Image

സ്വതന്ത്രമായി ജീവിക്കണം, നഷ്ടപരിഹാരം നല്‍കണം; ഹാദിയ സുപ്രീംകോടതിയില്‍

Published on 20 February, 2018
സ്വതന്ത്രമായി ജീവിക്കണം, നഷ്ടപരിഹാരം നല്‍കണം; ഹാദിയ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: മുസ്ലിം മതവിശ്വാസിയായി സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശം പുനസ്ഥാപിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് ഹാദിയ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഷെഫിന്‍ ജഹാനുമൊത്ത് സ്വതന്ത്രമായി ജീവിക്കുകയാണ് വേണ്ടത്. ഇതുവരെ അനുഭവിച്ച പീഡനങ്ങള്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കിത്തരണമെന്നും ഹാദിയ ആവശ്യപ്പെട്ടു. അതിനിടെ മകള്‍ അഖിലയെ മതപരിവര്‍ത്തനം നടത്തി സിറിയയിലേക്ക് കടത്താന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് അച്ഛന്‍ അശോകന്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നത്. കേസ് സുപ്രീംകോടതി വ്യാഴാഴ്ച പരിഗണിക്കും 

വീട്ടു തടങ്കലില്‍ ആയിരിക്കെ ഹിന്ദു മതത്തിലേക്ക് മാറാനും പുതിയ വിവാഹം കഴിക്കാനും സമ്മര്‍ദമുണ്ടായി. ഇതുമായി ബന്ധപ്പെട്ട് കാണാനെത്തിയവരുടെ വിശദാംശങ്ങള്‍ സന്ദര്‍ശക പുസ്തകം പരിശോധിച്ചാല്‍ മനസ്സിലാകും. ഭീകരവാദി എന്ന മുന്‍ വിധിയോടെയാണ് ചില എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ പെരുമാറിയത്. പിടികിട്ടാപ്പുള്ളികളോടുള്ള സമീപനമായിരുന്നു വൈക്കം ഡി.വൈ.എസ്.പി യുടെത്. ഇത് ഭയാനകവും സഹിക്കാവുന്നതില്‍ അപ്പുറവുമായിരുന്നു. 

എന്നാല്‍ അഖിലയെ മതപരിവര്‍ത്തനം നടത്തി സിറിയയിലേക്ക് കടത്താനാണ് സത്യസരണിയുടേയും സൈനബയുടേയും ഷെഫിന്‍ ജഹാന്റേയും ശ്രമമെന്ന് ഹാദിയയുടെ അച്ഛന്‍ അശോകനും സുപ്രീംകോടതിയില്‍ നല്‍കിയ മറ്റൊരു സത്യവാങ്മൂലത്തില്‍ ആരോപിച്ചു. ഹാദിയ ഇസ്ലാം മതം സ്വീകരിച്ചതില്‍ തനിക്ക് എതിര്‍പ്പൊന്നുമില്ല, പെണ്‍കുട്ടിയുടെ സുരക്ഷ മാത്രമാണ് തന്റെ ലക്ഷ്യം.  സത്യസരണിയെന്നത് നിരവധി ആരോപണങ്ങള്‍ നേരിടുന്ന സ്ഥാപനമാണ്, അവര്‍ തന്നെയാണ് ഹാദിയയെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കിയത്. ഹാദിയ വലിയ തോതില്‍ മസ്തിഷ്‌ക പ്രക്ഷാളനത്തിന് വിധേയായിട്ടുണ്ടെന്നും അശോകന്‍ സത്യവാങ്മൂലത്തില്‍  ചൂണ്ടിക്കാട്ടി.

മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട് സൈനബയും സത്യസരണിയും സുപ്രീംകോടിതിയില്‍ ഒരു സത്യവാങ്മൂലം നല്‍കിയുന്നു. ഇതില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ സൈനബയും സത്യസരണിയും നിഷേധിച്ചിരുന്നു. ഈ സത്യവാങ്മൂലത്തിന് ഹാദിയയുടെ അച്ഛന്‍ നല്‍കിയ മറുപടിയിലാണ് ഈ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക