Image

വിദ്യാര്‍ത്ഥികളെ രക്തസാക്ഷികളാക്കുന്നു: അല്‌മായ കമ്മീഷന്‍

ജോയിച്ചന്‍ പുതുക്കുളം Published on 29 June, 2011
വിദ്യാര്‍ത്ഥികളെ രക്തസാക്ഷികളാക്കുന്നു: അല്‌മായ കമ്മീഷന്‍
അന്യസംസ്ഥാന വിദ്യാഭ്യാസ ലോബികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ രാഷ്‌ട്രീയ നേതൃത്വങ്ങള്‍ നല്‍കുന്ന സമരാഹ്വാനത്തില്‍ വിദ്യാര്‍ത്ഥികള്‍ ബലിയാടാകരുത്‌. എല്ലാ വര്‍ഷവും നടത്തുന്ന രാഷ്‌ട്രീയ നാടകങ്ങളുടെ ആവര്‍ത്തനമാണ്‌ ഈ ദിവസങ്ങളിലും അരങ്ങേറുന്നതെന്ന്‌ അല്‌മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.

പരിയാരം മെഡിക്കല്‍ കോളജിന്റെ മറവില്‍ കോടികളുടെ അഴിമതി നടത്തി വിഴുപ്പു ചുമക്കുന്നവര്‍ക്ക്‌ ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സിലിനെ ആക്ഷേപിക്കുവാനെന്തര്‍ഹത? ഇക്കൂട്ടര്‍ സമരങ്ങള്‍ക്കും പിക്കറ്റിംഗിനുമായി ആദ്യം പരിയാരത്തേക്ക്‌ പ്രകടനം നയിക്കട്ടെ. മെഡിക്കല്‍ വിദ്യാഭ്യാസത്തിന്‌ 3.5 ലക്ഷം രൂപ ഫീസും മെരിറ്റില്‍ അഡ്‌മിഷനും പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക്‌ 10% സംവരണവും നല്‍കുന്ന ക്രൈസ്‌തവ സ്ഥാപനങ്ങള്‍ക്കുനേരെ കലിതുള്ളുന്നവര്‍ 5.5 ലക്ഷം രൂപ ഫീസും വേണ്ടപ്പെട്ടവര്‍ക്ക്‌ അഡ്‌മിഷനും നല്‍കുന്ന അമൃത സ്ഥാപനങ്ങളുടെയും 5.5 ലക്ഷം രൂപ ഫീസും 5 ലക്ഷം രൂപ ബാങ്ക്‌ ഡിപ്പോസിറ്റും 22 ലക്ഷത്തിന്റെ ബാങ്ക്‌ ഗാരണ്ടിയും നല്‍കേണ്ടിവരുന്ന പാര്‍ട്ടി സ്‌പോണ്‍സേര്‍ഡ്‌ സ്ഥാപനങ്ങളുടെയും സംരക്ഷിതരാകുന്നതിന്‌ എന്തു ന്യായീകരണമുണ്ടെന്ന്‌ വി.സി.സെബാസ്റ്റ്യന്‍ ചോദിച്ചു.

ഭീഷണികളും അക്രമങ്ങളും അധിക്ഷേപങ്ങളും കൊണ്ട്‌ ക്രൈസ്‌തവ സഭയുടെ വിവിധ പ്രവര്‍ത്തനമേഖലകളെ തകര്‍ക്കാമെന്നോ, തളര്‍ത്താമെന്നോ ആരും സ്വപ്‌നം കാണേണ്ട. ക്രൈസ്‌തവ സ്ഥാപനങ്ങള്‍ക്കു നേരെ സമരാഹ്വാനം നടത്തുന്ന രാഷ്‌ട്രീയ നേതാക്കളുടെ മക്കള്‍ എവിടെയാണ്‌ വിദ്യാഭ്യാസം നടത്തുന്നതെന്ന്‌ സമരത്തിനിറങ്ങുന്നതിനു മുമ്പ്‌ വിദ്യാര്‍ത്ഥി സമൂഹം അന്വേഷിക്കണം. സ്വന്തം മക്കള്‍ക്ക്‌ ഉന്നതമായ വിദ്യാഭ്യാസ സൗകര്യം കേരളത്തിനകത്തും പുറത്തും വിദേശത്തുമായി ഒരുക്കിയിരിക്കുന്നവര്‍, പാവപ്പെട്ട കുട്ടികളെ തെരുവിലിറക്കുന്നതിന്റെ പിന്നിലുള്ള രാഷ്‌ട്രീയ കുതന്ത്രവും കാപട്യവും പൊതുസമൂഹം തിരിച്ചറിയണം.

നിലവിലുള്ള സീറ്റിന്റെ നൂറിരട്ടി അപേക്ഷകളുമായി ക്രൈസ്‌തവ സ്ഥാപനങ്ങളിലേയ്‌ക്ക്‌ വിവിധ കോഴ്‌സുകളില്‍ അഡ്‌മിഷന്‍ നേടാന്‍ കാലാകാലങ്ങളായി വിദ്യാര്‍ത്ഥികള്‍ ഒഴുകിയെത്തുമ്പോള്‍ രോഷം കൊള്ളുകയും തകര്‍ത്തുകളയുമെന്ന്‌ ഭീഷണിപ്പെടുത്തുകയുമല്ല, മറിച്ച്‌, ക്രൈസ്‌തവ സഭാ സ്ഥാപനങ്ങള്‍ നല്‍കുന്ന ഉന്നത വിദ്യാഭ്യാസ കാഴ്‌ചപ്പാടുകളിലേയ്‌ക്കും, ഉന്നത വിദ്യാഭ്യാസ നിലവാരത്തിലേയ്‌ക്കും, നിസ്വാര്‍ത്ഥ സേവനത്തിലേയ്‌ക്കും, സാമൂഹ്യ നീതിയിലേയ്‌ക്കും ഇതര സ്ഥാപനങ്ങളും കടന്നുവരികയാണ്‌ വേണ്ടതെന്ന്‌ സീറോ മലബാര്‍ സഭ അല്‌മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.

അഡ്വ.വി.സി.സെബാസ്റ്റ്യന്‍
സെക്രട്ടറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക