Image

പ്രബുദ്ധ കേരളം വെറും മിഥ്യയോ? (ഷോളി കുമ്പിളുവേലി)

ഷോളി കുമ്പിളുവേലി Published on 24 February, 2018
പ്രബുദ്ധ കേരളം വെറും മിഥ്യയോ? (ഷോളി കുമ്പിളുവേലി)
'പ്രബുദ്ധ കേരളം,' സാംസ്‌കാരിക കേരളം' എന്നീ പദപ്രയോഗങ്ങള്‍ മലയാളി സ്ഥാനത്തും ആസ്ഥാനത്തും ഉപയോഗിക്കാറുണ്ട്! നമ്മുടെ നൂറുശതമാനം സാക്ഷരതയിലും, ആരോഗ്യ പരിപാലനരംഗത്തെ വളര്‍ച്ചയിലും ഒക്കെ നാം അഹങ്കരിക്കാറുമുണ്ട്. ഉത്തരേന്ത്യയില്‍ നടക്കുന്ന ജാതി-മത-രാഷ്ട്രീയ അനാചാരങ്ങളേയും, പേക്കൂത്തുകളേയും ആവേശത്തോടെ വിമര്‍ശിക്കുകയും ചെയ്യുന്ന മലയാളി ഒരു ആത്മശോധന നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു1!

അട്ടപ്പാടി ആദിവാസി കോളനിയിലെ മധുവെന്ന, മാനസിക വൈകല്യമുള്ള യുവാവ് വിശപ്പടക്കാന്‍ ഒരു നേരത്തേക്കുള്ള അരി മോഷ്ടിച്ചതിന്(അങ്ങനെ പറയുന്നതുപോലും ശരിയല്ല) കുറച്ച് ചെറുപ്പക്കാര്‍ സദാചാര പോലീസ് ചമഞ്ഞ്, ആ യുവാവിനെ കെട്ടിയിട്ട്, ക്രൂരമായി മര്‍ദ്ദിച്ചു കൊന്നു!! നമ്മുടെ തലമുറക്ക് ഇത്രയും ക്രൂരന്മാരാകാന്‍ കഴിയുമോ?
ഒരു നാടിന്റെ നട്ടെല്ലാണ് ആ നാട്ടിലെ യുവാക്കള്‍! സാമൂഹിക തിന്മകല്‍ക്കെതിരെ പ്രതികരിക്കേണ്ടവര്‍, നാളെ ഈ നാടിനെ നന്മയിലേക്ക് നയിക്കേണ്ട നമ്മുടെ യുവാക്കള്‍, പാവം ഒരു ആദിവാസി യുവാവിനെ കെട്ടിയിട്ടു തല്ലുകയും, മരണവേദനയില്‍ അയാള്‍ കരയുമ്പോള്‍ കൂടെ നിന്ന് സെല്‍ഫി എടുക്കാന്‍ പരസ്പരം മത്സരിക്കുകയും ചെയ്യുന്നതു കാണുമ്പോള്‍ ലജ്ജകൊണ്ട് ഓരോ മലയാളിയും തലകുനിക്കേണ്ടി വരുനനു. അതിലുപരി നമ്മുടെ യുവാക്കളില്‍ വളര്‍ന്നു വരുന്ന ഈ മനോഭാവം കാണുമ്പോള്‍, നമ്മള്‍ കൂടുതല്‍ ഭയപ്പെടേണ്ടിയിരിക്കുന്നു.

കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ നിര്‍ധനരും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ എത്ര നാടോടികളും, അന്യനാട്ടുകാരും നമ്മുടെ യുവാക്കളുടെ കൈക്കരുത്ത് അറിഞ്ഞു!! ഭൂരിഭാഗവും അക്രമങ്ങളും ഒരു കാര്യവുമില്ലാതെ ഊഹാപോകങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമായിരുന്നു. വഴിയെ നടക്കുനന പാവപ്പെട്ട ഭിന്നലിംഗക്കാര്‍ ഒരു കാര്യവുമില്ലാതെ ആക്രമിക്കപ്പെടുന്നു.

എന്നാല്‍ ഒരു നേരത്തെ ആഹാരത്തിനു വേണ്ടി കഷ്ടപ്പെടുന്ന പാവപ്പെട്ടവനെ തല്ലിക്കൊല്ലുന്ന നമ്മള്‍, കോടികള്‍ തട്ടിയെടുക്കുന്ന പ്രമാണിമാരെ കാണുമ്പോള്‍, ബഹുമാനം കൊണ്ട് ഉടുമുണ്ടിന്റെ മടക്കിക്കുത്ത് അഴിച്ചിടുകയും, ആദരപൂര്‍വ്വം വണങ്ങുകയും, കൂടെ നിന്ന്  ഫോട്ടോ എടുക്കുകയും, തൊണ്ടകീറി അവര്‍ക്കു വേണ്ടി മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നതു കാണുമ്പോള്‍, നമ്മള്‍, മലയാളികളുടെ കാപട്യവും കപട സദാചാരവുമാണ് പുറത്തുവരുന്നത്.

ആദിവാസികളുടെ പുന:രുദ്ധാരണത്തിനായി കേന്ദ്ര-കേരള സര്‍ക്കാരുകള്‍ കോടിക്കണക്കിന് ഫണ്ട് കൊടുക്കുന്നുണ്ട്. എന്നാല്‍ അതിന്റെ പത്തിലൊന്നുപോലും ആ മേഖലകളില്‍ ചെലവഴിക്കാറില്ല! പലപ്പോഴും,  മറ്റ് സ്ഥലങ്ങളിലാണ് ഈ ഫണ്ടുകള്‍ വക മാറ്റി ചെലവഴിക്കുന്നത്. ചുരുക്കത്തില്‍, ഈ പാവങ്ങളെ കബളിപ്പിച്ച് നമ്മള്‍ 'മിടുക്കന്മാര്‍' അവരുടെ മുതലും തട്ടിയെടുക്കുന്നു. ആദിവാസി കോളനികളില്‍ പട്ടിണിയും, മരണവും തുടരുകയും ചെയ്യുന്നു! മധുവിന്റെ രക്തസാക്ഷിത്വം അധികാരികളുടെ മാത്രമല്ല, മുഴുവന്‍ മലയാളികളുടെയും കണ്ണ് തുറപ്പിക്കട്ടെ!

പ്രബുദ്ധ കേരളം വെറും മിഥ്യയോ? (ഷോളി കുമ്പിളുവേലി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക