Image

'അതെ തീര്‍ച്ചയായും ഞാനൊരു ഫെമിനിസ്റ്റ് അല്ല' -ഗൗരി സാവിത്രി

Published on 14 February, 2018
'അതെ തീര്‍ച്ചയായും ഞാനൊരു ഫെമിനിസ്റ്റ് അല്ല' -ഗൗരി സാവിത്രി
തനിച്ചുള്ള ജീവിതം എന്റെ മാത്രം തിരഞ്ഞെടുപ്പായിരുന്നു. പ്രണയത്തിന്റെ ചാപല്യങ്ങളില്‍ അകപ്പെടരുതെന്നു ഓരോ നിമിഷവും ഞാന്‍ മനസ്സിനെ പറഞ്ഞുപഠിപ്പിച്ചുകൊണ്ടിരുന്നു. എങ്കിലും ഏകാന്തനേരങ്ങളില്‍ ചിലപ്പോളെല്ലാം മനസ്സു പതിവില്ലാത്ത വഴികളിലൂടെ സഞ്ചരിക്കാന്‍ തിടുക്കംകൂട്ടി. അമര്‍ത്തിവയ്ക്കപ്പെടുന്ന കാമനകള്‍ പിടിവിട്ടാല്‍ ഒരു റബ്ബര്‍പന്തുപോലെ കുതിച്ചുചാടും എന്ന് തോന്നിയ നിമിഷങ്ങളില്‍ എന്റെ മുറിയിലെ ചുമരില്‍ ചിരിക്കുന്ന ചിത്രങ്ങളോട് കലഹിച്ചും കടലാസ്സുവഞ്ചികള്‍ നിര്‍മ്മിച്ച് തോട്ടിലെറിഞ്ഞും ഞാന്‍ മനസ്സിനെ തണുപ്പിക്കാന്‍ ശ്രെമിച്ചുകൊണ്ടിരുന്നു. ഇതൊന്നുമല്ല ശെരിയായ വഴികള്‍ എന്നെനിക്കു ബോധ്യമുണ്ടായിരുന്നു. പൊടുന്നനെയാണ് അവന്റെ വരവ്...എന്റെ മെലിഞ്ഞുനീണ്ട വിരലുകളെ പ്രശംസിച്ചുകൊണ്ട്, നഖത്തിന്റെ നീളം കുറയ്ക്കണമെന്ന് നിര്‍ദേശിച്ചുകൊണ്ട്, പതുക്കെപ്പതുക്കെ അവന്റെ സാന്നിധ്യം എനിക്കവഗണിക്കാനാവാത്ത നിലയിലേക്ക് കാര്യങ്ങള്‍ പുരോഗമിച്ചു തുടങ്ങി. അലക്ക്‌സോപ്പിന്റെ പത എനിക്ക് അരോചകമായി തോന്നിതുടങ്ങി...ചേന നുറുക്കാന്‍ പതിവില്ലാതെ ഞാന്‍ കയ്യുറകള്‍ തിരഞ്ഞു...ഓട്ടുകിണ്ടി മിനുക്കുന്നതും ചൂല്‍ക്കെട്ടില്‍ അമര്‍ത്തിപ്പിടിക്കുന്നതും ഞാന്‍ വെറുത്തുതുടങ്ങി. മാനിക്യൂര്‍ ചെയ്യാന്‍ പണം തികയാതെവരുമോയെന്ന് ഞാന്‍ ആശങ്കപ്പെട്ടു. ശേഖരിച്ചുവയ്ക്കുന്നതിലെ നിരര്‍ഥകതയോര്‍ത്തുകൊണ്ട് ഒരു കൗതുകത്തിന് സൂക്ഷിച്ചുവച്ചിരുന്ന പത്തുരൂപാനാണയങ്ങള്‍ ഞാനെടുത്തു. ഒരു തവണ മാനിക്യൂര്‍ ചെയ്യാനവ ധാരാളമായിരുന്നു. നിറമില്ലാത്ത നഖച്ചായം പുരട്ടിയ മൃദുവായ വിരലുകള്‍ കൊരുത്തുപിടിച്ചുകൊണ്ടവന്‍ ചോദിച്ചുതുടങ്ങി... 'നീ എങ്ങനെയുള്ള സ്ത്രീ ആണ്...പരിഷ്‌ക്കാരി ആണോ? അതെയെന്നു പറയാന്‍ നാവു കൊതിച്ചു. എങ്ങോട്ടാണ് ഈ പുറപ്പാട്...! അധിനിവേശത്തിന്റെ തുടക്കമാണോ ഇത്...ഒരുതരത്തിലുമുള്ള അസ്വാതന്ത്ര്യവും സഹിക്കാനാവാത്ത എനിക്കിത് അനുവദിക്കാനാവില്ല...ഇല്ല മുളയിലെ നുള്ളണം...ഞാന്‍ പ്രണയത്തില്‍ വീഴില്ല... 'പറയൂ നീ ഫെമിനിസ്റ്റ് അല്ലെ? ഞാന്‍ ചോദിക്കുന്നത് നീ കേള്‍ക്കുന്നില്ലേ...അവന്‍ എന്റെ മോതിരവിരല്‍ മെല്ലെയമര്‍ത്തി...ഞാന്‍ ചിന്തകളില്‍ നിന്ന് വേര്‍പെട്ടു... പറയൂ...ആ മിഴികള്‍ വീണ്ടും എന്നെ പ്രചോദിപ്പിച്ചു. ഞാന്‍ പറയാന്‍ തുടങ്ങി...''എനിക്ക് ഒതുങ്ങിക്കഴിഞ്ഞാല്‍ മതി...വീടൊക്കെ നോക്കി...മുറ്റത്തെ കടലാസ്സ്പൂക്കളെയൊക്കെ ലാളിച്ച്...ഇടനേരങ്ങളില്‍ അരമതിലില്‍ ഇരുന്ന് ദിവാസ്വപ്നമൊക്കെകണ്ടു...വിറകടുപ്പിലൂതി കണ്ണൊക്കചുവപ്പിച്ച്...തൊടിയിലെ കുയിലിന്റെ പാട്ടൊക്കെ കേട്ട്...കരിയിലകള്‍ക്കിടയില്‍ മഞ്ചാടിക്കുരുവോക്കെ തിരഞ്ഞ്''... വിസ്മയംകൊണ്ടവന്‍ എന്നെ സൂക്ഷിച്ചുനോക്കി...പിടിക്കപ്പെട്ടുവെന്നു ഞാന്‍ മനസ്സിലാക്കി. മാനിക്യൂര്‍ സമ്മാനിച്ച മിനുമിനുപ്പാര്‍ന്ന വിരലുകളില്‍ അവന്‍ അമര്‍ത്തി ചുംബിച്ചു. പരാജയം സമ്മതിച്ചുകൊണ്ട് പ്രണയംതുടിക്കുന്ന ആ മിഴികളില്‍നോക്കി ഞാന്‍ ദുര്‍ബ്ബലമായശബ്ദത്തില്‍ മെല്ലെപ്പറഞ്ഞു. ''അതെ തീര്‍ച്ചയായും ഞാനൊരു ഫെമിനിസ്റ്റ് അല്ല.''

ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് കൂടിയാണ്  ഗൗരി സാവിത്രി

'അതെ തീര്‍ച്ചയായും ഞാനൊരു ഫെമിനിസ്റ്റ് അല്ല' -ഗൗരി സാവിത്രി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക