Image

സാനി ജോസഫ്, ബെന്നി ജോണ്‍: ട്രാക്ക് ആന്‍ഡ് ഫീല്‍ഡിലെ ഒളി മങ്ങാത്ത ഓര്‍മ്മകളുമായി

Published on 18 February, 2018
സാനി ജോസഫ്, ബെന്നി ജോണ്‍: ട്രാക്ക് ആന്‍ഡ് ഫീല്‍ഡിലെ ഒളി മങ്ങാത്ത ഓര്‍മ്മകളുമായി
എണ്‍പതുകളില്‍ പി.ടി. ഉഷക്കും ഷൈനി വിത്സനും മറ്റും ഒപ്പം കേട്ട പേരുകളാണു സാനി ജോസഫ്, ബെന്നി ജോണ്‍ എന്നൊക്കെ. ഒരു കാലത്ത് ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ഓട്ടക്കാരിയായിരുനു സാനി. 1992-നു ശേഷം അവരെപറ്റി ആരും ഒന്നും കേട്ടില്ല.

ഇരുവരും ആ വര്‍ഷമാണു അമേരിക്കയില്‍ എത്തിയത്. ഇവിടെ ആരും അവരെ തിരിച്ചറിഞ്ഞുമില്ല. അര്‍ഹിക്കുന്ന അംഗീകാരമൊന്നും നാട്ടിലോ ഇവിടെയൊ ലഭിച്ചില്ല. ഇപ്പോള്‍ ന്യു യോര്‍ക്ക് ലോംഗ് ഐലന്‍ഡില്‍ താമസിക്കുന്ന ഇരുവര്‍ക്കും അതില്‍ പരിഭവമൊട്ടില്ല താനും.

കടമ്പനാട് സ്വദേശിയായ ബെന്നി ജോണ്‍ 1985 മുതല്‍ അമേരിക്കയിലെക്കു വരുന്നതു വരെ ഹര്‍ഡിത്സില്‍ നാഷനല്‍ ചാമ്പ്യനായിരുന്നു. സാനി ജോസഫ് 100 മീറ്റര്‍ റിലേ, 100 മീറ്റര്‍ ഓട്ടം എന്നിവയിലാണു ദേശീയ-അന്താരാഷ്ട്ര തലത്തില്‍ തിളങ്ങിയത്.  ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എഫ്.സി.ഐ) ഉദ്യോഗസ്ഥ ആയിരുന്നു.

ആര്‍മ്മിയില്‍ ഹവില്‍ദാറായിരുന്നു ബെന്നി ജോണ്‍.  പ്രത്യേക പരിശീലനമോ പരിശീലകരോ ഒന്നുമില്ലാതെയായിരുന്നു ഓരോ നേട്ടവും കൈവരിച്ചത്. ബെന്നിയെ അന്നത്തെ പ്രത്രങ്ങള്‍ വിശേഷിപ്പിച്ചത് കടമ്പകള്‍ ചാടുന്ന ഒറ്റയാന്‍ എന്നാണ്

റാഞ്ചി ദേശീയ ഗെയിംസില്‍ 110 മീറ്റര്‍ ഹര്‍ഡിത്സില്‍ ബെന്നി റിക്കാര്‍ഡോടെ സ്വര്‍ണ്ണം നേടി . തുടര്‍ന്ന് നടന്ന അന്താരഷ്ട്ര പെര്‍മിറ്റ് മീറ്റില്‍ സ്വര്‍ണം നേടി അന്താരഷ്ട്ര പ്രസിദ്ധിയിലേക്ക് ഉയര്‍ന്നു. കല്‍ക്കട്ട സാഫ് ഗെയിംസ്സില്‍ വെള്ളി. ഒന്നാം സ്ഥാനക്കാരനെ മുന്‍പ് മത്സരങ്ങളില്‍ ബെന്നി തോല്പിച്ചതാണെങ്കിലും അത്തവണ ഭാഗ്യം എതിരായി.

ധാക്ക, കല്‍ക്കട്ട സാഫ് ഗെയിംസ് 1987, രണ്ടു പെര്‍മിറ്റ് മീറ്റുകള്‍, പ്രീ ഒളിമ്പിക്‌സ് എന്നിവയില്‍ മെഡലുകള്‍ നേടിയ പാരമ്പര്യവുമായാണു 1989-ല്‍ സിംഗപ്പൂരില്‍ നടന്ന ഓപ്പണ്‍ അതഌിക് മീറ്റില്‍ പങ്കെടുത്തത്. ഹര്‍ഡിത്സ് ഫൈനലില്‍ ആദ്യ മത്സരത്തില്‍ ആദ്യം ഫൗള്‍ സ്റ്റാര്‍ട്ട്. രണ്ടാമത്തേത് ലേയ്റ്റ് സ്റ്റാര്‍ട്ട്. മറ്റുള്ളവര്‍ രണ്ടു മീറ്ററെങ്കിലും ഓടിയ ശേഷമാണു ബെന്നി ഓട്ടം തുടങ്ങിയത്.

ഇന്ത്യയില്‍ നിന്നു യാത്രയുടെ തുടക്കം മുതല്‍ കാലക്കേടായിരുന്നു എന്നു അന്ന് ബെന്നി മനോരമയില്‍ എഴുതി. പക്ഷെ അവസാന നിമിഷം സ്വയം മറന്നു ഒരു കുതിപ്പായിരുന്നു. ഹര്‍ഡിലുകള്‍ക്കു മേലെ ശരിക്കും പറക്കുകയായിരുന്നു. അവസാനം 14.5 സെക്കന്‍ഡിനു ടേപ്പ് സ്പര്‍ശിച്ചു. എതിരാളികള്‍ രണ്ടു മീറ്ററിലേറെ പിന്നില്‍. വെങ്കലം പോലും പ്രതീക്ഷിക്കാതിരിക്കെയാ
ണു അന്ന് സ്വര്‍ണം നേടിയത്... അങ്ങനെ എത്ര ചരിത്രങ്ങള്‍

കടമ്പനാട്‌ സ്കൂളില്‍ വച്ചു തന്നെ സ്‌പോര്‍ട്ട്‌സില്‍ ജില്ലാ തല മത്സരങ്ങളില്‍ പങ്കെടുത്ത ബെന്നി ആര്‍മിയില്‍ ചേര്‍ന്ന ശേഷമാണു ഹര്‍ഡിത്സിലേക്കു തിരിഞ്ഞത. അതിനു പ്രത്യേക കാരണമൊന്നുമില്ലായിരുന്നുവെന്നു ബെന്നി പറഞ്ഞു. മേജര്‍ ഭട്ട്‌നഗര്‍ അതിനെ പ്രോത്സാഹിപ്പിച്ചു.

പക്ഷെ കേരള സര്‍ക്കാരിന്റെ ഒരു പ്രോത്സാഹനവും ലഭിച്ചില്ല

തിരുവനന്തപുരത്ത് 1992-ല്‍ നടന്ന ദേശീയ മീറ്റില്‍ 110 മീറ്റര്‍ ഹര്‍ഡില്‍സ്സില്‍ ബെന്നിയെ പിന്തള്ളി തമിഴ്‌നാട് സ്വദേശി രവിചന്ദ്രന്‍ സ്വര്‍ണം നേടി. ഈ മീറ്റ് ബെന്നിയുടെ അവസാന ദേശീയ മീറ്റായി. വെള്ളിയുമായി അന്ന് ബെന്നി കായിക മത്സരങ്ങളില്‍ നിന്നും വിരമിച്ചു. കായിക താരങ്ങള്‍ സാധാരണ 28 വയസാകുമ്പോഴേക്കും വിരമിക്കുമെങ്കിലും ബെന്നി 33 വയസില്‍ വിരമിക്കും വരെ ചാമ്പ്യനാകുന്നത് അപൂര്‍വ മനശക്തിയുടെ തെളിവാണെന്നു അന്ന് മനോരമ എഴുതുകയുണ്ടായി.

മൂവാറ്റുപുഴ പൈങ്ങോട്ടൂര്‍ സ്വദേശിയായ സാനി 1978-ല്‍ നാഷണല്‍ ഗെയിംസില്‍ പങ്കെടുത്തു ശ്രദ്ധേയയായി. 100, 200 മീറ്റര്‍ ഓട്ടം, റിലേ എന്നിവ ആയിരുന്നു പ്രധാന ഇനങ്ങള്‍. നാഷനല്‍ ഗെയിംസ്, സാഫ് ഗെയിംസ്, ഏഷ്യന്‍ ഗൈയ്ംസ്, 1987-ല്‍ റോമില്‍ നടന്ന വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് എന്നിവിടങ്ങളിലൊക്കെ പങ്കെടുത്തു. സ്വരണവും വെള്ളിയും നേടി. റിലേ റെയ്‌സില്‍ ഏഷ്യന്‍ ഗെയിംസില്‍ (1986) സ്വര്‍ണം നേടുമ്പോള്‍ പി.ടി. ഉഷക്ക് സാനി ബാറ്റന്‍ കൈമാറുന്ന ചിത്രമാണു മനോരമയും മറ്റും പ്രസിദ്ധീകരിച്ചത്. 1987-ല്‍ ശ്രീലങ്കയില്‍ ഇന്വിറ്റേഷന്‍ മത്സരത്തില്‍ 100 മീറ്ററില്‍ സ്വര്‍ണം നേടി. 1989-ല്‍ ഇസ്ലാമാബാദില്‍ സാഫ് ഗെയിംസിലും ഉഷയൊടൊപ്പം ഓടി റിലേയില്‍ സ്വര്‍ണം നേടി. ആ വര്‍ഷം തന്നെ സ്‌പോര്‍ട്ട്‌സ് രംഗത്തു നിന്നു വിരമിച്ചു.

കായിക രംഗത്തു വച്ചാണു ഇരുവരും പരിചയപ്പെടുന്നത്

അമേരിക്കയിലെത്തിയ ശേഷവും നാട്ടിലെ പഴയ സഹപ്രവര്‍ത്തകരുമായെല്ലാം അടുത്ത ബന്ധം പുലര്‍ത്തുന്നു. ഉഷയുമായും ഷൈനിയുമായൊക്കെ. പക്ഷെ ഇവിടെ വന്നതോടെ ഇരുവരുടെയും കായിക ജീവിതം ഓര്‍മ്മ മാത്രമായി. ആ രംഗത്തു പ്രവര്‍ത്തിക്കാനോ അതിനു വഴി കാട്ടാനോ ആരുമുണ്ടായില്ല. അമേരിക്കയില്‍ വന്നതു അബദ്ധമായെന്നോ ഗുണമായെന്നൊ എന്നൊന്നും പറയാന്‍ ഇപ്പോള്‍ തോന്നുന്നില്ല. ജീവിതം ഓരോ വഴികള്‍ തുറക്കുന്നു, അതിലെ പോകുന്നു.

സാനി ഇവിടെ വന്നു നഴ്‌സിംഗ് പഠിച്ച് നഴ്‌സായി ജോലി ചെയ്യുന്നു.

ഇളയവനായ പുത്രന്‍ അനില്‍ ജോണിലായിരുന്നു വലിയ പ്രതീക്ഷ. ബാസ്കറ്റ് ബോള്‍ കളിക്കാരനായിരുന്നു. സ്കൂളിലെ ടീം ക്യാപ്റ്റനും.

രണ്ടു വര്‍ഷം മുന്‍പ് പുത്രന്‍ വിടപറഞ്ഞു. നിസാര അപകടത്തില്‍ പെട്ട കാര്‍ ഇറങ്ങി പരിശോധിക്കുമ്പോള്‍ മറ്റൊരു കാര്‍ വന്നിടിച്ച് ദാരുണാന്ത്യം ഉണ്ടാവുക ആയിരുന്നു.

അതോടെ എല്ലാ ഉത്സാഹവും കെട്ടടങ്ങി, മനസു തളര്‍ന്നു-ബെന്നി പറയുന്നു. മൂത്ത മകള്‍ അനിഷ എം.എസ്.ഡബ്ലിയു വിദ്യാര്‍ഥിനിയാണു.

ഭാവിയെപറ്റി ആലോചിക്കുമ്പോള്‍ നാട്ടിലും ഇവിടെയുമൊക്കെ ആയി കഴിയണം. സംഘടനകളും കുട്ടികളുമൊക്കെ താല്പര്യമെടുത്താല്‍ അവര്‍ക്ക് കായിക രംഗത്തു പരിശീലനം നല്‍കാന്‍ തയ്യാറാണ്.  ആരെയും നിര്‍ബന്ധിക്കാനൊന്നും താല്പര്യമില്ല.

ബെന്നിയുടെ സഹോദരന്‍മാര്‍ബിനു, ബെന്‍സി. കടമ്പനാട് പാണന്റയ്യത്ത് കുടുംബാംഗമാണ്. കടമ്പനാട്ടെ വീട്ടില്‍ വരുമ്പോഴെല്ലാം തന്റെ കായികരംഗത്തെ ഉറ്റ സുഹൃത്തുക്കളെ വീട്ടിലേക്ക് ക്ഷണിക്കുക പതിവാണ്. എന്ത് തിരക്കുണ്ടെങ്കിലും അവരെല്ലാം ബെന്നി ജോണിന്റെ വീട്ടില്‍ എത്തും . പിന്നെ കായികരംഗത്തെ തങ്ങളുടെ പഴയ അനുഭവങ്ങള്‍ പങ്ക് വെച്ച് പാട്ടും പാചകവും ആയി ഒന്ന് രണ്ടു ദിവസം കൂടുന്നത് പതിവാണ് .

(രാജമണിയുടെ ഫെയ്‌സ്ബുക്ക് റിപ്പോര്‍ട്ടിനോടു കടപ്പാട്)
സാനി ജോസഫ്, ബെന്നി ജോണ്‍: ട്രാക്ക് ആന്‍ഡ് ഫീല്‍ഡിലെ ഒളി മങ്ങാത്ത ഓര്‍മ്മകളുമായിസാനി ജോസഫ്, ബെന്നി ജോണ്‍: ട്രാക്ക് ആന്‍ഡ് ഫീല്‍ഡിലെ ഒളി മങ്ങാത്ത ഓര്‍മ്മകളുമായിസാനി ജോസഫ്, ബെന്നി ജോണ്‍: ട്രാക്ക് ആന്‍ഡ് ഫീല്‍ഡിലെ ഒളി മങ്ങാത്ത ഓര്‍മ്മകളുമായിസാനി ജോസഫ്, ബെന്നി ജോണ്‍: ട്രാക്ക് ആന്‍ഡ് ഫീല്‍ഡിലെ ഒളി മങ്ങാത്ത ഓര്‍മ്മകളുമായി
Join WhatsApp News
Elcy Yohannan Sankarathil 2018-02-18 18:22:34
Hearty congrats Benny & Sany ! Reminisce the old glory and live happily and peacefully, love, pryrs, 
John George 2018-02-19 18:08:47
Nice to hear about you and your wife's accomplishments in the field of sports and I am proud that you belong to my place .
VARGHESE LUKOSE 2018-02-20 11:20:13
Benny and Sany, nice to hear about you. I still remember the old days.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക