Image

മലയാളനാട്ടിലും പ്രണയോത്സവം: ('എഴുതാപ്പുറങ്ങള്‍-15- ജ്യോതിലക്ഷ്മി നമ്പ്യാര്‍)

ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ Published on 14 February, 2018
മലയാളനാട്ടിലും പ്രണയോത്സവം: ('എഴുതാപ്പുറങ്ങള്‍-15- ജ്യോതിലക്ഷ്മി നമ്പ്യാര്‍)
എല്ലാവര്ക്കും എന്റെ പ്രണയദിനാശംസകള്‍
പ്രണയം എത്ര നുകര്‍ന്നാലും മധുരം കുറയാത്ത സുഖം.  കൗമാരം, യുവ്വനം, വാര്‍ദ്ധക്യം ഏതു തലത്തിലും മനുഷ്യന്റെ മനസ്സിനെ സുഖം പകരുന്ന അഭൗമമായ വികാരം. മനുഷ്യന്റെ മനസ്സിനെ പ്രണയ ചാമരത്താല്‍ കുളിര്‍ പകര്‍ന്നുകൊണ്ട് വീണ്ടുമൊരു പ്രണയദിനം,  വരവായി.   എത്ര നുകര്‍ന്നാലും മതിവരാത്ത ഒരു അനുഭൂതിയാണ് പ്രണയം എങ്കിലും കൗമാരത്തില്‍ ആദ്യം മൊട്ടിടുന്ന പ്രണയത്തിന്റെ അയവിറക്കല്‍  ഏതു മനസ്സിനും ജീവിതകാലം മുഴുവന്‍  മധുരം പകരുന്നു.  

പാടവരമ്പിലൂടെ നേര്‍ക്കുനേര്‍ നന്നടുക്കുമ്പോള്‍ തല ഉയര്‍ത്തി പരസ്പരം നോക്കാന്‍ കഴിയാതെ നാണത്തില്‍ പൊതിഞ്ഞ ഒളിനോട്ടം. കുളിര്‍ കാറ്റില്‍ പറക്കുന്ന അവളുടെ പാവാടത്തുമ്പുകള്‍   ഒതുക്കിപ്പിടിച്ച് മുന്നിലൂടെ കടന്നുപോയി പിന്നെയുള്ള തിരിഞ്ഞു നോട്ടം. അതുതന്നെയാണ് അവനും പ്രതീക്ഷിച്ചത്.   ഒന്നുമറിയാത്ത ഭാവത്തില്‍ ചുണ്ടില്‍ പുഞ്ചിരിപ്പൂവുമായി അല്പംകൂടി വേഗതയില്‍ നടന്നകലുന്നു. 

കൂട്ടുകാര്‍ക്കൊപ്പം അടക്കം പറഞ്ഞു നടന്നുവരുമ്പോള്‍ അവളുടെ ദര്‍ശ്ശനത്തിനു മാത്രമാത്രമായി കസവുമുണ്ടുടുത്ത് മേല്‍ മുണ്ടു പുതച്ച് നേരില്‍ വരുന്നവനെ ശ്രദ്ധിച്ചതേ ഇല്ല എന്ന മുഖഭാവത്തോടെ ഒളികണ്ണിട്ടു നോക്കുന്ന നോട്ടം  സാക്ഷാല്‍ ദേവി ദര്‍ശനത്തെക്കാള്‍ അവനില്‍ ആനന്ദം പകരുന്നു.   

കയ്യില്‍ വാഴയിലയില്‍ പൊതിഞ്ഞുപിടിച്ചിരിയ്ക്കുന്ന ചന്ദനകുളിര്‍ ആ വളയിട്ട കൈകളാല്‍ എന്റെ നെറ്റിയില്‍ ഒന്ന് ചാര്‍ത്തിയിരുന്നെങ്കില്‍ എന്ന് സ്വപ്നം കാണുന്നവന്‍.. പൂര്‍ണ്ണ ചന്ദ്രനെപ്പോലെ ഉദിച്ചു നില്‍ക്കുന്ന ആ നെറ്റിയില്‍ ഈ കളഭം അണിയിയ്ക്കാന്‍ എനിയ്ക്കു എന്ന് ഭാഗ്യം സിദധിയ്ക്കുമെന്നു മനസ്സാല്‍ കൊതിയ്ക്കുന്നവള്‍. കുട്ടുകാര്‍ കളിയാക്കി ചിരിയ്കുമ്പോള്‍  മനസ്സ്  കുളിര്‍ കോരും എങ്കിലും അതിലൊന്നും ഒട്ടും താല്പര്യമില്ല എന്ന ഭാവം രണ്ടുപേരിലും. കോളേജില്‍ നിന്നും അവള്‍ ഇറങ്ങി വരുന്ന നേരം അവള്‍ക്കായി കാത്തുനിന്ന നിമിഷങ്ങള്‍.. തെക്കേ പറമ്പിലെ ചാഞ്ഞു കിടന്ന മാവിന്‍ കൊമ്പില്‍   പുസ്തകവുമായി  പഠിയ്ക്കാനിരിയ്ക്കുന്ന അവളുടെ കവിളില്‍ തലോടി ഓടി ഒളിയ്ക്കുന്ന കുളിര്‍കാറ്റും അത് കണ്ടു ആനന്ദിച്ച് നൃത്തം ചെയ്യുന്ന പച്ചിലകളും, കൊക്കോട് കൊക്കുരുമ്മി സ്‌നേഹം പങ്കുവയ്ക്കുന്ന  മൈനകളും    അവളറിയാതെ അവളെ ഏതോ സ്വപ്നലോകത്തേയ്ക്ക് നയിക്കുന്നു. 

പെട്ടെന്ന് പരിസരബോധം തിരിച്ചെടുത്ത് പഠനത്തില്‍ മുഴുകുന്നു.. അതിനിടയില്‍ കാതില്‍ വന്നുമുഴങ്ങുന്ന സൈക്കിള്‍ മണിനാദം. അവനറിയാം തന്നെ ഒരു നോക്കു കാണാന്‍ പ്രതീക്ഷിച്ചുകൊണ്ട് അവള്‍ അവിടെ തന്നെയുണ്ടാകുമെന്നു. ആരും പുറകിലോ, മുന്നിലോ പരിസരത്തോ ഇല്ലെന്നു ഉറപ്പു വരുത്തി, കല്ലുവച്ച് പൊതിഞ്ഞ കുറിപ്പ് അവളിരിയ്ക്കുന്ന മാവിന് ലക്ഷ്യമാക്കി അവന്‍  എറിയും. മുന്നോട്ടു നീങ്ങി അറിയിപ്പ് എന്നോണം ഒരു മണിയടി കുടി. താന്‍ ഇതൊന്നും അറിഞ്ഞതേ ഇല്ല എന്ന ഭാവത്തില്‍ അവള്‍ പുസ്തകത്തില്‍ തന്നെ തന്റെ ശ്രദ്ധ പതിപ്പിയ്ക്കുന്നു. സൈക്കിള്‍ ഇടവഴിയിലൂടെ വളരെ ദൂരം പിന്നിട്ടെന്നുകണ്ടാല്‍ ചുറ്റുപാടും കണ്ണോടിച്ച് ആരും തന്നെ ശ്രദ്ധിയ്ക്കുന്നില്ല എന്നുറപ്പുവരുത്തി ആ കുറിപ്പെടുത്തത് പാവാടത്തുമ്പിനാല്‍ ചേര്‍ത്തുപിടിച്ച് പതിയെ പാഠപുസ്ഥകത്തിനുള്ളില്‍ ചേര്‍ത്തുപിടിയ്ക്കുന്നു, തിരിച്ചു മാവിന്‌കൊമ്പില്‍ വന്നിരുന്നു നെടുവീര്‍പ്പിട്ട് അതിലെ സന്ദേശം വായിയ്ക്കുന്നു. നോട്ടു പുസ്തകത്തില്‍ നിന്നും ഒരു തുണ്ട് കീറിയെടുത്ത് അതില്‍ പുഞ്ചിരിയോടെ മറുപടി എഴുതി കല്ല് വച്ച് പൊതിഞ്ഞു തയ്യാറാക്കി വച്ച് പതിവിലും ഉന്മേഷത്തോടെ പഠനം തുടരുന്നു. 

ദൂരെനിന്നും സൈക്കിള്‍ മണിയടി കേട്ടാല്‍ പതിവുള്ള സ്ഥലത്ത് ആ സന്ദേശം തിരിച്ചെറിയുന്നു. പരസ്പരം സംസാരിയ്ക്കാനോ കണ്ടുമുട്ടാനോ സ്വാതന്ത്രമില്ലാത്ത കാലഘട്ടത്തിലെ പ്രണയ സന്ദേശങ്ങള്‍ കൈമാറാന്‍ കണ്ടെത്തിയ മാര്‍ഗ്ഗം.   തറവാട്ടു അമ്പലത്തില്‍   ഉത്സവമാണ്. ഇന്നവിടുത്തെ ആദ്യാവസാനം അവനും  കൂട്ടുകാരും തന്നെ. പതിവിലും സുന്ദരിയായി അണിഞ്ഞൊരുങ്ങി കുടുംബത്തോടൊപ്പം അവള്‍ അമ്പലനടയിലെത്തി പട്ടുപാവാട ഒരല്‍പം ദേവകിയ്ക്കുമുന്നില്‍ ഭക്തിയോടെ കൈകൂപ്പി തൊഴുതു. എല്ലാവരും പരസ്പരം കുശലാന്വേഷണം നടത്തി   ഉത്സവം കണ്ടു നിന്നു. അവനെ ആകര്ഷിയ്ക്കാനെന്നോണം അവളും സജീവമായി പങ്കെടുത്തു. 

ഒരല്പ സമയം കഴിഞ്ഞതിനുശേഷം അമ്മയുടെ കാതില്‍ എന്തോ അടക്കം പറഞ്ഞവള്‍ വീട്ടിലേക്കോടി. പൂമുഖത്തെ നിലക്കണ്ണാടിയില്‍ നോക്കി പാവാടയും, ജമ്പറും ശരിയാക്കി, സ്വയമൊന്നു അടിമുടി നോക്കി. നെറ്റിയില്‍ ചന്ദനവും, കുങ്കുമവും കലര്‍ന്ന പൊട്ട്, കാവടിയാടുന്ന പുരികങ്ങള്‍, വലിച്ചെഴുതിയ കണ്ണുകള്‍ ചുണ്ടില്‍ ഒരല്‍പം പുഞ്ചിരി പുരട്ടിയവള്‍ നോക്കി. വിസ്താരമുള്ള നെറ്റിത്തടത്തില്‍ ഉലഞ്ഞുകിടക്കുന്ന കുനുകുന്തളങ്ങളെ വശങ്ങളിലേക്ക് മാടിയൊതുക്കിയവള്‍ തിരിഞ്ഞു നടക്കാന്‍ തുടങ്ങിയതും തോളില്‍ അമര്‍ന്ന ബലിഷ്ഠമായ കരങ്ങള്‍, ഞൊടിയിടയില്‍ വാര്‍ന്നൊഴുകിയ കവിളില്‍ പതിഞ്ഞ അവന്റെ അധരങ്ങള്‍. 'ആദ്യ പ്രണയ ചുംബനം'. 

കുതറി മാറി അവള്‍ ഓടിയെത്തടിയത് നേരെ അമ്പലനടയില്‍. അവള്‍ക്കിഷ്ടപ്പെട്ടില്ല എന്നുണ്ടോ അവളെങ്ങിനെ പ്രതികരിയ്ക്കും എന്നായിരുന്നു അവന്റെ മനസ്സില്‍. ഒരുപാട് ഇഷ്ടപ്പെട്ടു എന്ന് എങ്ങിനെ അവനോടു പറയും? അവനെന്നെകുറിച്ച് എന്തുവിചാരിയ്ക്കും ഇതായിരുന്നു അവളുടെ മനസ്സില്‍. എന്തായാലും ഒരു പരിഭവം അത് തന്നെയാകാം എന്നവള്‍ ചിന്തിച്ചു. കുളിരുകോരുന്ന വെളുപ്പിന് ശാന്തമായുറങ്ങുന്ന പുഴയിലിറങ്ങി കുളിച്ച് ഈറനണിഞ്ഞു തോര്‍ത്തില്‍ പൊതിഞ്ഞ കാര്‍കൂന്തളുമായി അമ്മയുടെ മറപറ്റിയവള്‍ വരുന്നു അവളുടെ പരിഭവം മാറ്റുവാനായി തട്ടിന്‍ പുറത്ത് നിന്നുമവന്‍ അവളുടെ ശ്രദ്ധ പിടിച്ച് പറ്റുന്നതിനായി തന്നെ ഒരു വെറുക്കന്‍ ചുമ. പെട്ടെന്ന് ഒരുപാട് പരിഭവം കുത്തിനിറച്ച മുഖം ഒന്ന് കൂടെ താഴെ നോക്കി അവള്‍ നടന്നു. ഈ സുഖമുള്ള പ്രതികരണം തന്നെയാണവനും പ്രതീക്ഷിച്ചത്. ഇത്തരത്തിലുള്ള ഓരോ പ്രണയത്തിന്റെ ഓര്‍മ്മ നുറുങ്ങുകളും 'വാലന്റയിന്‍ ഡേ' എന്തെന്നുപോലും അറിയാതിരുന്ന കേരളമെന്ന ഗ്രാമ സുന്ദരിയുടെ മടിയില്‍ വിടര്‍ന്നു കൊഴിഞ്ഞ നൊമ്പരങ്ങള്‍ ഇന്നും ഏതൊക്കെയോ മനസ്സില്‍ വാടാതെ നില്‍ക്കുന്നു. 

ഇന്ന് നമ്മുടെ മലയാളനാടിനും  'വാലന്റയിന്‍ ഡേ' സുപരിചിതമാണ് . 'വാലന്റയിന്‍ ഡേ' ഇന്ന് നമ്മുടെ കൊച്ചു കേരളത്തിന്റെയും  സംസ്‌കാരത്തിന്റെ ഒരു ഭാഗമായി മാറി .  ചുവന്ന ഹൃദയാകൃതിയിലുള്ള ബലൂണും, പ്രണയം നിറച്ച അഭിനന്ദന കാര്‍ഡുകളും, കളിപ്പാട്ടങ്ങളും ചുവന്ന റോസാപ്പൂക്കളും ഈ ദിനത്തിനായി യുവാക്കളെ തേടി ഇന്ന് കേരള കമ്പോളത്തിലും എത്തുന്നു. പരസ്പരം പ്രണയ സമ്മാനങ്ങള്‍ കൈമാറാനും, മെഴുകുതിരിയുടെ ഇരുണ്ട വെളിച്ചത്തില്‍ അത്താഴം പങ്കിടാനും, മധുരം നുണയുവാനും നമ്മുടെ കേരളം  പഠിച്ചിരിയ്ക്കുന്നു.    

ആറാം ക്ലാസ്സില്‍ പഠിയ്ക്കുന്ന ഒരു കുട്ടി അവന്റെ അമ്മയോട് ചോദിച്ചു ' അമ്മെ എന്റെ ക്‌ളാസ്സിലെ ഒരുവിധം കുട്ടികള്‍ക്കും ഗേള്‍ഫ്രണ്ട് ഉണ്ട്. എനിയ്ക്കും ഒരു കുട്ടിയോടിഷ്ടമുണ്ട് ഞാനവളെ ഗേള്‍ഫ്രണ്ടാക്കിക്കോട്ടെ? അത് തെറ്റാണോ?' ഇന്നത്തെ തലമുറയ്ക്ക് ഇതൊന്നും ഒരു  പ്രശ്‌നമല്ല എന്ന് മനസ്സിലാക്കിയ 'അമ്മ പറയുന്നു' അത് തെറ്റൊന്നുമല്ല'  സോഷ്യല്‍ മീഡിയകളും, വിദേശ സംസ്‌കാരവും   ഊട്ടി വളര്‍ത്തുന്ന, സംപൂര്‍ണ്ണ സാക്ഷര കേരളത്തിന്റെ പുതിയ തലമുറ. 

ഇന്ന് ആര്‍ക്കും ആരോടും പ്രണയം തോന്നാം. പ്രണയം കൗമാര പ്രായത്തില്‍ മാത്രം തോന്നാവുന്ന ഒരു വികാരമല്ല. ജോലിസ്ഥലത്ത് പരസ്പരം വിവാഹം കഴിഞ്ഞവരും, അല്ലാത്തവരും പ്രണയിയ്ക്കുന്നു. കോളേജ് കാമ്പസ്സില്‍ നേരം പോക്കിനായി നിരവധി ത്രികോണ പ്രണയങ്ങള്‍ മൊട്ടിടുന്നു, യാത്രയ്ക്കിടയില്‍ പ്രണയം നാമ്പെടുക്കുന്നു, വ്യക്തിയോടുള്ള ആരാധനയില്‍ നിന്നും പ്രണയം വിടരുന്നു. ഇവിടെ ജീവിത സാഹചര്യങ്ങളോ, പ്രായമോ, സൗന്ദര്യമോ അന്ധരായി മാറുന്നു. ഈ വികാരത്തെ ചൂടാറാതെ കൈമാറാന്‍ ആധുനികതയുമായി  സോഷ്യല്‍ മീഡിയകള്‍, സെന്‍ഫോണുകള്‍, സമയമോ, കാലമോ, ദുരമോ ഏതു പ്രതിസന്ധിയെയും ദുരീകരിയ്ക്കുന്നതിനുള്ള ഉപാധികള്‍.   

ഏതു പ്രായത്തിലുള്ളവരും മനസ്സിന്റെ പിരിമുറുക്കങ്ങളെ നിയത്രിയ്ക്കുവാനായി തുടങ്ങുന്ന 'കൂട്ടുകെട്ട്'. നേരം പോക്കിനായി മാത്രം തുടങ്ങുന്ന ഇത്തരം സോഷ്യല്‍ മീഡിയ പ്രണയങ്ങളും, ക്യാമ്പസ്  പ്രണയങ്ങളും അതിന്റെ കൂടുതല്‍ ആനന്ദ  വേളകളെ ചികഞ്ഞു പോകുമ്പോള്‍ അവ സ്വയം ജീവിതത്തിനും, സമൂഹത്തിനും തന്നെ ഭീഷണിയായി മാറുന്ന കഥകളും പട്ടണങ്ങളെപ്പോലെത്തന്നെ നമ്മുടെ കൊച്ചു കേരളത്തിനും പറയാനുണ്ടാകുന്നു. സോഷ്യല്‍ മീഡിയകളുടെ അതിപ്രസരത്താല്‍ തുടങ്ങുന്ന പരസ്പരം അറിയാതെ വെറും നേരംപോക്കിനു മാത്രമായി തുടങ്ങുന്ന പ്രണയങ്ങളില്‍ പതുങ്ങിയിരിയ്ക്കുന്ന ഭീഷണികളെക്കുറിച്ചുള്ള ഒരു  ഓര്‍മ്മപ്പെടുത്തലും കുടിയാകട്ടെ ഈ പ്രണയദിനം.

കാമുകി കാമുകന്മാരാകാം, ഭാര്യാഭര്‍ത്താക്കന്‍മാരാകാം,   ആത്മാര്‍ത്ഥമായി പങ്കുവയ്ക്കാവുന്ന നിര്‍മ്മലമായ വികാരമാണ് പ്രണയം.  ജീവിതത്തിലെ ഉയര്‍ച്ചതാഴ്ചകളെ നിഷ്പ്രയാസം തരണം ചെയ്യാനും, ആനന്ദം നുകരാനുമുള്ള ഉദാര്‍ത്ഥമായ ഒരു അനുഭൂതിയാണ് പ്രണയം. കാലചക്രത്തിന്റെ ഭ്രമണത്തിലും ഈ അനുഭൂതിയ്ക്ക്  ഭാവമാറ്റം സംഭവിച്ചിട്ടില്ല. ഷാജഹാന്‍ തന്റെ പ്രിയ പത്‌നി മുംതാസിനോടുള്ള പ്രണയ സ്മാരകമായി ആഗ്രയില്‍ നിര്‍മ്മിച്ച 'താജ് മഹല്‍', ഡൗഗ്ലസ് തന്റെ സഹധര്‍മ്മിണിയോടുള്ള പ്രണയത്തിന്റെ പ്രതീകമായി ടെക്‌സാസില്‍ നിര്‍മ്മിച്ച 'ചന്ദുര്‍ ഗാര്‍ഡന്‍', സ്‌കോട്ട് ലാന്റിലെ 'സ്വീറ്റ് ഹേര്‍ട്ട് അബ്ബെ' എന്നിവ പണ്ടുകാലം മുതല്‍ക്കേ പവിത്രമായ പ്രണയത്തിനു മനുഷ്യ മനസ്സില്‍ ആഴമേറിയ സ്ഥാനമുണ്ടെന്ന് തെളിയിയ്ക്കുന്ന സ്മാരകങ്ങളാണ്.

പ്രണയത്തിന്റെ പ്രയാണം ആരെ, എവിടെ, എങ്ങിനെ എന്ന   പരിധിയ്ക്കകത്ത് നിന്നുകൊണ്ട്, മനസ്സുകള്‍ തമ്മിലുള്ള ആത്മാര്‍ത്ഥമായ, ആഴമേറിയ ബന്ധമാണെങ്കില്‍ മറ്റേതു സുഖത്തെക്കാളും മാസ്മരമാണ്, സ്വര്‍ഗ്ഗതുല്യമാണ് പ്രണയം.   ജീവിതച്ചക്രത്തില്‍ പ്രണയമെന്തെന്നു നുണയാത്തവര്‍ക്കുള്ള പവിത്രമായ പ്രണയത്തിന്റെ തുടക്കം കുറിയ്ക്കട്ടെ  ഈ ദിനം. 

മലയാളനാട്ടിലും പ്രണയോത്സവം: ('എഴുതാപ്പുറങ്ങള്‍-15- ജ്യോതിലക്ഷ്മി നമ്പ്യാര്‍)
Join WhatsApp News
Mathew V. Zacharia, NEW YORK 2018-02-14 11:12:18
Mrs. Joythylaksmy Nair: God willing, This year will be my 45th wedding Anniversary. Great writing. " Happy Valentines Day " to you and your loved ones 
Mathew V. Zacharia
P R Girish Nair 2018-02-14 10:28:46
Mrs. Jyothylakshmy : Very nice presentation.....
things that bring me comfort, like the nostalgic memories...
there's is nothing better than spending this day with the person 
I care about the most.
"Happy Valentine's Day"
Amerikkan Mollaakka 2018-02-14 14:48:59
നമ്പ്യാര് മാഡം പ്രണയം വാരിക്കോരി എയ്തീട്ടുണ്ട്. ഞമ്മള് നാലാമത് ഒരു നിഖാഹിന്റെ ആലോസനയിലാണ്. ഞമ്മക്ക് ഈ പ്രണയം പെരുത്ത് ഇഷ്ടാണ്. മനുസനമാർ ഞമ്മളെ ബഴക്ക് പറയാണ്. ഒരു ബീവി പോരെ എന്ന്. ഇങ്ങള് പറയു ഞമ്മള് എന്ത് ചെയ്യണം. നാലാമത് കെട്ടണോ? ഞമ്മന്റെ ഖൽബ് ഒത്തിരി വലുതാണ്. അതിൽ എത്ര ഹൂറികൾക്കുവേണമെങ്കിലും ഇടമുണ്ട്. ഇങ്ങടെ എയ്ത്ത് കാണുമ്പോൾ ഒരു എയ്തതുകാരി ഉമ്മച്ചിയെ കെട്ടിയാലോ എന്ന് തോന്നുണു.എയ്ത്തുകാരാകുമ്പോൾ അവർക്ക് ഈ പ്രണയം കോരി തരാൻ പറ്റുമല്ലോ? എന്റെ ഖല്ബിലെ വെണ്ണിലാവിൽ തട്ടമിട്ട് ഒരു ഹൂറി നിൽക്കുന്നു. അബളുടെ കയ്യിനാൽ നെയ്‌ച്ചോർ തിന്നാനുള്ള മോഹവുമായി ഞമ്മള് കായലരികത്ത് വട്ടം കറങ്ങുന്നു. ഇങ്ങള് നല്ല എയ്ത്തുകാരിയാണ്. നമ്മൾ എല്ലാ ആശംസകളും നേരുന്നു.
Jyothylakshmy Nambiar 2018-02-16 05:59:27
Dear Mr. Girish Nair, Mr. Mathew Zacharia and American Mollaakka,
Many thanks for you valid comments.
Mathew Zacharia Sir, 
"Special Greetings for 45th Wedding Anniversary" 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക