Image

ശുഹൈബ്‌ വധം; ആറ്‌ പേര്‍ കസ്റ്റഡിയില്‍

Published on 17 February, 2018
ശുഹൈബ്‌ വധം; ആറ്‌ പേര്‍ കസ്റ്റഡിയില്‍

മട്ടന്നൂരില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവ്‌ ശുഹൈബിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ആറ്‌ പേര്‍ കസ്റ്റഡിയിലായി. ശുഹൈബ്‌ വധം നടന്ന്‌ അഞ്ച്‌ ദിവസം പിന്നിടുമ്പോഴും പ്രതികളെ പിടികൂടാന്‍ പൊലീസിന്‌ കഴിയാത്തതിനെതിരേ വന്‍വിമര്‍ശനമുയരുന്ന സാഹചര്യത്തിലാണ്‌ ആറുപേര്‍ പോലീസ്‌ കസ്റ്റഡിയിലായ വിവരം പുറത്തുവന്നത്‌. ഇവരെ പൊലീസ്‌ ചോദ്യം ചെയ്‌തുവരികയാണ്‌.

ആറുപേരെ കസ്റ്റഡിയിലെടുത്ത വിവരം സ്ഥിരീകരിച്ച പൊലീസ്‌, പക്ഷെ പിടികൂടിയവരെകുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ തയാറായിട്ടില്ല. പ്രതികളെകുറിച്ച്‌ അറിയാവുന്നവരാണ്‌ കസ്റ്റഡിയിലുള്ളതെന്നും നിര്‍ണായക വിവരങ്ങള്‍ കിട്ടിയതായുമാണ്‌ പൊലീസ്‌ റിപ്പോര്‍ട്ട്‌. 

കണ്ണൂര്‍ എസ്‌പിയുടെ നേതൃത്വത്തില്‍ ഇവരെ ചോദ്യം ചെയ്‌തുകൊണ്ടിരിക്കുകയാണ്‌. അറസ്റ്റ്‌ ഉണ്ടായേക്കുമെന്ന സൂചനകളാണ്‌ പൊലീസ്‌ വൃത്തങ്ങള്‍ നല്‍കുന്നത്‌.

ശുഹൈബ്‌ വധക്കേസിലെ പ്രതികളെ തേടി പൊലീസ്‌ കണ്ണൂരിലെ കിഴക്കന്‍ മേഖലകളായ പേരാവൂര്‍, ഇരിട്ടി പ്രദേശങ്ങളിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ തെരച്ചില്‍ നടത്തിയിരുന്നു. ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ഒളിവില്‍ കഴിഞ്ഞ മുടക്കോഴിമലയിലും പൊലീസ്‌ തെരച്ചില്‍ നടത്തുന്നുണ്ട്‌. ഇതിനിടെയാണ്‌ ആറുപേര്‍ കസ്റ്റഡിയിലായത്‌.

തിങ്കളാഴ്‌ച രാത്രി പതിനൊന്നരയ്‌ക്കാണ്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ മട്ടന്നൂര്‍ ബ്ലോക്ക്‌ സെക്രട്ടറി ശുഹൈബിന്‌ വെട്ടേറ്റത്‌. തെരൂരില്‍ തട്ടുകടയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ചായ കുടിക്കുമ്പോഴാണ്‌ വാഗണര്‍ കാറിലെത്തിയ അക്രമി സംഘം ശുഹൈബിനെ വെട്ടിവീഴ്‌ത്തിയത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക