Image

ഗിഫ്റ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചും തട്ടിപ്പ് (ഏബ്രഹാം തോമസ്)

Published on 13 February, 2018
ഗിഫ്റ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചും തട്ടിപ്പ് (ഏബ്രഹാം തോമസ്)
 ഒരു ഇന്‍വാലിഡ് നമ്പറില്‍ നിന്നോ പ്രൈവറ്റ് കാളറില്‍ നിന്നോ നോ ഇന്‍ഫോ അവൈലബിള്‍ നിന്നോ വരുന്ന കാളിലൂടെ ഗിഫ്റ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചു നടത്തുന്ന തട്ടിപ്പുകള്‍ വ്യാപകമാണെന്ന് അധികൃതര്‍ പറയുന്നു. നിങ്ങള്‍ക്കോ നിങ്ങളുടെ ബന്ധുവിനോ വേണ്ടപ്പെട്ട ആര്‍ക്കെങ്കിലുമോ ഒരു ജൂറി ഡ്യൂട്ടിക്ക് ഹാജരാകാതിരുന്നതിനോ ട്രാഫിക് കുറ്റത്തിനോ ഫൈനോ അറസ്റ്റ് വാറണ്ടോ ഉണ്ട്, ഇതു കുറെ പണം കെട്ടിവച്ച് ഒഴിവാക്കാം. ഏതെങ്കിലും ഒരു വ്യവസായ സ്ഥാപനം നല്‍കുന്ന ആ തുകയ്ക്കുള്ള ഗിഫ്റ്റ് കാര്‍ഡ് വാങ്ങി അതിന്റെ നമ്പര്‍ അറിയിക്കണം എന്നാണ് ഈ ടെലിഫോണ്‍ കോളുകള്‍ പറയുക.

കൊളിന്‍ കൗണ്ടി ഷെരീഫ്‌സ് ഓഫിസിലെ ഇന്‍വസ്റ്റിഗേറ്റിങ് ഓഫിസര്‍ സ്റ്റീവ് ഗുഡ്മാന് ഇത്തരം കോളുകള്‍ ലഭിച്ച 25 പേരുടെ പരാതി ലഭിച്ചു. 200 ഡോളര്‍ മുതല്‍ 800,1000 ഡോളര്‍ വരെയുള്ള ഗിഫ്റ്റ് കാര്‍ഡുകള്‍ ആവശ്യപ്പെടാറുണ്ട് എന്നു ഡാലസ് കൗണ്ടി ഷെരീഫ്‌സ് ഓഫിസിന്റെ വക്താവ് മെലിന ഉര്‍ബിന പറഞ്ഞു.

ടാക്‌സ് അടയ്ക്കുന്നതിനും താങ്ക്‌സ് ഗിവിങ്ങിനും അടുത്ത ദിനങ്ങളിലാണ് ഈ തട്ടിപ്പ് കൂടുതലായി നടക്കുന്നത്. ഗിഫ്റ്റ് കാര്‍ഡിന്റെ നമ്പരും വിവരങ്ങളും ലഭിച്ചു കഴിഞ്ഞാല്‍ ഉടനെ തന്നെ ഫോണ്‍ കാള്‍ നിശ്ചലമാകുമെന്നാണ് പറയുന്നത്. കൂടുതലും മുതിര്‍ന്നവരാണ് തട്ടിപ്പിനു വിധേയരാകുന്നത്.

പിഴ അടയ്ക്കുവാന്‍ ബാക്കി നില്‍ക്കുന്ന ഒരു വാറണ്ടോ ഫൈനോ ഉണ്ടെന്ന് ഭയപ്പെടുത്തിയാണ് നിഷ്‌കളങ്കരായവരെ ചതിക്കുന്നത്. ചിലപ്പോള്‍ വളരെ അടുത്ത ഏതെങ്കിലും ബന്ധുവിനെ തട്ടിക്കൊണ്ടു എന്നു പറഞ്ഞു വിശ്വസിപ്പിക്കുവാന്‍ വരെ ശ്രമിക്കാറുണ്ട്. ഗുഡ്മാന്‍ പറയുന്നത് ഓണ്‍ ലൈന്‍ വോയ്‌സ് മെയിലില്‍ ഇവര്‍ വ്യാജ അക്കൗണ്ടുകളാണ് ഉണ്ടാക്കുന്നത്. അതിനാല്‍ കണ്ടെത്തുക വിഷമമാണെന്നാണ്. വ്യാജ ഐഡന്റിറ്റികളുടെ ഐപി വിലാസം കണ്ടെത്താനാവില്ല. തപ്പി പോയാല്‍ അയര്‍ലന്‍ഡിലോ ജര്‍മ്മനിയിലോ മറ്റെവിടെയെങ്കിലുമോ ആണെന്ന മറുപടിയാണ് ലഭിക്കുക.

ഇത്തരം തട്ടിപ്പുകളില്‍ അകപ്പെടാതിരിക്കുവാന്‍ അധികൃതര്‍ നല്‍കുന്ന ഉപദേശങ്ങള്‍ ഇവയാണ്. മതിയായ വിവരം കോളര്‍ ഐഡി ഉണ്ടെങ്കില്‍ അതില്‍ പ്രത്യക്ഷപ്പെടാത്ത കോളുകള്‍ സ്വീകരിക്കാതിരിക്കുക. ഇല്ലെങ്കില്‍ പരിചിതമായ നമ്പരുകളില്‍ നിന്നുള്ള ഫോണ്‍ വിളികള്‍ മാത്രം സ്വീകരിക്കുക.

അറസ്റ്റ് വാറണ്ടോ ഫൈനോ പണം അടച്ച് ഒഴിവാക്കണമെന്ന് പറയുന്ന ടെലിഫോണ്‍ കോളില്‍ വിശ്വസിക്കാതിരിക്കുക.

ഗിഫ്റ്റ് കാര്‍ഡിന്റെയോ, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളുടെയോ നിര്‍ദേശം സ്വീകരിക്കാതിരിക്കുക. റീട്ടെയില്‍ വ്യാപാരികള്‍ക്കും ഇക്കാര്യത്തില്‍ മുന്‍ കരുതലെടുക്കുമെന്ന് ഗുഡ്മാന്‍ പറയുന്നു. മുതിര്‍ന്ന വ്യക്തികള്‍ തങ്ങളെ സമീപിച്ച് 800 ഡോളറിന്റെയോ 1000 ഡോളറിന്റെയോ ഗിഫ്റ്റ് കാര്‍ഡ് വേണമെന്ന് പറയുമ്പോള്‍ വിശദമായി അന്വേഷിക്കാം. ഗുഡ് മാന്‍ നിര്‍ദേശിക്കുന്നു.

കൊളിന്‍ ഡാലസ് കൗണ്ടി അധികൃതര്‍ തങ്ങള്‍ ഒരിക്കലും ഫോണിലൂടെ തുക അടയ്ക്കുവാന്‍ പറയുകയില്ലെന്ന് പ്രതികരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക