Image

ജീവിതം ഒരര്‍ച്ചന (കവിത: ജയന്‍ വര്‍ഗീസ്)

Published on 15 February, 2018
ജീവിതം ഒരര്‍ച്ചന (കവിത: ജയന്‍ വര്‍ഗീസ്)
അഗ്‌നി രഥങ്ങള്‍
തെളിച്ചുഷസ്സിന്‍ മുക്ത
രക്താന്പരം ചുറ്റി
യുജ്ജ്വലിപ്പാരുവാന്‍ ?

ചക്രവാളങ്ങള്‍
നടുക്കി യഗ്‌നിച്ചാട്ട
യുജ്ജ്വല ' ജില്‍ ജ്ജില്‍ '
ചുഴറ്റുവ താരുവാന്‍?

നക്ഷത്ര വ്യൂഹങ്ങ
ളാപേക്ഷികത്തിന്റെ
തച്ചു ശാസ്ത്രത്തില്‍
പതിപ്പിച്ചതാരുവാന്‍?

നിത്യ സത്യത്തിന്റെ
യച്ചുതണ്ടില്‍ വിശ്വ
ചക്രം തിരിച്ചു
വിലസുന്നതാരുവാന്‍ ?

സ്വപ്നങ്ങളാം കൊച്ചു
തന്മാത്രകള്‍ ചേര്‍ത്തു
സ്വച്ഛമീ ജീവിത
താളം രചിച്ചതാര്‍ ?

അപ്പെരും സത്യമേ,
തത്ര പാദങ്ങളില്‍,
വച്ചു തൊഴുന്നെന്റെ
ജീവിത വിസ്മയം !
Join WhatsApp News
വിദ്യാധരൻ 2018-02-15 16:36:58
എല്ലാം സമ്മതിക്കുന്നു കവി
ഉത്തരം കിട്ടാത്ത നൂറു നൂറു
ചോദ്യങ്ങൾ മുന്നിലിന്നുമുണ്ടു.

സുന്ദരമീ പ്രപഞ്ചത്തിൽ
ഇന്നുമുണ്ട് കണ്ടെത്താത്ത
ചെറു കണികകൾ ഒട്ടേറെ

അണുവിനുണ്ടൊരു ബീജകേന്ദ്രം
അതിലുണ്ടൊരു മൗലീകകണം
കൂടാതെ  വൈദ്യുതാധാനിമി
ല്ലാത്ത മറ്റൊരു കണം

അന്വേഷണ കുതുകരാം
മനുഷ്യൻ പിന്നെയും കിള്ളി -
പൊളിച്ചപ്പോൾ കണ്ടു 'ക്വാർക്സ് '
വീണ്ടും പൊളിച്ചപ്പോൾ കണ്ടു
അതിലും ഭേദങ്ങൾ പലവിധം

എല്ലാം സമ്മതിക്കുന്നു കവി
ഉത്തരം കിട്ടാത്ത നൂറു നൂറു
ചോദ്യങ്ങൾ മുന്നിലിന്നുമുണ്ടു. 

എങ്കിലും കൊടുക്കില്ല ഞങ്ങൾ
നിങ്ങൾ തലയിൽ അടിച്ചേൽപ്പിക്കാൻ
തുനിയും, നിങ്ങൾ സൃഷിച്ച
ദൈവത്തിനതിൻ യശസ്സ്‌

രാവും പകലും ഇല്ലാതെ
ജീവിത സുഖങ്ങൾ ത്യജിച്ച്
മനുഷ്യനന്മയ്ക്കായി വർത്തിക്കും
ശാസ്ത്ര സമൂഹമേ
നിങ്ങൾക്കു വന്ദനം

നിരീശ്വരൻ 2018-02-15 18:11:45
ജയൻ വറുഗീസ് കവിത എഴുതുന്നു ലേഖനം എഴുതുന്നു അദ്ദേഹത്തിൻറെ ദൈവത്തെ ചിലവാക്കാൻ.  പക്ഷെ വിദ്യാധരനെപ്പോലുള്ള മുട്ടാളന്മാര് മാർഗ്ഗ തടസ്സം ഉണ്ടാക്കുന്നു എന്ന് വന്നാൽ എന്തു ചെയ്യും ?  പുള്ളി പറയുന്നത് എന്തു വന്നാലും ദൈവത്തിന് ഈ പ്രപഞ്ചം സൃഷ്ടിച്ചത്തിന്റെ മഹത്വം കൊടുക്കില്ലന്നാണ് . എവിടെ പോയി ജയന്റെ  ഒരു ശിങ്കിടി ?

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക