Image

സിപിഐഎം സംസ്ഥാന സമ്മേളനത്തിന്‌ തൃശ്ശൂരില്‍ തുടക്കമായി

Published on 22 February, 2018
സിപിഐഎം  സംസ്ഥാന സമ്മേളനത്തിന്‌ തൃശ്ശൂരില്‍ തുടക്കമായി

ഹൈദരാബാദില്‍ നടക്കാനിരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന്‌ മുന്നോടിയായുള്ള സിപിഐഎം സംസ്ഥാന സമ്മേളനത്തിന്‌ തുടക്കമായി. കണ്ണൂര്‍ മട്ടന്നൂരില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകന്‍ ശുഹൈബിന്റെ കൊലപാതകത്തെത്തുടര്‍ന്ന്‌ പ്രതിച്ഛായ മങ്ങലേറ്റതില്‍ പാര്‍ട്ടി അണികള്‍ക്കിടയില്‍ അമര്‍ഷം പുകയുന്നതിനിടെയാണ്‌ 22ാം സംസ്ഥാന സമ്മേളനം തൃശ്ശൂരില്‍ നടക്കുന്നത്‌. 

തൃശൂര്‍ റീജണല്‍ തിയേറ്ററില്‍ ജനറല്‍ സെക്രട്ടറി സിതാറാം ചെയ്യൂരി ഉദ്‌ഘാടനം ചെയ്‌തു. 37 വര്‍ഷത്തിന്‌ ശേഷമാണ്‌ പൂരനഗരിയായ തൃശ്ശൂര്‍ പാര്‍ട്ടി സമ്മേളനത്തിന്‌ ആതിഥ്യമരുളുന്നത്‌. കണ്ണൂരിലെ ശുഹൈബ്‌ വധവും, സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്‌ണന്റെ മകന്‍ പ്രതിയായ തട്ടിപ്പുകേസ്‌, മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരായ ആരോപണങ്ങള്‍ തുടങ്ങി നിരവധി വിഷയങ്ങളാണ്‌ പാര്‍ട്ടി സമ്മേളനത്തില്‍ ചര്‍ച്ചയാകാനിരിക്കുന്നത്‌.

സാമ്പത്തിക ഇടപാടിന്റെ പേരില്‍ മകന്‍ ബിനോയ്‌ കോടിയേരിക്ക്‌ എതിരെ ഉയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണു സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്‌ണന്‍ സംസ്ഥാന സമ്മേളന പ്രതിനിധികളെ കാണുന്നത്‌.. പാര്‍ട്ടിയുടെ മൂന്നു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ഇക്കാര്യം ഉള്‍ക്കൊള്ളിച്ചിട്ടില്ല. ബിനോയിയുടെ ചെക്ക്‌ കേസും അനുബന്ധ വിവാദങ്ങളും ചര്‍ച്ചയാവാതിരിക്കാന്‍ നേതൃത്വം മുന്‍കരുതലെടുത്തിട്ടുണ്ടെന്നാണ്‌ സൂചന. 

 തിരുവന്തപുരം ജില്ലാ സമ്മേളനത്തില്‍ വിഷയം ചര്‍ച്ചയായെങ്കിലും സംസ്ഥാന നേതൃത്വവും മുഖ്യമന്ത്രിയും ഇടപെട്ട്‌ ഇക്കാര്യം ഒതുക്കി തീര്‍ക്കുകയായിരുന്നു.
ഇതിനിടെ നേതാക്കളുടെ മക്കളുടെ ആഢംബര ജീവിതം പാര്‍ട്ടിയുടെ കീഴ്‌ഘടകങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക