Image

മതവികാരം വ്രണപ്പെടുന്നു? (മീട്ടു റഹ്മത്ത് കലാം)

Published on 15 February, 2018
മതവികാരം വ്രണപ്പെടുന്നു? (മീട്ടു റഹ്മത്ത് കലാം)
മതവികാരം വ്രണപ്പെട്ടു എന്ന വാര്‍ത്തയ്ക്ക് പഴയ ഞെട്ടലൊന്നും സൃഷ്ടിക്കാന്‍ കഴിയുന്നില്ല. ഭാഷയുടെ വ്യത്യാസമില്ലാതെ, പ്രദര്‍ശനത്തിനു തയ്യാറെടുക്കുന്നതിനു മുന്‍പ് തന്നെ, മുറിവില്‍ നിന്നിറ്റു വീഴുന്ന ചോരയുമായി മതത്തിന്റെ മറപിടിച്ച് രംഗത്തെത്തുന്നവര്‍ ഇന്ന് സ്ഥിരം കാഴ്ചയാണ്. യുദ്ധസമാനമായ ഭീകരാന്തരീക്ഷവും ഒച്ചപ്പാടുമായി തുടക്കത്തില്‍ കത്തിക്കയറി, ഒരുകാര്യവുമില്ലെന്നു ബോധ്യപ്പെടുന്നതോടെ പത്തിമടക്കി പോകുന്ന രീതിയാണ് പതിവ്.

പ്രദര്‍ശനാനുമതി നിഷേധിക്കുമെന്ന ഭീഷണിയും മുറവിളിയും വിശ്വരൂപം, സെക്‌സി ദുര്‍ഗ, പത്മാവത് തുടങ്ങി ആമി വരെയുള്ള പല ചിത്രങ്ങളും നേരിട്ടത് മുന്നില്‍ തന്നെയുണ്ട്. യൂട്യൂബ് സെന്‍സേഷന്‍ ആയി മാറിയ ഒമര്‍ ലുലു സംവിധാനം ചെയ്ത 'ഒരു അഡാര്‍ ലവ്' എന്ന സിനിമയിലെ ഗാനമാണ് ഏറ്റവും ഒടുവിലായി പൊല്ലാപ്പ് പിടിച്ചിരിക്കുന്നത്.

മലയാളക്കര കടന്ന് രാജ്യത്താകമാനവും, പാകിസ്താനിലും ഈജിപ്തിലും ട്യൂണേഷ്യയിലുമൊക്കെ തരംഗമായി മാറിയ പാട്ടാണ് 'നിന്ദാപരമായ പരാമര്‍ശം' നടത്തിയതായി ആക്ഷേപിച്ച് , ഹൈദരാബാദിലുള്ള കുറച്ചു മുസ്ലീങ്ങള്‍ പോലീസില്‍ പരാതിപ്പെട്ടിരിക്കുന്നത്.

നാല് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് പി.എം.എ. ജബ്ബാര്‍ എഴുതി കെ. റഫീഖ് ഈണമിട്ട ' മാണിക്യ മലരായ പൂവി ' എന്ന മാപ്പിളപ്പാട്ട് മുസ്ലിം കല്യാണവീടുകളിലും കലോത്സവ വേദികളിലും പാടിക്കേട്ട് പല തലമുറകളുടെയും ഹൃദയത്തില്‍ മുന്‍പേ കയറിക്കൂടിയതാണ്. ഷാന്‍ റഹ്മാന്‍ പകര്‍ന്ന പുത്തന്‍ ശീലും വിനീത് ശ്രീനിവാസന്റെ മാസ്മരിക ശബ്ദവും അതിനെ മറ്റൊരു ലെവലില്‍ എത്തിച്ചു.

അറബി, മലയാളം, ഉറുദു, പേര്‍ഷ്യന്‍, തമിഴ് എന്നീ ഭാഷകളിലെ വാക്കുകള്‍ കാണുമെന്നതാണ് മാപ്പിളപ്പാട്ടുകളുടെ ഏറ്റവും വലിയ സവിശേഷത

കേള്‍ക്കുമ്പോള്‍ ഇമ്പം തോന്നുമെങ്കിലും ആവര്‍ത്തിച്ചു കേട്ടാലേ വരികള്‍ മനസ്സിലാക്കാനും അര്‍ത്ഥം ഗ്രഹിക്കാനും പലപ്പോഴും കഴിയാറുള്ളു.

മാപ്പിളഗാന ശാഖയുടെ ഈറ്റില്ലമായ വടക്കന്‍ കേരളത്തില്‍ പ്രചാരമുള്ള ഗാനം, അതിന്റെ എല്ലാ സത്തയും ഉള്‍ക്കൊണ്ടതാകുമെന്ന് സാമാന്യ ബുദ്ധിക്ക് ഊഹിക്കാം. വ്യത്യസ്ത ഭാഷയിലെ വാക്കുകള്‍ക്ക് എഴുത്തുകാരന്‍ കല്പിച്ച അര്‍ത്ഥം ഗ്രഹിക്കാന്‍ കഴിഞ്ഞതു കൊണ്ടാണ് മുസ്ലീങ്ങള്‍ കൂടുതലുള്ള മലബാറില്‍ ഈ ഗാനം മുഹമ്മദ് നബിയുടെ പ്രിയപത്‌നി ഖദീജ ബീവിയെ പ്രകീര്‍ത്തിച്ചുള്ളതാണെന്നതിനു നാളിതുവരെയും തര്‍ക്കം ഉണ്ടാകാതിരുന്നത്. വരികളില്‍ ഖദീജ ബീവിയെ നിന്ദിക്കുന്നതായി പരാതിപ്പെട്ടവര്‍ക്ക് തോന്നിയത് ഒരുപക്ഷെ വിവര്‍ത്തനം ചെയ്തതില്‍ പിഴവ് സംഭവിച്ചതു കൊണ്ടാകാമെന്നാണ് ഇരുത്തിചിന്തിച്ചാല്‍ തോന്നുന്ന ഏക സാധ്യത.

മുഹമ്മദ് നബിയുടെയും ഖദീജ ബീവിയുടെയും സ്‌നേഹത്തിന്റെ ആഴം അറിയാവുന്നവരുടെ മതവികാരം അങ്ങനെ എളുപ്പത്തില്‍ വ്രണപ്പെടില്ലെന്നതാണ് സത്യം. ഇന്ന് നിലനില്‍ക്കുന്ന മാനദണ്ഡങ്ങള്‍ കൊണ്ട് അളന്നാല്‍ അവരുടെ ബന്ധത്തിന്റെ ഇഴയടുപ്പം മനസ്സിലായിക്കൊള്ളണമെന്നില്ല.

ബഹുഭാര്യത്വം എന്ന സങ്കല്‍പം ഇസ്ലാമിലേക്ക് വന്നതു തന്നെ യുദ്ധത്തിലൂടെയും രോഗത്തിലൂടെയും നിരാലംബരായ പോകുന്ന വിധവകള്‍ക്ക് ഒരു ആശ്രയം ലഭിക്കണമെന്ന ഉദ്ദേശത്തോടെയാണ്. മുഹമ്മദ് നബിയുടെ ഭാര്യമാരില്‍ കന്യകയും ചെറുപ്പക്കാരിയുമായി ഐഷ ബീവി മാത്രമേ ഉണ്ടായിരുന്നുള്ളു. അവര്‍ പോലും അസൂയപ്പെട്ടിരുന്ന സ്‌നേഹ ബന്ധമായിരുന്നു ഖദീജ ബീവിയും നബിയും തമ്മില്‍.

വിധവയായ ശേഷം തന്റെ വ്യാപാരം നോക്കി നടത്താന്‍ വിശ്വസ്തരായ ആരെയും കിട്ടാതിരിക്കെയാണ് കോടീശ്വരിയും സുന്ദരിയുമായ ഖദീജ ബീവി നബിയെക്കുറിച്ച് പ്രിയ വേലക്കാരി മൈസറയിലൂടെ അറിയുന്നത്.

സത്യസന്ധമായി കച്ചവടം ചെയ്യുന്ന ആള്‍ എന്നതിലുപരി നബിയിലെ വ്യക്തിപ്രഭാവം അവരെ സ്വാധീനിച്ചു. അറബ് നാട്ടില്‍ വിവാഹത്തിന് പ്രായം പ്രശ്‌നമല്ല. തന്നെക്കാള്‍ ഇളയവനായ നബിയെ വിവാഹം ചെയ്യാനുള്ള ആഗ്രഹം ദൂതന്‍ വഴി അറിയിച്ചപ്പോള്‍ മക്കയിലെ നല്ലൊരു വിഭാഗം ആളുകളും അതിനെ എതിര്‍ത്തു.

ധനികയായ ഖദീജയ്ക്ക് അനാഥനും ദരിദ്രനായ ഒരാള്‍ ചേരില്ലെന്നു വരെ പറഞ്ഞു. തന്റെ സ്വത്തുക്കള്‍ മുഴുവന്‍ നബിയുടെ പേരില്‍ എഴുതി സ്വയം ദരിദ്രയായാണ് ഖദീജ ബീവി അദ്ദേഹത്തിന്റെ പത്‌നിയായത്.

ആരിലും അസൂയ ജനിപ്പിക്കുന്ന ദാമ്പത്യമായിരുന്നു അവരുടേത്. നാല്പതാം വയസു മുതല്‍ നബി കൂടുതല്‍ സമയം ചെലവഴിച്ചിരുന്നത് ഹിറാ ഗുഹയിലായിരുന്നു. ഭര്‍ത്താവിന് ഭക്ഷണം എത്തിക്കേണ്ടത് ഭാര്യയുടെ കടമയാണെന്ന് പറഞ്ഞ് ഖദീജ പ്രായാധിക്യത്തിന്റെ ക്ലേശങ്ങള്‍ സഹിച്ചുപോലും മല കയറി അവിടെ ചെല്ലുമായിരുന്നു. നബി തന്റെ പ്രവാചകത്വം ആദ്യം പറയുന്നത് തന്റെ പ്രിയപത്‌നിയോടാണ്. അവരത് സംശയമേതുമില്ലാതെ വിശ്വസിക്കുകയും അവസാനകാലം വരെ എന്തിനും നബിയോടൊപ്പം നില്‍ക്കുകയും ചെയ്തു.

ഖദീജ തന്റെ മരണക്കിടക്കയില്‍ വച്ച് ഭര്‍ത്താവിനെ നന്നായി നോക്കാന്‍ ഒരാളെ കൂട്ടായി നല്‍കണേ എന്നാണ് പ്രാര്‍ത്ഥിച്ചത്.

വര്‍ഷങ്ങള്‍ക്കു ശേഷം മക്ക കീഴടക്കി നബി തമ്പടിച്ചതു പോലും ഖദീജ ബീവിയുടെ ഖബറിനരികിലാണ്.

സംവിധായകന്‍ മുസ്ലീമായ സ്ഥിതിക്ക് ഈ ചരിത്രങ്ങളൊക്കെ അറിയാവുന്ന ആളായിരിക്കും. എല്ലാ മതത്തെയും കുറിച്ച് അറിവുകള്‍ ഉള്ളവരാകണമെന്നില്ലാത്തതു കൊണ്ട് അബദ്ധങ്ങള്‍ ചില സാഹചര്യങ്ങളില്‍ ഉണ്ടാകാം. ഇവിടെ അങ്ങനൊരു സാധ്യത പോലുമില്ല. അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ ഉന്നയിക്കുന്നവരല്ലേ മതത്തെ യഥാര്‍ത്ഥത്തില്‍ നിന്ദിക്കുന്നത്? 
Join WhatsApp News
keraleeyan 2018-02-15 12:32:31
മുസ്ലിം വര്‍ഗീയവാദികളെ അടിച്ചമര്‍ത്തണം. നിഷ്‌കരുണം. പ്രത്യേകിച്ച് കേരളത്തില്‍. ആര്‍.എസ്.എസിന്റെ വര്‍ഗീയത തന്നെ ധാരാളം. കൂടുതല്‍ വേണ്ട. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക