Image

സ്വിസ് കേരള വനിതാഫോറം മാര്‍ച്ച് 8ന് ലോക വനിതാ ദിനമായി ആചരിക്കും

Published on 19 February, 2018
സ്വിസ് കേരള വനിതാഫോറം മാര്‍ച്ച് 8ന് ലോക വനിതാ ദിനമായി ആചരിക്കും

സൂറിക്ക്: സ്വിസ് കേരള വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ലോകവനിതാ ദിന ആഘോഷത്തില്‍ സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ നാനാഭാഗത്തു നിന്നും ഇതര വനിതാപ്രസ്ഥാനങ്ങളിലെ ഭാരവാഹികളും, അംഗങ്ങളും മാര്‍ച്ച് 8നു ബാസലില്‍ സംയുക്തമായി സമ്മേളിക്കും.

വനിതാ ദിനാഘോഷ പരിപാടിയുടെ ഉദ്ഘാടനം സ്വിറ്റ്‌സര്‍ലാന്‍ഡ്, വത്തിക്കാന്‍ രാജ്യങ്ങളുടെ ചുമതല വഹിക്കുന്ന ഇന്ത്യന്‍ എംബസിയിലെ സെക്കന്റ് സെക്രട്ടറി റോഷ്ണി തൊംസണ്‍ നിര്‍വഹിക്കും. തുടര്‍ന്ന് നടക്കുന്ന സെമിനാറില്‍ സ്ത്രീ ശാക്തീകരണം, കാലഘട്ടത്തിനനുസരിച്ച് സമൂഹത്തില്‍ സ്ത്രീകളുടെ സംഭാവന, സമകാലീന പ്രസക്തമായ സ്ത്രീ വിഷയങ്ങള്‍ എന്നിവയെക്കുറിച്ച് മുഖ്യ പ്രഭാഷകരായ റോഷ്ണി തോംസണും, ബനാറസ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറും, ഇന്ത്യന്‍ എംബസിയിലെ ഒന്നാം സെക്രട്ടറി ഡോ. പീയൂഷ് സിംഗിന്റെ ഭാര്യ പ്രൊഫ. പ്രിയങ്ക സിംഗും സംസാരിക്കും.

യൂറോപ്പില്‍ സേവനം അനുഷ്ഠിച്ചു നാടിന്റെ സമൃദ്ധിക്ക് നട്ടെല്ലായിത്തീര്‍ന്ന സീനിയര്‍ സിറ്റിസണ്‍ ഇന്ത്യന്‍ വനിതകളെ ചടങ്ങില്‍ ആദരിക്കും. വിനോദ വിജ്ഞാനപ്രദമായ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ ഉച്ചഭക്ഷണവും ഫോറം ഒരുക്കിയിട്ടുണ്ട്.

വളരെ വിപുലമായ പരിപാടികളോടെയാണ് ഇത്തവണത്തെ ലോകവനിതാ ദിന ആഘോഷമെന്നും, പങ്കെടുക്കുവാന്‍ താത്പര്യമുള്ള എല്ലാ വനിതകളേയും, സന്തോഷത്തോടെ സവിനയം സ്വാഗതം ചെയ്യുന്നതായും സ്വിസ് കേരള വനിതാഫോറം സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക