Image

ബ്രിട്ടന്‍ കുടിയേറ്റ നിയമത്തിലെ മാറ്റങ്ങള്‍ ഏപ്രില്‍ ആറിനു നടപ്പിലാകും

ജോസ്‌ കുമ്പിളുവേലില്‍ Published on 17 March, 2012
ബ്രിട്ടന്‍ കുടിയേറ്റ നിയമത്തിലെ മാറ്റങ്ങള്‍ ഏപ്രില്‍ ആറിനു നടപ്പിലാകും
ലണ്‌ടന്‍: വിവിധ കുടിയേറ്റ നിയമങ്ങളില്‍ നിരവധി മാറ്റങ്ങള്‍ നിര്‍ദേശിക്കുന്ന പ്രഖ്യാപനങ്ങള്‍ ബ്രിട്ടീഷ്‌ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. മാറ്റങ്ങളില്‍ ഏറെയും ഏപ്രില്‍ ആറിനു നടപ്പാകും.

ഇതനുസരിച്ച്‌, ടയര്‍ 1 (പോസ്റ്റ്‌-സ്റ്റഡി വര്‍ക്ക്‌) റൂട്ട്‌ അവസാനിക്കും. പുതിയ ടയര്‍ 1 (ഗ്രാജ്വേറ്റ്‌ ഓണ്‌ടര്‍പ്രണര്‍) റൂട്ട്‌ നിലവില്‍വരും. പഴയ ടയര്‍ 1ല്‍നിന്ന്‌ പുതിയതിലേക്കു മാറാന്‍ സൗകര്യങ്ങളുണ്‌ടാകും. അടുത്ത രണ്‌ടു വര്‍ഷത്തേക്ക്‌ ഓരോ വര്‍ഷവും ആയിരം പേര്‍ക്കു വീതമായിരിക്കും ടയര്‍ 1 പ്രകാരം രാജ്യത്തേക്കു പ്രവേശനം ലഭിക്കുക.

ടയര്‍ 2 കുടിയേറ്റക്കാര്‍ക്ക്‌ രാജ്യത്ത്‌ തങ്ങാവുന്ന കാലാവധി ആറു വര്‍ഷമായി നിജപ്പെടുത്തും. ഇവര്‍ക്ക്‌ കുറഞ്ഞത്‌ പ്രതിവര്‍ഷം 35,000 പൗണ്‌ട്‌ ശമ്പളമുണ്‌ടായിരിക്കണം. പഴയ വീസ കാലാവധി അവസാനിച്ച്‌ 12 മാസത്തിനു ശേഷമേ പുതിയ ടയര്‍ 2 ലഭിക്കൂ. ടയര്‍ 2വിലേക്കു മാറുന്ന ബിരുദധാരികള്‍ക്ക്‌ പുതിയ പോസ്റ്റ്‌ സ്റ്റഡി സംവിധാനം ലഭിക്കും.

കാര്യങ്ങള്‍ കുറെക്കൂടി വിശമാക്കിയാല്‍ ഇപ്രകാരമായിരിക്കും. ടിയര്‍ 2 വിസാപ്രകാരം ചില മാറ്റങ്ങള്‍ മുന്‍കാല പ്രാബല്യത്തോടെയാണ്‌ നടപ്പിലാക്കുന്നത്‌. ടിയര്‍ 1 (പോസ്റ്റ്‌ സ്റ്റഡി വര്‍ക്ക്‌) റൂട്ട്‌ നിര്‍ത്തലാക്കി പുതിയ ടിയര്‍ 1 (ഗ്രാജുവേറ്റ്‌ എന്റര്‍പ്രനുവര്‍) റൂട്ടാണ്‌ പ്രാബല്യത്തിലാവുന്നത്‌. അടുത്ത രണ്‌ടുവര്‍ഷത്തേക്ക്‌ ടിയര്‍ വണ്‍ വീസ നല്‍കുന്നത്‌ 1000 ആക്കി ചുരുക്കും. ടിയര്‍ 1 പോസ്റ്റ്‌ സ്റ്റഡി വീസയുള്ളര്‍ക്കും ടിയര്‍ എന്റര്‍പ്രനുവര്‍ വീസയുള്ളവര്‍ക്കും ടിയര്‍ 1 ഒഴിച്ച്‌ ടാലന്റ്‌ സ്‌കീമിലേക്ക്‌ മാറാന്‍ സൗകര്യം നല്‍കുമെന്നതും പ്രത്യേകതയാണ്‌.

എന്നാല്‍ വിദഗ്‌ധ തൊഴിലാളികള്‍ക്കുള്ള ടയര്‍ 2 വീസയിലുള്ള മാറ്റങ്ങള്‍ ഇങ്ങനെയാണ്‌. ഇതനുസരിച്ച്‌ 2011 ഏപ്രില്‍ ആറിനുശേഷം എത്തിയവര്‍ക്ക്‌ പരമാവധി ആറു വര്‍ഷം മാത്രമാണ്‌ താത്‌കാലിക വീസ അനുവദിക്കുന്നത്‌.

ഈ കാലയളവിനുള്ളില്‍ ഇവര്‍ക്ക്‌ പെര്‍മനന്റ്‌ റസിഡന്‍സി നേടാന്‍ കഴിയാതെ വന്നാല്‍ ഇവര്‍ നിര്‍ബന്ധമായും രാജ്യം വിടേണ്‌ടി വരും. പിഎച്ച്‌ഡി തലത്തിലും ഷോര്‍ട്ടേജ്‌ ഒക്കുപ്പേഷന്‍ കാറ്റഗറിയിലും ലിസ്റ്റ്‌ ചെയ്‌തവര്‍ ഇതില്‍ നിന്ന്‌ ഒഴിവാകും.

നിലവില്‍ ടയര്‍ 2 വീസാക്കാരുടെ കാലാവധി നീട്ടിക്കിട്ടാന്‍(പുതുക്കാന്‍) 12 മാസത്തെ കാലയളവ്‌ വേണ്‌ടിവരും. ഇതിനായി കൂളിംഗ്‌ ഓഫ്‌ പീരിയഡ്‌ എന്നപേരിലുള്ള പ്രോസസിംഗില്‍ ഇത്തരക്കാരെ ഉള്‍പ്പെടുത്തു.ടിയര്‍ 4 സ്റ്റുഡന്റ്‌സ്‌ വീസായില്‍ 2011 മാര്‍ച്ചിനു ശേഷം വന്നവരുടെ സ്റ്റാറ്റസിലും മാറ്റമുണ്‌ടാകും. ഇതനുസരിച്ച്‌ ഡിഗ്രി തലത്തില്‍ പഠിക്കുന്നവരുടെ പഠന കാലാവധിയില്‍ പരിധി ഏര്‍പ്പെടുത്തു.

ഇത്തരക്കാരുടെ പഠനത്തോടൊപ്പമുള്ള വര്‍ക്ക്‌ പ്ലേസ്‌മെന്റിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും എന്നാണ്‌ നിയമംപറയുന്നത്‌. അതുപോലെ ടിയര്‍ 5 വീസയിലുള്ള താത്‌കാലിക തൊഴിലാളികളുടെ മൊത്തം കാലപരിധി 12 മാസമാക്കി നിജപ്പെടുത്തും. ടയര്‍ 5 ക്രിയേറ്റീവ്‌ ആന്‍ഡ്‌ സ്‌പോര്‍ട്ടിംഗ്‌ സബ്‌ കാറ്റഗറിയില്‍ ലിസ്റ്റ്‌ ചെയ്‌തിരിയ്‌ക്കുന്ന സ്‌പോര്‍ട്‌സ്‌ താരങ്ങളുടെ വീസാ സമ്പ്രദായത്തിലും വ്യതിയാനം വരുത്തിയിട്ടുണ്‌ട്‌.

പോയിന്റ്‌ ബേസ്‌ഡ്‌ സിസ്റ്റത്തിലും(ടിയര്‍-2,4,5 വീസ) മാറ്റങ്ങള്‍ വരുത്തും. ഇതനുസരിച്ച്‌ സ്‌പോണ്‍സര്‍ ചെയ്‌തുള്ള പഠനം, ജോലി എന്നിവയ്‌ക്ക്‌ ആറുമാസമെന്നുള്ള കാലയളവ്‌ അറുപതു ദിവസമാക്കി ചുരുക്കി. ഇതിനുള്ളില്‍ പഠനത്തിനും ജോലിക്കും സ്ഥാപനങ്ങള്‍ കണ്‌ടെത്തിയിരിയ്‌ക്കണം.

യൂത്ത്‌ മൊബിലിറ്റി സ്‌കീമിലെ ടിയര്‍4, 5 അപേക്ഷകരുടെ ഫണ്‌ട്‌ പരിധിയും ഉയര്‍ത്തിയിട്ടുണ്‌ട്‌. ഈ നിയമം 2012 ഏപ്രില്‍ ആറുമുതല്‍ നടപ്പാവും. എന്നാല്‍ ടിയര്‍1,2,5 വീസയില്‍ എത്തുന്ന താല്‍ക്കാലിക ജോലിക്കാരുടെ പ്രൊബേഷണറി ഫണ്‌ട്‌ വര്‍ധന ഈ വര്‍ഷം ജൂണ്‍ 14 മുതലാണ്‌ നടപ്പിലാവുന്നത്‌.

പിആര്‍ നേടാന്‍ കുറഞ്ഞപക്ഷം മിനിമം ശമ്പളം 35,000 പൗണ്‌ടാക്കി നിജപ്പെടുത്തുകയാണ്‌ ചെയ്യുന്നത്‌. അതായത്‌ 35,000 പൗണ്‌ട്‌ എങ്കിലും വരുമാനം ഉള്ളവര്‍ക്ക്‌ മാത്രം പിആര്‍ ലഭിക്കുന്ന നിയമം 2016 ഏപ്രില്‍ ആറുമുതലാവും പ്രാബല്യത്തിലാവുന്നത്‌.
ബ്രിട്ടന്‍ കുടിയേറ്റ നിയമത്തിലെ മാറ്റങ്ങള്‍ ഏപ്രില്‍ ആറിനു നടപ്പിലാകും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക