Image

ശുഹൈബിന്റെ രക്തം കൊലപാത രാഷ്ട്രീയത്തിന്റെ അവസാന വിലയാകട്ടെ! (ഷോളി കുമ്പിളുവേലി)

ഷോളി കുമ്പിളുവേലി Published on 17 February, 2018
ശുഹൈബിന്റെ രക്തം കൊലപാത രാഷ്ട്രീയത്തിന്റെ അവസാന വിലയാകട്ടെ! (ഷോളി കുമ്പിളുവേലി)
രാഷ്ട്രീയ കൊലപാതകങ്ങള്‍ മലയാളിക്ക് പുതിയ വാര്‍ത്തയല്ല; കണ്ടും കേട്ടും നമ്മുടെ മനഃസാക്ഷിതന്നെ മരവിച്ചു പോയി. പറഞ്ഞിട്ടോ കരഞ്ഞിട്ടോ കാര്യമില്ലാത്ത അവസ്ഥ! കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കൊണ്ടും കൊടുത്തും മുന്നേറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയസംഘടനങ്ങളില്‍ ഭൂരിപക്ഷവും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും-ബി.ജെ.പി.യും തമ്മിലായിരുന്നു. പിന്നെ എസ്.ഡി.പി.ഐ. പോലുള്ള തീവ്രവര്‍ഗീയ പാര്‍ട്ടികളും ഉണ്ടാകാം. ഇവരുടെ സംഘട്ടനങ്ങളില്‍ ഒരു പക്ഷത്തെ മാത്രം ഒരിക്കലും കുറ്റപ്പെടുത്തുവാന്‍ കഴിയില്ലായിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം കണ്ണൂരില്‍ കൊല്ലപ്പെട്ട ശുഹൈബിന്റെ കാര്യം അങ്ങനെയല്ല!! കൊല ചെയ്യപ്പെടാന്‍ തക്ക എന്തുകുറ്റമാണ് ആ ചെറുപ്പക്കാരന്‍ ചെയ്തതെന്ന് എത്ര ചിന്തിച്ചിട്ടും മനസിലാകുന്നില്ല! മാത്രമല്ല കണ്ണൂരില്‍ കോണ്‍ഗ്രസ് ഒരു തരത്തിലുള്ള രാഷ്ട്രീയ ഭീഷണിയും ഒരു പാര്‍ട്ടിക്കും ഉണ്ടാകുന്നുമില്ല! അപ്പോള്‍ പിന്നെ, ഒരു കോളേജ് ഇലക്ഷനില്‍ കെ.എസ്.യു-എസ്.എഫ്.ഐ. തിരിഞ്ഞ് മുദ്രാവാക്യം വിളിച്ചതോ? അതോ പരസ്പരം വെല്ലുവിളിച്ചതോ? വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ ഇതൊക്കെ സര്‍വ്വസാധാരണമല്ലേ? ഇതൊക്കെ ഒരാളെ കൊല്ലാന്‍ തക്കകുറ്റമാണോ? അതോ കണ്ണൂര്‍ ജില്ലയില്‍ തങ്ങള്‍ക്കെതിരെ ആരും മുദ്രാവാക്യം പോലും വിളിക്കാന്‍ പാടില്ലാ എന്ന മാര്‍കിസ്റ്റ് പാര്‍ട്ടിയുടെ അംഹഭാവമോ?

ശുഹൈബിന്റെ കൊലക്കു പിന്നില്‍ ആരും ആകട്ടെ! ഇരുപത്തൊമ്പതു വയസ് മാത്രം പ്രായമുള്ള ഒരു ചെറുപ്പക്കാരന്‍ അതി ദാരുണമായി കൊലചെയ്യപ്പെട്ടിട്ട് കേരളത്തിന്റെ ആഭ്യന്തരം കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി അതിനെ ഒന്നും അപലപിക്കുകപോലും ചെയ്യാതിരിക്കുന്നത് അദ്ദേഹത്തിന്റെ പദവിക്ക് ചേരുന്നതായിരുന്നില്ല. കൊലപ്പെട്ടവന്റെ രാഷ്ട്രീയം എന്തുമാകട്ടെ; അവരും ഈ മുഖ്യമന്ത്രിയുടെ ഒരു 'പ്രജ' തന്നെയാണ്. 'അഡാര്‍ ലവ്' ലെ ഗാനത്തിലെ, വിവാദങ്ങളില്‍ പ്രതിഷേധിച്ച നമ്മുടെ മുഖ്യമന്ത്രി സ്വന്തം നാട്ടില്‍ നടന്ന അറും കൊലയില്‍ പ്രതിഷേധിക്കാത്തത് എന്തുകൊണ്ടാണ്? സ്വന്തം അണികളുടെ ആത്മവീര്യം തകര്‍ന്നു പോകുമെന്ന് പേടിച്ചിട്ടോ?

മുഖ്യമന്ത്രി പിണറായി വിജയനോട് വ്യക്തിപരമായി ബഹുമാനമുള്ള വ്യക്തിയാണ് ഞാന്‍ അദ്ദേഹത്തിന്റെ കര്‍ക്കശ സ്വഭാവവും ഇഷ്ടമാണ്. പക്ഷേ, കര്‍ക്കശവും, ദാര്‍ഷ്ഠ്യവും ഒക്കെ അനുസരണക്കേടും, അഴിമതിയും കാണിക്കുന്ന ഉദ്യോഗസ്ഥരോടും, പൊതുപ്രവര്‍ത്തകരോടും ഒക്കെ മതി, സാധാരണക്കാരോട് വേണ്ട!!
ആരോഗ്യ പരിപാലന രംഗത്തും, സാക്ഷരതയിലും, സാമ്പത്തികത്തിലുമൊക്കെ കേരളം നേടിയ വളര്‍ച്ചയില്‍ അഹങ്കരിക്കുന്ന നമ്മള്‍, രാഷ്ട്രീയ കൊലപാതങ്ങളുടെ പേരില്‍ ലോകത്തിനു മുമ്പില്‍ തലകുനിക്കേണ്ടിവരുന്നു!! ജനാധിപത്യത്തെ ഏറെ പ്രകീര്‍ത്തിക്കുന്ന കേരളത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഒരു പോലെ പ്രവര്‍ത്തിക്കുന്നതിനുള്ള സാഹചര്യം ഉണ്ടാകണം.  ആരു കൊല്ലപ്പെട്ടാലും ഒരു വശത്ത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയാണെന്ന പേരു ദോഷം മാറ്റിയെടുക്കാന്‍ അവരുടെ നേതൃത്വം തന്നെ മുന്‍കൈ എടുക്കണം. അല്ലെങ്കില്‍ കാല്‍ചുവട്ടിലെ മണ്ണ് കേരളത്തിലും ഒലിച്ചു പോകുവാന്‍ അധിക നാള്‍ വേണ്ടിവരില്ല. സംഘട്ടനങ്ങളിലൂടെയുള്ള നേട്ടങ്ങള്‍ ശാശ്വതമല്ല! ആയിരുന്നു എങ്കില്‍' ഗാന്ധിജി ഒരിക്കലും ജയിക്കുമായിരുന്നില്ല; ഭാരതം സ്വാതന്ത്രവും ആകുമായിരുന്നില്ല!!

ശുഹൈബിന്റെ രക്തത്തിന്റെ വില, കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് ശാശ്വത വിരാമം ആകട്ടെ എന്ന് നമുക്ക് ആശംസിക്കാം!

ശുഹൈബിന്റെ രക്തം കൊലപാത രാഷ്ട്രീയത്തിന്റെ അവസാന വിലയാകട്ടെ! (ഷോളി കുമ്പിളുവേലി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക