്തിയായി, പകലിന്‍ തിരിയണഞ്ഞു
ത്രിസന്ധ്യയായി, ഇരവിന്‍ ഇരുളുണര്‍ന്നു
വഴിവിളക്കിന്‍ അരവെളിച്ചം ശിഥിലമാക്കി നിഴലനക്കം
കരയും കയവും മിഴിയടച്ചൂ, തമസ്സിവര്‍ക്ക് പുതപ്പണിഞ്ഞൂ
മൂവന്തിയായി..

Join WhatsApp News
മാത്യു മാണിപുറം 2018-02-12 09:10:01
വളരെ നല്ല കവിത. 

PhDകുമാരന്മാരൊക്കെ എങ്ങനെ അർത്ഥവത്തായ കവിതയെഴുതണം എന്ന് ഒന്ന് തിരിഞ്ഞുനോക്കാൻ ഈ കവിത പ്രചോദനമാകട്ടെ.....
തോമസ്, തിരുവല്ല 2018-02-12 09:23:36
കവി തുടക്കക്കാരനാണെന്നു തോന്നുന്നു. ആശയം കൊള്ളാം, പക്ഷേ അക്ഷരത്തെറ്റുകളുടെ ഒരു പെരുമഴ. ഇടയകലം കുത്തു കോമ എല്ലാം തോന്നിയപോലെ. 
നമ്പൂതിരി 2018-02-12 12:22:26
വിദ്യാധരൻ ശരിക്കൊന്നു മേടില്ലോ, ചില ആധുനിക കവികളെ.

ഗ്യാപ്പ് കിട്ടുമ്പോൾ ഒരു ചെറിയ തട്ട് അല്ലേ....? നമുക്ക് നല്ലോണം മനസിലായിരിക്കണൂ....
വിദ്യാധരൻ 2018-02-12 11:45:16
തിരിഞ്ഞു പോയാതാണ് തല പണ്ട് തന്നെ
തിരികെ വരിലിനി  പിഎഛ് ഡി ക്കാർ
വരുന്നതോ തല തിരിഞ്ഞ കവിത മാത്രം
തിരിക്കണം പിടലിക്ക് പിടിച്ചു വായനക്കാർ 
ഹരിച്ചിടും കവിതയെ ഹരിഹരന്മാർ ചുട്ടു-
ക്കരിച്ചിടുമിവർ കാവ്യ പാരമ്പര്യത്തെ 
കുത്തു കോമ ഇവയില്ലെങ്കിലെന്താ
കുത്തികൊല്ലുന്നില്ലവൻ കാവ്യംഗനെ
വ്യക്തമാണർത്ഥം ആശയങ്ങൾ അ -
വ്യക്തമല്ലൊന്നും ദുരുഹമല്ല
എഴുതുക മടിച്ചിടാതെ നിങ്ങൾ
തഴയുക കുത്തു കോമക്കാരനെ

ഡോ.ശശിധരൻ 2018-02-12 15:10:10

അലങ്കാരത്തിന്റെയും ,പ്രാസത്തിന്റെയും .സൗന്ദര്യത്തിന്റെയും ബാഹ്യമോടിയിൽ കവിതകൾക്ക്  ഇന്ന് നഷ്ടപ്പെടുന്നത് കവിത മാത്രം!കവിതകൾ ഇന്ന് പരിസംഖ്യയെന്ന അലങ്കാരത്തിന്റെ (എന്താണോ അവിടെയുണ്ടാകേണ്ടത് ,അത് അവിടെയില്ല മറ്റൊരു സ്ഥലത്താണ്) നീരാളിപ്പിടുത്തത്തിൽ അമർന്നു അമർന്നു ഇല്ലാതാകുന്നു! കവിതകളിൽ എന്താണ് ഉണ്ടാകേണ്ടത്‌  ,കവിത ,അത് മാത്രം അവിടെയില്ല , അത് മറ്റേതോ ലോകത്താണ് .ബാഹ്യങ്ങളായ അലങ്കാരങ്ങളുടെ പുറകെപോയി കവിതകൾക്ക് അതിന്റെ അന്തർഭാവങ്ങളായ, സംസ്കാരതലം ,അർത്ഥതലം ,ഭാവതലം തുടങ്ങി ആന്തരികമായ  സാഹിത്യ രസസൗന്ദര്യമെല്ലാം നഷ്ടപെട്ടുപോയിരിക്കുന്നു. പി എച് ഡി യും കവിതയും തമ്മിൽ യാതൊരു ബന്ധമില്ലെകിലും ,അമേരിക്കയിലെ പി എച് ഡി കവികൾ  കാല ദേശങ്ങൾക്കനുസരിച്ചുള്ള  നല്ല വിചാര വിവേകത്തോടുകൂടിയ  ആന്തരിക സൗന്ദര്യമുള്ള കവിതകൾ തന്നെയാണ് രചിക്കുന്നത്.

ഡോ.ശശിധരൻ

സിജു 2018-02-12 17:51:58
ഞാന്‍ സിജു. 'മൂവന്തി' വായിച്ചവര്‍ക്കും അഭിപ്രായം പങ്കു വെച്ചവര്‍ക്കും അതിയായ നന്ദി. സംശയം പ്രകടിപ്പിച്ചതു പോലെ ഞാന്‍ ഒരു തുടക്കക്കാരന്‍ ആണെന്നത് ശരിയാണ്. അലസമായ ചില ചിന്തകള്‍ എവിടെയെങ്കിലും തളച്ചിടുവാന്‍ വേണ്ടി എഴുതിത്തുടങ്ങിയിട്ട് അധിക കാലമായിട്ടില്ല. അക്ഷരതെറ്റുകള്‍ fontന്‍റെ ചെറിയൊരു പൊരുത്തക്കേട് കാരണമായിരുന്നു. അതു തിരുത്തിയിട്ടുണ്ട്. കുത്തുകോമകള്‍ മന:പൂര്‍വ്വം ഒഴിവാക്കുന്നതാണ്. അര്‍ത്ഥവ്യതിയാനം ഒഴിവാക്കാന്‍ വളരെ അത്യാവശ്യം ഉള്ളിടത്ത് മാത്രം ഉപയോഗിക്കുന്ന ഒരു ശൈലി അവലംബിക്കുവാന്‍ ആണ് താല്പര്യം. തെറ്റുകള്‍ ഉള്ളത് ചൂണ്ടിക്കാണിക്കുവാനും തിരുത്തലുകള്‍ നിര്‍ദേശിക്കുവാനും അപേക്ഷിക്കുന്നു. പ്രോത്സാഹനങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും ഒരിക്കല്‍ കൂടെ നന്ദി അറിയിക്കുന്നു.


വിദ്യാധരൻ 2018-02-12 18:28:03
ഇല്ല പി എച്ച് ഡി ക്കാരെ കൊണ്ടു കുഴപ്പമൊന്നും 
ഉള്ളതോ,  ഇല്ലാത്തതു പറഞ്ഞിടുമ്പോൾ.
വായനക്കാർക്ക് തലമണ്ടയിൽ പതിഞ്ഞിടാത്ത 
വാക്കിനാൽ ചില്ല പി എച്ച് ഡികൾ കവിതയെന്ന - 
പേരിൽ  അഭ്യാസപ്രകടനം നടത്തിടുമ്പോൾ  
ചേരുന്നവരൊടൊത്ത് മറ്റു പിച്ച ഡി ക്കാർ, 
ഉണ്ടവയിൽ സംസ്കാര ഭാവ തലങ്ങളെന്ന് 
ഖണ്ഡിച്ചു വൃഥാ ഒച്ചവച്ച് വാദിച്ചിടുന്നു
അന്തർഗതം  ആശയ ഭാവവും കൂടാതെ  
ചന്തത്തിനലങ്കാരവും വേണമെന്ന് 
പണ്ടുള്ള കവികൾ നിഷ്കർഷിച്ചതിലെന്തു ദോഷം?
മണ്ടരല്ല വായനക്കാർ  പി എച്ച് ഡി യല്ലയേലും
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക