Image

മാപ്പിരക്കുന്നു സോദരാ......(കവിത: ബാബു പാറയ്ക്കല്‍)

Published on 24 February, 2018
മാപ്പിരക്കുന്നു സോദരാ......(കവിത: ബാബു പാറയ്ക്കല്‍)
കേഴുന്നു കേരളമേ എന്നന്തരംഗം
ഖേദിക്കുന്നു കേരളീയനെന്നു ചൊല്ലുവാന്‍
സാക്ഷര കേരളമേ ദൈവത്തിന്‍ നാടിതോ
സാക്ഷികളായതു സാത്താന്റെ സന്തതികളായ്

ലജ്ജിക്കുന്നു ഞാന്‍ പ്രബുദ്ധമാം കേരളമേ
മജ്ജയുള്ളോരു നവയുവ സമൂഹമേ
ഖേദിക്കുന്നു ഞാന്‍ മനുഷ്യനെന്നുചൊല്ലുവാന്‍
ഞെട്ടീടേണം മനസ്സാക്ഷി ബാക്കിയുണ്ടാകുകില്‍

നിന്നുടുതുണിയവര്‍ ഊരിബന്ധിച്ചുവോ
നിന്നുടെ ഗാത്രത്തെ താഢനം ചെയ്യുവാന്‍
മാപ്പിരക്കുന്നു ഞാന്‍ മധുവായ സോദരാ
മദമിളകിയ സവര്‍ണ്ണവര്‍ഗ്ഗത്തിനായ്

വിശപ്പിന്റെ തീക്ഷണതയകറ്റുവാന്‍ മോഹിച്ചു
ഇത്തിരി അരിമണി മോഷ്ടിച്ചെടുത്തുപോയ്
തീവ്രമാം പാതകം ചെയ്തപോല്‍ കണ്ടവര്‍
നിര്‍ഭയം മര്‍ദ്ദിച്ചപമൃത്യു നല്‍കിയോ

ആയിരം കോടികള്‍ ആഴിയില്‍ മുക്കിയോര്‍
അജ്ഞാതവാസമായ് രാജ്യവും വിട്ടവര്‍
നാണമില്ലാത്തവര്‍ക്കാലുകിളിര്‍ത്തപോല്‍
മൗനമാര്‍ജ്ജിക്കുമോരധികാര വര്‍ഗ്ഗമേ

കാടിന്റെ മക്കളെ എന്തിനായ് സൃഷ്ടിച്ചു
കാണുവാനാകാത്ത ദൈവത്തിന്‍ വികൃതിയോ
ജീവിക്കാനനുവദിക്കാത്തോരധികൃതര്‍
കാപാലികര്‍ക്കേകി മൗനാനുവാദവും

ഇനിയുമാവര്‍ത്തിക്കവേണ്ട ഈ ചെയ്തികള്‍
മാനവര്ക്കപമാനമായ് വര്‍ത്തിച്ചവര്‍
ചിന്തിച്ചിടണമീ പാപങ്ങള്‍ പേറണോ
പുത്രപൗത്രാദികള്‍ കേഴും യുഗങ്ങളായ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക