Image

സഭയുടെ സ്വത്ത് പൊതുസ്വത്തല്ലെന്ന് കര്‍ദിനാള്‍

Published on 19 February, 2018
സഭയുടെ സ്വത്ത് പൊതുസ്വത്തല്ലെന്ന് കര്‍ദിനാള്‍
കൊച്ചി: സഭയുടെ സ്വത്ത് പൊതുസ്വത്തല്ലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഹൈക്കോടതിയില്‍. എറണാകുളം - അങ്കമാലി അതിരൂപതയുടെ വിവാദ ഭൂമിയിടപാട് സംബന്ധിച്ച അന്വേഷണം പോലീസിന് വിടണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കര്‍ദിനാള്‍ നിലപാട് വ്യക്തമാക്കിയത്.

സഭ ട്രസ്റ്റല്ലെന്ന് സത്യവാങ്മൂലത്തില്‍ കര്‍ദിനാള്‍ ചൂണ്ടിക്കാട്ടി. ഭൂമിയിടപാടില്‍ നഷ്ടമുണ്ടായാലും മൂന്നാമത് ഒരാള്‍ക്ക് ഇടപെടാന്‍ അവകാശമില്ലെന്നും കര്‍ദിനാള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ, ഭൂമിയിടപാടില്‍ കേസെടുക്കണം എന്ന ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി.

വിവാദ ഭൂമിയിടപാട് സംബന്ധിച്ച അന്വേഷണം പോലീസിന് വിടണമെന്ന് ആവശ്യപ്പെട്ട് പെരുമ്പാവൂര്‍ പുല്ലുവഴി സ്വദേശി ജോഷി വര്‍ഗീസാണ് കോടതിയെ സമീപിച്ചത്. ഇതേത്തുടര്‍ന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെ എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചിരുന്നു. ഭൂമിയിടപാട് പോലീസ് അന്വേഷിച്ച് അഴിമതിയുണ്ടെങ്കില്‍ കണ്ടെത്തി കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

ഭൂമിയുള്‍പ്പെടെ സ്വത്തുക്കള്‍ കത്തോലിക്കാസഭയിലെ ഓരോ അംഗത്തിനും അവകാശമുള്ളതാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിരൂപത അതിന്റെ ട്രസ്റ്റി മാത്രമാണ്. അതിരൂപതാ അധികാരികളുടെ നടപടികള്‍ സുതാര്യമാകണം. ശരിയായ അന്വേഷണമില്ലാതെ ഒതുക്കിത്തീര്‍ക്കുന്നത് സമൂഹത്തിന് തെറ്റായസന്ദേശം നല്‍കുമെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. (Mathrubhumi) 

Madhyamam
കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് സഭാ ഭൂമി വില്‍ക്കാന്‍ അധികാരം ഉണ്ടോ എന്ന് ഹൈകോടതി. സീറോ മലബാര്‍ സഭ ഭൂമി ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി വാക്കാല്‍ പരാമര്‍ശം നടത്തിയത്.

അതേസമയം, സഭയുടെ ഭൂമി പൊതുസ്വത്തല്ലെന്നും സ്വകാര്യ ഭൂമിയാണെന്നും കര്‍ദിനാളിന്റെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. സഭാ ട്രസ്റ്റ് അല്ല. ഭൂമി ട്രസ്റ്റിന്റേതല്ല. അതിരൂപതയുടെ ഭൂമി വില്‍ക്കാന്‍ അധികാരമുണ്ട്. ഭൂമിയിടപാടില്‍ നഷ്ടമുണ്ടായാലും മൂന്നാമതൊരാള്‍ക്ക് ഇടപാടാനാവില്ലെന്നും അഭിഭാഷകന്‍ വാദിച്ചു.

എന്നാല്‍, ട്രസ്റ്റിന്റെ ഭൂമി ആണെന്ന് പരാതിക്കാരന്‍ ചേര്‍ത്തല സ്വദേശി ഷൈന്‍ വര്‍ഗീസിന്റെ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. ഹരജിയില്‍ സംസ്ഥാന സര്‍ക്കാറിനോട് നിലപാട് അറിയിക്കാന്‍ ഹൈകോടതി ആവശ്യപ്പെട്ടു. ഭൂമിയിടപാടില്‍ കേസ് എടുക്കേണ്ടെന്ന മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെ ഹൈകോടതി വിമര്‍ശിച്ചു. ഹരജി വിശദ വാദത്തിനായി വ്യാഴാഴ്ചത്തേക്ക് മാറ്റി.

കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി, ഫാദര്‍. ജോഷി പുതുവ, ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവരെ എതിര്‍ കക്ഷികളാക്കിയാണ് ഹൈകോടതിയില്‍ ഹരജി നല്‍കിയത്. ഭൂമിയിടപാടില്‍ കേസ് എടുത്ത് അന്വേഷിക്കണമെന്നാണ് ഹരജിയിലെ ആവശ്യം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക