Image

അഡാറ് ലവ് ഗാനത്തിനെതിരായ വിവാദങ്ങള്‍ അംഗീകരിക്കാനാകില്ലെന്നു മുഖ്യമന്ത്രി

Published on 15 February, 2018
അഡാറ് ലവ് ഗാനത്തിനെതിരായ വിവാദങ്ങള്‍ അംഗീകരിക്കാനാകില്ലെന്നു മുഖ്യമന്ത്രി
ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന 'ഒരു അഡാറ് ലവ്' സിനിമയിലെ 'മാണിക്യമലരായ പൂവി' എന്ന ഗാനത്തിനെതിരായ വിവാദങ്ങള്‍ അംഗീകരിക്കാനാകില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

'മാണിക്യമലരായ പൂവി' എന്ന മാപ്പിളപ്പാട്ടിനെതിരെ ഹൈദരാബാദില്‍ ഒരു വിഭാഗം മുസ്ലിം മതമൗലികവാദികള്‍ രംഗത്തുവന്നിരിക്കുകയാണ്. പ്രവാചകനായ മുഹമ്മദ് നബിയെ നിന്ദിക്കുന്നതാണു ഗാനം എന്നാരോപിച്ച് അതില്‍ കുറച്ചുപേര്‍ ഹൈദരാബാദിലെ ഒരു പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയതായി മനസ്സിലാക്കുന്നു. ഇതൊന്നും യാദൃച്ഛികമായി കാണാനാകില്ല.

പി.എം.എ ജബ്ബാര്‍ എഴുതിയ ഈ പാട്ട് തലശ്ശേരി റഫീഖിന്റെ ശബ്ദത്തില്‍ 1978ല്‍ ആകാശവാണി സംപ്രേഷണം ചെയ്തിരുന്നു. എന്നാല്‍ പ്രസിദ്ധ മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസയാണ് ഈ പാട്ടിനു വലിയ പ്രചാരം നല്‍കിയത്. 'മാണിക്യമലര്‍'' പതിറ്റാണ്ടുകളായി മുസ്ലിം വീടുകളില്‍, വിശേഷിച്ചും കല്യാണവേളകളില്‍ പാടി വരുന്നുണ്ട്. നല്ല മാപ്പിളപ്പാട്ടുകളില്‍ ഒന്നാണിതെന്നു പാട്ടു ശ്രദ്ധിച്ചവര്‍ക്കറിയാം. മുഹമ്മദ് നബിയുടെ സ്‌നേഹവും ഖദീജാ ബീവിയുമായുളള വിവാഹവുമാണു പാട്ടിലുളളത്.

മതമൗലികവാദികള്‍, അവര്‍ ഏതു വിഭാഗത്തില്‍ പെട്ടവരായാലും, എല്ലാത്തരം കലാവിഷ്‌കാരത്തെയും വെറുക്കുന്നു എന്ന വസ്തുതയാണ് ഈ വിവാദവും നമ്മെ ഓര്‍മിപ്പിക്കുന്നത്. കലകളിലൂടെയും സാഹിത്യത്തിലൂടെയും മനുഷ്യനു ലഭിക്കുന്ന സന്തോഷവും വിജ്ഞാനവും അവര്‍ക്കു സഹിക്കാന്‍ കഴിയില്ല. മതമൗലികവാദത്തിനും വര്‍ഗീയവാദത്തിനും എതിരായ ശക്തമായ ആയുധമാണു കലയും സാഹിത്യവും. ആ നിലയില്‍ കലയും സാഹിത്യവും ഉപയോഗിക്കുന്നവര്‍ക്കൊപ്പമാണ് നാം നിലകൊള്ളേണ്ടതെന്നും പിണറായി കുറിച്ചു.
----------------
ചിത്രത്തിന്റെ സംവിധായകന്‍ ഒമര്‍ ലുലുവിനും ചിത്രത്തില്‍ അഭിനയിച്ച പ്രിയ വാര്യര്‍ക്കുമെതിരേ ഹൈദരാബാദില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

സെക്ഷന്‍ 295 എ പ്രകാരം ഫലക്നുമ പൊലീസാണ് ഒമറിനെതിരെ കേസെടുത്തിരിക്കുന്നത്. മുഹമ്മദ് അബ്ദുള്‍ മുഖീത് ഖാന്‍ എന്നയാളും അദ്ദേഹത്തിന്റെ ചില സുഹൃത്തുക്കളുമാണ് പരാതി നല്‍കിയതെന്ന് ഹൈദരാബാദ് ഡെപ്യൂട്ടി കമ്മീഷണര്‍ വി. സത്യനാരായണ പറഞ്ഞു. പ്രവാചകന്‍ മുഹമ്മദ് നബിയേയും അദ്ദേഹത്തിന്റെ ഭാര്യ ഖദീജബീവിയേയും അപമാനിക്കുന്ന വരികളാണ് പാട്ടിലേതെന്ന് ഇവര്‍ പരാതിയില്‍ പറയുന്നു.

മലയാളത്തിലെ വരികള്‍ മനസ്സിലാക്കിയിരുന്നില്ലെന്നും പിന്നീട് പരിഭാഷപ്പെടുത്തിയപ്പോഴാണ് പ്രവാചകന്റെ ഭാര്യയെക്കുറിച്ചുള്ള പരാമര്‍ശം മുസ്ലീം വികാരത്തെ വ്രണപ്പെടുത്തിയതാണെന്ന് മനസിലായതെന്ന് ഇവര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി. യഥാര്‍ത്ഥ ഗാനവും അതിന്റെ ഇംഗ്ലീഷ് പരിഭാഷയും പരാതിക്കൊപ്പം ഇവര്‍ നല്‍കിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക