Image

ഭൂമി വില്‍പ്പന: കര്‍ദ്ദിനാളിനെതിരായ ഒരു കേസ് തള്ളി; മറ്റൊന്നില്‍ വാദം തിങ്കളാഴ്ച തുടരും

Published on 22 February, 2018
ഭൂമി വില്‍പ്പന: കര്‍ദ്ദിനാളിനെതിരായ ഒരു കേസ് തള്ളി; മറ്റൊന്നില്‍ വാദം തിങ്കളാഴ്ച തുടരും
കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയിലെ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട രണ്ടു കേസുകള്‍ ഇന്ന് കേരളാ ഹൈ കോടതിയില്‍ ജസ്റ്റീസ് കെമാല്‍ പാഷയുടെ ബെഞ്ചില്‍ വാദത്തിനു വന്നു. ഒന്ന്, മരട് മജിസ്‌ട്രേട് കോടതിയില്‍ നടക്കുന്ന ഒരു കേസില്‍ മജിസ്‌ട്രേറ്റ് സിആര്‍പി.സി 202 പ്രകാരമുള്ള സാക്ഷികളുടെ മൊഴി എടുക്കല്‍ നിറുത്തി പോലീസിനോട് കേസ് എടുക്കാന്‍ ഉത്തരവാകണം എന്നായിരുന്നു. മരട് സ്വദേശിയുടെ ആ കേസ് തള്ളി. 

അടുത്ത കേസ് ചേര്‍ത്തല സ്വദേശി ഷൈന്‍ വര്‍ഗീസ് നല്‍കിയതാണ്. സ്വത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച വാദമാണ് പ്രധാനമായും ഹര്‍ജിക്കാരന്‍ ഉന്നയിച്ചത്. പോലീസിനോട് കേസ് എടുക്കാന്‍ ഉത്തരവാകണം എന്ന് തന്നെ ആണ് ഈ കേസും. അതില്‍ കര്‍ദിനാളിനു വേണ്ടി എസ്. ശ്രീകുമാറും ഹര്‍ജിക്കാര്‍ക്ക് വേണ്ടി ബി. രാമന്‍ പിള്ളയും ഹാജരായി. 

 കാനോന്‍ നിയമ പ്രകാരം ബിഷപ്പ് മാത്രമാണ് അധികാരിയെന്നും പോപ്പ് ബിഷപ്പിനു വസ്തു വാങ്ങാനും വില്‍ക്കാനും അധികാരം കൊടുത്തിട്ടുണ്ട്. അതിരൂപത ട്രസ്‌റ് അല്ല. ട്രസ്‌റ് ആയി രെജിസ്റ്റര്‍ ചെയ്തത് ടാക്‌സ് കാര്യത്തിന് മാത്രമാണ് എന്ന് കര്‍ദ്ദിനാളിന്റെ അഭിഭാഷകന്‍ വാദിച്ചു. ഇതിനിടെയാണ് രാജ്യെത്ത കബളിപ്പിക്കലാണോ ലക്ഷ്യമെന്ന പരാമര്‍ശം കോടതി നടത്തിയത്. ഇന്ന് കര്‍ദ്ദിനാളിന്റെ അഭിഭാഷകന്റെ വാദമാണ് നടന്നത്. കാനന്‍ നിയമപ്രകാരമുള്ള സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ ഉന്നയിച്ചതോടെ വിശദമായ വാദം കേള്‍ക്കാന്‍ കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. 

അതിരൂപത ട്രസ്‌റ് അല്ല എന്ന് കാണിക്കാന്‍ എഴുപുന്ന പള്ളി കേസ് വിധിയാണ് ഹാജരാക്കിയത്. ആ കേസ് ഇപ്പോള്‍ സുപ്രീം കോടതിയില്‍ ആണ്. 

അതിനിടെ, മജിസ്‌ട്രേറ്റ് കോടതി തള്ളിയതിനെതിരെ പോളച്ചന്‍ പുതുപ്പാറ സമര്‍പ്പിച്ച ഹര്‍ജിയില്‍ കര്‍ദ്ദിനാളിനും രണ്ട് വൈദികര്‍ക്കും നോട്ടീസ് അയച്ചിരിക്കുകയാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക