Image

മകളില്‍ നിന്ന് അച്ഛനിലേക്കുള്ള ദൂരം

രജിത് രവീന്ദ്രന്‍ Published on 17 February, 2018
മകളില്‍ നിന്ന് അച്ഛനിലേക്കുള്ള ദൂരം
അമേരിക്കയിലെ CBS ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്നതും, ആമസോണ്‍ പ്രൈമില്‍ ലഭ്യമായതുമായ സീരിയലാണ് 'MOM '. അഞ്ചാം സീസണിലെത്തി നില്‍ക്കുന്ന ഈ 'സിറ്റ് കോം 'സീരിയലില്‍ ക്രിസ്റ്റി എന്ന 35-കാരി ഭര്‍ത്താവുമായി ബന്ധം പിരിഞ്ഞതിന് ശേഷവും മകന്‍ റോസ്‌കോയുടെ ഓരോ കാര്യത്തിലും മുന്‍ ഭര്‍ത്താവിനെ പങ്കാളിയാക്കുന്നുണ്ട് . മകന് അച്ഛനെയും, അച്ഛന് മകനെയും നഷ്ടമാകാതിരിക്കാന്‍ ക്രിസ്റ്റി പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.

എന്നാല്‍ നമ്മുടെ നാട്ടിലെ അവസ്ഥ എന്താണ്?. പിരിഞ്ഞു കഴിഞ്ഞാലും മക്കളെ ഒരു നോക്ക് പോലും കാണാന്‍ നല്‍കാതെ മുന്‍ പങ്കാളിയുടെ മനസിനെ വേദനിപ്പിച്ചു പകരം വീട്ടുന്നവര്‍... ഇതിനിടയില്‍ അമര്‍ന്നു ഞെരിഞ്ഞു പോകുന്ന കുട്ടികള്‍. അച്ഛനെയോ, അമ്മയെപറ്റി
യോ എല്ലാ ദിവസങ്ങളിലും കേള്‍ക്കേണ്ടി വരുന്ന കുറ്റപ്പെടുത്തലുകള്‍. ഇത്രേം നോക്കിയിട്ടെന്തിനാ, നന്ദിയില്ലാതെ എന്നെ വിട്ടു പോകാനല്ലേ എന്നുള്ള കുത്തു വാക്കുകള്‍. 18 വയസായാല്‍ ഇഷ്ടം പോലെ അച്ഛന്റേം അമ്മയുടേം അടുത്ത് പോയി നില്‍ക്കാമല്ലോ എന്നോര്‍ത്ത് 18 വയസാകാന്‍ കാത്തിരിക്കുന്ന കുഞ്ഞുങ്ങള്‍. എന്നാല്‍ മിക്കവരും ഈ പ്രായമാകുമ്പോള്‍ ഒരിടത്തും പോകാറില്ല എന്നതാണ് സത്യം. മാതാപിതാക്കളോട് മാത്രമല്ല ലോകത്തോട് തന്നെ അകല്‍ച്ച സൂക്ഷിച്ചു കൊണ്ട് ജീവിക്കുന്നവര്‍ എവിടെ പോകാന്‍.

ഇവിടെ ഒരിടത്തു, ഒരിക്കലും തീരാത്ത ഈഗോ പ്രശ്‌നങ്ങള്‍. ഒടുവില്‍ കോടതി വഴി അവര്‍ പിരിയുന്നു. അച്ഛന്‍ കുട്ടിയെ കാണണമെന്നുംപറഞ്ഞു കോടതിയെ മറ്റൊരു അപേക്ഷയുമായി സമീപിച്ചപ്പോള്‍ മകളെ കാണാന്‍ കോടതിയില്‍ വെച്ച് മാസത്തില്‍ ഒരിക്കല്‍ അനുമതി നല്‍കുന്നു . നമ്മുടെ നീതിന്യായ വ്യവസ്ഥിതിയിലെ നൂലാമാലകള്‍ കാരണം എല്ലാ മാസവും കൂടിക്കാഴ്ച്ച നടക്കാറില്ല. കോടതിയില്‍ കൊടുത്ത വിലാസത്തിലല്ല അവര്‍ താമസം. ഫോണില്‍ വിളിച്ചാല്‍ മകള്‍ എപ്പോളും കുളിക്കുകയോ, പുറത്തു കളിക്കുകയോ ആയിരിക്കുമെന്ന മറുപടിയും.

10 വര്‍ഷം മുമ്പ് കുഞ്ഞിനെ കൈകളിലേറ്റു വാങ്ങിയ ഈ ദിവസം ഓര്‍ത്തു കൊണ്ട് വിങ്ങിപൊട്ടുന്ന എന്റെ പ്രിയ കൂട്ടുകാരാ, നിന്റൊപ്പമാണ് എന്റെ മനസ്സ് . ഒപ്പം നിന്റെ മാലാഖ കുട്ടിക്ക് എല്ലാ പിറന്നാളാശംസകളും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക