Image

കമല്‍ഹാസനുമായി പിരിഞ്ഞത്‌ ആത്മാഭിമാനം മുറിപ്പെട്ടതിനാല്‍ ; ഗൗതമി

Published on 26 February, 2018
കമല്‍ഹാസനുമായി പിരിഞ്ഞത്‌ ആത്മാഭിമാനം മുറിപ്പെട്ടതിനാല്‍ ; ഗൗതമി


കമല്‍ഹാസനുമായുള്ള ബന്ധം അവസാനിപ്പിച്ചത്‌ ആത്മാഭിമാനത്തിന്‌ മുറിവേറ്റതിനാലാണെന്ന്‌ നടി ഗൗതമി. രാഷ്ട്രീയത്തിലിറങ്ങിയ കമല്‍ഹാസന്‌ പിന്നില്‍ ഗൗതമിയുണ്ടെന്ന പ്രചാരണത്തെ തുടര്‍ന്നാണ്‌ കമലിനെതിരെ ഗൗതമി രംഗത്തെത്തിയത്‌. തന്റെ ബ്ലോഗിലൂടയാണ്‌ അവര്‍ പ്രതികരിച്ചത്‌. പരസ്‌പര ബഹുമാനവും ആത്മാര്‍ഥതയും നിലനിര്‍ത്താന്‍ കഴിയാതെ വന്നതും ആത്മാഭിമാനം കളഞ്ഞ്‌ ബന്ധം തുടരാന്‍ തനിക്ക്‌ താത്‌പര്യമില്ലാതിരുന്നതിനാലുമാണ്‌ പിരിഞ്ഞതെന്ന്‌ ഗൗതമി വ്യക്തമാക്കി.

കമല്‍ തന്നെ സാമ്പത്തികമായി കബളിപ്പിച്ചെന്നും ഗൗതമി ആരോപിച്ചു. കമലിനൊപ്പം ജീവിതം തുടങ്ങിയതോടെ സിനിമാഭിനയം നിര്‍ത്തി. പിന്നീട്‌ കമലിന്റെ നേതൃത്വത്തിലുള്ള നിര്‍മാണക്കമ്പനിയായ രാജ്‌കമല്‍ ഫിലിംസ്‌ ഇന്റര്‍നാഷണല്‍ നിര്‍മിച്ച സിനിമകള്‍ക്കുവേണ്ടിയും മറ്റ്‌ നിര്‍മാണക്കമ്പനികള്‍ക്കുവേണ്ടിയും കമല്‍ അഭിനയിച്ച സിനിമകളിലും വസ്‌ത്രാലങ്കാരം ചെയ്‌തു. എന്നാല്‍ ഒന്നിനും പ്രതിഫലം ലഭിച്ചില്ല. ബന്ധം അവസാനിപ്പിച്ചതിനുശേഷം പലതവണ ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. ഇനിയും വലിയൊരു തുക കിട്ടാനുണ്ടെന്നും ഗൗതമി പറഞ്ഞു.

കമലിന്റെ മകള്‍ ശ്രുതിഹാസനാണ്‌ തങ്ങളുടെ ബന്ധം തകരാനുള്ള കാരണമെന്ന അഭ്യൂഹങ്ങളും ഗൗതമി നിഷേധിച്ചു. കമലിന്റെ മക്കളായ ശ്രുതിയും അക്ഷരയും താന്‍ കണ്ടിട്ടുള്ള ഏറ്റവും നല്ല പെണ്‍കുട്ടികളാണെന്നും ഗൗതമി വ്യക്തമാക്കി.

പതിമൂന്ന്‌ വര്‍ഷമായി ഒരുമിച്ച്‌ കഴിഞ്ഞിരുന്ന കമലും ഗൗതമിയും വിവാഹം കഴിച്ചിരുന്നില്ല. 2016 ഒക്ടോബറിലാണ്‌ ഇരുവരും പിരിഞ്ഞത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക