Image

വളയുന്ന പുരികവും വലയ്ക്കുന്ന പുത്തന്‍ തലമുറയും ! (നസ്സീന മേത്തല്‍ )

നസ്സീന മേത്തല്‍ Published on 14 February, 2018
വളയുന്ന പുരികവും വലയ്ക്കുന്ന  പുത്തന്‍ തലമുറയും ! (നസ്സീന മേത്തല്‍ )
പുരികം ആണല്ലോ ഇപ്പോഴത്തെ വിഷയം. ഓരോ പുരികവും ഒറ്റക്കൊറ്റക്കായി പൊക്കാനും വളക്കാനും സാധിച്ചില്ലെങ്കില്‍ പിന്നെ ജീവിച്ചിരുന്നിട്ടു കാര്യമില്ല എന്ന തോതിലാണ് കാര്യങ്ങളുടെ പോക്ക്.

ഒരു ഡോക്ടര്‍ എന്ന നിലയില്‍ എനിക്കെന്താണ് പറയാനുള്ളതെന്നു വെച്ചാല്‍.. ഈ പുരികം പൊക്കുന്നതിനിടയില്‍ പെടലി ഉളുക്കാനുള്ള സാധ്യത വളരെ കൂടുതലായതിനാല്‍ അമ്മാതിരി സാഹസങ്ങള്‍ക്കൊന്നും മുതിരാതിരിക്കുന്നതായിരിക്കും എല്ലാവര്‍ക്കും നല്ലത്.

എങ്കിലും..

ഈ വിഷയത്തെയും ശാസ്ത്രീയമായി തന്നെ സമീപിക്കാന്‍ ഞാന്‍ തീരുമാനിച്ചു. എന്താണ് ഇതിനു പിന്നിലുള്ള ഒരിത് ?

ട്രെയിനില്‍ ഇരിക്കുമ്പോള്‍ ചുറ്റും ആരുമില്ല എന്നുറപ്പ് വരുത്തി ഞാനും ശ്രമിച്ചു.. ഒരു പുരികം പൊക്കാന്‍.. അപ്പോഴാണ് ഇതു ഇത്തിരി കടുത്ത പരിപാടിയാണെന്നു മനസ്സിലായത്. ദൈവേ.. ഞാനിത്ര പഴഞ്ചനാണോ എന്നു വരെ തോന്നിപ്പോയി.

ഉടനെ പരിഭ്രാന്തമായ തിരച്ചില്‍ തുടങ്ങി. അങ്ങിനെയാണ് ൂൗീൃമ യിലെ ഒരു ലേഖനം വായിക്കാന്‍ ഇട വന്നത്. അതില്‍ പറയുന്നതെന്താണെന്നു വെച്ചാല്‍..

ഈ പരിപാടി തുടങ്ങാന്‍ ആദ്യം നമുക്ക് വേണ്ടത് കോണ്‌സെന്‍ട്രേഷന്‍ ആണ്. അതായത്..

ആദ്യം ദൂരെയുള്ള ഒരു വസ്തുവിലോട്ടു 10 മിനുട്ട് തുറിച്ചു നോക്കുക. തുറിച്ചു നോക്കുന്ന വഴിയില്‍ സുന്ദരന്മാരും സുന്ദരികളും ഇല്ലാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഉള്ള കോണ്‌സെന്‍ട്രേഷന്‍ കൂടെ പോയിക്കിട്ടും.

നല്ല കോണ്‌സെന്‍ട്രേഷന്‍ കിട്ടിക്കഴിയുമ്പോള്‍ പതുക്കെ ഒരു പുരികം പൊക്കാന്‍ ശ്രമിക്കുക. ആദ്യം രണ്ടു പുരികവും പൊങ്ങും.. ഒന്നു കൂടി ശ്രമിക്കുമ്പോള്‍ രണ്ടും പൊങ്ങില്ല. ഈ അഭ്യാസം കുറെ നേരത്തേക്ക് തുടരുക..

കൂടുതല്‍ ഒരിത് കിട്ടാന്‍ വേണ്ടി ഈ സമയത്തു  മാണിക്യ മലരായ പൂവി മഹദിയാല് ഖദീജ ബീവി.. എന്ന പാട്ട് പാടുന്നത് നന്നായിരിക്കും.

ഇങ്ങിനെ പ്രാക്ടീസ് ചെയ്യുന്ന സമയത്ത് നമ്മുടെ ചുറ്റും ആരുമില്ല എന്നു നമ്മള്‍ ഉറപ്പു വരുത്തണം. അല്ലെങ്കില്‍ പുരികം പൊക്കാന്‍ ശ്രമിക്കുമ്പോള്‍ നമ്മുടെ വായക്കു സംഭവിക്കുന്ന കോട്ടവും നമ്മുടെ മുഖത്തു വിരിയുന്ന നവരസങ്ങളും കണ്ടിട്ട്, നമ്മള്‍ വല്ലവരെയും ഗോഷ്ടി കാണിക്കുകയാണ് എന്നു കാണുന്നവര്‍ വിചാരിക്കാന്‍ സാധ്യതയുണ്ട്.

അങ്ങിനെ സംഭവിച്ചാല്‍.. അവര്‍ പുരികം ചുളിക്കാനും ചിലപ്പോള്‍ നമ്മുടെ മുഖത്തു കൈ വെക്കാനുമുള്ള സാധ്യത തള്ളിക്കളയാന്‍ പറ്റില്ല. അങ്ങിനെ വന്നാല്‍, നമ്മുടെ വായക്കു എന്നെന്നേക്കുമായി കോട്ടം സംഭവിക്കാനും നമ്മുടെ മുഖത്തിന്റെ ഷേപ്പ് മാറാനുമുള്ള സാധ്യത 99.9% ആണ്.

നമ്മള്‍ തളരരുത്. ഈ അഭ്യാസം ദിവസവും ഒരു മണിക്കൂര്‍ വീതം രണ്ടു മാസം തുടര്‍ച്ചയായി ചെയ്താല്‍ ഒറ്റപ്പുരികം പൊക്കുന്ന വിദ്യ നമുക്കും സ്വായത്തമാകും !

ഇത് വായിച്ചതും ട്രെയിനില്‍ ഇരുന്നു ഒരു മണിക്കൂര്‍ ഞാന്‍ പുരികം പൊക്കല്‍ പ്രാക്ടീസ് ചെയ്തു. ഇപ്പൊ നല്ല വ്യത്യാസം കാണുന്നുണ്ട്. എന്റെ ഫോട്ടോ നോക്കി നിങ്ങള്‍ തന്നെ പറ ?! ഇല്ലേ ? വ്യത്യാസം ഇല്ലേ ???

മാണിക്യ മലരായ പൂവി.. മഹദിയാല് ഖദീജ ബീവി.. മക്കയെന്ന പുണ്യ നാട്ടില് വിലസിടും നാരി…

 മുഖം മുഴുവന്‍ കാണിക്കുന്ന തരത്തില്‍ ഫോട്ടോ ഇടാനുള്ള സ്‌റ്റേജ് ആയിട്ടില്ല. പുരികം വടക്കു പടിഞ്ഞാറോട്ട് പോകുമ്പോള്‍ വായ തെക്കു കിഴക്ക് പോകുന്നു എന്ന ചെറിയൊരു പ്രശ്‌നം ഇപ്പോഴും നിലവിലുണ്ട് .

ആദ്യമൊക്കെ സെല്‍ഫി എടുക്കുമ്പോള്‍ ശ്രീനിവാസന്റേത് പോലുള്ള സമ്മിശ്ര വികാരങ്ങള്‍ നമ്മുടെ മുഖത്തും വിരിയുന്നത് കാണാം. ഇങ്ങിനെയാണ് കലാകാരന്മാര്‍ ജനിക്കുന്നത് എന്നോര്‍ത്തങ്ങു സമാധാനിക്കണം.
 

വളയുന്ന പുരികവും വലയ്ക്കുന്ന  പുത്തന്‍ തലമുറയും ! (നസ്സീന മേത്തല്‍ )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക