Image

സ്വകാര്യ ബസ്‌ പണിമുടക്ക്‌; കെഎസ്‌ആര്‍ടിസി നാലു ദിവസം കൊണ്ട്‌ നേടിയത്‌ റെക്കോര്‍ഡ്‌ കളക്ഷന്‍

Published on 21 February, 2018
സ്വകാര്യ ബസ്‌ പണിമുടക്ക്‌; കെഎസ്‌ആര്‍ടിസി നാലു ദിവസം കൊണ്ട്‌ നേടിയത്‌ റെക്കോര്‍ഡ്‌ കളക്ഷന്‍


സ്വകാര്യ ബസ്‌ പണിമുടക്കില്‍ നേട്ടം കൊയ്‌തത്‌ നഷ്ടത്തിലായിരുന്ന കെഎസ്‌ആര്‍ടിസി. സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങാതെ നാല്‌ ദിവസം സമരം ചെയ്‌തപ്പോള്‍ അധികസര്‍വീസുകള്‍ നടത്തിയും ഉള്ളത്‌ ഓടിച്ചും കെഎസ്‌ആര്‍ടിസി നേടിയത്‌ 30.26 കോടി രൂപ. ഇതില്‍ തന്നെ പണിമുടക്കിന്റെ അവസാന ദിവസം മാത്രം 8.5 കോടി രൂപയാണ്‌ കെഎസ്‌ആര്‍ടിസി ഓടിയുണ്ടാക്കിയത്‌.

ഈ മാസം 16 മുതലാണ്‌ മിനിമം ചാര്‍ജ്‌ പത്ത്‌ രൂപയാക്കി ഉയര്‍ത്താനും വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്കില്‍ വര്‍ധന വരുത്താനും ആവശ്യപ്പെട്ട്‌ സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങാതെ സമരം ആരംഭിച്ചത്‌.  അധികസര്‍വീസുകള്‍ ഇറക്കിയ കെഎസ്‌ആര്‍ടിസി വന്‍ നേട്ടമാണ്‌ ഇതിലൂടെയുണ്ടാക്കിയത്‌.

ഫെബ്രുവരി 19വരെയുള്ള കണക്കുകള്‍ അനുസരിച്ച്‌ 111.20 കോടി രൂപയാണ്‌ കെഎസ്‌ആര്‍ടിസിയുടെ ലാഭം. കെയുആര്‍ടിസി 9.11 കോടി രൂപയും ഇക്കാലലയളവില്‍ നേടിയിട്ടുണ്ട്‌.

സമരം തുടങ്ങിയ അന്ന്‌ മാത്രം 7.22 കോടി രൂപ വരുമാനമുണ്ടാക്കിയ കെഎസ്‌ആര്‍ടിസി തൊട്ടടുത്ത ദിവസം ഇത്‌ 7.85 കോടി രൂപയാക്കി. 18ന്‌ പിറ്റേദിവസങ്ങളെ അപേക്ഷിച്ച്‌ കുറവാണെങ്കിലും 6.69 കോടി വരുമാനം നേടി. സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങാത്തതോടെ ദിവസം 220 ഓളം സര്‍വീസുകള്‍ കൂടുതലായി നടത്തിയാണ്‌ വരുമാനത്തില്‍ ഇത്രയും വര്‍ധന നേടാന്‍ കെഎസ്‌ആര്‍ടിസിക്ക്‌ സഹായകമായത്‌.

സംസ്ഥാനത്ത്‌ നാലു ദിവസമായി തുടര്‍ന്ന സ്വകാര്യ ബസ്‌ സമരം മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്‌ക്കു പിന്നാലെയാണ്‌ പിന്‍വലിച്ചത്‌. വിദ്യാര്‍ഥികള്‍ക്ക്‌ നിരക്കു വര്‍ധിപ്പിക്കാന്‍ ആകില്ലെന്നും ഇക്കാര്യം ഇപ്പോള്‍ പരിഗണിക്കാനാകില്ലെന്നുമായിരുന്നു മുഖ്യമന്ത്രി ബസ്‌ ഉടമകളെ അറിയത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക