Image

അവനെ അനുജന്‍ എന്ന് തന്നെ വിളിക്കുന്നു: നടന്‍ മമ്മൂട്ടി

Published on 23 February, 2018
അവനെ അനുജന്‍ എന്ന് തന്നെ വിളിക്കുന്നു: നടന്‍ മമ്മൂട്ടി
അട്ടപ്പാടി മുക്കാലിയില്‍ ആദിവാസി യുവാവ് ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റ മരിച്ച സംഭവത്തെ അപലപിച്ച് നടന്‍ മമ്മൂട്ടി. 

മധുവിനെ ആദിവാസി എന്നു വിളിക്കരുത്. ഞാന്‍ അവനെ അനുജന്‍ എന്ന് തന്നെ വിളിക്കുന്നു. ആള്‍ക്കൂട്ടം കൊന്നത് എന്റെ അനുജനെയാണ്. മനുഷ്യനായി ചിന്തിച്ചാല്‍ മധു നിങ്ങളുടെ മകനോ അനുജനോ ജ്യേഷ്ഠനോ ഒക്കെ ആണ്. അതിനുമപ്പുറം നമ്മെപ്പോലെ എല്ലാ അവകാശാധികാരങ്ങളുമുള്ള പൗരന്‍. വിശപ്പടക്കാന്‍ മോഷ്ടിക്കുന്നവനെ കള്ളനെന്ന് വിളിക്കരുത്. പട്ടിണി സമൂഹത്തിന്റെ സൃഷ്ടിയാണ്. 

ആള്‍ക്കൂട്ടത്തിന് നീതിപാലനത്തിന്റെ അമിതാധികാരങ്ങളും ശിക്ഷാവിധിയുടെ മുള്‍വടികളും കല്പിച്ചു കൊടുത്ത നമ്മുടെ വ്യവസ്ഥിതിക്ക് കൂടി മധുവിന്റെ മരണത്തിന് ഉത്തരവാദിത്തമുണ്ട്. മനുഷ്യന്‍ മനുഷ്യനെത്തന്നെ ആക്രമിക്കുന്നത് എന്തിന്റെ പേരിലായാലും മനുഷ്യന്‍ എന്ന നിലയില്‍ അംഗീകരിക്കാനാവില്ല. വിശപ്പിന്റെയും വിചാരണയുടെയും കറുത്ത ലോകത്തു നിന്നു കൊണ്ട് നമ്മള്‍ എങ്ങനെയാണ് പരിഷ്‌കൃതരെന്ന് സ്വയം പ്രഖ്യാപിക്കുന്നത്? മധു... മാപ്പ്...

അട്ടപ്പാടി കടുകമണ്ണ ഊരില്‍ മല്ലന്റെ മകന്‍ മധുവാണ് വ്യാഴാഴ്ച ഉച്ചയോടെ മരിച്ചത്. മുക്കാലിയില്‍ ഹോട്ടലില്‍നിന്നു ഭക്ഷണം മോഷ്ടിച്ചുവെന്ന് ആരോപിച്ച് ഒരു സംഘം ആളുകള്‍ മധുവിനെ മര്‍ദ്ദിച്ചശേഷം പൊലീസിനു കൈമാറുകയായിരുന്നു. അവശനായ മധുവിനെ ആശുപത്രയിലെത്തിച്ചെങ്കിലും മരിച്ചു. 

ജോയ് മാത്യുവിന്റെ കുറിപ്പ് വായിക്കാം-

സാക്ഷര സംസ്‌കാര കേരളമേ ലജ്ജിക്കുക...ഇരുനൂറു രൂപയുടെ ഭക്ഷണ സാധനങ്ങള്‍ മോഷ്ടിച്ചുവെന്നാരോപിച്ച് അട്ടപ്പാടിയില്‍ മധു എന്ന മാനസികാസ്വാസ്ഥ്യമുള്ള ആദിവാസി യുവാവിനെ തല്ലിക്കൊന്നത്രെ.

മധു ഒരു പാര്‍ട്ടിയുടേയും ആളല്ലാത്തതിനാല്‍ ചോദിക്കാനും പറയാനും പിരിവെടുക്കാനും ആരും ഉണ്ടാവില്ല കേസുകള്‍ തേഞ്ഞുമാഞ്ഞുപോകും. എങ്കിലും കൊല്ലപ്പെടുന്നതിനു മുമ്പ് കൈകള്‍ കെട്ടിയിട്ടു മര്‍ദ്ദിക്കുന്നതിന്റെ മുന്നോടിയായി സെല്‍ഫി എടുത്ത് ആനന്ദിക്കുന്ന മലയാളിയെ ഓര്‍ത്ത് നമുക്ക് ലജ്ജിക്കാം. 

സന്തോഷ് പണ്ഡിറ്റ്

നിരവധി നിഷ്ഠൂരവും ക്രൂരവുമായ കൊലപാതകങ്ങള്‍ക്കുമാണ്‌നാം കഴിഞ്ഞ ദിവസങ്ങളില്‍ സാക്ഷി ആകുന്നത്. അട്ടപ്പാടിയിലെ യുവാവിനെ ആള്‍ക്കൂട്ടം ചേര്‍ന്നു മര്‍ദ്ദിച്ചു കൊന്നതും (അതിനിടയില്‍ കുറേ പേര്‍ selfy എടുത്തു ആഘോഷിച്ചു),കണ്ണൂരിലെ ശുഹൈബിന്റെ മൃഗീയമായ കൊലപാതകവും,

ഗര്‍ഭസ്ഥ ശിശു പോലും ആക്രമണത്തില്‍ കൊല്ലപ്പെടുന്നതും നമ്മുടെ മൃഗീയ സ്വഭാവത്തിന്ടെ ഉദാഹരണങ്ങളല്ലേ ?

എല്ലാ കൊലപാതകങ്ങളും അപലപനീയങ്ങളാണ്. ഇതാണോ സാംസ്‌കാരിക കേരളം ?ഇതാണോ No 1 സംസ്ഥാനം. ഈ ലോകത്ത് പാസ്പോര്‍ട്ടും, കോടികളുമുള്ള മല്ല്യമാര്‍ക്ക് മാത്രം ജീവിച്ചാല്‍ മതിയോ?മധുവിനെ പോലത്തെ പാവപ്പെട്ടവര്‍ക്കും ജീവിക്കേണ്ടേ?

നാം കുറെ കൂടി സഹിഷ്ണുത കാണിക്കുക. 100% സാക്ഷരത പ്രവൃത്തിയില്‍ കൊണ്ടു വരിക.എല്ലാം ഭാവിയില്‍ ശരിയാകുമെന്നു വിശ്വസിക്കുന്നു.

സുരാജ് വെഞ്ഞാറമൂട്

നീ കാട് മോഷ്ടിച്ചത് കൊണ്ടല്ലേ മനുഷ്യാ.. അവന്‍ ചോറ് തേടിയിറങ്ങിയത്

വിപിന്‍ ദാസ്

പേടിക്കണം മലയാളിയെ.. ജനാലയില്‍ ഒട്ടിച്ച സ്റ്റിക്കറിന്റെ പേരില്‍ ഉണ്ടാക്കിയ ഉള്‍ഭയത്തില്‍ തുടങ്ങി, മൊബൈലില്‍ കുത്തിയിരുന്നു പരസ്പരം ഷെയര്‍ ചെയ്തു പുകച്ച് വൈറല്‍ ആക്കി വാങ്ങിയ നമ്പര്‍ വണ് കപ്പാണ് ഈ ഫോട്ടോയില്‍ കാണുന്നത് വിവരവും വിദ്യാഭാസവും ഇല്ലാത്ത അന്യ സംസ്ഥാനക്കാര്‍ ചെയ്യുന്നതിനേക്കാള്‍ പതിന്മടങ്ങ് ആഴമുണ്ട് സാംസ്‌കാര സമ്പന്നരായ മലയാളീയുടെ ഈ കലാപരിപാടിക്ക്. മതവും, ജാതിയും, അന്ധവിശ്വാസവും, കപട സദാചാരവും, സഹജീവികളോടുള്ള വെറുപ്പും എല്ലാം കൊണ്ടും ഇന്ത്യയില്‍ അല്ല ലോകത്തെ തന്നെ ഒന്നാമനാണ് മലയാളീ.. എന്തിനെയും വൈറല്‍ ആക്കാന്‍ തുടങ്ങിയത് മുതല്‍ ഞാന്‍ അവരെ പേടിച്ചു തുടങ്ങിയിരിക്കുന്നു.. കാരണം അതെന്തായാലും ഒടുവില്‍ നമുക്ക് സമ്മാനിക്കുന്നത് വെറുപ്പോ ദുരന്തമോ ആണ്... അറിഞ്ഞോ അറിയാതെയോ പാരമ്പര്യമായി പേരിന്റെ കൂടെ ഗമയില്‍ ജാതിയുടെ തണ്ടു കൊണ്ടു നടക്കുന്നവനാണ് കീഴ് ജാതിയെന്നോ കാട്ടു വാസിയെന്നോ വിളിച്ചു കൂവി അന്തസ്സോടെ നിവര്‍ന്നു നിന്നു ഒരുവന്റെ ജീവനെടുക്കുന്നതിന്റെ യഥാര്‍ഥ കാരണക്കാര്‍.. ഇനിയും ജാതി വ്യവസ്ഥ മറ്റൊരു ജീവന്‍ എടുക്കുന്നതിനു മുന്‍പ് ഭൂമിയിലെ ഏറ്റവും ഉന്നതകുലജാതനായ ഒരു പാവത്തിന്റെ വിലമതിക്കാനാവാത്ത ജീവന്‍ പോയ എന്റെ ഏറ്റവും നിരാശജനകമായ ജന്മദിനത്തില്‍ നിന്നു കൊണ്ടു പറയുന്നു.
Join WhatsApp News
keraleeyan 2018-02-23 09:24:34
സിനിമാക്കാര്‍ കേരളത്തിലെ സാംസ്‌കാരിക നായകന്മാരായി! ഇതോര്‍ത്താണു കേരളം കൂടുതല്‍ ലജ്ജിക്കേണ്ടത്. വിവരമുള്ളവരൊക്കെ എവിടെ പോയി? 
Mathew V. Zacharia. New York 2018-02-23 10:56:54
I call him my brother. Heartbroken of this incident. Heart of compassion is from GOD.
Mathew V. Zacharia, New Yorker.

Sudhir Panikkaveetil 2018-02-23 13:15:47
നാട്ടുകാരെ സഹായിക്കാൻ പോകുന്ന അമേരിക്കൻ മലയാളി അത് ദയവായി നിറുത്തി വയ്ക്കുക. ക്രൂരന്മാരായ നാട്ടിലെ പ്രമാണിമാർ അത് അർഹിക്കുന്നില്ല. എന്റെ എല്ലാ ലേഖനങ്ങളിലും ഞാൻ ഇത് പറയാറുണ്ട്. 
Just A Reader 2018-02-23 16:36:43
If one percent of these so called cinema people extend a small hand towards these poor people, none of them will die of starvation. There is always these kind of fake sympathizers out there to shed the crocodile tears when something tragic happens like this to get some public attention on behalf of these poor guys. How sad......
sunu 2018-02-23 21:32:03
സുഹൃത്തേ പ്രതികരിക്കാൻ അല്ലിത്. ഇവനോടൊക്കെ ഒരുനാൾ പ്രതികാരം തീർക്കാൻ  ചിലർ ജനിക്കും എന്ന പ്രതാശയിൽ. നിവ്യത്തി കേട് കൊണ്ട് സഹിക്കുന്നു.  നല്ലതു വരില്ല മക്കളെ.  
വിദ്യാധരൻ 2018-02-23 23:29:32
             മധുരോദനം
ഞാനൊരു നായായിരുന്നെങ്കിൽ
നിങ്ങളെന്നെ കരുതുമായിരുന്നു
ഒരു പിടി ചോറിനായി നിങ്ങളെന്നെ
അടിമുടി തല്ലി ചതച്ചുവല്ലേ?
ദൈവത്തിൻ സ്വന്ത നാടാം കേരളമേ
ഇവിടെ ആരാണ് ഭരിപ്പതിന്ന് ?
ചെകുത്താനോ ദൈവമോ 
അതോ നരഭോജികളോ?
വിശന്നപ്പോൾ ഞാൻ ചോറു കട്ടതാണെ
അതിനിത്ര കഠിന ശിക്ഷകളോ ?
ക്രൂരമായി എന്നെ തല്ലി ചതച്ചിടുമ്പോൾ
നിൻ കണ്ണിൽ ഞാൻ കണ്ടു മരണ നൃത്തം.
നിന്നിലെ വെറുപ്പും വിദ്വേഷവും
ഒന്നിച്ചു ചവിട്ടുന്ന ചുടലനൃത്തം
പകൽ നിന്നെ കണ്ടാൽ മാന്യനത്രേ
രാത്രിയായാൽ നീ ഭീകര രൂപിത്രെ
മതി നിന്റെ വേദാന്തം നിറുത്തിടുമോ
തലമണ്ട പെരുക്കുന്നു ചുറ്റിടുന്നു
ചതിയും കൊലയും ഇന്ന് ഫാഷനല്ലേ
അത് ചെയ്യാത്തോർ ;കാട്ടിലെ ജാതിയല്ലേ;
മനസിന്റെ താളം തെറ്റിപ്പോയാൽ
അവർ ചെയ്യും തെറ്റവർ അറിയുന്നുണ്ടോ ?
കേരളമെന്ന പേരുകേട്ടാൽ
അവമാനം അല്ലാതെ മറ്റെന്തിരിപ്പു?
ആരുണ്ടെന്റെ കരച്ചിൽ കേൾക്കാൻ
ആരുണ്ടെനിക്കാശ്വാസം എകിടുവാൻ
മരണമേ നീ എന്നെ പുല്കിടുക
ഉറങ്ങട്ടെ ശാന്തമായി നിൻ മടിയിൽ
 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക