Image

മനുഷ്യന്റെ അഹങ്കാരം (കവിത: ജയന്‍ വര്‍ഗീസ്)

Published on 18 February, 2018
മനുഷ്യന്റെ അഹങ്കാരം (കവിത: ജയന്‍ വര്‍ഗീസ്)
മനുഷ്യന്റെ ' അഹങ്കാരം'
മാനം മുട്ടുമ്പോള്‍,
മനുഷ്യ നിര്‍മ്മിത നീതി ശാസ്ത്രം
' മത്സരം' എന്നത് തിരുത്തുന്നു!
സഹ ജീവികളെ ചവിട്ടിത്താഴ്ത്തി
ഉയരങ്ങള്‍ കീഴടക്കുമ്പോള്‍,
പോരില്‍ ജയിക്കുന്നവനെ
വീരനാക്കുന്നു ലോക നീതി !
വീണടിയുന്നവന്റെ വേദനകള്‍
വെറുതേ വിലയിക്കുന്ന വനരോദനം ?

കലയും, സാഹിത്യവും വഴി തെറ്റുന്‌പോള്‍,
സംസ്കാരം ചാപിള്ളകളെ പ്രസവിക്കുന്നു.
മനുഷ്യ ശരീരത്തിന്റെ നിമ്‌നോന്നതങ്ങള്‍
മീഡിയകള്‍ ഒപ്പിയെടുത്തു വില്‍ക്കുന്‌പോള്‍,
' പ്രണയം' എന്നത് വ്യഭിചാരത്തിന്റെ മൊഴിമാറ്റം;
കട്ട് കടത്തുന്നവന്‍ ചക്രവര്‍ത്തി !
ലൈംഗിക വൈകൃതങ്ങളുടെ പുഴുക്കുത്തുകള്‍
നാക്കിലും മൂക്കിലുമായി വളരുന്‌പോള്‍,
ശൂന്യമാക്കുന്ന മ്ലേശ്ചതകള്‍
വിശുദ്ധ സ്ഥലത്തിരിക്കുന്നു ?

ആത്മാവിഷ്ക്കാരത്തിന്റെ
അനശ്വര രചനകള്‍,
അടിപൊളിയില്‍ മുങ്ങിത്താണ്
അപമൃത്യു വരിക്കുന്നു.
മനുഷ്യാവസ്ഥയെ മാറ്റേണ്ട രചനകള്‍
മത്ത് പിടിച്ചാടുന്ന
ഉത്തേജക മരുന്നുകള്‍ ?

ഇളിപ്പും കുലുക്കും ഇക്കിളിപ്പാട്ടും,
ജനപ്രിയ സിനിമയുടെ ജനനേന്ദ്രിയങ്ങള്‍.
ചതിച്ചും വഞ്ചിച്ചും പിടിച്ചുപറിച്ചും
ചാനല്‍ മുഖങ്ങളില്‍ കണ്ണീര്‍ പുഴകള്‍.
വയാഗ്രാ കലക്കിയ ചുടുപാലുമായി
കണവനെ കാക്കുന്ന പ്രിയതമമാര്‍.
അവരില്‍ നിന്ന് നിന്നൊളിച്ചോടുന്നവര്‍
ചുവന്ന തെരുവുകളില്‍ വീണുറങ്ങുന്നു ?

സഹിച്ചും ക്ഷമിച്ചും കാലവും പ്രകൃതിയും,
അനിവാര്യ ദിശകളില്‍ പ്രതികരിക്കുന്നു.
കടലുകള്‍ കരകളെ വിഴുങ്ങുന്ന സുനാമികള്‍,
കടല്‍ക്കാറ്റുകളുടെ നാവുകള്‍
കരകളെ നക്കുന്ന ഹെറിക്കേനുകള്‍,
നാടും നഗരവും തുടച്ചുനീക്കുന്ന മണ്ണിടിച്ചിലുകള്‍,
ഭൗമ ഘടനയുടെ അടിയിളക്കുന്ന ഭൂകന്പങ്ങള്‍,
വരള്‍ച്ച, പ്രളയം, ക്ഷാമം, പക്ഷിപ്പനി....
വിനാശത്തിന്റെ വിസ്മയ കാലടികളില്‍,
സര്‍വ നാശത്തിന്റെ പാദ പതന നാദം ?

നഗ്‌നനും നിസ്സഹായനുമായ മനുഷ്യാ,
അഹന്തയുടെ അഗ്‌നി ഗോപുരങ്ങളില്‍ നിന്ന്
അനുഗ്രഹത്തിന്റെ വെറും നിലത്ത് താഴെ വരിക !
ആരോ നല്‍കിയ ഔദാര്യമാണ് ജീവിതം എന്നതിനാല്‍,
അത് നല്‍കിയവനെ ആദരിക്കണമല്ലോ ?
അതോടൊപ്പം, സ്വന്തം സഹജീവിയെയും ?
Join WhatsApp News
വിദ്യാധരൻ 2018-02-18 12:35:05
എന്ത് പറഞ്ഞാലും എന്ത് കുറിച്ചാലും 
പൊന്തിടും നീയൊരു വിഘ്നമായെപ്പഴും
നോക്കടാ നമ്മുടെ മാർഗ്ഗേ കിടക്കുന്ന 
ദൈവമേ നീ അങ്ങ് മാറിക്കിട ശട
അദ്ധ്വാനിക്കും ജനത്തെ കൊള്ളയടിക്കുവാൻ  
ഏതൊരുത്തന്റെ തലയിൽ പിറന്നു നീ ? 
ആക്കി നീ ശത കോടിജനങ്ങളെ  
അടിമകളാക്കി മാറ്റി  ഭയങ്കരം!
ചുറ്റി നടക്കുന്നു കിങ്കരന്മാർ നിന്റെ 
ലോകമെങ്ങും 'റഷ്യൻ' ചാരന്മാരെപ്പോലെ
മസ്തിഷ്ക്ക ക്ഷാളനത്താൽ അജ്ഞരെ 
വട്ടം കറക്കുന്നു ഇട്ട് തുള്ളിക്കുന്നു 
കഷ്ടപ്പെടും ജനത്തിന്റെ അദ്ധ്വാന ഫലം 
ഇഷ്ടംപോലടിച്ചവർ ചീർത്തു തടിക്കുന്നു 
ലോകത്തിൽ മർത്ത്യർ നേടിയ ഉന്നതി 
നിൻ അനുഗ്രഹമെന്നവർ കള്ളം പറയുന്നു 
ആരെങ്കിലും എതിർത്തു പറയുകയിൽ 
അഹങ്കാരി ആക്കി മാറ്റുന്നവർ ഉടൻ
നിൻ  വിടുവേല  ചെയ്യുവാൻ  ഉണ്ടിങ്ങ്
കൂലി കവികൾ സാഹിത്യകാരന്മാർ 
ഇല്ലമനുഷ്യരിൽ ലീനമാം ശക്തിയെ 
കണ്ടെത്താനവർ  അനുവദിക്കില്ലൊരിക്കലും
തിരുവായിക്ക് എതിർവായെന്നത് പാപമെന്നും 
പാപത്തിൻ ശംബളം മരണമാണെന്നും, 
അല്ലേൽ എറിഞ്ഞിടും നരകാഗ്നിയിലെന്നും
പുനർജനിപ്പിക്കും പട്ടിയും പൂച്ചയുമായിട്ടെന്നും
കന്യകമാരില്ലാതെ സ്വർഗ്ഗം ബോറാക്കുമെന്നും 
ഇല്ലാ പൊളിവചനം കുറിച്ച് വിടുന്നിവർ 
ഇല്ല വിട്ടുതരില്ലൊരുനാളും ഞങ്ങൾ 
കഷ്ടപ്പെട്ടുണ്ടാക്കിയ നേട്ടങ്ങൾ 
ഇല്ല തരില്ലതിൻ മഹിമയും കീർത്തിയും
ഇല്ല അത് ഞങ്ങടെ കർമ്മഫലമത്രെ
എന്ത് പറഞ്ഞാലും എന്ത് കുറിച്ചാലും 
പൊന്തിടും നീയൊരു വിഘ്നമായെപ്പഴും
നോക്കടാ നമ്മുടെ മാർഗ്ഗേ കിടക്കുന്ന 
ദൈവമേ നീ അങ്ങ് മാറിക്കിട ശട

Critic 2018-02-18 12:09:53
മനുഷ്യന് മനസിലാകുന്ന ഭാഷയിൽ ശുദ്ധ മലയാളത്തിൽ എഴുതുവാൻ ശ്രമിക്കു.
Amerikkan Mollaakka 2018-02-18 15:03:38
പടച്ചോന്റെ പേരും പറഞ്ഞ് നിങ്ങൾ തല്ലു കൂടരുത്. ഇമ്മടെ ജയൻ സാഹിബ് ദൈവത്തിനെ കണ്ടെങ്കിൽ ഓൻ പറഞ്ഞൊട്ടെ. ഞമ്മള് കണ്ടില്ലെങ്കിൽ ഞമ്മളും കണ്ടില്ലാന്നു പറയും. ഞമ്മള് ഇസ്‌ലാം ആണ്. കള്ളു കുടിക്കില്ല പുകവലിയില്ല അത് ഇസ്‌ലാം പറഞ്ഞതുകൊണ്ടെന്നുമല്ല. ഞമ്മടെ തടി എന്തിനു കേട് ബര്ത്തണം. ഞമ്മന്റെ ജാതിലുള്ള  കുറെ പേരുകൂടി ഒരു സിലിമയിലെ പാട്ട് പിൻവലിപ്പിച്ചു. അവരൊക്കെ നബിയുമായി ദിവസേന സംസാരിക്കുന്നവരാണ്. അവർ പിടിവാശി പിടിച്ചാൽ ഞമ്മള് എന്ത് ചെയ്യും. വിദ്യാധരൻ സാഹിബ്ബ് നിങ്ങൾ എന്തിനാണ് സമയം കളയുന്നത്. ജയൻ സാഹിബ് ഓ നു ഇഷ്ടമുള്ളത് എയ്തിക്കോട്ടെ. ഞമ്മള് കണ്ടില്ലാന്നു വച്ചാ പോരെ. അല്ലാണ്ട് ഒനോട് ബഴക്കിനു പോയാൽ ഒരു കാര്യവുമില്ല. ബാങ്ക് വിളി കേൾക്കുന്നു. ഞമ്മള് നിസ്കരിക്കട്ടെ. അതും വേണ്ടാന്നു ജയൻ സാഹിബ് പറയുമായിരിക്കും. ഞമ്മക്ക് ഞമ്മടെ വഴി. എല്ലാ ബായനക്കാരും സുബക്കത്തിൽ ഇരിക്കാൻ ഞമ്മ പടച്ചോനോട് പ്രാർത്ഥഹിക്കാം.
വിദ്യാധരൻ 2018-02-18 17:48:05
ഇല്ല കൊടുക്കില്ല വിട്ടു കൊടുക്കില്ല
ഞമ്മടെ ഉള്ളിലെ ഞമ്മടെ ചൈതന്യം
വിട്ടു കൊടുക്കിലൊരുത്തനും മൊല്ലാക്കാ
ഇങ്ങള്   വിളിച്ചോളിൻ ഇങ്ങടെ അള്ളായെ 
ഞമ്മടെ തലേൽ വയ്ക്കാമെന്നോർക്കണ്ട
മത ഭ്രാന്തു കേറി മത്തു പിടിച്ചോരെ 
പൂട്ടണം കൂച്ചു വിലങ്ങിട്ടു പൂട്ടണം
ഇങ്ങള് നിസ്കാരം നിറുത്തീട്ടു കൂടുക
ഒന്നായി നമ്മക്ക്  'മത' യാനയെ  പൂട്ടിടാം
ഇല്ലിവന്മാർ ഒതുങ്ങില്ലങ്ങനെ മുറിപത്ത
ലല്ലേ തെറിക്കുത്തരം മൊല്ലാക്ക
ഇങ്ങള് നിസ്കാരം നിറുത്തീട്ടു കൂടുക
ഒന്നായി നമ്മക്ക്  'മത' യാനയെ  പൂട്ടിടാം

മനുഷ്യൻ 2018-02-18 22:14:14
ആരെടാ എന്നെ അഹങ്കാരിയെന്നു വിളിക്കുവാൻ
ആരെടാ നിനക്കധികാരം തന്നത് ?
നിന്റെ വിഭ്രാന്ത മനസ്സിൽ പിറന്നൊരു ദൈവത്തെ
കൂട്ടുപിടിച്ചു നീ ഭള്ളു വിളിക്കുകയോ ?
നീയെല്ലാം തീർത്തൊരു ദൈവത്തെ മനുഷ്യന്റെ
മണ്ടയിൽ വച്ചുകെട്ടി കുരങ്ങു കളിപ്പിക്കയോ ?
ഇന്ന് നീ രുചിക്കും ഭക്ഷണം സുഖസൗകര്യം ഒക്കയും
മണ്ണിൽ മനുഷ്യന്റെ കഠിനാദ്ധ്വാനഫലം ഓർക്കുക
ആരെടാ നീയൊരു അച്ചനോ മെത്രാനോ സത്യം പറയടാ
ആരേലും ബന്ധുക്കൾ ഉപദേശിമാരുണ്ടോടാ ?
അരിയും തിന്നു ആശാരിയേം കടിച്ചു പിന്നെയും
മുറുമുറുക്കുന്നോ നായിനെപ്പോലെ നീ ?
ഭൂമിയിൽ കിട്ടിയ സമയം കളയാതെ പോയി
മനുഷ്യനെപ്പോലെ പണി ചയ്തു ജീവിക്ക നീ
മണ്ണടിയും ഇന്നല്ലേ നാളെ നീ, മണ്ണടിഞ്ഞു
വിസ്‌മൃതിയിൽ ആണ്ടുപോകും മനുഷ്യാനാണു നീ
മായദൃശ്യം കണ്ടു ഭ്രാന്തു കുറിക്കാതെ
പോയി പണി ചെയ്തു ജീവിക്ക മനുഷ്യനായി നീ
ഔദാര്യമാണുപോൽ ഔദാര്യം മൊക്കയും
ഭ്രാന്തു പുലമ്പാതെ പോയി ഉറങ്ങു നീ

American Malayalee 2018-02-19 10:22:02
പണ്ട് എങ്ങാണ്ടു ഏതോ മൃഗത്തിന്റെ പുറത്തു കയറി എന്ന് തഴമ്പും തടവി നടക്കുന്ന ഒരു പാവം. അയാളെ വെറുതെ വിടുക വിദ്യാധരൻ മാഷെ.
തടവൂ തടവൂ 2018-02-19 12:37:48
ആരാണാവോ പല പേരിൽ സ്വന്തം തഴമ്പു തടവുന്നത്!
നിരീശ്വരൻ 2018-02-18 23:31:26
ഇയാൾ ഒരു നല്ല എഴുത്തുകാരനായിരുന്നു. പക്ഷെ എന്നയാൾ ദൈവത്തെ വായനക്കാരുടെ തലയിൽ അടിച്ചു കയറ്റാൻ നോക്കിയോ അന്ന് അധോഗതി തുടങ്ങി . ഇയാൾ പേന എടുക്കും വിദ്യാധരൻ അടിതുടങ്ങും . മൊല്ലാക്ക സംഗതി ഒക്കെ പറഞ്ഞു നിരപ്പാക്കി നിസ്ക്കാരം കഴിഞ്ഞു വരുമ്പോഴേക്കും ശങ്കരൻ എഗൈൻ ഓൺ ദി കോക്കനട്ട് ട്രീ . ശണ്ഠ ജയനും വിദ്യാധരനും തമ്മിൽ .  അടിമുഴുവൻ പാവം ദൈവത്തിന്. അദ്ദേഹം പറയുന്നത് പുള്ളിയ്ക് ഉറങ്ങാൻ പറ്റിണില്ലാ എന്നാണ്. ദൈവത്തെ പിണക്കരുത് .  അദ്ദേഹം ഉറങ്ങട്ടെ. പക്ഷെ പല കാര്യങ്ങളും ശ്രദ്ധിക്കണം . കൂർക്കം വലിക്കാതെ നോക്കണം . അത് കുടുങ്കാറ്റാകും . ഉറക്കത്തിൽ മൂത്രം ഒഴിക്കാതെയും നോക്കണം . അത് പേമാരിയാകും  . പരിപ്പിന്റെ കറി സന്ധ്യയ്ക്ക് ഉണ്ടാക്കി കൊടുക്കരുത് . അത് രാത്രിയിൽ ഫർട്ട് ചെയ്യാൻ കാരണം ആകും അത് ഭൂമിയിൽ കുലുക്കം ഉണ്ടാക്കും . പാവം ദൈവം ഉറങ്ങട്ടെ .
ദൈവമെ നീ  വീണുറങ്ങൂ  ദൈവമെ  ഇനി നീ ഉറങ്ങൂ
മധുര വികാരങ്ങള്‍ ഉണര്‍ത്താതെ
മാസ്മര ലഹരി പൂ വിടര്‍ത്താതെ
നി ഉറങ്ങൂ വീണുറങ്ങൂ
ജീവിതമാകുമീ വാത്മീകത്തിലെ
മൂകവികാരങ്ങള്‍ വ്യര്‍ത്ഥമല്ലെ
കളിയും ചിരിയും വിടരും നാളുകള്‍
കദനത്തിലേക്കുള്ള യാത്ര അല്ലേ
കരയരുതേ ദൈവമേ  നീ ഇനി
കനവുകള്‍ തേടി അലയരുതെ
ചപല വ്യാമോഹത്തിന്‍ കൂരിരുള്‍ കൂട്ടില്‍
ബന്ധനം ബന്ധനം നിത്യ സത്യം
ദാഹവും മോഹവും സ്വാര്‍ത്ഥമല്ലെ ഇവിടെ
സ്വന്തവും ബന്ധവും മിഥ്യ അല്ലെ
കരയരുതേ ദൈവമേ  നീ ഇനി
മനുഷ്യനെ  തേടി അലയരുതെ ..........

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക