Image

അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മര്‍ദ്ദിച്ചുകൊന്ന സംഭവം; രണ്ടുപേര്‍ കസ്റ്റഡിയില്‍

Published on 23 February, 2018
അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മര്‍ദ്ദിച്ചുകൊന്ന സംഭവം; രണ്ടുപേര്‍ കസ്റ്റഡിയില്‍

പാലക്കാട്‌: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊന്ന സംഭവത്തില്‍ രണ്ട്‌ പേര്‍ കസ്റ്റഡിയില്‍. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന്‌ പൊലീസ്‌ കേസെടുത്തിരുന്നു.

പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ പ്രതികളെ അറസ്റ്റ്‌ ചെയ്യുമെന്ന്‌ പൊലീസ്‌ അറിയിച്ചു.
കേരളത്തില്‍ സംഭവിക്കാന്‍ പാടില്ലാത്തതെന്ന്‌ ഡി.ജി.പി ലോക്‌നാഥ്‌ ബെഹ്‌റ പറഞ്ഞു. സംഭവം അന്വേഷിക്കാന്‍ തൃശ്ശൂര്‍ റേഞ്ച്‌ ഐ.ജിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും ജനങ്ങള്‍ നിയമം കൈയിലെടുക്കരുതെന്നും ഡി.ജി.പി പറഞ്ഞു.

ഇന്നലെ വൈകിട്ടാണ്‌ മധുവെന്ന ആദിവാസി യുവാവിനെ മോഷണക്കുറ്റം ആരോപിച്ച്‌ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചത്‌. പിന്നീട്‌ ഇയാളെ പൊലീസിന്‌ കൈമാറുകയായിരുന്നു.

മധുവിന്‌ ക്രൂരമായ മര്‍ദ്ദനമേറ്റിരുന്നതായി പൊലീസ്‌ അറിയിച്ചു. മകനെ ആള്‍ക്കൂട്ടം തല്ലിക്കൊല്ലുകയായിരുന്നുവെന്ന്‌ മധുവിന്റെ അമ്മ പ്രതികരിച്ചു.
മധുവിന്‌ മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായും അമ്മ കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക