Image

കണ്ടിരിക്കണം ഈ ക്യാപ്‌റ്റനെ

Published on 18 February, 2018
         കണ്ടിരിക്കണം ഈ ക്യാപ്‌റ്റനെ
തന്നെ സ്‌നേഹിച്ചവര്‍ക്കെല്ലാം അപ്രതീക്ഷിതമായ ഒര ദുരന്തം നല്‍കിക്കൊണ്ടാണ്‌ ഇന്ത്യന്‍ ഫുട്‌ബോളിന്റെ ആവേശമായിരുന്ന വി.പി സത്യന്‍ ഈ ലോകത്തോടു വിട പറഞ്ഞത്‌. സത്യന്‍ ഓര്‍മ്മയായിട്ട്‌ വര്‌ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. എന്തിനായിരുന്നു സത്യന്‍ അത്‌ ചെയ്‌തതെന്ന്‌ അദ്ദേഹത്തെ സ്‌നേഹിക്കുന്ന ഏവരും ഇന്നും ചോദിക്കുന്ന ചോദ്യമാണ്‌. അതിനുള്ള ഉത്തരമാണ്‌ പ്രജേഷ്‌ സെന്‍ സംവിധാനം ചെയ്‌ത ക്യാപ്‌റ്റന്‍ എന്ന ചിത്രം.

സത്യന്റെ ജീവിതത്തിലെ അവസാനത്തെ ഏതാനും മണിക്കൂറുകള്‍ മാത്രമാണ്‌ ചിത്രത്തില്‍ സന്നിവേശിപ്പിച്ചിട്ടുള്ളത്‌. അതിലൂടെ കേരള ഫുട്‌ബോളിലെ ഏറ്റവും പ്രതിഭാധനനായ കളിക്കാരനായ സത്യന്റെ ജീവിതം പകര്‍ത്തുക എന്നത്‌ ഒരു വെല്ലുവിളി തന്നെ ആയിരിക്കണം സംവിധായകനു മുന്നില്‍ ഉയര്‍ത്തിയത്‌.

ഇന്ത്യയില്‍ ഫുട്‌ബോളിനും അതിലെ കളിക്കാര്‍ക്കും എത്രത്തോളം സ്വീകാര്യതയുണ്ടെന്ന്‌ ഈ ചിത്രം വ്യക്തമാക്കുന്നു. ഇന്ത്യന്‍ ഫുട്‌ബോളില്‍ തന്റെ കയ്യൊപ്പു പതിപ്പിച്ചെങ്കിലും സത്യന്‍ എന്ന കളിക്കാരനെ എത്ര പേര്‍ക്കറിയാം എന്ന ചോദ്യവുമായാണ്‌ സിനിമ ആരംഭിക്കുന്നതു തന്നെ. 1996ലെ സാഫ്‌ ഗെയിംസും പിന്നീട്‌ സത്യന്റെ മരണവും പറഞ്ഞതിനു ശേഷം സിനിമയില്‍ സത്യന്റെ കഥ പറയാന്‍ ആരംഭിക്കുന്നു. ഇന്ത്യന്‍ ഫുട്‌ബോളില്‍ തന്നെ തിളങ്ങിയ താരമായിരുന്നിട്ടും എവിടെയും അവഗണന നേരിടേണ്ടി വന്ന സത്യനെ പോലുള്ള ഫുട്‌ബോള്‍ കളിക്കാരുടെ അവസ്ഥയെ ചിത്രം അനാവരണം ചെയ്യുന്നു. 

ഇന്ത്യയില്‍ ക്രിക്കറ്റിനും ഫുട്‌ബോളിനും കിട്ടുന്ന പരിഗണനയുടെയും അംഗീകാരത്തിന്റെയും ഏറ്റക്കുറച്ചിലുകളും അവ കളിക്കാരില്‍ സൃഷ്‌ടിക്കുന്ന മാനസികാഘാതത്തിന്റെ ആഴവും ക്യാപ്‌റ്റനില്‍ നന്നായി അവതരിപ്പിച്ചിട്ടുണ്ട്‌. രാജ്യവും എന്തിന്‌ ഭരണ കൂടം തന്നെയും ഈ രണ്ട്‌ കായിക ഇനത്തോടും വ്യത്യസ്‌തമായ രീതിയിലാണ്‌ പെരുമാറുന്നത്‌. ക്രിക്കറ്റ്‌ താരങ്ങള്‍ക്ക്‌ വാഴ്‌ത്തലും ഫുട്‌ബോളിന്‌ ഇകഴ്‌ത്തലും. ഇതു രണ്ടും പരസ്‌പരം ഏറ്റു മുട്ടുന്ന അവസരങ്ങളും ചിത്രത്തില്‍ കാണാം.

ഗ്യാലറിയിലെ ആര്‍പ്പു വിളികള്‍ക്കൊപ്പം കാലില്‍ പന്തുമായി കുതിച്ചു പാഞ്ഞ്‌ സത്യന്‍ മൈതാനങ്ങളില്‍ നിന്നും ജയം സ്വന്തമാക്കി. എന്നാല്‍ അവഗണനയും ഒഴിവാക്കലും താങ്ങാന്‍ കഴിവില്ലാതെയാണ്‌ സത്യന്‍ ജീവിതം അവസാനിപ്പിക്കുന്നത്‌. ഫുട്‌ബോളില്ലെങ്കില്‍ താനില്ല എന്നു പറയുന്നിടത്ത്‌ സത്യന്റെ ജീവന്‍ തന്നെയാണ്‌ ഫുട്‌ബോള്‍ എന്ന്‌ പ്രേക്ഷകര്‍ തിരിച്ചറിയുന്നു.

ക്യാപ്‌റ്റനായി എത്തിയ ജയസൂര്യയുടെ മിന്നുന്ന പ്രകടനം തന്നെയാണ്‌ ചിത്രത്തിന്റെ പ്‌ളസ്‌ പോയിന്റ്‌.കഥാപാത്രത്തിന്റെ പൂര്‍ണതയ്‌ക്കു വേണ്ടി അദ്ദേഹം നടത്തിയ പരിശ്രമങ്ങളും കഠിനാധ്വാനവും സത്യനെ മിഴിവോടെ അവതരിപ്പിക്കാന്‍ അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്‌. കായിക താരങ്ങളുടെ ജീവിതം സിനിമയാക്കുമ്പോള്‍ താരങ്ങള്‍ക്കുള്ള ഏറ്റവും വലിയ വെല്ലുവിളി അതത്‌ മേഖലയില്‍ കൈവരിക്കേണ്ട മികച്ച പരിശീലനമാണ്‌. ശാരീരികമായി ഏറെ അധ്വാനവും കളിയിലെ വൈദഗ്‌ധ്യവും സ്വായത്തമാക്കണം. ഇവിടെ ഈ ചിത്രത്തിനു വേണ്ടി ജയസൂര്യ എന്ന നടന്‍ ഏതറ്റം വരെ പോയി എന്നു നമുക്ക്‌ ചിത്രം കാണുമ്പോള്‍ മനസിലാകും. സത്യന്റെ ജീവിതത്തിലെ മൂന്നു ഘട്ടങ്ങള്‍ മൂന്നു ഗെറ്റപ്പില്‍ ജയസൂര്യ അവതരിപ്പിച്ചിരിക്കുന്നു. 

ഒന്നിനൊന്ന്‌ വ്യത്യസ്‌തതയോടെ. സത്യന്റെ ഭാര്യ അനിതായി അനു സിതാരയും തന്റെ കഥാപാത്രത്തോടു നീതി പുലര്‍ത്തി. ഫുട്‌ബോള്‍ എന്ന ഭ്രാന്തുമായി മൈതാനങ്ങള്‍ തോറും ഓടി നടക്കുന്ന മൈതാനം എന്ന കഥാപാത്രമായി സിദ്ദിഖ്‌ കസറി. കൂടാതെ രണ്‍ജി പണിക്കര്‍, ജനാര്‍ദ്ദന്‍, സൈജു കുറുപ്പ്‌, ദീപക്‌ പറമ്പേല്‍ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ച രീതിയില്‍ അവതരിപ്പിച്ചു. 

അതിഥി വേഷത്തില്‍ മമ്മൂട്ടി മമ്മൂട്ടിയായി തന്നെ ചിത്രത്തില്‍ എത്തുന്നു. ഫുട്‌ബോള്‍ മത്സരങ്ങള്‍ ആവേശം തിരതല്ലുന്ന വിധത്തില്‍ ചിത്രീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌. ഗോപീസുന്ദറിന്റെ സംഗീതവും സിനിമയുടെ മൊത്തത്തിലുള്ള മൂഡിനു ചേര്‍ന്നതാണ്‌. നല്ല സിനിമകളെ സ്‌നേഹക്കുന്നവര്‍ക്ക്‌ ക്യാപ്‌റ്റനെ കാണാന്‍ ധൈര്യമായി പോകാം.



















































































































Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക