Image

പ്രേമം (മനോജ് മനയില്‍ )

മനോജ് മനയില്‍ Published on 14 February, 2018
പ്രേമം (മനോജ് മനയില്‍ )
പാതിവിരിഞ്ഞുനില്‍ക്കുന്നൊരു പൂവിനെ,
പ്പാവാട ചുറ്റിയ തുമ്പിയെ, മഞ്ഞിനാല്‍
മുക്കുത്തിയിട്ടൊരു പുല്‍ക്കൊടിത്തുമ്പിനെ,
മഞ്ഞക്കിളികളെ, പൂക്കണിക്കൊന്നയെ,
തൊട്ടുതൊട്ടിക്കിളിയാക്കിച്ചിരിക്കുന്ന
മഞ്ഞള്‍വെയിലിനെ, കുഞ്ഞുപൂമ്പാറ്റയെ,
കണ്ണോടു കണ്ണുരുമ്മിക്കളിക്കുന്നൊരു 
കണ്ണാന്തളികളെ,ത്തുമ്പയെ,ത്തെച്ചിയെ,
ഞാറ്റുവേലത്തിരുവാതിരപ്പെയ്ത്തിന്റെ
തോറ്റം മുഴങ്ങുന്ന ചോരുന്ന കൂരയെ,
കല്ലെടുത്തൊന്നെറിഞ്ഞാലുണ്ണിമാങ്ങകള്‍
വല്ലം നിറയ്ക്കുന്ന നാട്ടുമാ,ഞ്ചില്ലയെ,
കൊയ്ത്തുകഴിഞ്ഞു കരിഞ്ഞപാടങ്ങളെ,
പെയ്തുതോരോവര്‍ഷകാലക്കണക്കിനെ,
ചിങ്ങത്തിലെത്തുന്നൊരോണക്കിനാവിനെ,
കത്തുന്നവേനലിന്‍ കൈപിടിച്ചെത്തുന്ന
സംക്രമപ്പക്ഷിയെ, മേട വിഷുവിനെ,
പുഞ്ചിരിയും കണ്ണുനീരും സമാസമം
കണ്ണില്‍ നിറയ്ക്കുന്ന ബാല്യകാലങ്ങളെ,
ഉത്സവച്ചെണ്ടയില്‍ താളം മുറുകുന്ന
കാവിലെക്കോമരത്തിന്നട്ടഹാസത്തെ,
നോവിനെ, പാടാന്‍ മറന്ന ഗാനങ്ങളെ,
പൊള്ളലാല്‍ വിങ്ങിയ നഷ്ടസ്വപ്നങ്ങളെ,
പ്രേമിക്കയാണുഞാനിന്നും മനസ്സിലെ
ത്തീരാക്കടങ്ങളില്‍ വെന്തുപോകുമ്പൊഴും!

പ്രേമം (മനോജ് മനയില്‍ )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക