Image

ജനിച്ചതേ കഷ്‌ടം

ജോണ്‍ ഇളമത Published on 17 March, 2012
ജനിച്ചതേ കഷ്‌ടം
കോലായില്‍ മാര്‍ബിള്‍ത്തറയില്‍
കാല്‍ നീട്ടിയിരുന്നു മുത്തശ്ശി
കണ്ണിനു കാഴ്‌ചക്കുറവു
കാതിനു കേള്‍വിക്കുറവു
എന്നുവച്ചിപ്പം മേളീന്നു വിളിക്കാതെ
എങ്ങനെ ചാകാന്‍ പറ്റും!
എത്ര വയസ്സായീന്നുകൃത്യം അറിയീല
തൊണ്ണൂറുകഴിഞ്ഞെന്നു എല്ലാരും പറേണു
എത്ര പൂര്‍ണ്ണചന്ദ്രോദയം കണ്ടു
പ്രളയവും വേനലും ക്ഷാമവും കണ്ടു
പ്രതികരണശേഷി എന്നേ നശിച്ചു
ഒരുപിടിച്ചോറിനു എത്ര ശകാരം!
മരുമകള്‍ തന്നെ പുച്ഛിച്ചു തള്ളുന്നു
ഒരുപോല ഞെട്ടിനു എന്ത്‌ പ്രയാസം!
പണ്ടൊക്കെ കെട്ട്യോനു വെറ്റതെറുത്തു
ഉണ്ടുകഴിഞ്ഞൊരു മുറുക്കിന്‌ രസം
ഉണ്ടായതില്ല നാളേറെയായി
മരുമകള്‍ ദുഷ്‌ടമേദസ്‌ മുറ്റിയ
മച്ചിയാണെന്നു പരക്കെ സംസാരം
മകനോ, മണ്ടന്‍! അച്ചിയാണവനു
മെച്ചമായ്‌ ഈ ഉലകില്‍
പെണ്‍കോന്തനവന്‍, പെറാത്തമച്ചിക്ക്‌
കണ്ണുചിമ്മിയിരിക്കും കാവലാള്‍
എന്തിനൊരു നീണ്ട ജന്മം
സ്വന്തമെന്ന്‌ പറയാന്‍ എന്തുണ്ട്‌!
കൂട്ടുകുടുംബമില്ലിന്നു, സ്‌നേഹമില്ലിന്നു
കെട്ടി വേറെ പൊറുക്കുന്നു
കെട്ടവര്‍ഗ്ഗങ്ങള്‍ അച്ചിഭക്തന്മാര്‍
അമ്മയെ നോക്കാന്‍ ആളില്ല.
അഗതിമന്ദിരങ്ങള്‍ അനവധി
ആരാന്റെ അമ്മെ കാശിനു നോക്കുന്ന
ആരാച്ചാര്‍ സദനങ്ങള്‍ എങ്ങും!
അതിലൊന്നില്‍ എന്നെ പാര്‍പ്പിക്കാന്‍
ധൃതിവെച്ചിടുന്നുസ മരുമോളും മോനും
അമ്മക്കിനി ഒന്നിനും കുറവു വരില്ലത്രെ
അമ്പലത്തില്‍ തൊഴാല്‍ കൂട്ട്‌
കാച്ചിയ എണ്ണതേപ്പിച്ച്‌ കുളിപ്പിക്കാന്‍ ആള്‍
കാലത്തും ഉച്ചയ്‌ക്കും അന്തിക്കും
കാപ്പീം പലാപോം ഊണും
പിന്നെ മൂന്നുംകൂട്ടി മുറുക്ക്‌
ഒന്നിനും കുറവില്ല എന്ന്‌ ഭാഷ്യം
കൃഷ്‌ണാ ഗുരുവായൂരപ്പാ, ഒന്ന്‌
കടാക്ഷിക്ക്‌ വെക്കം
കാലനില്ലാത്തൊരു കാലമോ?
ജീവിച്ചു, മടുത്തു,
ജനിച്ചതേ ഹാ കഷ്‌ടം!
ജനിച്ചതേ കഷ്‌ടം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക