Image

കളി സീരിയസാകുമ്പോള്‍

Published on 23 February, 2018
കളി സീരിയസാകുമ്പോള്‍
ആഡംബരത്തോട് ലഹരി കയറി പണമുണ്ടാക്കാന്‍ വേണ്ടി കള്ളക്കടത്തും മയക്കു മരുന്നു വില്പനയുമൊക്കെ നടത്തി അവസാനം പോലീസും കേസുമായി ജീവിതം തുലച്ചു കളയുന്ന എത്രയോ ചെറുപ്പക്കാരുടെ കഥകളാണ് നാം ദിവസവും പത്രങ്ങളില്‍ വായിക്കുന്നത്. അവരുടെ ജീവിതം മാത്രമല്ല, മാതാപിതാക്കള്‍ക്ക് അവര്‍ കാരണമുണ്ടാകുന്ന അത്യധികമായ മാനസിക വേദനയും പിന്നീട് ഇങ്ങനെ വഴിതെറ്റിപ്പോയവര്‍ക്ക് സമൂഹത്തില്‍ നിന്നും നേരിടേണ്ടി വരുന്ന അവഗണനകളുമെല്ലാം വലിയ പ്രശ്‌നങ്ങള്‍ നജീം കോയ സംവിധാനം ചെയ്ത കളി എന്ന ചിത്രം പറയുന്നതും ഇങ്ങനെയൊരു പ്രമേയത്തെ അടിസ്ഥാനമാക്കിയുള്ള കഥയാണ്.

ന്യൂജെന്‍ പിള്ളേരുടെ കൊച്ചിയാണ് കഥയുടെ പശ്ചാത്തലം. ബിജോയ്, സമീര്‍, ഷാനു, അബു, അനീഷ് എന്നിവര്‍ സുഹൃത്തുക്കളാണ്. നഗരത്തിലെ സമ്പന്നരുടെ മക്കളെ പോലെ വില കൂടിയ വസ്ത്രങ്ങളും ഷൂസും ധരിച്ച് ബൈക്കിലും കാറിലുമൊക്കെ ചീറിപ്പാഞ്ഞു നടക്കാന്‍ കൊതിക്കുന്ന യുവത്വമാണ് അവരുടേത്. പക്ഷേ സ്വന്തം വീട്ടില്‍ അതിനുള്ള നിവൃത്തിയില്ല താനും. അതു കൊണ്ട് നഗരത്തിലെ മാളുകളിലും റെഡിമെയ്ഡു കടകളിലും കയറി ഷര്‍ട്ടും ഷൂസുമൊക്കെ മോഷ്ടിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. അങ്ങനെ ചില്ലറ മോഷണങ്ങളുമായി നടക്കുന്ന ഇവര്‍ ഒരു ദിവസം പണത്തിനായി ഒരു വില്ലയില്‍ മോ,ണത്തിനായി കയറുന്നു. അവിടെ വച്ച് ചില അപ്രതീക്ഷിത സംഭവങ്ങള്‍ അരങ്ങേറുന്നു. ഇതേ തുടര്‍ന്ന് ഇവര്‍ നേരിടുന്ന പ്രതിസന്ധികളും അതിനെ അതിജീവിക്കാന്‍ അവര്‍ നടത്തുന്ന ശ്രമങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

ആദ്യ പകുതിയില്‍ ഇന്നത്തെ യുവത്വത്തിന്റെ പ്രണയവും ആഘോഷങ്ങളും അതിന്റേതായ രസങ്ങളുമൊക്കെയാണ് പറയുന്നത്. കാണാന്‍ സുന്ദരിമാരായ പെണ്‍കുട്ടികളെ വളയ്ക്കാന്‍ ആമ്പിള്ളേര്‍ നടത്തുന്ന സ്ഥിരം നമ്പറുകളും പ്രണയ ചാപല്യങ്ങളുമെല്ലാം സിനിമയിലുണ്ട്. എന്നാല്‍ ഇടവേളയ്ക്കു ശേഷം കഥയില്‍ തിലകന്‍ എന്ന പോലീസ് ഉദ്യോഗസ്ഥനായി ജോജു വര്‍ഗീസ് എത്തുന്നതോടെ കഥ ഒരു ത്രില്ലര്‍ മൂഡിലേക്ക് മാറുകയാണ്. ഈ കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് പിന്നീട് കഥ വികസിക്കുന്നത്. നെഗറ്റീവ് സ്വഭാവമുളള തിലകനെന്ന കഥാപാത്രത്തെ മികച്ച കൈയ്യടക്കത്തോടെ ജോജു അവതരിപ്പിച്ചിട്ടുണ്ട്.തമാശ വേഷങ്ങള്‍ മാത്രമല്ല, സീരിയസ് കഥാപാത്രങ്ങളും തന്റെ കൈയ്യില്‍ ഭദ്രമാണെന്നു ജോജു ഇതിനു മുമ്പും തെളിയിച്ചിട്ടുണ്ട്. രാമന്റെ ഏദന്‍ തോട്ടം എന്ന ചിത്രത്തിലെ കഥാപാത്രം തന്നെ അതിനുദാഹരണം. മുത്തേടന്‍ എന്ന കഥാപാത്രമായി വന്ന ഷമ്മി തിലകനും തന്റെ ഭാഗം മികച്ചതാക്കി.

ന്യൂജെന്‍ സംഘത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഷെബിന്‍ ബെന്‍സണാണ്. ഐശ്വര്യ സുരേഷ്, വിദ്യ വിജയ് എന്നിവര്‍ നായികാ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എല്ലാ കാലത്തും പ്രസക്തമായ ഒരു വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ഒരു നിശബ്ദ സന്ദേശം ചിത്രം നല്‍കുന്നുണ്ട്. എന്നാല്‍ വലിയ തോതിലുള്ള കവല പ്രസംഗത്തിനു മുതിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.

രാഹുല്‍രാജിന്റെ സംഗീതം ചിത്രത്തിന്റെ ആകെയുള്ള മൂഡിനു യോജിച്ചതാണ്. വലിയ പ്രതീക്ഷകലില്ലാതെ പോയാല്‍ അത്യാവശ്യം കണ്ടാസ്വദിക്കാന്‍ കഴിയുന്ന ചിത്രമാണ് ഈ കളി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക