Image

ഫ്രാങ്ക്ഫര്‍ട്ട് പുസ്തകമേളയില്‍ രതിദേവിയുടെ 'മഗ്ദലനയുടെ പെണ്‍ സുവിശേഷം'

അനില്‍ പെണ്ണുക്കര Published on 14 February, 2018
ഫ്രാങ്ക്ഫര്‍ട്ട് പുസ്തകമേളയില്‍ രതിദേവിയുടെ 'മഗ്ദലനയുടെ  പെണ്‍ സുവിശേഷം'
ഫ്രാങ്ക്ഫര്‍ര്‍ട്ട് പുസ്തകമേള തെരഞ്ഞെടുപ്പില്‍ രതിദേവിയുടെ 'മഗ്ദലേനേ യുടെ പെണ്‍ സുവിശേഷം.' മലയാളം ഭാഷാ സാഹിത്യത്തില്‍ നിന്നും തെരഞ്ഞെടുത്ത 98 പുസ്തകങ്ങള്‍ ലോക സാഹിത്യത്തിന് പരിചയ പെടുത്താന്‍ ഫ്രാങ്ക്ഫര്‍ട്ടു പുസ്തകമേള തെരഞ്ഞെടുത്തില്‍ 'മഗ്ദലേനേ യുടെ പെണ്‍സുവിശേഷം' ഇടം തേടിയത്. 

യേശു ക്രൂശുമരണം വരിച്ചിട്ടില്ലെന്നും, കുരിശില്‍ നിന്നു രക്ഷപെട്ട യേശു ഏറെക്കാലം തന്റെ കാമുകിയും നഗര വേശ്യയും പിന്നെ ഭാര്യയുമായ മഗ്ദലനമറിയത്തോടൊപ്പം കപ്പല്‍കയറി കൊടുങ്ങല്ലൂരിലും അവിടെനിന്ന് കാശ്മീരിലുമെത്തി, അവിടത്തെ രാജാവായ ഗോപാനന്ദന്റെ പിന്‍ഗാമിയായി രാജ്യം ഭരിച്ചു എന്ന രീതിയിലുമാണ് ഈ നോവല്‍ പുരോഗമിക്കുന്നത്.

വായനക്കാരനില്‍ ആയിരം ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന ഒടനവധി കാര്യങ്ങളിലൂടെ ഈ കഥ വായനക്കാരെ കൊണ്ടുപോകുന്നു. അതിലുപരി ഒരു വായനക്കാരന്റെ ഈ പുസ്തകത്തെക്കുറിച്ചുള്ള അഭിപ്രായം കടമെടുത്താല്‍ 'ഈ പുസ്തകം വ്യംഗ്യമായി മുന്നോട്ടു വെക്കുന്ന ഒന്ന് അത് മനുഷ്യ സംസ്‌കാരങ്ങളുടെ ഏതൊരു ദേശാസന്ധികളിലും അനിവാര്യമായ ഏറെ ശക്തവും എന്നാല്‍ നിശബദ്ധവുമായ സ്ത്രീ സാന്നിധ്യത്തിന്റെ ഇടങ്ങളാണ്. കാലം അവശ്യപ്പെടുന്ന സ്ത്രീത്വത്തിന്റെ ആ നിശബ്ത സാന്നിധ്യം ഇന്ന് നിര്‍ഭയത്തിന്റെ ഒപ്പം യാഥാര്‍ഥ്യ ബോധത്തിന്റെ ഒരു അവസ്ഥയിലേക്ക് വായനക്കാരനെ ചിന്തിപ്പിക്കാന്‍ ഗ്രന്ഥ കര്‍ത്താവിനു കഴിയുന്നുണ്ട്

ആശയത്തിലുപരി ഈ ഗ്രന്ഥം മുന്നോട്ടു വെക്കുന്ന ലോകം ചര്‍ച്ചചെയ്യാത്ത സ്ത്രീത്വത്തിന്റെ പച്ചയായ ചില സാമൂഹ്യ സംവേദനങ്ങള്‍ ഇതിലുണ്ട് അത് ഇനിയും ഏറെ ചര്‍ച്ചചെയ്യപ്പെടേണ്ട ഒന്നാണ് താനും.'

ഇംഗ്ലീഷിലും, മലയാളത്തിലും ഒരെ സമയമാണ് രതിദേവി ഈ പുസ്തകം രചിച്ചത്. ഈ നോവല്‍, അന്തരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടുന്നു എന്നതിന്റെ തെളിവാണ് ഫ്രാങ്ക്ഫര്‍ട്ട് പുസ്തകമേള തെരഞ്ഞെടുപ്പില്‍ ലഭിച്ച പ്രവേശനം .

വിശ്വാസങ്ങളുടെ അടിത്തറ തന്നെ ചോദ്യം ചെയ്യുന്ന ഈ രചന, വിശ്വാസികള്‍ക്കിടയിലും, സമൂഹത്തിലും വന്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിടും എന്നതില്‍ ഒരു സംശയവുമില്ല.

താന്‍ ഈ നോവല്‍ എഴുതുമ്പോള്‍ അനുഭവിച്ച ആത്മസംഘര്‍ഷത്തെകുറിച്ചും ആത്മീയഅനുഭവത്തെക്കുറിച്ചും രതി ദേവി പറയുന്നു

.'' ഇതിലെ മുഖ്യകഥാപാത്രമായ മേരി മഗ്ദലീന തന്നില്‍ നിന്നും അകന്നുനിന്നപോള്‍ കുറെനാള്‍ ഞാന്‍ മഗ്ദലീന മടങ്ങി വരുന്നതും കാത്തിരുന്നു. മടങ്ങിവരാതെ ഇരുന്നപ്പോള്‍ ഈ നോവല്‍ എഴുതി പൂര്‍ത്തിയാക്കുവാന്‍ കഴിയില്ലന്നു വിചാരിച്ചു. വീടിന്റെ പറമ്പിലൂടെ വേറുതെ നടന്നപ്പോള്‍ എവിടെനിന്നോ ഒരു വെള്ള പ്രാവ് എന്റെ തോളില്‍ വന്നിരുന്നു അന്നൊരു ക്രിസ്തുമസ് ദിനം ആയിരുന്നു. എന്റെ വീട്ടിലോ വീടിനടുത്ത് എവിടെങ്കിലുമോ വെള്ളപ്രാവിനെ വളര്‍ത്തിരുന്നതും ഇല്ലായിരുന്നു. നോവല്‍ പെട്ടന്ന് എഴുതിത്തീരാന്‍ ഇതും ഒരു കാരണമായി.

ഇതിലെ നായകനായ ജീസസ്സിന്റെ കുരിശാരോഹണം അതെ തീവ്രതയോടെ അവിഷ്‌കരിക്കനായി ആറുമാസം കാത്തിരുന്നിരുന്നിട്ടാണ്, ഏപ്രില്‍ മാസത്തിലെ അതെ ദിവസം അതെസമയം തന്നെ എഴുതി തീര്‍ത്തത്. ചിലനേരങ്ങളില്‍ എന്റെ അത്മവിനേറ്റിരുന്ന മുറിവുകള്‍ എന്റെ ശരീരത്തിലും പ്രത്യക്ഷപെടുമായിരുന്നു. ജീസസ്സിന്റെ കെയ്യില്‍ ആണിയടിച്ച ഭാഗം (കണ്ണുനീരോടെ) എഴുതികൊണ്ടിരുന്നപ്പോള്‍ ജീസസ്സിന്റെ രക്തം എന്റെ മുഖത്ത് ചിന്തി വീണതായി തോന്നി. എന്റെ കെയ്യികളില്‍ പെട്ടെന്ന് വേദന അനുഭവപ്പെട്ടു. അറിയാതെ നിലവിളിച്ചുപോയി. കെയ്യിലെ നീരും വേദനയും കാരണം ഒരാഴ്ച പേന പിടിക്കാന്‍ പോലും കഴിഞ്ഞില്ല.''

അരുണ്‍ ആര്‍ഷ എന്ന എഴുത്തുകാരന്‍ ഇങ്ങനെ കുറിക്കുന്നു.
''മഗ്ദാലീനയുടെയും (എന്റെയും ) പെണ് സുവിശേഷം-'' എന്ന പേരില്‍ ഗ്രീന്‍ ബുക്‌സ് മലയാളത്തില്‍ പ്രസിദ്ധീകരിച്ച ഈ നോവല്‍ രണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് വായിച്ചത്. ഷാര്‍ജ ബുക്ക് ഫെസ്‌റിവലില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഈ നോവല്‍ ചരിത്രാഖ്യായികകളോട് ഏറെ താല്‍പ്പര്യം പുലര്‍ത്തുന്ന വ്യക്തി എന്ന നിലയില്‍ വിമര്‍ശന ബുദ്ധിയോടെയാണ് വായിച്ചത്.

എഴുത്തുകാരി ഒരു ഫെമിനിസ്റ്റു കൂടിയാണ് എന്നറിഞ്ഞപ്പോള്‍ സൂക്ഷ്മമായി വിശകലനം ചെയ്യുകയും ചെയ്തു. ഈ നോവലിന്റെ പേരില്‍ എഴുത്തുകാരിക്ക് ഭീഷണി ഉണ്ടായതായി പിന്നീട് അറിയുവാന്‍ കഴിഞ്ഞു.''ഡാവിഞ്ചി കോഡ്'' എഴുതിയ ഡാന്‍ ബ്രൌണ്‍ പങ്കെടുത്ത ഷാര്‍ജ്ജ ബുക്ക് ഫെസ്‌റിവലില്‍ രതീ ദേവിയും പങ്കെടുത്തത് തികച്ചും ആകസ്മികമായിരിക്കാം. എങ്കിലും ഡാവിഞ്ചി കോഡിനപ്പുറം പോകുവാന്‍ രതീ ദേവിക്ക് കഴിഞ്ഞു എന്നത് ഒരു ഇനിയും മാധ്യമങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ല എന്നത് അവിശ്വസനീയമായി തോന്നുന്നു. ഒരു വാന്‍ഗോഖ് ചിത്രം പോലെ പ്രണയവും ഉന്മാദവും ചാലിച്ച ഭാഷ.

''മത വികാരങ്ങളെ വൃണപ്പെടുത്തുന്നുവോ എന്ന ആശങ്കയില്‍ ഞാന്‍ വായന തുടരുന്നു'' എന്ന് നിരൂപകനും കവിയും എന്റെ പ്രിയ സുഹൃത്തുമായ ശ്രീ. ജോയ് വള്ളുവനാടന്‍ കുറിച്ചു. ആ ആശങ്കകള്‍ അസ്ഥാനത്താണ് എന്ന് ഞാന്‍ അഭിപ്രായപ്പെടുന്നില്ല. എന്നാല്‍ പുരോഗമന ചിന്താഗതികളുള്ള നിരൂപകനിലും രണ്ടായിരം വര്‍ഷങ്ങള്‍ക്ക് പിന്നിലെ ചരിത്രത്തിന്റെ പൊരുത്തക്കേടുകളെ ഒരു പെണ്മനസിന്റെ പ്രണയ ഭാഷയില്‍ അവതരിപ്പിച്ച സര്‍ഗ്ഗാത്മകതയെ അംഗീകരിക്കാതെ തരമില്ലല്ലോ.

അശ്ലീലം കുത്തിക്കുറിക്കുന്ന ആഖ്യാന ശൈലിയെ പെണ്ണെഴുത്തായി വിശേഷിപ്പിക്കുന്ന ഇന്നത്തെ കാലഘട്ടം, പത്തു വര്‍ഷത്തെ ഗവേഷണവും നൂറുകണക്കിന് ചരിത്ര രേഖകളുടെ പിന്ബലവുമുള്ള ഈ നോവലനെ ഏത് പുതിയ പേരില്‍ വിശേഷിപ്പിക്കും .

ഈ ഗ്രന്ഥം പെണ്‍സാഹിത്യത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പാണ്. ഇന്നുവരെ ഉണ്ടാക്കപ്പെട്ട പുരുഷഭാഷയെ കീഴ്മേല്‍ മറിക്കലാണത്. സ്ത്രീ സ്ത്രീക്ക് അനുവദിക്കപ്പെട്ട വൃത്തത്തിന് പുറത്തുപോയി വിശാലമായ ആശയ സമുദ്രങ്ങളെ അണകെട്ടി നിര്‍ത്താന്‍ ധൈര്യം കാണിക്കാനും പുതിയ ചരിത്ര ഭൂതകാലങ്ങളെ നിര്‍മ്മിക്കാന്‍ ചുറുചുറുക്കുള്ള ഭാവനകളെ തീര്‍ക്കുന്നു. അങ്ങനെ യാഥാര്‍ത്ഥ്യത്തിനകത്തും പുറത്തും ചരിത്രത്തിന്റെ പുതിയ യാത്രാനുഭവങ്ങള്‍ സംഭവിക്കാന്‍ ശ്രമിക്കുന്നു. ഇനി സ്ത്രീയുടെ ജീവിതത്തിന് പരിമിതികള്‍ കെട്ടാന്‍ പാടില്ലായെന്ന ശബ്ദങ്ങള്‍ ഓരോ വരികള്‍ക്കിടയിലും ക്ലിപ്പ് ചെയ്ത് വെച്ചിട്ടുള്ള നോവലാണ് രതീദേവിയുടെ ''മഗ്ദലീനയുടെ (എന്റെയും) പെണ്‍സുവിശേഷം''

ചരിത്ര ബൗദ്ധികതയ്ക്കെതിരെയുള്ള ഒറ്റയാള്‍ പോരാട്ടം കൂടിയാണ് ഈ പുസ്തകം .

സംവേദനത്തിന്റെ പുതിയ തലങ്ങള്‍ കണ്ടെത്താനുള്ള ബോധപൂര്‍വമായ ശ്രമത്തില്‍ , മഗ്ദലീനയുടെ ഇരുപത്തിമൂന്നാം വംശാവലിയില്‍ പിറന്ന ലക്ഷ്മിയെന്ന കഥാപാത്രത്തിലൂടെ, അവളുടെ അനുഭവങ്ങളുടെ നേര്‍ കാഴ്ചകളിലൂടെ മഗ്ദലീന അനാവരണം ചെയ്യപ്പെടുമ്പോള്‍, ദേശത്തിനും കാലത്തിനും ഉടലുകള്‍ക്കും അതീതമായ അനുഭൂതികളുടെ വിസ്മയ ലോകമൊരുക്കാന്‍ കഥാകാരിക്ക് കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് തന്നെ രണ്ടായിരം വര്‍ഷങ്ങളുടെ നീണ്ടയിടവേള മഗ്ദലീനക്കും ലക്ഷ്മിക്കും ഇടയിലുണ്ടെന്ന സത്യം വായനയിലോരിടത്തും നമ്മെ അസ്വസ്ഥ മാക്കുന്നില്ല. മനുഷ്യമരണത്തെക്കുറിച്ചുള്ള ഉജ്ജ്വലമായ ബുദ്ധിപ്രകടനം കൂടിയാണ് ഈ പുസ്തകം . തൃശൂര്‍ ഗ്രീന്‍ബുക്സാണ് നോവല്‍ മലയാളത്തില്‍ പ്രസിദ്ധീകരിചിരിക്കുന്നത് .
ഫ്രാങ്ക്ഫര്‍ട്ട് പുസ്തകമേളയില്‍ രതിദേവിയുടെ 'മഗ്ദലനയുടെ  പെണ്‍ സുവിശേഷം'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക