Image

ജംഗിള്‍ പ്രൈമറികള്‍- കാലിഫോര്‍ണിയായില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേരിടുന്ന പ്രശ്‌നം- (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 28 February, 2018
ജംഗിള്‍ പ്രൈമറികള്‍- കാലിഫോര്‍ണിയായില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേരിടുന്ന പ്രശ്‌നം- (ഏബ്രഹാം തോമസ്)
സാന്‍ഡിയാഗോ: നവംബറില്‍ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ ജനപ്രതിനിധി സഭയില്‍ ഭൂരിപക്ഷം ഉറപ്പുവരുത്തുക എന്ന സ്വപ്‌നത്തിന് പിന്നാലെയാണ് ഡെമോക്രാറ്റിക് പാര്‍ട്ടി. 24 ഹൗസ് ഡിസ്ട്രിക്റ്റുകളില്‍ വിജയിക്കുവാന്‍ കഴിഞ്ഞാലേ ഇത് സാധ്യമാകൂ. കാലിഫോര്‍ണിയ സംസ്ഥാനത്ത് നിന്ന് ഏഴുപേരെ വിജയിപ്പിക്കണം. ഇപ്പോള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കൈവശമുള്ള ഈ സീറ്റുകള്‍ നേടുവാനുള്ള ഏറ്റവും വലിയ കടമ്പ ഒരു സീറ്റില്‍ ഒരു സ്ഥാനാര്‍ത്ഥിയെ മാത്രം തിരഞ്ഞെടുക്കുകയാണ്. കഴിഞ്ഞ ആഴ്ച നടന്ന സംസ്ഥാന വാര്‍ഷിക കണ്‍വെന്‍ഷനില്‍ ഓരോ സീറ്റിലേയ്ക്കും പാര്‍ട്ടിയുടെ സര്‍വസമ്മതനായ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുവാന്‍ ഡെമോക്രാറ്റിക് കോണ്‍ഗ്രഷ്‌നല്‍ കാമ്പെയിന്‍ കമ്മിറ്റി അക്ഷീണ പരിശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.

ജൂണില്‍ നടക്കുന്ന പ്രൈമറികള്‍ക്ക് മുന്‍പ്, ഒരു പക്ഷെ അതിന് ശേഷവും, ഈ ശ്രമങ്ങള്‍ വിജയിക്കുവാനുള്ള സാധ്യത കുറവാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സമ്മതിക്കുന്നു. ഉദാഹരണങ്ങള്‍ ഓറഞ്ച് കൗണ്ടിയിലെ രണ്ട് ഡിസ്ട്രിക്ടുകള്‍ (നിയോജകമണ്ഡലങ്ങള്‍ ) ആണ്. നിലവിലെ ജനപ്രതിനിധികള്‍ ഡാരല്‍ ഇസ്സയും എഡ് റോയ്‌സും(രണ്ടുപേരും റിപ്പബ്ലിക്കനുകള്‍) റിട്ടയര്‍ ചെയ്യുകയാണ്. ഈ രണ്ട് സീറ്റുകള്‍ നിര്‍ണ്ണായകമാണ്. പക്ഷെ സ്ഥാനാര്‍ത്ഥിത്വ മോഹികള്‍ ഒരു തരത്തിലും അടുക്കുന്നില്ല എന്നാണഅ പാര്‍ട്ടി വിലയിരുത്തുന്നത്. ഒരിടത്ത് അഞ്ചും മറ്റൊരിടത്ത് ഏഴും സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുവാന്‍ തയ്യാറായി നില്‍ക്കുന്നു. ഇവരില്‍ വിജയസാധ്യത ഇല്ലാത്തവരെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിപ്പിക്കുവാന്‍ പാര്‍ട്ടി നേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്.
പ്രൈമറികളില്‍ ചിതറിനിന്ന് മത്സരിക്കുന്നവര്‍ ഏറ്റുമുട്ടുന്നത് നിയമങ്ങള്‍ ഒന്നും ബാധകമല്ലാത്ത ജംഗിള്‍ പ്രൈമറികളിലാണെന്ന് പാര്‍ട്ടി വിശേഷിപ്പിക്കുന്നു. സാധാരണഗതിയില്‍ ചില മാധ്യമങ്ങള്‍ ചെയ്യുന്നത് പോലെ തങ്ങള്‍ ശുപാര്‍ശ ചെയ്യുന്ന സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടിയുടെ ഡെലിഗേറ്റുകളോ നേതാക്കളോ പ്രഖ്യാപിക്കാറുണ്ട്. എന്നാല്‍ ഇതിന്റെ പരിണിതഫലം വോട്ടുകള്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിക്കുക ആയിരിക്കുമോ എന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി ആശങ്കപ്പെടുന്നു.

സാധാരണ ഈ എന്‍ഡോഴ്‌സ്‌മെന്റ് വോട്ടുകള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ ചിലര്‍ പിന്മാറുകയാണ് പതിവ്. എന്നാല്‍ ഇങ്ങനെ സംഭവിച്ചിട്ടില്ല. ഇസ്സയുടെ സീറ്റിലെ സ്ഥാനാര്‍ത്ഥികള്‍ രഹസ്യമായി പാര്‍ട്ടി ഡെലിഗേറ്റുകളെ കണ്ട് തങ്ങളെ എന്‍ഡോഴ്‌സ് ചെയ്യണം. എന്നാവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഒരു ടിക്കറ്റിന് പലര്‍ രഹസ്യമായി സമ്മര്‍ദ്ദം ചെലുത്തുമ്പോള്‍ ഡെലിഗേറ്റുകള്‍ ആരെ പിന്തുണയ്ക്കും എന്ന് കണ്ടു തന്നെ അറിയണം. സാധാരണ ജനുവരിയില്‍ നടക്കുന്ന എന്‍ഡോഴ്‌സ്‌മെന്റ് ഇനിയും നടന്നിട്ടില്ല. പ്രീ എന്‍ഡോഴ്‌സ്‌മെന്റ് വോട്ടിംഗ് നടത്തിയപ്പോള്‍ ഇസ്സയുടെ സീറ്റില്‍ മത്സരിക്കുവാന്‍ ആഗ്രഹിക്കുന്ന പ്രധാന സ്ഥാനാര്‍ത്ഥി മൈക്ക് ലെവിന് 50% കൂടുതല്‍ വോട്ടുകള്‍ നേടാനേ കഴിഞ്ഞുള്ളൂ. എന്‍ഡോഴ്‌സ്‌മെന്റിന് 60% വോട്ടുകള്‍ ആവശ്യമാണ്.റോയ്‌സിന്റെതുള്‍പ്പെടെ നാല് ഡിസ്ട്രിക്ടുകളില്‍ എന്‍ഡോഴ്‌സ്‌മെന്റ് സംഭവിക്കുകയില്ലെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.

2016 ലെ പരാജയങ്ങള്‍ക്ക് ശേഷം ഉള്ളിലെ മുറിവുകള്‍ ഉണങ്ങിയിട്ടില്ലാത്ത പാര്‍ട്ടി നേരിടുന്ന വലിയ വെല്ലുവിളി അതിജീവിക്കുവാന്‍ കഴിയുമോ എന്ന ചോദ്യത്തിന് പ്രൈമറികളും ഇടക്കാല തിരഞ്ഞെടുപ്പും ഉത്തരം നല്‍കും.

ജംഗിള്‍ പ്രൈമറികള്‍- കാലിഫോര്‍ണിയായില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേരിടുന്ന പ്രശ്‌നം- (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക