Image

മരിക്കരുത് മനുഷ്യത്വം, മധുവിന് ആദരാഞ്ജലികള്‍ (ഫിലിപ്പ് ചാമത്തില്‍)

ഫിലിപ്പ് ചാമത്തില്‍ Published on 26 February, 2018
മരിക്കരുത് മനുഷ്യത്വം, മധുവിന് ആദരാഞ്ജലികള്‍ (ഫിലിപ്പ് ചാമത്തില്‍)
പാലക്കാട്ട് അഗളിയില്‍ കഴിഞ്ഞ ദിവസം കൊലചെയ്യപ്പെട്ട മധുവെന്ന സഹോദരന്റെ ആത്മാവിനു നിത്യശാന്തി നേരുകയും, ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായും  ഫോമായുടെ മുന്‍ നാഷണല്‍ കമ്മിറ്റി അംഗവും ഡാലസ്സ് മലയാളീ അസ്സോസിയേഷന്റെ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനുമായ ഫിലിപ്പ് ചാമത്തില്‍ അറിയിച്ചു.

സാംസ്‌കാരിക ബോധവും പൗരബോധവും മലയാളിക്ക് അന്യമായിക്കൊണ്ടിരിക്കുന്നുവെന്ന തിരിച്ചറിവാണ് മധുവെന്ന  യുവാവിനോട് മലയാളി ചെയ്ത കൊടിയ ക്രൂരത വ്യക്തമാക്കുന്നത്. നിയമവാഴ്ച നമ്മള്‍ നടപ്പിലാക്കേണ്ട ഒന്നല്ലെന്നും അത് ഭരണകൂടത്തിന്റെ ബാധ്യതയാണെന്നുമുള്ള തിരിച്ചറിവ് നഷ്ടപ്പെട്ട മലയാളികളാണ് ആള്‍ക്കൂട്ട കോടതികളില്‍ ഒത്തു ചേരുന്നതും നിയമം നടപ്പാക്കുന്നതും.

മധുവിന്റെ മരണത്തില്‍ നടക്കുന്ന പ്രതികരണങ്ങള്‍ മനുഷ്യത്വം മരവിക്കാത്ത ഒരു വലിയ സമൂഹം ഇവിടെ ബാക്കിയുണ്ടെന്ന പ്രതീക്ഷ പകരുന്നുണ്ട്. എന്നാല്‍ പ്രതികരണം അതിവൈകാരിക ആഘോഷമായി മാറുകയും അവിടെയും രാഷ്ട്രീയവും മതവും കടന്ന് വരികയും ചെയ്യുമ്പോള്‍ അത് പൊള്ളയായി തീരുന്നില്ലേ. മനുഷ്യന്‍ എന്ന  ബോധം തന്നെയാണ് ഇതിനുള്ള  മറുപടി. എതിര്‍ ശബ്ദത്തിന് നേരെ വടിവാള്‍ ചുഴറ്റുന്ന അക്രമ രാഷ്ട്രീയ സംസ്‌കാരവും ഇതര മതസ്ഥന് നേരെ വിദ്വേഷം മാത്രം പുറത്തെടുക്കുന്ന വര്‍ഗീയതയും അതിശക്തമായി തിരിച്ചു വരുന്ന ജാതീയതയും അരങ്ങു വാഴുമ്പോള്‍ മനുഷ്യ സ്‌നേഹത്തിന്റെ സ്വരം എല്ലാത്തിനും മീതെ മുഴങ്ങുവാന്‍ കരുത്ത് നേടണം.അതിനായി ലോക മലയാളികള്‍ ശ്രമിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു.

കേരളം ജീവിത നിലവാരത്തിന്റെ മറ്റു പല സ്‌കെയിലുകള്‍ വെച്ച് അളക്കുമ്പോഴും ഒരു ഇന്ത്യന്‍ സംസ്ഥാനമല്ലെന്ന് സംശയം തോന്നുമെങ്കിലും അത് മാറിക്കിട്ടുന്ന, ഇന്ത്യന്‍ സംസ്ഥാനം തന്നെയെന്ന് ഉറപ്പിക്കുന്ന അവസരമാണിത്. വയലന്‍സ് ആസ്വദിക്കുന്ന പ്രാകൃതരായ ആള്‍ക്കൂട്ടം കേരളത്തില്‍ എല്ലായിടത്തുമുണ്ട്. ഇന്ത്യയില്‍ മറ്റെല്ലായിടത്തുമെന്ന പോലെ.മുഷിഞ്ഞ വേഷം ധരിച്ച് അലഞ്ഞുനടക്കുന്ന ഏത് ദരിദ്രനും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന മാഫിയാസംഘാംഗമാണെന്നും, മോഷ്ടാവാണെന്നുമുള്ള മലയാളികളില്‍ നുരച്ചുപതയുന്ന വെറുപ്പിന്റെയും സംശയത്തിന്റേതുമായ കെട്ടവികാരം സാമൂഹ്യാവസ്ഥയിന്‍ മേല്‍ മേല്‍ക്കൈ നേടുന്നത് നല്ല ലക്ഷണമല്ല. അതിന് കാര്യമായ ചികിത്സ നല്‍കേണ്ടതുണ്ട്. സദാചാരപൊലീസുകാരും, ആള്‍ക്കൂട്ട ഭീകരരും ആകുന്ന മലയാളി പരുക്കേറ്റ് ചോരവാര്‍ന്നു കഴിയുന്ന സഹജീവിയെ കണ്ടില്ലെന്ന് നടിക്കും,  വൃദ്ധമാതാപിതാക്കളെ ഓര്‍ഫനേജില്‍  തള്ളും, മലയാളിയുടെ സാമൂഹ്യമനസാക്ഷിക്ക് കാര്യമായ ദുരന്തം സംഭവിച്ചിട്ടുണ്ട്. വിദേശ നാടുകളിലെ ഇത്തരം കൊലപാതകങ്ങളെ കുറിച്ച് വാചാലരായ മലയാളികളുടെ മുന്നിലാണ് മധുവെന്ന ചെറുപ്പക്കാരന്റെ ചേതനയറ്റ ശരീ രം കിടന്നത് .

 നമ്മള്‍ ഇത്രയും നാള്‍ പറഞ്ഞു നടന്ന സാക്ഷരതയുടെയും സാംസ്‌കാരിക സമ്പന്നതയുടെയും മുകളിലേറ്റ കനത്ത പ്രഹരം. മധുവിന്റെ ജീവനെടുക്കുന്നതിലേക്കെത്തിയ തരത്തിലുള്ള വിചാരണ നമ്മുടെ നാട്ടില്‍ അടുത്തകാലത്തായി തുടര്‍ക്കഥയാകുകയാണ്. കുട്ടികളെ തട്ടികൊണ്ടുപോകുന്നെന്ന സാമൂഹികമാധ്യമ വാര്‍ത്തകളുടെ പിന്‍ബലത്തില്‍ എത്ര നിരപരാധികളാണ് അക്രമിക്കപ്പെട്ടത്. എത്രപേരെ  ജനകീയ തെരുവില്‍ വിചാരണ നടത്തി. കറുത്തവനെന്നോ, മുഷിഞ്ഞ വേഷധാരിയെന്നോ, പരസഹായമില്ലാത്തവനെന്നോ അന്യദേശക്കാരനെന്നാ ഒക്കെയുള്ളത് അക്രമിക്കാനുള്ള ലൈസ ന്‍സായി ആരാണ് നമുക്ക് വകവെച്ചു തന്നത്?.

വിശന്നു വലഞ്ഞ ഒരു മനുഷ്യനെ തല്ലിക്കൊല്ലാന്‍ ഒരു മടിയുമില്ലാത്ത, ആ നിമിഷങ്ങള്‍ സെല്‍ഫിയെടുത്തുല്ലസിക്കുന്ന സഹജീവികള്‍ അപകടകരമായ സൂചനയാണെന്ന് സംസ്ഥാന ധനമന്ത്രി പറഞ്ഞത് ചില തിരിച്ചറിവുകളുടെ അടിസ്ഥാനത്തിലാകണം. ഈ അപകടം തിരിച്ചറിഞ്ഞ് പ്രതിവിധി കണ്ടില്ലെങ്കില്‍ നാട്ടിലെ ക്രമസമാധാനപാലനം തന്നെ അപകടത്തിലാകും. അതിനു പ്രവാസി സംഘനടനകള്‍ക്കും, സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും പലതും ചെയ്യാനാകും. അപരിഷ്‌കൃതരായ സമൂഹത്തിന്റെ നിലനില്‍പ്പിനു നമുക്കാവതു ചെയ്യുക. ക്യാംപുകള്‍ സംഘടിപ്പിച്ചു ഫോട്ടോയെടുത്തും പോരാതെ, തുടര്‍ന്നുള്ള  പ്രവര്‍ത്തനങ്ങളില്‍ പങ്കാളികള്‍ ആകുക. നമ്മള്‍ എത്തിക്കുന്ന സഹായങ്ങള്‍ കൃത്യമായി ഇത്തരം സമൂഹങ്ങളില്‍ എത്തുന്നുണ്ടോ എന്ന് അന്വേഷിക്കുക, തുടങ്ങി നിരവധി കാര്യങ്ങള്‍ നമുക്ക് ചെയ്യാം. ഫോമാ പോലെയുള്ള സംഘടനകള്‍ ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിക്കുമെന്ന് എനിക്ക് പ്രതീക്ഷയുണ്ട്.

മരിക്കരുത് മനുഷ്യത്വം, മധുവിന് ആദരാഞ്ജലികള്‍ (ഫിലിപ്പ് ചാമത്തില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക