Image

വലിയ ശാസ്ത്ര നിഗമനങ്ങളും, ചില ചെറിയ സംശയങ്ങളും (രണ്ടാം ഭാഗം: ജയന്‍ വര്‍ഗീസ്)

Published on 23 February, 2018
വലിയ ശാസ്ത്ര നിഗമനങ്ങളും, ചില ചെറിയ സംശയങ്ങളും (രണ്ടാം ഭാഗം: ജയന്‍ വര്‍ഗീസ്)
സൂര്യമരണം

ഇനിയൊരു അഞ്ഞൂറ് കോടി കൊല്ലങ്ങള്‍ കൂടി കഴിഞ്ഞാല്‍ നമ്മുടെ സൂര്യന്‍ മരിക്കുമത്രേ ! ഭാഗ്യം ! നാളെ വൈകിട്ട് മരിക്കുമെന്ന് പറഞ്ഞില്ലല്ലോ ?അഞ്ഞൂറ് കോടി കൊല്ലങ്ങള്‍ക്കു മുന്‍പ് രൂപം പ്രാപിക്കുകയും, നാനൂറ്റി അന്‍പതു കോടി കൊല്ലങ്ങള്‍ക്കു മുന്‍പ് മുതല്‍ കത്തി നില്‍ക്കുകയും ചെയ്യുന്ന സൂര്യന്‍ സെക്കന്‍ഡില്‍ ഏഴു ലക്ഷം ടണ്‍ ഹൈഡ്രജന്‍ എരിയിച്ചു കൊണ്ടാണ് തിളങ്ങി നില്‍ക്കുന്നത്. ആദിമ മനുഷ്യന്‍ വരുന്നതിനു വളരെ മുന്‍പേ തന്നെ ആരംഭിച്ചതാണീ കത്തല്‍. മുപ്പതോ, മുപ്പത്തഞ്ചോ ലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആദിമ മനുഷ്യന്‍ എഴുന്നേറ്റു നടന്നു തുടങ്ങിയപ്പോളെക്കും ആകെ ഇന്ധന ശേഷിയുടെ പകുതിയിലേറെയും കത്തിത്തീര്‍ന്നുവത്രേ. ഇനി ഒരു നാനൂറ്റി അമ്പതു കോടി കൊല്ലങ്ങള്‍ കൂടി ഇങ്ങനെ കത്തി നില്‍ക്കാം അത്രതന്നെ?

ഭൂമിയിലെ മനുഷ്യന്റെ നിലനില്‍പ്പ് ഉറപ്പു വരുത്താനായിട്ടാണ് പ്രപഞ്ച ശില്പി സൂര്യനെ രൂപപ്പെടുത്തിയത് എന്ന് ഒരു കൂട്ടര്‍ ഉറച്ചു വിശ്വസിക്കുന്‌പോള്‍, ഇതെല്ലാം വെറും യാദൃശ്ചികമായി സംഭവിച്ചതാണെന്ന് മറ്റൊരു കൂട്ടര്‍ വാദിക്കുന്നു. രണ്ടു കൂട്ടര്‍ക്കും അവരവരുടേതായ ന്യായീകരണങ്ങള്‍ ഉണ്ടായിരിക്കുന്‌പോള്‍ത്തന്നെ സൂര്യന്‍ പല പ്രത്യേകതകളും ഉള്‍ക്കൊള്ളുന്ന ഒരു നക്ഷത്രമാണെന്ന് കണ്ടെത്താവുന്നതാണ്. കണ്ടെത്തിയ നൂറ് ബില്യണിലധികം ഗാലക്‌സികളിലായി എഴുപത് സെക്‌സ്ടില്യന്‍ അതായത് ഏഴ് എഴുതിയതിന് ശേഷം ഇരുപത്തിരണ്ട് പൂജ്യങ്ങള്‍ ഇട്ടാല്‍ കിട്ടുന്ന തുക നക്ഷത്രങ്ങള്‍ ഉണ്ടായിരിക്കുന്‌പോള്‍, നമ്മുടെ സൂര്യന്‍ ആകാശ ഗംഗയിലെ ഒരു ചെറു പയ്യന്‍ മാത്രമാകുന്നു. ഈ പയ്യനെക്കാള്‍ നാനൂറ് ഇരട്ടിയിലേറെ വലിപ്പമുള്ള വല്യേട്ടന്മാരാണ് എല്ലാ ഗാലക്‌സികളിലും ധാരാളമായുള്ള നക്ഷത്ര ഭീമന്മാര്‍.

പ്രപഞ്ചത്തിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രം സൂര്യനാണെന്ന് പറയുന്നില്ലാ. സൂര്യനെക്കാള്‍ പത്ത് മില്യണ്‍ ഇരട്ടി തിളക്കമുള്ള ഒരെണ്ണം ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തി തിരിച്ചറിഞ്ഞിട്ടുണ്ട്. പിസ്‌ടോള്‍ നക്ഷത്രം എന്നാണതിന്റെ പേര്. അതായിരുന്നു നമ്മുടെ കേന്ദ്ര നക്ഷത്രമെങ്കില്‍ ആദ്യ ദര്‍ശനത്തില്‍ തന്നെ അന്ധത ഏറ്റുവാങ്ങി ഭൂമി ഒരു അന്ധജീവി താവളമായി തീരുമായിരുന്നു. ഒന്നും സംഭവിക്കുന്നില്ല. സൂര്യ കേന്ദ്രത്തില്‍ പതിനഞ്ചു മില്യണ്‍ സെന്റിഗ്രിഡും, ഉപരിതലത്തില്‍ അയ്യായിരത്തി എഴുന്നൂറ്റി അറുപതു സെന്റിഗ്രിഡും ചൂടിലാണ് സൂര്യന്‍ അങ്ങനെ കത്തിത്തിളങ്ങി നില്‍ക്കുന്നത്. തന്റെ പ്രഭാവലയത്തില്‍ ഉപരിതലത്തിലേക്കാള്‍ ഇരുന്നൂറു ഇരട്ടി ചൂട് പ്രസരിപ്പിച്ചു കൊണ്ട് നമ്മളെക്കാള്‍ തൊണ്ണൂറ്റി മൂന്ന് മില്യണ്‍ മൈല്‍ ദൂരത്തില്‍ സൂര്യന്‍ നിലകൊള്ളുന്നത് കൊണ്ടാണ്, ചൂടും,വെളിച്ചവുമായി സൗര സാന്നിധ്യം എന്നും നമുക്ക് സുഖം പകര്‍ന്നു കൊണ്ടിരിക്കുന്നത് !?

ആകാശ ഗംഗയിലെ അനേക നക്ഷത്ര രാശികളില്‍ ഒന്നില്‍, അനേകമനേകം നക്ഷത്ര ഭീമന്മാര്‍ക്കിടയില്‍ അവരുടെയൊക്കെ ഇളയ അനുജനായി, പ്രോജ്ജ്വലമായ മുഖകാന്തിയോടെ ചൂടും വെളിച്ചവും പ്രസരിപ്പിച്ചു കൊണ്ട് ഭൂമുഖത്തെ ജീവി വര്‍ഗ്ഗങ്ങളുടെയും സസ്യ ലതാദികളുടെയും സംരക്ഷകനായി നില്‍ക്കുന്ന നമ്മുടെ സൂര്യനില്‍ എന്തോ അസാമാന്യത ദര്‍ശിച്ചിട്ടാവണം, പുരാതന ഗ്രീക്കുകാരും, റോമന്‍കാരും, അമേരിക്കയിലെ ആദിമ നിവാസികളുമൊക്കെ ടിയാനെ ദൈവമായി സങ്കല്‍പ്പിച് ആരാധിച്ചിരുന്നത്. നമ്മുടെ സൗരയൂഥത്തിലെ ഗ്രഹങ്ങളെയും, ഉപഗ്രഹങ്ങളെയും, കുള്ളന്‍ ഗ്രഹങ്ങളെയും, വാല്‍നക്ഷത്രങ്ങളെയും, ഉള്‍ക്കകളെയും, പൊടിപടലങ്ങളെയും, നമുള്‍പ്പടെയുള്ള സകലതിനെയു കൂട്ടി സ്വയം തിരിഞ്ഞും, ചുറ്റിത്തിരിഞ്ഞും, മറ്റുള്ളതിനെ തിരിയിച്ചും നമുക്കനുകൂലമായ ഈ വര്‍ത്തമാനാവസ്ഥ വിരിയിച്ചെടുക്കുന്ന ഈ സൂര്യന്‍ നമ്മുടെയെല്ലാം റെസ്‌പെക്ട് അര്‍ഹിക്കുന്നില്ല? ഈ സംവിധാനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്ന മറ്റൊരു സംവിധാനവും നിലവിലില്ലെന്ന് കൈ മലര്‍ത്തുന്ന ഭൗതിക വാദികള്‍ക്ക് മറിച്ചു ചിന്തിക്കുന്ന മറ്റുള്ളവരെ ആക്രമിക്കാതിരിക്കാനെങ്കിലും ശ്രമിച്ചു കൂടെ?

ഈ സൂര്യന്‍ നാളെ മരിച്ചു മണ്ണടിയുമെന്നാണ് ശാസ്ത്രം പറയുന്നത്. നാനൂറ്റി അന്‍പതു കോടി കൊല്ലങ്ങള്‍ക്ക് മുന്‍പ് ' ഓറിയോണ്‍' എന്ന് ശാസ്ത്രലോകം പേരിട്ടു വിളിക്കുന്ന നക്ഷത്ര പടലത്തിന്റെ മൂന്നാം ശിഖരത്തിലുണ്ടായ സൂപ്പര്‍നോവാ സ്‌പോടനത്തിന്റെ ആഘാതത്തിലാണ് വാതക രൂപത്തിലായിരുന്ന ഹൈഡ്രജനും, ഹീലിയവും മറ്റും,മറ്റും ഉള്‍ച്ചേര്‍ന്നും, ഉരുകിച്ചേര്‍ന്നുമാണ് സൗര യുദ്ധവും, പിന്നെ നമ്മളുമെല്ലാം രൂപപ്പെട്ടത് എന്നാണു ശാസ്ത്രം പറയുന്നത്. ഇനിയൊരു നാനൂറ്റി അന്‍പതു കോടി കൊല്ലങ്ങള്‍ കൂടി കഴിയുന്‌പോള്‍ സമസ്ത ഇന്ധനവും കത്തിത്തീര്‍ന്ന് സൂര്യനില്‍ മറ്റൊരു സൂപ്പര്‍നോവാ അനിവാര്യമായിത്തീരുകയും, അതിനിടയില്‍ സംജാതമാവുന്ന പരിണാമ ഫലമായി , നമ്മുടെ ഭൂമി തണുത്തുറഞ്, സസ്യ ജീവ ജാലങ്ങളുടെ അവസാന തരിയും പറിച്ചെറിഞ് അതുല്യമായ സൂപ്പര്‍നോവാ സ്‌പോടനത്തില്‍ ഉള്‍പ്പെട്ട് മഴവില്ലും, മനുഷ്യ മോഹങ്ങളും വിരിഞ്ഞു നിന്നിരുന്ന ഈ ഭൂമിയും, അതുള്‍ക്കൊള്ളുന്ന സൗരയൂഥവും പ്രപഞ്ച സാഗരത്തിലെ അഗാധ ഗര്‍ത്തങ്ങളിലെങ്ങോ മറയുമത്രെ ! ഓറിയോണ്‍ നക്ഷത്ര ധൂളികളില്‍ നിന്ന് വന്ന നമ്മള്‍ സൗര നക്ഷത്ര ധൂളികളിലേക്കും, മറ്റൊരു മഹാ കാലത്തിലേക്കുമുള്ള മടക്ക യാത്ര ആരംഭിക്കുമത്രേ !?

ഇന്നോ ,നാളെയോ മരിക്കാനിരിക്കുന്ന ഞാനും നിങ്ങളുമല്ലാ ഇവിടെ പ്രശ്‌നം. മനുഷ്യന്‍ ഒരു വര്‍ഗ്ഗമാണെന്നും, ഇന്നലെകളുടെ ബാക്കിപത്രങ്ങളാണ് നമ്മളെന്നും, നമ്മുടെ സ്വപ്നങ്ങളാണ് നാളെകള്‍ എന്നും ചിന്തിക്കുന്നവര്‍ക്ക് യാതൊരു സര്‍വനാശവും ആശ്വാസം പകരുന്നില്ലന്ന് മാത്രമല്ലാ, അസ്വസ്ഥത ഉളവാക്കുന്നുമുണ്ട് .

ഈ അസ്വസ്ഥതയുടെ ആഴങ്ങളിലേക്കിറങ്ങി നിന്ന് ചിന്തിക്കുന്‌പോള്‍, ഇപ്രകാരം ഒരു സര്‍വ നാശം സംഭവിക്കാതിരുന്നെങ്കില്‍ എന്നാശിച്ചു പോകുന്നു. വെറും നൂറ് വര്‍ഷങ്ങള്‍ക്കുള്ളില്‍ അവസാനിക്കാന്‍ അച്ചാരം കെട്ടിയിരിക്കുന്ന മനുഷ്യനല്ലേ അഞ്ഞൂറ് കോടി കൊല്ലങ്ങള്‍ക്കപ്പുറമുള്ള കാര്യങ്ങളെ നിഗമനങ്ങളിലൂടെ കണ്ടെത്തിയിരിക്കുന്നത് ? ഈ നിഗമനങ്ങളെ മറ്റൊരു വീക്ഷണ കോണത്തിലൂടെ പുനര്‍ നിര്‍ണ്ണയം നടത്തിയാല്‍ അനാദ്യന്തമായി നില നില്‍ക്കുന്ന പ്രപഞ്ചം പോലെ നമ്മുടെ സൂര്യനും അനാദ്യന്തമായി തന്നെ നിലനില്‍ക്കുമെന്ന് പ്രതീക്ഷിച്ചു കൂടെ ? ആ പുത്തന്‍ നിഗമനങ്ങളെ വിശദീകരിക്കുവാന്‍ അല്‍പ്പം പിന്നോട്ട് പോകേണ്ടതുണ്ട്. നമുക്ക് അടിയില്‍ നിന്ന് തന്നെ തുടങ്ങാം.

പദാര്‍ത്ഥങ്ങളുടെ ഘടനാ വിഘടനാ പ്രിക്രിയയിലെ വര്‍ത്തമാനാവസ്ഥ. അതാണല്ലോ പ്രപഞ്ചം? പ്രപഞ്ച നിര്‍മ്മാണത്തിനായി ഉപയോഗപ്പെടുത്തിയിരിക്കുന്ന അടിസ്ഥാന മൂലകങ്ങള്‍ ഒന്ന് തന്നെയാണ്. അവയുടെ അനുപാതത്തില്‍ വന്നു ചേര്‍ന്ന മാറ്റങ്ങളിലാണ് നമ്മള്‍ക്കനുഭവപ്പെടുന്ന വൈവിദ്ധ്യമാര്‍ന്ന ഈ പ്രപഞ്ചം !?

ഉദാഹരണത്തിന് നമ്മുടെ ഭൂമി തന്നെ എടുക്കാം. ഭൂമി ഒരു ജല ഗോളമാണ്.ഇവിടുത്തെ മണ്ണിലും, കല്ലിലും, പുല്ലിലും, പുഴുവിലും, മനുഷ്യനിലും എല്ലാം ജലമാണ്. ഓരോന്നിലുമുള്ള ജലത്തിന്റെ തോത് വ്യത്യസ്തമാണെന്നേയുള്ളു. ഈ ജലം നിറഞ്ഞ ഭൂമി ഒരിക്കല്‍ കത്തിയെരിയുന്ന സൂര്യന്റെ ഭാഗമായിരുന്നെന്ന് ശാസ്ത്രം പറയുന്നു. സൂര്യനില്‍ നിന്ന് അടര്‍ന്നു പോയ ആയിരത്തിലൊരംശത്തിന്റെ അനേക കഷണങ്ങളില്‍ ഒന്ന് മാത്രമാണല്ലോ ഭൂമി? അപ്പോള്‍ സൂര്യനില്‍ നിന്ന് അടര്‍ന്ന ഈ കഷ്ണം സൂര്യനിലെ അടിസ്ഥാന മൂലകങ്ങളും വഹിച്ചു കത്തുകയായിരുന്നു? കോടാനുകോടി വര്‍ഷാന്തരങ്ങളിലെ പരിണാമ പാരന്പരയുടെ ഫലമായി കത്തിയെരിയുകയായിരുന്ന ഈ കഷ്ണം അത്യത്ഭുതകരമായി മുക്കാലും ജലമയമായി രൂപം മാറുകയായിരുന്നു. അതിന് വേണ്ടി വന്ന സാഹചര്യങ്ങളുടെ ഒരു വന്‍ പരന്പര തന്നെയുണ്ട്. ( അതിവിടെ ഇപ്പോള്‍ വിശദീകരിക്കുന്നില്ല.) ഈ പാരന്പരയുടെ അവസാനം, പ്രപഞ്ച നിര്‍മ്മാണത്തിന് ഉപയോഗപ്പെടുത്തിയിട്ടുള്ളതും, എല്ലാ ഗ്രഹങ്ങളിലും ഉള്‍ച്ചേര്‍ന്നിട്ടുള്ളതുമായ അടിസ്ഥാന ആറ്റങ്ങളില്‍ നിന്ന് ഹൈഡ്രജന്‍ രണ്ട് , ഓക്‌സിജന്‍ ഒന്ന് (എഛ് 2 ഒ ) എന്ന അനുപാതത്തില്‍ കൂടിച്ചേര്‍ന്നു കൊണ്ട് വെള്ളത്തിന്റെ ആറ്റങ്ങളായി വേര്‍പിരിഞ്ഞതിന്റെ അനന്തര ഫലങ്ങളിലാണ് വെള്ളം, വെള്ളം, സര്‍വത്ര വെള്ളം എന്ന നിലയില്‍ ഈ ഭൂമി അനുഗ്രഹകരമായി ഒരു ജല ഗോളമായി രൂപം പ്രാപിച്ചത് !!

ഇനി സൂര്യനില്‍ സംഭവിക്കുന്നത് എന്താണ് എന്ന് നോക്കാം. അടിസ്ഥാന ആറ്റങ്ങള്‍ അവിടെയും വ്യത്യസ്തമല്ല. ഭൂമിയില്‍ ജലത്തിന് കാരണമായിത്തീരുന്ന ഹൈഡ്രജന്‍ ആറ്റം അവിടെയും കൂടിച്ചേരുന്നുണ്ട്. ഓക്‌സിജനുമായിട്ടല്ലാ; പകരം നൈട്രജനുമായിട്ട്. ഹൈഡ്രജന്‍ ഒന്ന്, നൈട്രജന്‍ ഒന്ന് എന്ന അനുപാതത്തില്‍ സൂര്യനില്‍ ആറ്റങ്ങള്‍ കൂടിച്ചേരുന്നു. ഇതിന്റെ ഫലമായി ഭൂമിയിലെ വെള്ളത്തിന്റെ സ്ഥാനത്ത് സൂര്യനില്‍ ഹീലിയം എന്ന പുതിയ ആറ്റം രൂപം കൊള്ളുന്നു. ഹൈഡ്രജനും,നൈട്രജനും കൂടിചേര്‍ന്നുണ്ടായ ഹീലിയത്തിന് സ്വാഭാവികമായും അവയുടെ ഭാരത്തിനു തുല്യമായ ഭാരം ഉണ്ടാവേണ്ടതാണ്. ഹൈഡ്രജന്റെ ഭാരം ഒന്നും, നൈട്രജന്റെ ഭാരം ഒന്നും ആണെങ്കില്‍ ഇവ കൂടിചേര്‍ന്നുണ്ടായ ഹീലിയത്തിന്റെ ഭാരം രണ്ട് ആയിരിക്കേണ്ടതാണ്. പക്ഷെ, ഹീലിയത്തിന്റെ ഭാരം രണ്ട് തികച്ചില്ല; അല്‍പ്പം കുറവായിരിക്കും. കുറവ് വന്ന ഭാരമെവിടെ? ഈ ഭാഗം കൂടിച്ചേരലിന്റെ ആഘാതത്തില്‍ പുറത്തേക്ക് തെറിക്കുകയാണ്. തെറിക്കുന്‌പോള്‍ ഊര്‍ജ്ജമായി മാറുകയാണ്. ഓരോ ഹീലിയം പരമാണുവും പുറത്തേക്ക് തെറിപ്പിക്കുന്ന ഭാര നഷ്ടമാണ് സൂര്യന്റെ ഊര്‍ജ്ജ സ്രോതസ്സ്. ഈ സ്രോതസ്സ് ഉപയോഗപ്പെടുത്തി സൂര്യന്‍ എരിഞ്ഞു കൊണ്ടേയിരിക്കുന്നു; ഉപരിതലത്തില്‍ നിന്ന് പതിനായിരം മൈല്‍ പൊക്കത്തിലുള്ള തീജ്ജ്വാലകളുമായി, ഭൂമി പോലുള്ള വസ്തുക്കളെ തവിടുപൊടിയാക്കാന്‍ പോരുന്ന ശക്തിയുള്ള ഉഗ്ര സ്‌പോടനങ്ങളോടെ !?

സൂര്യോപരിതലത്തില്‍ ഇപ്രകാരം രൂപം കൊള്ളുന്ന ഹീലിയം അവിടെത്തന്നെ സ്ഥിതി ചെയ്തിരുന്നുവെങ്കില്‍, സൂര്യന്‍ അടിക്കടി തിളക്കമേറി സൂര്യനെക്കാണുന്ന ഏതൊരു ജീവിയുടെയും കാഴ്ച ശക്തി നഷ്ടപ്പെടുമായിരുന്നു. പക്ഷെ, അത് സംഭവിക്കുന്നില്ല. ഹീലിയം വീണ്ടും സൗരാന്തര്‍ ഭാഗത്തേക്ക് തിരിച്ചു പോവുകയാണ്. അവിടെ വച്ച് നമുക്കജ്ഞാതമായ സാഹചര്യങ്ങളില്‍ വീണ്ടും ഹൈഡ്രജനായും, നൈട്രജനായും വേര്‍ പിരിയുകയാണ്. അവ വീണ്ടും ഹീലിയമായും, ഹീലിയം വീണ്ടും പൂര്‍വ രൂപമായും നിരന്തരം മാറിക്കൊണ്ടിരിക്കുന്ന പ്രപഞ്ച നിര്‍മ്മാണ തന്ത്രത്തിന്റെ ചാക്രിക സംഗീതം മനുഷ്യ നിഗമനങ്ങള്‍ക്ക് വഴങ്ങാത്തതാകയാല്‍, നാളെ സൂര്യന്‍ കത്തിത്തീരും എന്ന ശാസ്ത്ര കണ്ടെത്തല്‍ സത്യമായിത്തീരാന്‍ സാദ്ധ്യതയില്ല. ഓരോ ചെടികളും, മരങ്ങളും നിരന്തരം പോഷകം വലിച്ചെടുത്തിട്ടും വീണ്ടും മണ്ണില്‍ വീഴുന്ന വിത്തുകള്‍ മുളച്ചു വളര്‍ന്ന് താഴക്കുന്നത് പോലെ? അല്ലെങ്കില്‍, മഹാമാരികള്‍ക്കായി ആവിയായിത്തീരുന്ന കടല്‍ ജലം, പെയ്‌തൊഴിഞ്ഞു തിരിച്ചൊഴുകി കടലിലെത്തുന്നത് പോലെ? അതായത് ഭൂമിയിലെ മൊത്തം ജലത്തിന്റെ അളവ് കൂടുകയോ, കുറയുകയോ ചെയ്യാതെ കൃത്യമായി നില നില്‍ക്കുന്നത് പോലെ??

ഇനി അഞ്ഞൂറ് കോടി കൊല്ലങ്ങള്‍ കൊണ്ട് കത്തിത്തീരും എന്ന് തന്നെയാണോ വാദം? തീര്‍ന്നെങ്കില്‍ തീരട്ടെ. ഏതായാലും ഒരു ദിവസം കൊണ്ടല്ലല്ലോ? അതുമായി പൊരുത്തപ്പെടാന്‍ നമ്മുടെ തലമുറകള്‍ പഠിച്ചു കൊള്ളും. അങ്ങിനെ എന്നുമെന്നേക്കുമായി, സര്‍വ കാലത്തോളവും നമ്മുടെ സന്തതി പരമ്പരകള്‍ പ്രപഞ്ച ചേതനയുടെ സര്‍ഗ്ഗസംഗീതമായി ഇവിടെ നില നില്‍ക്കും എന്ന് തന്നെ നമുക്കാശിക്കാം !!

തുടരും.
അടുത്തതില്‍: ആദി മാനവന്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക