Image

കെജ്‌രിവാളിന്റെ വസതിയിലെ സിസിടിവി ഹാര്‍ഡ് ഡിസ്‌ക് പോലീസ് പിടിച്ചെടുത്തു

Published on 23 February, 2018
കെജ്‌രിവാളിന്റെ വസതിയിലെ സിസിടിവി ഹാര്‍ഡ് ഡിസ്‌ക് പോലീസ് പിടിച്ചെടുത്തു

ന്യൂഡല്‍ഹി: ഡല്‍ഹി ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിയിലെ സിസിടിവി സംവിധാനത്തിന്റെ ഭാഗമായ ഹാര്‍ഡ് ഡിസ്‌ക് പോലീസ് പിടിച്ചെടുത്തു. സി.സി.ടി.വി ദൃശ്യങ്ങള്‍ കൈമാറണമെന്ന് പോലീസ് അഭ്യര്‍ഥിച്ചിരുന്നു. ഒരു പ്രതികരണവും ഉണ്ടാവാത്ത സാഹചര്യത്തിലാണ് ഹാര്‍ഡ് ഡിസ്‌ക് പിടിച്ചെടുക്കേണ്ടി വന്നതെന്ന് പോലീസ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ വസതിയിലെ 21 സിസിടിവി ക്യാമറകളും ദൃശ്യങ്ങള്‍ പകര്‍ത്തിയ ഹാര്‍ഡ് ഡിസ്‌കും പോലീസ് പരിശോധിച്ചു. ഹാര്‍ഡ് ഡിസ്‌ക് ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും. സിസിടിവി ദൃശ്യങ്ങളില്‍ കൃത്രിമം നടന്നിട്ടുണ്ടോയെന്ന് ഇതിലൂടെ വ്യക്തമാകുമെന്ന് നോര്‍ത്ത് അഡീഷണല്‍ ഡിസിപി ഹരീന്ദ്ര സിങ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

ദൃശ്യങ്ങള്‍ കൈമാറാന്‍ ഫെബ്രുവരി 20നുതന്നെ ആവശ്യപ്പെട്ടിരുന്നുവെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് ഒരു പ്രതികരണവും ഉണ്ടായില്ല. ഇതേത്തുടര്‍ന്നാണ് പോലീസിന് ഹാര്‍ഡ് ഡിസ്‌ക് പിടിച്ചെടുക്കേണ്ടിവന്നത്. സിസിടിവി സംവിധാനത്തിന്റെ പരിപാലന ചുമതലയുള്ള ജീവനക്കാരില്‍നിന്നും പോലീസ് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഡല്‍ഹി ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ മുഖ്യമന്ത്രി കെജ്‌രിവാളിന്റെ വസതിയില്‍വച്ച് ആം ആദ്മി പാര്‍ട്ടി എം.എല്‍.എ മാര്‍ മര്‍ദ്ദിച്ചുവെന്നാണ് കേസ്. ഫെബ്രുവരി 20 ന് പുലര്‍ച്ചെ 12.15 ഓടെയാണ് സംഭവം നടന്നതെന്നാണ് പോലീസ് കരുതുന്നത്. മുഖ്യമന്ത്രിയുടെ വസതിയിലെ 14 ക്യാമറകള്! പ്രവര്‍ത്തിച്ചിരുന്നുവെന്നും ഏഴെണ്ണം പ്രവര്‍ത്തന രഹിതമായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. മര്‍ദ്ദനം നടന്ന മുറിയില്‍ സിസിടിവി ക്യാമറ ഉണ്ടായിരുന്നില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക