Image

കഥകള്‍ പറഞ്ഞ്, സ്മരണകള്‍ അയവിറക്കി വിശ്വാസികള്‍

Published on 14 February, 2018
കഥകള്‍ പറഞ്ഞ്, സ്മരണകള്‍ അയവിറക്കി വിശ്വാസികള്‍

മാരാമണ്‍ : മാരാമണ്‍ കണ്‍വന്‍ഷന്‍ തലമുറകളുടെ സംഗമഭൂമിയാണ്. മാര്‍ത്തോമ്മാ സഭാംഗങ്ങള്‍ മാത്രമല്ല, വിശ്വാസികളായ വലിയൊരു സമൂഹം മാരാമണ്‍ കണ്‍വന്‍ഷനിലെ സ്ഥിരം ശ്രോതാക്കളാണ്. 123 വര്‍ഷത്തെ പാരന്പര്യമുള്ള കണ്‍വന്‍ഷന്‍ തലമുറകളുടെ സംഗമം കൂടിയാണ്.

കണ്‍വന്‍ഷന്റെ പഴയകാല ചരിത്രവും അനുഭവങ്ങളുമെല്ലാം പഴയതലമുറയുടെ മനസില്‍ പച്ചപിടിച്ചു നില്‍ക്കുന്നു.

പുതുതലമുറയ്ക്കാകട്ടെ കണ്‍വന്‍ഷന്‍ മറ്റൊരു അനുഭവമാണ്. 
നവമാധ്യമങ്ങളെ പരമാവധി പ്രയോജനപ്പെടുത്തി കണ്‍വന്‍ഷന്‍ അനുഭവങ്ങള്‍ അവരും പങ്കുവയ്ക്കുകയാണ്. ഇത്തരത്തില്‍ വ്യത്യസ്തമായ കാഴ്ചകളിലൂടെയാണ് മാരാമണ്‍ മണല്‍പ്പുറം ഈ ദിവസങ്ങളില്‍ കടന്നുപോകുന്നത്.

പുലര്‍ച്ചെ വീടുകളില്‍ നിന്നിറങ്ങി രാവിലത്തെ യോഗത്തില്‍ പങ്കെടുക്കുകയും കൈയില്‍ കരുതിയിരിക്കുന്ന പൊതിച്ചോറ് മണല്‍പ്പുറത്തിരുന്ന് കഴിക്കുകയും ചെയ്യുന്ന നിരവധിയാളുകള്‍ ഇപ്പോഴും ഉണ്ട്. 

എട്ടുദിവസത്തെ എല്ലാ യോഗങ്ങളിലും ഇവര്‍ പങ്കെടുക്കും. ശാരീരികമായ പ്രശ്‌നങ്ങള്‍ കാരണം മണല്‍പ്പുറം വിട്ട് ഇവരുടെ ഇരിപ്പിടം കസേരയിലേക്ക് മാറ്റിയതൊഴിച്ചാല്‍ പഴയകാല രീതികള്‍ തുടരുന്നു.

മണല്‍പ്പുറത്തെത്തുന്ന പരിചയക്കാരെയും ബന്ധുക്കളെയും ഒക്കെ കണ്ട് സൗഹൃദം പുതുക്കുന്ന അനുഭവങ്ങളുമുണ്ട്. ഇത്തരത്തിലുള്ള കൂടിവരവുകള്‍ക്കുള്ള വേദി കൂടിയാണ് മണല്‍പ്പുറം. 
നാട്ടിലും വിദേശത്തുമായി സേവനം അനുഷ്ഠിക്കുന്ന വൈദികരും മാരാമണ്‍ കണ്‍വന്‍ഷന്‍ യോഗങ്ങളില്‍ പങ്കെടുക്കാനെത്തുന്നുണ്ട്. 

വൈദികര്‍ പരസ്പരം കൂടിക്കാണുന്നതിനൊപ്പം തങ്ങള്‍ ശുശ്രൂഷ ചെയ്തിട്ടുള്ള ദേവാലയങ്ങളിലെ വിശ്വാസികളെ കാണുന്നതും സ്‌നേഹാനുഭവമാണ്. 

മെത്രാപ്പോലീത്തമാര്‍ മുതല്‍ സാധാരണക്കാര്‍വരെ ഇത്തരത്തില്‍ സ്‌നേഹാനുഭവങ്ങള്‍ മണല്‍പ്പുറത്ത് പരസ്പരം പങ്കിടുന്നുവെന്നത് മാരാമണ്ണിന്റെ പ്രത്യേകതയില്‍പെടുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക