Image

യൂറോപ്പ്‌ മലയാളി സംഗമം 2012; മന്ത്രി പി.ജെ. ജോസഫ്‌ ഉദ്‌ഘാടനം ചെയ്‌തു

Published on 17 March, 2012
യൂറോപ്പ്‌ മലയാളി സംഗമം 2012; മന്ത്രി പി.ജെ. ജോസഫ്‌ ഉദ്‌ഘാടനം ചെയ്‌തു
കൊളോണ്‍: സെന്‍ട്രല്‍ കമ്മറ്റി ഓഫ്‌ കേരള അസോസിയേഷന്‍ (രജിസ്റ്റേര്‍ഡ്‌) സിന്റെ ആഭിമുഖ്യത്തില്‍ അടുത്ത ഒക്‌ടോബര്‍ 12,13,14 (വെള്ളി,ശനി, ഞായര്‍) തീയതികളില്‍ കൊളോണ്‍ ബ്രൂള്‍ യൂത്ത്‌ അക്കാഡമിയില്‍ നടത്തുന്ന യൂറോപ്പ്‌ മലയാളി സംഗമത്തിന്റെ പ്രാരംഭ പരിപാടികള്‍ കേരള ജലവിഭവമന്ത്രി പി.ജെ.ജോസഫ്‌ ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം ചെയ്‌തു.

മൂന്നു ദിവസം നീണ്‌ടുനില്‍ക്കുന്ന സംഗമത്തില്‍ യൂറോപ്യന്‍ മലയാളികളെ ഒന്നായി ബാധിയ്‌ക്കുന്ന വിവിധ വിഷയങ്ങളെ അധികരിച്ചുള്ള സെമിനാറുകള്‍, മലയാളഭാഷയുടെ വളര്‍ച്ച കേരളത്തിലും മറുനാട്ടിലും എന്ന വിഷയത്തെക്കുറിച്ചുള്ള പ്രഭാഷണങ്ങള്‍, യൂറോപ്പിലെ മലയാളി സംഘടനകളുടെ സൗഹാര്‍ദ്ദ സമ്മേളനം എന്നിവ പ്രധാനപ്പെട്ട പരിപാടികളായിരിക്കും. ശനിയാഴ്‌ച വൈകുന്നേരം അക്കാഡമി ഓഡിറ്റോറിയത്തില്‍ നടക്കുന്ന കലാസായാഹ്‌നത്തില്‍ കൊളോണ്‍ സംഗീതാ ആര്‍ട്‌സ്‌ ക്ലബുമായി സഹകരിച്ച്‌ ഓള്‍ഡീസ്‌ നൈറ്റ്‌ (പഴയ മലയാളം സിനിമാ ഗാനങ്ങള്‍) യുവജനഗാനമേള, ഭരതനാട്യം, സിനിമാറ്റിക്‌ ഡാന്‍സ്‌, നാടോടി നൃത്തം തുടങ്ങിയവ അരങ്ങില്‍ പുനര്‍ജനിക്കപ്പെടും.

മലയാളി സംഗമത്തില്‍ കേരളത്തില്‍ നിന്നുള്ള കലാ,സാഹിത്യ,രാഷ്‌ട്രീയ പ്രമുഖര്‍ പങ്കെടുക്കും. കെ.എഫ്‌. വര്‍ഗീസ്‌ ആണ്‌ സംഗമത്തിന്റെ കേരളത്തിലെ കോ-ഓര്‍ഡിനേറ്റര്‍. മൂന്നു ദിവസങ്ങളില്‍ നടക്കുന്ന സംഗമത്തില്‍ താമസത്തിനും ഭക്ഷണത്തിനുമായി ഏകദേശം 75 യൂറോ ചെലവുവരുമെന്ന്‌ ജനറല്‍ കണ്‍വീനറും സെന്‍ട്രല്‍ കമ്മറ്റി ചെയര്‍മാനുമായ ജോസ്‌ പുതുശേരി അറിയിച്ചു. അക്കാഡമിയില്‍ 150 പേര്‍ക്കുള്ള താമസസൗകര്യം ഉണ്‌ടായിരിക്കും. ജര്‍മനി കൂടാതെ ഇംഗ്ലണ്‌ട്‌, സ്വിറ്റ്‌സര്‍ലണ്‌ട്‌, ഫ്രാന്‍സ്‌, ഓസ്‌ട്രിയ, ഇറ്റലി എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മലയാളികള്‍ പങ്കെടുക്കും.

താമസിക്കുന്നവരെ കൂടാതെ ദിവസേന സമ്മേളനത്തില്‍ വന്നുപോകുന്നതിനുള്ള സൗകര്യവും ഉണ്‌ടായിരിക്കും. സംഗമത്തിന്റെ വിജയകരമായ നടത്തിപ്പിനായി വിവിധ കമ്മറ്റികള്‍ രൂപീകരിച്ച്‌ പ്രവര്‍ത്തനം ആരംഭിക്കുമെന്ന്‌ ജനറല്‍ കണ്‍വീനര്‍ അറിയിച്ചു. ജര്‍മനിയിലെ വിവിധ സ്ഥലങ്ങളിലെ 12 സംഘടനകളുടെ കൂട്ടായ്‌മയുടെ കേന്ദ്രകമ്മറ്റിയാണ്‌ സെന്‍ട്രല്‍ കമ്മറ്റി ഓഫ്‌ കേരള അസോസിയേഷന്‍സ്‌. 1986 ല്‍ ജര്‍മനിയിലെ ബര്‍ലിനില്‍ നടന്ന മൂന്നാം ലോകമലയാള സമ്മേളനം സംഘടിപ്പിച്ചത്‌ സെന്‍ട്രല്‍ കമ്മറ്റി ഓഫ്‌ കേരള അസോസിയേഷന്‍സ്‌ ആയിരുന്നു.

വിവിധ സ്ഥലങ്ങളിലുള്ള കേരളസമാജങ്ങളില്‍ നിന്ന്‌ മൂന്നുപേര്‍ വീതമടങ്ങുന്ന 36 പേരാണ്‌ സെന്‍ട്രല്‍ കമ്മറ്റിയുടെ ജനറല്‍ബോഡി. മൂന്നുദിവസത്തെ സമ്മേളനത്തിനുശേഷം യൂറോപ്യന്‍ ടൂറും സംഘടിപ്പിയ്‌ക്കുന്നുണ്‌ട്‌. ഹോളണ്‌ട്‌, ബെല്‍ജിയം തുടങ്ങിയ സ്ഥലങ്ങളില്‍ക്കൂടിയുള്ള ടൂറിന്റെ ഹൈലൈറ്റ്‌സ്‌ പാരീസ്‌ ഡേ ആന്‍ഡ്‌ നൈറ്റ്‌ ആയിരിക്കും.

മലയാളി സംഗമത്തില്‍ യൂറോപ്പ്‌ അടിസ്ഥാനത്തില്‍ 56 (ലേലം)ചീട്ടുകളി മത്‌സരം സംഘടിപ്പിക്കുന്നുണ്‌ട്‌. ചീട്ടുകളി മത്‌സരത്തില്‍ വിജയികളാവുന്നവര്‍ക്ക്‌ കേരളത്തിലെ പ്രശസ്‌ത സ്വര്‍ണവ്യാപാരികളായ തിരുവനന്തപുരം ആലപ്പാട്ട്‌ ജൂവലറി നല്‍കുന്ന ഒരു പവന്റെ സ്വര്‍ണനാണയം സമ്മാനമായി ലഭിക്കും. ആലപ്പാട്ട്‌ ജൂവലറി എം.ഡി. സണ്ണി പി.ജോസാണ്‌ സമ്മാനം സ്‌പോണ്‍സര്‍ ചെയ്‌തിരിക്കുന്നത്‌. ചീട്ടുകളി മത്‌സരത്തില്‍ പങ്കെടുക്കാന്‍ താത്‌പര്യുള്ളവര്‍ ഉടന്‍തന്നെ സംഘാടകരുടെ അടുക്കല്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന്‌ അഭ്യര്‍ഥിക്കുന്നു.

യൂറോപ്പില്‍ താമസിക്കുന്ന മലയാളികള്‍ തമ്മില്‍ കൂടുതല്‍ പരിചയപ്പെടുന്നതിനും അതിലുപരി മലയാള ഭാഷയെ പരിപോഷിപ്പിക്കാനും ഈ സംഗമം ലക്ഷ്യമിടുന്നതായി ജനറല്‍ കണ്‍വീനര്‍ അറിയിച്ചു. സംഗമത്തിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി കണ്‍വീനര്‍ അറിയിച്ചു.

സംഗമത്തില്‍ പങ്കെടുക്കാന്‍ താത്‌പര്യമുള്ളവര്‍ എത്രയും വേഗം താഴെപ്പറയുന്നവരുടെ പക്കല്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ സംഘാടകസമിതി അഭ്യര്‍ഥിച്ചു.

ജോസ്‌ പുതുശേരി (ജനറല്‍ കണ്‍വീനര്‍) 0049 22232 34444/017656434579, E.mail:jputhussery@netcologne. റല,മാത്യു ജോസഫ്‌ (ജനറല്‍ സെക്രട്ടറി) 021045511/01722009414, തോമസ്‌ ചെമ്പകത്തിനാല്‍ (ട്രഷറാര്‍) 0201730347, ജോസ്‌ കുമ്പിളുവേലില്‍ (മീഡിയ കോ-ഓര്‍ഡിനേറ്റര്‍) 02232 962366.
യൂറോപ്പ്‌ മലയാളി സംഗമം 2012; മന്ത്രി പി.ജെ. ജോസഫ്‌ ഉദ്‌ഘാടനം ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക