Image

മരിക്കാന്‍ പ്രായമായിട്ടില്ലാത്തവര്‍, പെട്ടെന്നൊരു ദിവസം മാഞ്ഞു പോവുമ്പോള്‍ (പ്രിയ കിരണ്‍ )

പ്രിയ കിരണ്‍ Published on 25 February, 2018
മരിക്കാന്‍ പ്രായമായിട്ടില്ലാത്തവര്‍,  പെട്ടെന്നൊരു ദിവസം മാഞ്ഞു പോവുമ്പോള്‍ (പ്രിയ കിരണ്‍ )
മരിക്കാന്‍ പ്രായമായിട്ടില്ലാത്തവര്‍ , പ്രകടമായുള്ള കാരണങ്ങള്‍ ഇല്ലാതെ, പെട്ടെന്നൊരു ദിവസം മാഞ്ഞു പോവുമ്പോള്‍ അതിനെപ്പറ്റി കൂടുതലായി ചിന്തിക്കാറുണ്ട്.അമ്പത്തിനാല് വയസ്സ് , കാഴ്ചയില്‍ ആരോഗ്യവതിയും സമൂഹത്തിന്റെ ഉന്നത ശ്രേണിയില്‍ ജീവിക്കുന്നവളും , പ്രത്യേകിച്ച് അസുഖങ്ങള്‍ ഇല്ലാത്തവളുമായ ഒരു സ്ത്രീയുടെ ഹൃദയം നിലച്ചു പോവാനുള്ള പ്രായം ആയിരുന്നില്ല ..

എന്ത് കൊണ്ടായിരിക്കാം ?

വര്‍ഷങ്ങള്‍ക്കു മുന്‍പ് ശ്രീദേവിയുടെ ഭര്‍ത്താവിന്റെ വാക്കുകള്‍ ഒരു അഭിമുഖത്തില്‍ വായിച്ചതോര്‍ത്തു - അവരുടെ സൗന്ദര്യ സംരക്ഷണാര്ഥം അദ്ദേഹം ചിലവഴിക്കുന്ന വന്‍തുകയെയും ശസ്ത്രക്രിയകള്‍ക്കും മറ്റുമായി അവര്‍ നടത്തുന്ന വിദേശ യാത്രകളേയുമൊക്കെ പ്രതിപാദിച്ചു കൊണ്ട്. പിന്നീടൊരിക്കലും , സ്‌ക്രീനിലെ ശ്രീദേവിയെ സൗന്ദര്യത്തിന്റെ നിറകുടമായി കാണാന്‍ എനിക്ക് സാധിച്ചിട്ടില്ല . സുന്ദരിയായി ജനിച്ചു പോയി എന്നതിനാലോ , സൗന്ദര്യത്തിന്റെ അടിത്തറയില്‍ പണിതുയര്‍ത്തിയ പ്രൗഢിയിലും പ്രശംസയിലും ആയിരുന്നു ജീവിതം എന്നതിനാലോ , സമാനമായ മറ്റനേകം കാരണങ്ങളാലോ , പ്രായത്തിന്റെ മാറ്റങ്ങള്‍ ശരീരത്തില്‍ അനുവദനീയമല്ലാത്ത മറ്റൊരു സ്ത്രീ !

കൗമാരത്തിലെ എന്റെ ഇഷ്ടനടനായിരുന്ന അരവിന്ദ് സ്വാമിയെ , മണിരത്‌നം സിനിമയിലൂടെയുള്ള രണ്ടാം വരവിലെ ഇന്റര്‍വ്യൂയില്‍ കാണുമ്പോള്‍ , അദ്ദേഹത്തിന് കുടവയറുണ്ടായിരുന്നു. ബിസിനസ് സാമ്രാജ്യത്തെയും ആശയങ്ങളേയും പറ്റി ഊര്‍ജ്ജ സ്വലതയോടെ , വ്യക്തതയോടെ സംസാരിക്കുന്ന അദ്ദേഹത്തെ അപ്പോള്‍ ഞാന്‍ മുന്പത്തേക്കാളേറെയിഷ്ടപ്പെട്ടു. റോജ കണ്ട ദിവസങ്ങളില്‍ എന്റെ ഉറക്കം കെടുത്തിയിരുന്ന, ചിരിക്കുന്ന കണ്ണുകളുടെയും , ആകാര സൗഷ്ഠവത്തിന്റെയും പേരിലല്ല , വര്ഷങ്ങളിലൂടെ അദ്ദേഹം സ്വന്തമാക്കിയ കൃത്യമായ ജീവിത വീക്ഷണത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പേരില്‍ .

പ്രായം നല്‍കുന്ന ഈ പ്രൗഢി, സ്ത്രീകള്‍ക്ക് , പ്രത്യേകിച്ച് വെള്ളി വെളിച്ചത്തില്‍ നില്‍ക്കുന്നവര്‍ക്ക് പലപ്പോഴും നിഷേധിക്കപ്പെടുന്നതെന്തു കൊണ്ടാണ് ? രണ്ടു മൂന്നു പ്രസവങ്ങള്‍ക്കു ശേഷവും , നാല്പതുകളിലോ അമ്പതുകളിലോ എത്തിയാലും, ഒതുങ്ങിയ അരക്കെട്ടിനും , ഉയര്‍ന്നു നില്‍ക്കുന്ന കഴുത്തെല്ലിനുമപ്പുറം, സ്ത്രീയെ വളരാന്‍ അനുവദിക്കില്ലെന്ന് നാം ശഠിക്കുന്നതെന്തിനാണ്? ഇതെല്ലാം കടുകിട പാലിച്ചിട്ടും, ആത്മവിശ്വാസമോ സന്തോഷമോ ഇല്ലാത്തൊരു സ്ത്രീയായിരുന്നു അവസാന വര്‍ഷങ്ങളിലെ ശ്രീദേവി എന്ന് അവരുടെ സുഹൃത്തുക്കള്‍ സാക്ഷ്യപ്പെടുത്തുന്നതെന്തു കൊണ്ടാണ്?

നാം കാലുതൊട്ടിരിക്കുന്ന കാലം എന്ന പുഴ അനുനിമിഷം ഒഴുകുകയാണ് . മാറ്റം പ്രകൃതി നിയമമാണ് . അതിനെ നിഷേധിച്ചു ചിറ കെട്ടുന്ന സമ്മര്‍ദത്തില്‍ ഇന്നത്തെ ഓളങ്ങള്‍ നമ്മള്‍ ആസ്വദിക്കാന്‍ മറക്കാതിരിക്കട്ടെ. ജീവിതം ഒഴുകട്ടെ , സ്വാഭാവികമായി . ഇരുപതുകളിലെ കവിളിന്റെ തിളക്കം , മുപ്പതുകളില്‍ കണ്ണിലേക്കു കൊണ്ട് വരാന്‍ സാധിക്കുന്ന ഒരു സ്ത്രീയെയാണ് ഞാന്‍ വിജയിച്ചവളായി കണക്കാക്കുന്നത്; ചുളിവുകളെക്കുറിച്ചോര്‍ത്തു ആകുലപ്പെട്ടു , പിറ്റേന്ന് കൂടുതല്‍ ചുളിവുകള്‍ പ്രത്യക്ഷപെടുത്തുന്നവളെയല്ല . ഇഷ്ടമുള്ളത് കഴിച്ചും , കൃത്യമായി വ്യായാമം ചെയ്തും സംരക്ഷിക്കുന്ന ആരോഗ്യമാണ് , അളവു വെച്ച് പട്ടിണി കിടന്നും കൊഴുപ്പു നീക്കിയും നേടിയ സൗന്ദര്യത്തേക്കാള്‍ എനിക്കിഷ്ടം .

സുന്ദരിയായിരിക്കുക എന്നതില്‍ കവിഞ്ഞു, മറ്റനേകം കാര്യങ്ങളിലൂടെ നമുക്ക് സ്വയം കണ്ടെത്താനുണ്ട് , നമ്മുടെ വ്യക്തിത്വം രേഖപ്പെടുത്താനുണ്ട് . കൗമാരത്തിലും യൗവനാരംഭത്തിലും അളക്കുന്ന അതേ മുഴക്കോലാല്‍ , സ്ത്രീയെ ജീവിതം മുഴുവന്‍ അളക്കുന്നവര്‍, കാലത്തിന്റെ സ്വാഭാവിക പരിണാമങ്ങള്‍ക്കനുസരിച്ചു, പ്രായമാകാനും പാകപ്പെടാനുമുള്ള അവളുടെ അവകാശമാണ് നിഷേധിക്കുന്നത്. നാം നമ്മെ സൂക്ഷിക്കുന്നത് അവരുടെ പ്രശംസാ പത്രങ്ങളുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ചല്ല , മറിച്ചു നമ്മുടെ ആരോഗ്യത്തിനും സംതൃപ്തിക്കും സൗഖ്യത്തിനും വേണ്ടിയാവട്ടെ .

ശ്രീദേവി അന്തരിച്ചത് ഇതുമായി ബന്ധപ്പെട്ട കാരണങ്ങളാലൊന്നുമാവാതിരിക്കട്ടെ.
മരിക്കാന്‍ പ്രായമായിട്ടില്ലാത്തവര്‍,  പെട്ടെന്നൊരു ദിവസം മാഞ്ഞു പോവുമ്പോള്‍ (പ്രിയ കിരണ്‍ )
Join WhatsApp News
observer 2018-02-25 14:34:44
Excellent observation
Anilal Sreenivasan 2018-02-25 19:03:31
വളരെ ഓമനിക്കപ്പെട്ടു, സൗദര്യത്തിന്റെ മേൽ പടുത്തുയർത്തുന്ന ജീവിതങ്ങൾക്ക് പലപ്പോഴും വ്യക്തി വികാസം കുറയും..പുരുഷനോ സ്ത്രീയോ ആവട്ടെ, ഒരു ഘട്ടമെത്തുമ്പോൾ മോഹങ്ങളിൽ നിന്നും ജീവിതത്തിന്റെ മീനിങ് അല്ലെങ്കിൽ ഉദ്ദേശം തിരയൽ തുടങ്ങും, തുടങ്ങണം അതാണ് വ്യക്തി വികാസം അല്ലെ അങ്ങിനെ തോന്നുന്നു. ശരീരമല്ല താൻ എന്ന് തിരിച്ചറിയാൻ വയ്യാതെ പോകുന്നവർ. നന്നായി എഴുത്തു
Boby Varghese 2018-02-25 19:28:38
A woman always want to impress man. She tries her best to be more beautiful so that men will appreciate. The world is male dominated. We can argue and argue for male/ female equality. If male and female are equal, such an argument will not be occurring. For a woman in movie industry, her body shape and her beauty are the marketing tools. Movie industry is heavily male dominated all over the world.
പുരുഷോത്തമൻ 2018-02-25 23:05:32
പ്രിയ കിരൺ എഴുതിയതെന്ത് ബോബി വറുഗീസ് മനസിലാക്കിയതെന്ത്.  എല്ലാ പുരുഷന്മാരും ആയിരിക്കണം എന്നില്ലാലോ ! പാവം ചില സ്ത്രീകൾ ചില ഉദ്ധണ്ഡന്മാരുടെ കയ്യിൽ ചെന്നു പെടും. അതോടെ അവരുടെ കഷ്ടകാലം . വൈറ്റ് ഹൗസിൽ അങ്ങനെ ഒരുത്തൻ കടന്നു കൂടിട്ടുണ്ട്

Philip 2018-02-26 08:18:38
എന്നാണു മരിക്കുവാൻ പ്രായം ആകുന്നതു ? എന്താണ് സ്ത്രീയുടെ സൗന്ദര്യം ?  ഈ ചോദ്യങ്ങൾക്കു ഉത്തരം ? 
(ഡോ.ശശിധരൻ 2018-02-26 13:10:24

പ്രാരാബ്ധം തീരുമ്പോൾ മരണം ഉറപ്പ്‌!

നല്ലൊരു ചോദ്യമാണ് ശ്രീ ഫിലിപ്പ് ഇവിടെ വിചാരത്തിനു വിധേയം ചെയ്തിരിക്കുന്നത് . പ്രാരാബ്ധം തീരുമ്പോൾ മരണം ഉറപ്പ്‌! അങ്ങെനെയെങ്കിൽ എന്താണീ പ്രാരാബ്ധം?കർമ്മം ചെയ്യാതെ നമ്മുടെ ശരീരത്തിന് ഒരു നിമിഷം  പോലും നിലനിൽക്കാൻ സാധ്യമല്ല .കർമ്മം ചെയ്യുന്നതിലൂടെ ഒരു സംസ്കാരം രൂപപ്പെടുന്നു . സംസ്കാരം നമ്മളിൽ ഒരു വാസന ഉണ്ടാകുന്നു. വാസന വീണ്ടും നമ്മെ കർമ്മം ചെയ്യാൻ പ്രേരിപ്പിക്കുന്നു. ഇപ്രകാരം കർമ്മം -സംസ്കാരം-വാസന ,വാസന -കർമ്മം -സംസ്കാരം എന്ന ദേഹത്തിന്റെ ചാക്രികപ്രതിഭാസത്തെയാണ്  / സ്വഭാവത്തെയാണ് പ്രാരാബ്ധം എന്ന് പറയുന്നത് . പ്രാരാബ്ധം തീരുമ്പോൾ മരണം ഉറപ്പ്‌!എപ്പോൾ പ്രാരാബ്ധം തീരുമെന്ന് ഒരാൾക്കും പറയാൻ സാധ്യമല്ല .ചിലപ്പോൾ പ്രസവിച്ചു വീണ ഉടനെ കുഞ്ഞിന്റെ പ്രാരാബ്ധം തീർന്നു മരണം സംഭവിക്കാം.ഏതു സമയത്തും ആർക്കും പ്രാരാബ്ധം തീർന്നു കാലത്തിൽ മരണം സംഭവിക്കാം .അതുകൊണ്ടു അകാലത്തിൽ ആർക്കും മരിക്കാൻ സാധ്യമല്ല .അകാല മരണം എന്ന പ്രയോഗം മലയാള ഭാഷയിലെ തെറ്റായ/ വികലമായ ഒരു ഭാഷാപ്രയോഗമാണ്.അകാലം എന്ന ഒരു കാലമില്ല .മരണം കാലത്തിൽ തന്നെയാണ് സംഭവിക്കുന്നത് .

ബാഹ്യ സൗന്ദര്യംആന്തരിക സൗന്ദര്യം രണ്ടുതരം .നമ്മുടെ വാങ്‌മയമാണ് ഏറ്റുവം നല്ല സൗന്ദര്യം .എത്ര സൗന്ദര്യമുള്ള പുരുഷനും ,സ്ത്രീയും ,എത്ര ആഭരണം ധരിച്ചാലും , വിലപിടിപ്പുള്ള. വസ്ത്രം ധരിച്ചാലും ,മേക്കപ്പ് ചെയ്താലും ,വായിൽ നിന്നും വരുന്ന  വാങ്ങ്മയം അഴുക്കാണെങ്കിൽ എല്ലാ സൗന്ദര്യവും അവിടെ നഷ്ടപ്പെടുന്നു . ഇന്നല്ലെങ്കിൽ നാളെ കാലം നമ്മൾ നേടിയതെല്ലാം നമ്മളിൽ നിന്നും തിരിച്ചെടുത്ത് നമ്മളെ വെറും കങ്കാളമാക്കി തീർക്കുമെന്നതിൽ യാതൊരു സംശയുമില്ല.അതുകൊണ്ടു അസൂയയില്ലാത്ത , കാലുഷ്യമില്ലാത്ത ,പാരുഷ്യമില്ലാത്ത  ചിത്തമാണ് നമ്മുടെ ഏറ്റവും നന്മ്മയാർന്ന സൗന്ദര്യം 


ശ്രീദേവി മരിച്ചത് എങ്ങനെയെന്ന് ആർക്കും അറിയില്ല .കണ്ടോത്തു മുണ്ടനെ മുണ്ടോത്തു കണ്ടനാക്കുന്ന ആളുകളാണ് നമ്മുടെ പത്രക്കാർ .എന്തെങ്കിലും അച്ചടിച്ച് വന്നാൽ ശുദ്ധ നുണയാണതെന്നു വിശ്വസിക്കാൻ പത്രക്കാർ നമ്മെ പഠിപ്പിച്ചു.

(ഡോ.ശശിധരൻ)

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക