Image

ഫൊക്കാന കണ്‍ വന്‍ഷന്‍ വേദി ഉണരുമ്പോള്‍ പ്രസിഡന്റ് തമ്പി ചാക്കോക്ക് പറയാനുള്ളത്..

Published on 28 February, 2018
ഫൊക്കാന കണ്‍ വന്‍ഷന്‍ വേദി ഉണരുമ്പോള്‍ പ്രസിഡന്റ് തമ്പി ചാക്കോക്ക് പറയാനുള്ളത്..
"നമ്മുടെ കലാപ്രതിഭകളെ നാം പ്രോത്സാഹിപ്പിച്ചില്ലെങ്കില്‍ വേറെ ആര് അതു ചെയ്യും?" ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ ചോദിക്കുന്നു. അതിനാല്‍ അമേരിക്കയിലെ കലാകാരന്മാര്‍ക്കുവേണ്ടി വേദിയൊരുക്കുകയാണ് ജൂലൈ 5 മുതല്‍ 8 വരെ ഫിലാഡല്‍ഫിയയിലെ വാലിഫോര്‍ജ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഫൊക്കാന കണ്‍വന്‍ഷനില്‍.

എന്നു കരുതി നാട്ടില്‍ നിന്നുള്ള കലാകാരന്മാര്‍ വരുന്നില്ല എന്നര്‍ത്ഥമില്ല. സിനിമാ താരങ്ങള്‍ അടക്കമുള്ള കലാകാരന്മാരുടെ പരിപാടി ബാങ്ക്വറ്റില്‍ മുഖ്യ ആകര്‍ഷണമായിരിക്കും. മികച്ച കലാകാരന്മാര്‍ ഇവിടെയുണ്ട്. അവര്‍ക്കാകട്ടെ വേദിയൊന്നും കിട്ടുകയോ, അര്‍ഹമായ അംഗീകാരം ലഭിക്കുകയോ ചെയ്യുന്നുമില്ല. അതിനൊരു മാറ്റമാണ് ഇത്തവണ ഫൊക്കാന ആഗ്രഹിക്കുന്നത്- തമ്പി ചാക്കോ പറഞ്ഞു. റീജിയണ്‍ തലത്തില്‍ മത്സരിച്ച് വിജയിച്ചവര്‍ക്കാണ് കണ്‍വന്‍ഷന്‍ വേദിയില്‍ മാറ്റുരയ്ക്കാന്‍ അവസരം ലഭിക്കുക.

രജിസ്‌ട്രേഷന്‍ നല്ല നിലയില്‍ നടക്കുന്നു എങ്കിലും, കുറച്ചുകൂടി വേഗത്തിലാക്കാന്‍ ഭാരവാഹികള്‍ സജീവമായി രംഗത്തുണ്ട്. ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, വാഷിംഗ്ടണ്‍ ഡി.സി എന്നിവയൊക്കെ ഡ്രൈവിംഗ് ദൂരെ ആയതിനാല്‍ ആളുകള്‍ രജിസ്‌ട്രേഷന്‍ പതിയെ മതിയല്ലോ എന്നു കരുതിയിരിക്കുകയാണ്. എന്തായാലും കണ്‍വന്‍ഷന്‍ മികവുറ്റതായിരിക്കും. മികച്ച പങ്കാളിത്തത്തെപ്പറ്റിയും സംശയമില്ല.

എല്ലാ പതിവ് പരിപാടികളും സെമിനാറുകളും ഉണ്ട്. അതിനു പുറമെ റീജണില്‍ നിന്നും ജയിച്ചുവരുന്നവരുടെ മത്സരങ്ങള്‍ വേദിയെ സജീവമാക്കും. ഒട്ടും മുഷിയുമെന്നു കരുതേണ്ടതില്ല.

ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് ഐ.എ.എസ് എന്നിവര്‍ വരുമെന്നുറപ്പാണ്. ഒരുപാട് രാഷ്ട്രീയക്കാരെ കൊണ്ടുവരാന്‍ താത്പര്യമില്ല. അതുകൊണ്ട് പ്രയോജനമൊന്നുമില്ല. നാട്ടിലിപ്പോള്‍ കൊലപാതകമാണല്ലോ കൂടുതല്‍.

ടൂറിസം കേരളത്തിനു മാത്രമല്ല നമുക്കും പ്രധാനമാണ്. നമ്മുടെ കുട്ടികള്‍ കേരളത്തില്‍ പോകുന്നതും ടൂറിസ്റ്റുകളായാണ് എന്ന സ്ഥിതി വന്നുകൊണ്ടിരിക്കുന്നു. നമ്മുടെ പൈതൃക ഭൂമിയെപ്പറ്റി അറിയാനും പഠിക്കാനും അത് ആസ്വദിക്കാനും വഴിയൊരുക്കുന്നതാണ് ടൂറിസം. അതിനാല്‍ നാം ആ രംഗത്തിനു പ്രാധാന്യം കൊടുക്കേണ്ടതുണ്ട്. നമ്മുടെ ആവശ്യങ്ങളും നിര്‍ദേശങ്ങളുമൊക്കെ അധികൃതരെ അറിയിച്ചാല്‍ അതു ഗുണപരമായ മാറ്റങ്ങള്‍ക്ക് കാരണമായേക്കും.

ജൂലൈ 5 വ്യാഴാഴ്ച വൈകിട്ടത്തെ ഉദ്ഘാടന പരിപാടികളില്‍ കേരളം പുനര്‍ജനിക്കും. തിരുവാതിരയും വാദ്യമേളങ്ങളും നാടന്‍ കലകളുമെല്ലാം ചേര്‍ന്ന താളമേളങ്ങളുടെ സംഗമമായിരിക്കും അത്. ഉദ്ഘാടന സമ്മേളനത്തില്‍ നാട്ടില്‍ നിന്നുള്ള അതിഥികള്‍ക്കു പുറമെ പെന്‍സില്‍വേനിയ സ്റ്റേറ്റ് സാരഥികള്‍, ഫിലഡല്‍ഫിയ മേയര്‍, സെനറ്റര്‍മാര്‍, തുടങ്ങിയവരൊക്കെ പങ്കെടുക്കും. വാഷിംഗ്ടണ്‍ ഡി.സിയില്‍ നിന്ന് അധികം അകലെയല്ലാത്തതിനാല്‍ ഇന്ത്യന്‍ അംബാസഡറേയും, ന്യൂയോര്‍ക്കില്‍ നിന്ന് കോണ്‍സല്‍ ജനറലിനേയും പ്രതീക്ഷിക്കുന്നുണ്ട്.

വെള്ളിയാഴ്ചയാണ് ഇലക്ഷന്‍. കഴിഞ്ഞ വര്‍ഷത്തെപ്പോലെ സമയമില്ലെന്നു പറഞ്ഞ് നീട്ടിവെയ്ക്കില്ല. ഫൊക്കാനയുടെ നെടുംതൂണ് തന്നെ ഇലക്ഷനാണ്. രാവിലെ 10 മണിക്ക് ജനറല്‍ബോഡി ചേരും. ഏക അജണ്ട ഇലക്ഷനാണ്. 11 മണിക്ക് വോട്ടിംഗ് തുടങ്ങി 1 മണിയോടെ അവസാനിപ്പിക്കണമെന്നു കരുതുന്നു. കയ്യോടെ വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.

തെരഞ്ഞെടുപ്പില്‍ ആര് ജയിക്കുന്നതിലും വിരോധമില്ല. ജനാധിപത്യ സംഘടനയില്‍ ഇലക്ഷനില്‍ ഒരു തെറ്റുമില്ല. സ്ഥാനങ്ങള്‍ ആര്‍ക്കെങ്കിലും നല്‍കാമെന്നോ, വീതിച്ച് നല്‍കാമെന്നോ തീരുമാനമൊന്നുമില്ല. അത്തരം തീരുമാനങ്ങള്‍ എടുക്കാന്‍ ഇതൊരു സ്വകാര്യ സംഘടനയല്ല. ആരുടെയെങ്കിലും പോക്കറ്റില്‍ കിടക്കുന്ന സംഘടനയുമല്ല. ജനാധിപത്യ രീതിയില്‍ അര്‍ഹതയുള്ളവര്‍ വരുന്നതില്‍ ഒരു എതിര്‍പ്പുമില്ല. മത്സരാര്‍ത്ഥികള്‍ സ്ഥാനാര്‍ഥിത്വത്തിനുള്ള അര്‍ഹത തെളിയിക്കേണ്ടതുണ്ട്. മാറ്റി നിര്‍ത്തിയവ മാറ്റി നിര്‍ത്തിയതു തന്നെ.

അതേസമയം, ഭരണഘടനയനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കൂ. വ്യക്തിതാത്പര്യത്തിനു അനുസരിച്ച് ഭരണഘടനയില്‍ മാറ്റംവരുത്താന്‍ പാടില്ല. അത് വ്യക്തി താത്പര്യത്തിനു ഉപയോഗിക്കുകയുമരുത്. സത്യത്തില്‍ നിന്നും നീതിയില്‍ നിന്നും വ്യതിചലിക്കാനാവില്ല.

എക്‌സിക്യൂട്ടീവും കണ്‍വന്‍ഷന്‍ കമ്മിറ്റിയും ഒറ്റക്കെട്ടായാണ് മുന്നോട്ടുപോകുന്നത്. അഭിപ്രായവ്യത്യാസത്തിനോ, താന്‍പോരിമയ്ക്കോ അവസരമൊന്നുമില്ല. അതാണ് തങ്ങളുടെ ശക്തി.

ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍ ജോര്‍ജി വര്‍ഗീന്റെ നേതൃത്വത്തിലാണ് ഇലക്ഷന്‍ നടക്കുന്നത്.

ജനറല്‍ബോഡി നടക്കുമ്പോള്‍ തന്നെ കലാമത്സരങ്ങള്‍ വിവിധ സ്റ്റേജുകളില്‍ നടക്കും. ഡാന്‍സ്, മ്യൂസിക്. പ്രസംഗം എന്നിവയിലാണ് പ്രധാനമായും മത്സരങ്ങള്‍.

സാഹിത്യ സമ്മേളനം, സാഹിത്യകാരന്മാര്‍ക്ക് അവാര്‍ഡ്, മീഡിയ സെമിനാര്‍, നഴ്‌സിംഗ് സെമിനാറുകള്‍, വനിതാ സെമിനാര്‍, മതസൗഹാര്‍ദ്ദ സെമിനാര്‍ തുടങ്ങിയ സെമിനാറുകളില്‍ ഇവിടെനിന്നും നാട്ടില്‍ നിന്നുമുള്ള വിദഗ്ധരുടേയും സാന്നിധ്യം സജീവമാക്കുമെന്നുറപ്പുണ്ട്.

ശനിയാഴ്ച അക്ഷരാര്‍ത്ഥത്തില്‍ കണ്‍വന്‍ഷന്‍ ഒരു ഉത്സവമായി മാറും. നിലയ്ക്കാത്ത കലാപരിപാടികളും, ചര്‍ച്ചകളും ബ്യൂട്ടി പേജന്റ്, മലയാളി മങ്ക, മിസ്റ്റര്‍ ഫൊക്കാന പോലുള്ള മത്സരങ്ങളൊക്കെ വേദികളെ ചൈതന്യവത്താക്കും. അമേരിക്കയിലെ സാഹിത്യകാരന്മാരേയും ആദരിക്കും.

ബാങ്ക്വറ്റിനു ഒഴിച്ച് മറ്റു സമയങ്ങളില്‍ ഇന്ത്യന്‍ ഭക്ഷണം ആണ്. കപ്പയും മീനും മുതല്‍ നാടന്‍ വിഭവങ്ങളെല്ലാം ഉണ്ടാവും. വയറ് നിറച്ച് കഴിക്കാം. ഒരു ക്ഷാമവുമുണ്ടാകില്ല.

കണ്‍വന്‍ഷന് മുന്നോടിയായി ക്രിക്കറ്റ് ടൂര്‍ണമെന്റ്, കണ്‍വന്‍ഷന്‍ സമയത്ത് ബാസ്‌കറ്റ് ബോള്‍ മത്സരം എന്നിവ പ്ലാന്‍ ചെയ്യുന്നുണ്ട്.

നാട്ടിലെ നിയമങ്ങളൊക്കെ മാറിയതിനാല്‍ അവിടെനിന്ന് സ്‌പോണ്‍സര്‍ഷിപ്പ് കിട്ടുക വിഷമകരമായിട്ടുണ്ട്. അതിനാല്‍ ഇവിടെനിന്നും കൂടുതല്‍ സ്‌പോണ്‍സര്‍മാരെ കണ്ടെത്തുകയാണ്.

കണ്‍വന്‍ഷന്‍ നഷ്ടത്തിലാകുമോ എന്ന് ഇപ്പോള്‍ പറയാനാവില്ല. നഷ്ടമില്ലാതെ പോകാന്‍ ശ്രമിക്കുന്നുണ്ട്. നഷ്ടമായാല്‍ ഭാരവാഹികള്‍ അതു നികത്തും. കൂട്ടുത്തരവാദിത്വമുള്ള സംഘടനയാണിത്.

അഞ്ച് നാഷണല്‍ ഫെഡറേഷനുകളാണ് ഇപ്പോള്‍ ഒരേ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ പരസ്യത്തിനും സ്‌പോണ്‍സര്‍ഷിപ്പിനുമൊക്കെ വലിയ മത്സരം തന്നെ നടക്കുന്നു.

1983-ല്‍ ഡോ. അനിരുദ്ധന്റെ നേതൃത്വത്തില്‍ നടന്ന ആദ്യ കണ്‍വന്‍ഷന്‍ മുതല്‍ എല്ലാ കണ്‍വന്‍ഷനിലും പങ്കെടുത്ത ചുരുക്കം ചിലരിലൊരാളാണ് താന്‍. 36 വര്‍ഷത്തിനുശേഷമാണ് തനിക്ക് പ്രസിഡന്റ് പദം ലഭിച്ചത്. 2006-ല്‍ ഫ്‌ളോറിഡയില്‍ നടന്ന കണ്‍വന്‍ഷനില്‍ പ്രസിഡന്റായി യഥാര്‍ത്ഥത്തില്‍ വിജയിച്ചത് താനാണ്. പക്ഷെ സ്ഥാനം ലഭിച്ചില്ല. അതിനുശേഷം പ്രസിഡന്റ് ആകാമിയിരുന്നിട്ടും താന്‍ മാറിനില്‍ക്കുകയാണ് ചെയ്തത്. സ്ഥാനത്തിലല്ല കാര്യം.

യുവതലമുറ കൂടുതലായി ഫൊക്കാനയില്‍ വരുന്നുണ്ട്. യുവാക്കള്‍ക്ക് അധികാരം കൈമാറാന്‍ പഴയ തലമുറക്കു മടിയുണ്ടെന്നതു നിഷേധിക്കുന്നില്ല. അതു തുടര്‍ന്നാല്‍ ഫൊക്കാന ഒന്നുമല്ലാതാകും.

ഇവിടത്തെ മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും ഫൊക്കാനക്കു വലിയ സേവനമാണു നല്‍കുന്നത്. മാധ്യമ പ്രവര്‍ത്തകരുടെയും ഇന്ത്യാ പ്രസ് ക്ലബിന്റെയും സഹകരണത്തെഫൊക്കാന ആദരിക്കും

ഇനി വ്യക്തിപരം: കണ്‍വന്‍ഷന്‍ കഴിഞ്ഞാല്‍ റിട്ടയര്‍മെന്റിലേക്ക് കടക്കാനാണ് പ്ലാന്‍. എങ്കിലും ഫൊക്കാനയ്ക്കുവേണ്ടി എന്നും കര്‍മ്മരംഗത്തുണ്ടാകും.

കേരളത്തിലും അമേരിക്കയിലുമായാണ് താമസിക്കുക. റിട്ടയര്‍ ചെയ്തശേഷം കേരളത്തില്‍ ജീവിക്കുക അത്ര വിഷമകരമല്ല. 
ഫൊക്കാന കണ്‍ വന്‍ഷന്‍ വേദി ഉണരുമ്പോള്‍ പ്രസിഡന്റ് തമ്പി ചാക്കോക്ക് പറയാനുള്ളത്..
Join WhatsApp News
Jaya Kumar 2018-03-01 09:35:12
You did a wonderful job Mr. Thampi Chacko. Wish you and your team all the success!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക