Image

നിന്റെ വിശപ്പിനെ കളിയാക്കിയവരും നിന്റെ മരണത്തെ സെല്‍ഫിയെടുത്ത്‌ ആഘോഷിച്ചവരും

Published on 23 February, 2018
നിന്റെ വിശപ്പിനെ കളിയാക്കിയവരും നിന്റെ മരണത്തെ സെല്‍ഫിയെടുത്ത്‌ ആഘോഷിച്ചവരും
തിരുവനന്തപുരം: അട്ടപ്പാടി അഗളിയില്‍ ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവത്തെ അപലപിച്ച്‌ സോഷ്യല്‍ മീഡിയ.

നിന്റെ വിശപ്പിനെ കളിയാക്കിയവരും നിന്റെ മരണത്തെ സെല്‍ഫിയെടുത്ത്‌ ആഘോഷിച്ചവരും കേരളത്തിലാണെന്ന്‌ അറിയുമ്പോള്‍ അറിയാതെ ശിരസ്‌ കുനിഞ്ഞു പോകുന്നുവെന്ന്‌ കെ.എം ഷാജി എം.എല്‍.എ ഫേസ്‌ബുക്കില്‍ പ്രതികരിക്കുന്നു.

'കേരളം ഒന്നാം നമ്പര്‍ ആണെന്ന്‌ പറഞ്ഞവരും, കേരളം എന്ന്‌ കേട്ടാല്‍ ചോര തിളച്ചവരും എല്ലാം മധുവിനെ കൊന്നതില്‍ അസ്വസ്‌തരായിട്ടുണ്ട്‌. ഞെട്ടുന്നുണ്ട്‌. പുരോഗമനത്തിന്റെയും പരിഷ്‌ക്കാരത്തിന്റെയും മറവില്‍ നമ്മള്‍ ഒളിപ്പിച്ചുവെച്ച ജാതി വംശീയ  ബാധമാണ്‌ വിശക്കുന്ന ആദിവാസിയെ അടിച്ചുകൊന്നത്‌ എന്ന്‌ എപ്പോഴാവും കേരളത്തിന്റെ മുഖ്യധാര ഏറ്റുപറയുക. ഇന്നത്തെ പത്രമൊക്കെ കണ്ടാല്‍ അതിന്‌ ഇനിയും എത്രയോ ദുരഭിമാന നാട്യങ്ങള്‍, കൊലപാതകങ്ങളായും ജാതി അധിക്ഷേപങ്ങളായും ഈ നാട്‌ കാണേണ്ടിവരുമെന്നാണ്‌ തോന്നുന്നത്‌'. എന്‍.കെ ഭൂപേഷ്‌ പ്രതികരിക്കുന്നു.

നെഞ്ചുന്തിയ ആ ശരീരവും ദയനീയത അതിന്റെ ആവോളമളവില്‍ ഉള്ള ആ മനുഷ്യന്റെ നോട്ടവും ഇപ്പോളും അസ്വസ്ഥപ്പെടുത്തിക്കൊണ്ടിരിക്കുന്നത്‌ ഏറെപേരെയാണ്‌. ഒന്ന്‌ കണ്ണടച്ചാല്‍ ആ മുഖമാണ്‌ മനസ്സില്‍ ഉറങ്ങാന്‍ സാധിക്കുന്നില്ലായെന്ന്‌ പറഞ്ഞ്‌ ഈ രാവ്‌ വെളുക്കുവോളം ഇന്‍ബോക്‌സിലായും കമന്റിലായിട്ടും വന്ന്‌ പറഞ്ഞ കുറെപേരുണ്ട്‌. അടുത്തക്കാലത്തൊന്നും ഇങ്ങിനെയൊരു  രാത്രിയുണ്ടായിട്ടില്ലാ. കണ്ണ്‌ നിറയാതെയല്ലാതെ എങ്ങിനെയാണ്‌ ആ മുഖത്തേക്കൊന്ന്‌ നോക്കുവാന്‍ കഴിയുന്നത്‌. വിശപ്പിന്‌ നിങ്ങള്‍ വിധിച്ച ശിക്ഷ ആ പാവത്തിന്റെ ജീവനെടുക്കലാണെങ്കില്‍ ആ നഷ്ടപ്പെട്ട ജീവനെ ഓര്‍ത്ത്‌ ഇന്നേരവും എരിയുന്നവരുടെ മനസ്സിന്റെ വെണ്ണീറില്‍ വെന്തുരുകാനെയുള്ളൂ നിങ്ങള്‍. അത്രകണ്ട്‌ ഓരോ മനുഷ്യനെയും അസ്വസ്ഥമാക്കുന്നുണ്ട്‌ ആ കാഴ്‌ച്ച.
ഉയരണം നാടെങ്ങും പ്രതിഷേധം ഉയരുക തന്നെ ചെയ്യും എന്നാണ്‌ ഈ കെട്ടക്കാലത്തും ഉള്ള ചെറിയൊരു പ്രതീക്ഷ.. ബിജു ബാലകൃഷ്‌ണന്‍ പ്രതികരിക്കുന്നു.

മധുവിനെ തല്ലിക്കൊന്നത്‌ തുടക്കം മാത്രമാണ്‌. ഇതര സംസ്ഥാന തൊഴിലാളികളും യാചകരുമായിരിക്കും ക്യൂവില്‍ അടുത്തത്‌. മലയാളിയുടെ ഫ്യൂഡല്‍, വംശീയ ബോധങ്ങളെ ആവാഹിച്ചെടുക്കുന്ന റെസിഡന്റ്‌സ്‌ അസോസിയേഷന്‍ എന്ന ന്യൂ ജനറേഷന്‍ ഖാപ്പ്‌ പഞ്ചായത്തുകള്‍ക്കായിരിക്കും നേതൃത്വം-നസറുദ്ദീന്‍ ചേന്നമംഗലൂര്‍ പ്രതികരിക്കുന്നു.

'സോഷ്യല്‍ വയലന്‍സിനെ ഇന്റേണലൈസ്‌ ചെയ്‌തെടുത്ത ഒരു സമൂഹം. പച്ചപ്രാകൃതര്‍. സമാനമായ രീതിയിലുള്ള സോഷ്യല്‍ വയലന്‍സ്‌ ഇത്രയും കാലം മറ്റ്‌ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിസ്സഹായരോടായിരുന്നു. പൊതുസമൂഹത്തിന്റെയും പൊലീസിന്റെയും തണുത്ത പ്രതികരണം ഫലത്തില്‍ സിസ്റ്റം കുറ്റവാളികള്‍ക്ക്‌ കൊടുക്കുന്ന സംരക്ഷണമായി മാറുന്നു. വയലന്‍സിനെ തങ്ങളില്‍ ദുര്‍ബലരിലേക്ക്‌ തിരിക്കുന്നു. ഒരു ആദിവാസി യുവാവിനെ തല്ലിക്കൊന്നുകൊണ്ട്‌ അത്‌ അടുത്ത സ്‌റ്റേജിലേക്ക്‌ 'പുരോഗമിക്കുന്നു'. കാരണങ്ങളേ മാറുന്നുള്ളൂ, ഇരകളും.കുറ്റവാളികള്‍ മാറുന്നില്ല'  ദീപക്‌ ശങ്കരനാരായണന്‍

'ആളുകള്‍ തല്ലിക്കൊന്ന ആദിവാസി യുവാവിന്റെ ഫോട്ടോ കാണാന്‍ വയ്യ. ഓരോ ആള്‍ക്കൂട്ട കൊലപാതകവും ആഭ്യന്തര വകുപ്പിന്റെ, പോലീസിന്റെ പരാജയമാണെന്ന്‌ ഓര്‍മ്മിപ്പിക്കുന്നു. ആള്‍ക്കൂട്ടം ഒരാളെ തല്ലി പോലീസിലേല്‍പ്പിച്ചാല്‍ ആദ്യം തല്ലിയവരെ കസ്റ്റഡിയിലെടുക്കണം. അതുകഴിഞ്ഞേ തല്ലുകൊണ്ടയാളെ കസ്റ്റഡിയിലെടുക്കാവൂ. അതിനുള്ള നിര്‍ദ്ദേശം പോലീസിനു കൊടുക്കണം.

വരും വരായ്‌കകളില്ലാതെ ഏറ്റവും ദുര്‍ബലര്‍ക്കു നേരെ ക്രൂരത കാണിക്കാന്‍ ആള്‍ക്കൂട്ടത്തിനു മിടുക്കാണ്‌. ആഭ്യന്തര വകുപ്പ്‌ വിചാരിച്ചാല്‍ എളുപ്പത്തില്‍ നിര്‍ത്താന്‍ കഴിയുന്ന കൊലപാതകങ്ങളാണു ഇതൊക്കെ. ആള്‍ക്കൂട്ടനീതി നിയമവാഴ്‌ച്ചയുടെ പരാജയമാണു. ഇതിപ്പൊ കൊലപാതകികള്‍ തന്നെ സെല്‌ഫിയും വീഡിയോയും ഒക്കെ എടുത്തിട്ടുണ്ട്‌, കൊലക്കുറ്റത്തിനു നിയമവ്യവസ്ഥ അവരെ ശിക്ഷിക്കുന്നത്‌ കാണാന്‍ കാത്തിരിക്കുന്നു. ഫ്രാന്‍സിസ്‌ നസ്രത്ത്‌ പ്രതികരിക്കുന്ന.ു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക