Image

മധുവിന്റെ വേര്‍പാടില്‍ മനം നൊന്ത് കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ കര്‍മ്മരംഗത്തേക്ക്

ശബരിനാഥ് Published on 25 February, 2018
മധുവിന്റെ വേര്‍പാടില്‍ മനം നൊന്ത് കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ കര്‍മ്മരംഗത്തേക്ക്
ന്യു യോര്‍ക്ക്: ഒരു ചാണ്‍ വയറിന്റെ വിശപ്പകറ്റാന്‍ മോഷ്ടാവായി മാറിയ മനുഷ്യനെ കാലപുരിക്കയച്ചസമൂഹത്തിന്റെ സാംസ്‌കാരിക അപചയത്തെ കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക ശക്തമായി അപലപിച്ചു .

പുരോഗമിച്ചു എന്ന് നാം വിശ്വസിക്കുന്ന നമ്മുടെ സമൂഹം, കാട്ടാളന്മാരില്‍ നിന്നും തുലോം വ്യതിചലിച്ചിട്ടില്ല എന്നെതിനുള്ള ഏറ്റവും പുതിയ ഉദാഹരണമായി നാം ഈ സംഭവത്തെ കാണണമെന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റി വിലയിരുത്തി . ഓരോ സംഭവങ്ങള്‍ ഉണ്ടാകുമ്പോഴും സാമൂഹിക മാധ്യമങ്ങളില്‍ പ്രസ്താവനകള്‍ ഇറക്കി സൈബര്‍ സാങ്കല്പിക ലോകത്തെ പ്രതിഷേധ തൊഴിലാളികളായി അധഃപ്പിക്കുന്നതല്ലാതെ, ക്രിയാത്മകമായി പ്രശ്‌നങ്ങളില്‍ ഇടപെടുന്ന ബൗദ്ധിക ആരോഗ്യം ഉള്ള സമൂഹം ഇന്നില്ല എന്നുള്ളത് ഒരു വസ്തുതയാണെന്നു യോഗം അഭിപ്രായപ്പെട്ടു.

സാമൂഹിക അസന്തുലിതാവസ്ഥ സമൂഹത്തിന്റെ സംഭവനയാണെന്നും, അതില്‍നിന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ, സാമൂഹിക സാംസ്‌കാരികസംഘടനകള്‍ക്കോ ഒഴിഞ്ഞു നില്‍കാനാകില്ലെന്നും യോഗത്തില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി . മധു എന്ന നിര്‍ഭാഗ്യവാനായ യുവാവ് ഓരോ കേരളീയന്റേയും താഴ്ന്ന ശിരസ്സിനു മുകളിലെ ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു .

എവിടെയാണ് തിരുത്തലുകള്‍ വേണ്ടത് എന്ന് കൂടിയാലോചിച്ചു തിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു . അശരണരുടെ ദീന രോദനങ്ങള്‍ സെല്‍ഫിയില്‍ പകര്‍ത്തി വികാരം കൊള്ളുന്ന സമൂഹത്തിന്റെ മാനസികാരോഗ്യം എത്രത്തോളം ദയനീയം ആണെന്ന് നാം മനസിലാക്കണം. സമൂഹത്തിന്റെ ഈ പോക്ക് മനുഷ്യ മനസാക്ഷിയുടെ മരവിപ്പിലേക്കാണോ എന്ന ചോദ്യം ഉയര്‍ത്തിയാണ് പ്രമേയം അവസാനിക്കുന്നത് .

ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ടു അടിയന്തിര ശ്രമദാനങ്ങള്‍ക്കു തുടക്കം കുറിക്കാന്‍ അസോസിയേഷന്‍ ഭാരവാഹികള്‍ തീരുമാനിച്ചു . അശരണരുടെ ഉന്നമനത്തിനായി അസോസിയേഷന്‍ ആവിഷ്‌ക്കരിക്കുന്ന കര്‍മ്മ പദ്ധതികള്‍ക്ക് അമേരിക്കയിലുള്ള എല്ലാ മലയാളികളുടെയും സഹായവും സഹകരണവും പ്രതീക്ഷിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു . 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക