Image

സ്വവര്‍ഗരതി: നിയമവും ധാര്‍മികതയും

ഡോ.ഒ.കെ.മുരളീകൃഷ്ണന്‍ (Mathrubhumi) Published on 17 March, 2012
സ്വവര്‍ഗരതി: നിയമവും ധാര്‍മികതയും
ഇണയെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡമെന്ത്? എന്നത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമാണ്.എന്നാല്‍ ഒരേലിംഗത്തില്‍പ്പെട്ടവര്‍ക്ക് രതിയാകാമോ എന്നത് സദാചാരസംബന്ധിയായ പ്രശ്‌നമാണ്.സദാചാരത്തിന്റെ അടിസ്്ഥാനമായ ധാര്‍മികതയാകട്ടെ സമൂഹത്തിനും സംസ്‌കാരത്തിനമനുസരിച്ച് മാറിക്കൊണ്ടിരിക്കും. അതിനാല്‍ ഇക്കാര്യത്തില്‍ ഒറ്റവാക്കില്‍ ഉത്തരം പറയുക എളുപ്പമല്ല.

സ്വവര്‍ഗരതി കുറ്റകരമാക്കേണ്ടെന്ന 2009 ലെ ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെയുള്ള അപ്പീലില്‍ കേന്ദ്രസര്‍ക്കാര്‍ ആദ്യം എതിര്‍ത്തും പിന്നെ അനുകൂലിച്ചും സുപ്രീം കോടതിയില്‍ നിലപാടെടുത്തത് ഈ പശ്ചാത്തലത്തില്‍ നിന്നുവേണം ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍.

ഏറെ സാമൂഹികപ്രാധാന്യമുള്ള ഒരു വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ പരമോന്നത നീതിപീഠത്തിനു മുന്നില്‍ കൃത്യമായ നിലപാടെടുക്കാന്‍ വൈകിയത് വിമര്‍ശനത്തിന് ഇടയാക്കി. കേസിന്റെ ആദ്യവാദത്തില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മല്‍ഹോത്ര, സ്വവര്‍ഗരതി ഇന്ത്യന്‍ സംസ്‌കാരത്തിന് നിരക്കുന്നതല്ലെന്ന് അഭിപ്രായപ്പെട്ടപ്പോള്‍, ഇത്തരമൊരു നിലപാടെടുത്തില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അന്നുതന്നെ പത്രക്കുറിപ്പിറക്കി. അടുത്തദിവസത്തെ വാദത്തില്‍ സ്വവര്‍ഗരതി കുറ്റകരമാണെന്ന നിലപാട് കേന്ദ്രത്തിനില്ലെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മോഹന്‍ ജെയ്ന്‍ അറിയിക്കുകയും ചെയ്തു.

നേരത്തേ ഡല്‍ഹി ഹൈക്കോടതിയില്‍ കേസ് പരിഗണനയ്ക്ക് വന്നപ്പോള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സ്വവര്‍ഗരതി നിയമവിധേയമാക്കരുതെണ് വാദിച്ചത്. എയ്ഡ്‌സ് പോലുള്ള രോഗങ്ങള്‍ പടരാന്‍ ഇടയാകുമെന്നായിരുന്നു ഉന്നയിച്ച ന്യായം. സുപ്രീം കോടതിയില്‍ ആദ്യവിചാരണയില്‍ മല്‍ഹോത്ര വാദിച്ചതും ഇതേ അടിസ്ഥാനത്തിലാണ്. കൂടാതെ ഇന്ത്യയുടെ സവിശേഷമായ സംസ്‌കാരം സ്വവര്‍ഗരതിയെ അനുകൂലിക്കില്ലെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

പിന്നീട് സുപ്രീം കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് തിരുത്തിയതില്‍നിന്ന് മനസ്സിലാക്കുന്നത് സ്വവര്‍ഗരതിയെ കുറ്റകരമായി കാണുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വ്യവസ്ഥയോട് സര്‍ക്കാരിന് യോജിപ്പില്ലെന്നു തന്നെയാണ്. ഈ സാഹചര്യത്തില്‍ ശിക്ഷാനിയമത്തിലെ ബന്ധപ്പെട്ട വകുപ്പ് ഭേദഗതി ചെയ്യണമെന്ന പരോക്ഷസൂചനയാണ് സര്‍ക്കാരിന്റേതെന്ന് വ്യാഖ്യാനിക്കാം. ലോകത്തെ സ്വവര്‍ഗരതിക്കാരില്‍ ആറിലൊന്ന് ഇന്ത്യയിലാണെന്ന കാര്യവും ഇതോടൊപ്പം ചേര്‍ത്ത് വായിക്കാവുന്നതാണ്.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377 വകുപ്പു പ്രകാരം പ്രകൃതിയുടെ തത്ത്വങ്ങള്‍ക്ക് വിരുദ്ധമായി പുരുഷനോടും സ്ത്രീയോടും ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുന്നതും മൃഗങ്ങളുമായുള്ള വേഴ്ചയും കുറ്റകരമാണ്. കുറ്റം ചെയ്താല്‍ 14 വര്‍ഷം വരെ തടവും പിഴയും നല്‍കാന്‍ വ്യവസ്ഥയുണ്ട്.
1860 ല്‍ നിലവില്‍ വന്ന ശിക്ഷാനിയമത്തിലെ വ്യവസ്ഥയാണ് 150 വര്‍ഷത്തിനിപ്പുറം 2009 ല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടത്. അതിനുമേലുള്ള അപ്പീലിലാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍. ഈ സാഹചര്യത്തില്‍ ലോകത്തെ മറ്റു രാജ്യങ്ങൡല്‍ സ്വവര്‍ഗരതിയെ നിയമം എങ്ങനെ കാണുന്നുവെന്നും വിലയിരുത്തേണ്ടതുണ്ട്.

2010 ല്‍ നടന്ന ഒരു പഠനമനുസരിച്ച് ലോകത്ത് 115 രാജ്യങ്ങളില്‍ സ്വവര്‍ഗരതി കുറ്റകരമല്ല. 76 രാജ്യങ്ങളില്‍ അത് ശിക്ഷാര്‍ഹമാണ്. 32 രാജ്യങ്ങളില്‍ സ്ത്രീകള്‍ തമ്മിലുള്ള ബന്ധം മാത്രം അംഗീകരിച്ചിട്ടുണ്ട്. ബ്രിട്ടന്റെ കോളനികളായിരുന്ന രാജ്യങ്ങളാണ് സ്വവര്‍ഗരതി കുറ്റകരമാക്കിയവയിലേറെയും. എന്നാല്‍ ഇംഗ്ലണ്ടില്‍ 1967 മുതല്‍ ഇത് നിയമവിധേയമാണ്.

ഒരുപക്ഷെ ഫ്രാന്‍സായിരുക്കും സ്വവര്‍ഗരതി കുറ്റകരമല്ലെന്ന് വളരെ പണ്ടേ പ്രഖ്യാപിച്ച രാജ്യം. അവിടെ 1791 മുതല്‍ അത് നിയമവിധേയമാണ്. ബ്രസീല്‍ (1830), മെക്‌സിക്കോ (1872), പരാഗ്വേ (1880), അര്‍ജന്റീന (1887), ഇറ്റലി (1890) എന്നീ രാജ്യങ്ങളും ഒരു നൂറ്റാണ്ടുമുന്‍പ് സ്വവര്‍ഗരതി അംഗീകരിച്ചു. എന്നാല്‍ അഞ്ച് രാജ്യങ്ങളില്‍ ഇത് വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഇറാന്‍, മൗറിത്താനിയ, സൗദി അറേബ്യ, സുഡാന്‍, യെമന്‍ എന്നിവിടങ്ങളിലാണിത്. നൈജീരിയ, സോമാലിയ എന്നീ രാജ്യങ്ങളിലെ ചില പ്രവിശ്യകളിലും കുറ്റത്തിന് വധശിക്ഷ നല്‍കുന്നുണ്ട്.

ഇന്ത്യയെപ്പോലെ ബര്‍മയിലും കുറ്റം ചെയ്താല്‍ ജീവപര്യന്തം തടവ് ലഭിക്കും. കരീബിയന്‍ ദ്വീപ് സമൂഹങ്ങളിലെ രാജ്യമായ ട്രിനിഡാഡില്‍ തടവ് 25 വര്‍ഷമാണ്. മലേഷ്യയില്‍ രണ്ടു മുതല്‍ 20 വര്‍ഷം വരെയാണ് തടവ്. സോമാലിയയില്‍ കുറ്റം തെളിഞ്ഞാല്‍ രാജ്യത്തുനിന്ന് പുറത്താക്കും. അംഗോള സ്വവര്‍ഗരതിക്കാരെന്ന് തെളിഞ്ഞവരെ പ്രത്യേക ക്യാമ്പുകളില്‍ പാര്‍പ്പിക്കാന്‍ വ്യവസ്ഥ ചെയ്യുന്നു.

സ്വവര്‍ഗരതി നിയമവിധേയമാക്കിയ രാജ്യങ്ങളില്‍ പോലും ഇവര്‍ തമ്മിലുള്ള വിവാഹത്തിന് അംഗീകാരമില്ല. അര്‍ജന്റീന, ഐസ്‌ലാന്‍ഡ്, നോര്‍വേ, സ്വീഡന്‍, ബെല്‍ജിയം, പോര്‍ച്ചുഗല്‍, സ്‌പെയിന്‍, സൗത്ത് ആഫ്രിക്ക, കാനഡ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളില്‍ സ്വവര്‍ഗരതിക്കാര്‍ തമ്മിലുള്ള വിവാഹത്തിന് നിയമസാധുതയുണ്ട്. ഇവയില്‍ മിക്ക സ്ഥലത്തും അടുത്തിടെയാണ് നിയമം അനുകൂലമാക്കിയത്.

പതിനൊന്ന് രാജ്യങ്ങളില്‍ മറ്റുള്ളവര്‍ക്ക് ലഭിക്കുന്ന എല്ലാ വിവാഹ അവകാശങ്ങളും സ്വവര്‍ഗരതിക്കാര്‍ക്ക് ലഭിക്കുന്നുണ്ട്. ഇസ്രായേലും ദക്ഷിണാഫ്രിക്കയുമടങ്ങുന്ന പത്ത് രാജ്യങ്ങളില്‍ ഒരേ ലിംഗത്തില്‍പെട്ട ദമ്പതികള്‍ക്ക് കുട്ടികളെ ദത്തെടുക്കാന്‍ അനുവാദമുണ്ട്.

കമ്യൂണിസ്റ്റ് രാജ്യങ്ങളായായ ചൈനയിലും ക്യൂബയിലും മുന്‍ കമ്യൂണിസ്റ്റ് രാജ്യങ്ങളായ റഷ്യയുള്‍പ്പെടുള്ള കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും സ്വവര്‍ഗരതി നിയമവിധേയമാണ്. മാര്‍പാപ്പയുടെ ആസ്ഥാനമായ വത്തിക്കാന്‍സിറ്റിയില്‍ സ്വവര്‍ഗരതിക്കാരെ ശിക്ഷിക്കാന്‍ വ്യവസ്ഥയില്ല. സ്വന്തമായി ക്രിമിനല്‍ നടപടിക്രമമില്ലാത്ത വത്തിക്കാന്‍ ഇറ്റലിയുടെ നിയമവ്യവസ്ഥ പിന്തുടരുന്നതിനാലാണിത്.

ഐക്യരാഷ്ട്രസഭയില്‍ 2008 ലാണ് സ്വവര്‍ഗരതിക്കാരുടെ അവകാശവുമായി ബന്ധപ്പെട്ട വിഷയം ഗൗരവകരമായ ചര്‍ച്ചയ്ക്ക് വരുന്നത്. നെതര്‍ലന്‍ഡ്‌സും ഫ്രാന്‍സും ചേര്‍ന്നാണ് പ്രമേയം കൊണ്ടുവന്നത്. യൂറോപ്യന്‍ യൂണിയന്‍ അത് പിന്താങ്ങുകയും ചെയ്തു. എന്നാല്‍ അറബ് ലീഗ് പ്രമേയത്തെ എതിര്‍ത്തു. തുടര്‍ന്ന് രണ്ട് പ്രമേയങ്ങളും പിന്താങ്ങുന്നവര്‍ക്ക് സ്വതന്ത്രതീരുമാനമെടുക്കാന്‍ വിട്ടുകൊണ്ട് യു.എന്‍. ചര്‍ച്ച അവസാനിപ്പിക്കുകയായിരുന്നു.
2011 ല്‍ ദക്ഷിണാഫ്രിക്ക ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലിന് ഒരു നിവേദനം നല്‍്കി. ലോകത്തെമ്പാടുമുള്ള സ്വവര്‍ഗരതിക്കാരുടെ അവകാശങ്ങളെ സംബന്ധിച്ച് ഐക്യരാഷ്ട്രസഭയുടെ ഒരു ഉടമ്പടി വേണമെന്നായിരുന്നു ആവശ്യം. തുടര്‍ന്ന് കൊണ്ടുവന്ന പ്രമേയമാണ് ഇപ്പോള്‍ നിലവിലുള്ളത്. അതനുസരിച്ച് സ്വവര്‍ഗരതിക്കാര്‍ക്കെതിരെയുള്ള കുറ്റകൃത്യം തടയലും സ്വവര്‍ഗരതി കുറ്റവിമുക്തമാക്കുന്നതും രാജ്യങ്ങള്‍ പിന്തുടരണമെന്ന് നിര്‍ദ്ദേശിക്കുന്നു.

ഇന്ത്യാ ഗവണ്‍മെന്റിന്റെ ഇപ്പോഴത്തെ നിലപാടും മേല്‍പ്പറഞ്ഞ യു.എന്‍.പ്രമേയത്തെ അംഗീകരിക്കുന്നതാണെന്ന് കാണാന്‍കഴിയും. കേസ് പരിഗണിച്ച സുപ്രീം കോടതി, സ്വവര്‍ഗരതിയെ കേവലം ശാരീരികാവശ്യമെന്നതിലുപരി വിശാലമായ അര്‍ത്ഥത്തില്‍ കണ്ടുകൂടെയെന്ന് എതിര്‍ക്കുന്ന കക്ഷികളോട് ആരാഞ്ഞതും അന്താരാഷ്ട്ര തലത്തിലുള്ള നിയമവ്യവസ്ഥകളിലുള്ള മാറ്റത്തെ ഉള്‍ക്കൊണ്ടാവണം.

എന്നാല്‍, കുട്ടികള്‍ക്കെതിരായ പീഡനം വ്യാപകമാകുന്ന ഇന്ത്യയില്‍ (പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ ഇക്കാര്യത്തില്‍ മുന്നിലാണ്) പ്രകൃതി വിരുദ്ധവേഴ്ച സംബന്ധിച്ച നിയമഭേദഗതി ശ്രദ്ധാപൂര്‍വം നടത്തേണ്ട ഒന്നാണ്. ജീവശാസ്ത്രപരമായ പ്രത്യേകതകളാല്‍ സ്വവര്‍ഗരതി മാത്രം ആസ്വദിക്കാന്‍ കഴിയുന്നവര്‍ക്ക് അതിന് അനുവാദം നല്‍കണമെന്ന് പറയുമ്പോള്‍ തന്നെ ഇതിന്റെ മറവില്‍ കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കാന്‍ കഴിയുന്ന തരത്തില്‍ നിയമം മാറ്റേണ്ടതുമുണ്ട്. അങ്ങനെ മാറി വരുന്ന നിയമം ആദ്യത്തെ വിഭാഗത്തില്‍പ്പെടുന്നവരെ അനാവശ്യമായി ക്രൂശിക്കാന്‍ കഴിയുന്നതുമാകരുത്.

തീര്‍ച്ചയായും പ്രശ്‌നം സങ്കീര്‍ണമാണ്. പ്രത്യേകിച്ചും നിയമത്തെ, ഉദ്ദേശലക്ഷ്യങ്ങളില്‍നിന്ന് വ്യത്യസ്തമായ കാര്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യാറുള്ള ഇന്ത്യയില്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക