Image

ജനപ്രിയ ഏകാംഗ നര്‍മ പ്രഭാഷകന്‍ ജയരാജ് വാര്യര്‍ ഫോമാ കണ്‍വന്‍ഷനില്‍

വിനോദ് കൊണ്ടൂര്‍ ഡേവിഡ് Published on 01 March, 2018
ജനപ്രിയ ഏകാംഗ നര്‍മ പ്രഭാഷകന്‍ ജയരാജ് വാര്യര്‍  ഫോമാ കണ്‍വന്‍ഷനില്‍
ചിക്കാഗോ: സമകാലീന കേരളത്തിലെ രാഷ്ട്രീയവും സാമൂഹികവും ചലച്ചിത്രവും ഒക്കെയായി ബന്ധപ്പെട്ട സംഭവ വികാസങ്ങളെ നര്‍മത്തിന്റെ മേമ്പൊടി ചേര്‍ത്ത് എക്കാലത്തും മലയാളികളെയും മറുനാടന്‍ മലയാളികളെയും പ്രവാസി മലയാളികളെയും ചിരിയുടെയും ചിന്തയുടെയും ആസ്വാദനത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന ജയരാജ് വാര്യര്‍ ചിക്കാഗോ ആതിഥേയത്വം വഹിക്കുന്ന ഫോമാ ഇന്റര്‍നാഷണല്‍ ഫാമിലി കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നു. മോഹന്‍ലാല്‍ രഞ്ജിത്ത്, നെടുമുടി വേണു എന്നിവര്‍ക്കൊപ്പം നിരവധി തവണ അമേരിക്കയിലെത്തി മലയാളികളുടെ വിവിധ വേദികളില്‍ നര്‍മത്തില്‍ ചാലിച്ച ശരങ്ങളെയ്ത് ഏവരെയും ആനന്ദിപ്പിച്ച ജയരാജ് വാര്യരുടെ സാന്നിദ്ധ്യം ഫോമാ കണ്‍വന്‍ഷനെ കൂടുതല്‍ സജീവവും ആസ്വാദ്യകരവുമാക്കുമെന്ന് ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ ഉള്‍പ്പെടെയുള്ള ഭാരവാഹികള്‍ അറിയിച്ചു.

ഏഷ്യാനെറ്റിലൂടെ ലോകമലയാളികളുടെ ഇഷ്ടകലാകാരനായി ഹരിശ്രീ കുറിച്ച ഇദ്ദേഹത്തിന്റെ ഏകാംഗ ഐറ്റമായ 'കാരിക്കേച്ചര്‍' അമേരിക്കയ്ക്കു പുറമേ ഗള്‍ഫ് നാടുകളിലും യൂറോപ്പിലും മലേഷ്യ, സിംഗപ്പൂര്‍ ഉള്‍പ്പെടെ മുപ്പതിലധികം രാജ്യങ്ങളില്‍ പ്രവാസി മലയാളികളെ ചിരിയുടെ മേച്ചില്‍പ്പുറങ്ങളിലേക്ക് കൊണ്ടു പോയിട്ടുണ്ട്. കേരളത്തില്‍ അനുദിനമുണ്ടാകുന്ന സംഭവങ്ങളെ നര്‍മത്തില്‍ ചാലിച്ച് ജയരാജ് വാര്യര്‍ ഒറ്റയ്ക്കൊരു വേദിയില്‍ നിന്ന് സരസമായി സംസാരിക്കുമ്പോള്‍ അത് ആക്ഷേപ ഹാസ്യത്തിന്റെ ഉത്തമ ഉദാഹരണമായി മാറുന്നു. ഒപ്പം വിമര്‍ശനത്തിന്റെയും.

 കേരളത്തില്‍ ടി.വി ചാനലുകള്‍ ആരംഭിച്ച കാലഘട്ടം മുതല്‍ തൃശൂര്‍ പൂരത്തിന്റെ പ്രചാരകനാണ് ഇദ്ദേഹം. പൂരപ്പറമ്പില്‍ ഓരോ പൂരവും കൊഴുക്കുമ്പോഴും ജയരാജ് വാര്യരുടെ ഹാസ്യവെടിക്കെട്ടുകള്‍ കേള്‍ക്കാന്‍ ജനക്കൂട്ടമുണ്ടാകും. യേശുദാസിന്റെയും ജയചന്ദ്രന്റെയും ഗാനസപര്യയുടെ അമ്പതാം വാര്‍ഷികം ആഘോഷിച്ചപ്പോള്‍ ജയരാജ് വാര്യരായിരുന്നു അവതാരകനായി എത്തിയത്. 

അങ്ങനെ ഒട്ടനവധി വേദികള്‍ മലയാള നാട്ടിലും മറുനാട്ടിലും പ്രവാസി മലയാളികളുടെ കര്‍മഭൂമയിലുമൊക്കെയായി പിന്നിട്ട ജയരാജ് വാര്യര്‍ 35ലധികം ചലച്ചിത്രങ്ങളിലും വ്യത്യസ്തമായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഒരു യാത്രാമൊഴി, പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ്, പുണ്യാളന്‍ അഗര്‍ബത്തീസ്, ഡാ തടിയാ, ചാര്‍ലി, അനാര്‍ക്കലി, മരുഭൂമിയില്‍ ഒരാന, ആമി, തുടങ്ങിയവ ചിത്രങ്ങളില്‍ ചിലതു മാത്രം. വീട്ടമ്മയായ ഉഷയാണ് ഭാര്യ. ഗായിക ഇന്ദുലേഖ വാര്യര്‍ മകളാണ്.

2018 ജൂണ്‍ 21 മുതല്‍ 24 വരെ ചിക്കാഗോ നഗരത്തിന്റെ അടുത്ത് ഷാംബര്‍ഗ് സിറ്റിയിലെ റെനസന്‍സ് 5 സ്റ്റാര്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ചു നടക്കുന്ന ആറാമത് ഫോമാ അന്താരാഷ്ട്ര കണ്‍വന്‍ഷന്‍ വിത്യസ്തകള്‍ കൊണ്ട് ശ്രദ്ധേയമാണ്.

വിവിധ പ്രായക്കാര്‍ക്ക് വേണ്ടിയുള്ള പരിപാടികള്‍ ഉള്‍പ്പെടുത്തി കൊണ്ട് നടത്തപ്പെടുന്ന ഫോമാ 2018 ഫാമിലി കണ്‍വന്‍ഷന്റെ ആദ്യ ഘട്ട രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകുമ്പോള്‍, മുന്നൂറോളം ഫാമിലികളാണ് ഇതു വരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേരളത്തിന്റെ സംസ്‌ക്കാരവും ഭാഷയും പരിചയപ്പെടുന്നതിനൊപ്പം, കേരളീയ ഭക്ഷണവും ഉള്‍പ്പെടുത്തി കൊണ്ടാണ് ഈ നോര്‍ത്ത് അമേരിക്കന്‍ മലയാളി മഹാമഹം കൊടിയേറുന്നത്.

പുതു തലമുറയ്ക്ക് കേരളീയ സംസ്‌ക്കാരം പരിചയപ്പെടുത്താനും, പഴയ തലമുറയ്‌ക്കൊപ്പം യുവ ജനതയുടെ ഒരു നാഷണല്‍ നെറ്റ് വര്‍ക്കും ഉണ്ടാക്കാനാകും എന്നത് ഫോമ പോലുള്ള ദേശീയ സംഘടനകളുടെ പിന്നിലെ ഉദ്ദേശ ശുദ്ധി.
ഫോമായെ കുറിച്ച് അറിയുവാനും കൂടുതല്‍ വിവരങ്ങള്‍ക്കും സന്ദര്‍ശിക്കുക
www.fomaa.net
ബെന്നി വാച്ചാച്ചിറ 847 322 1973, ജിബി തോമസ് 914 573 1616 , ജോസി കുരിശിങ്കല്‍ 773 478 4357, ലാലി കളപ്പുരയ്ക്കല്‍ 516 232 4819, വിനോദ് കൊണ്ടൂര്‍ 313 208 4952, ജോമോന്‍ കുളപ്പുരയ്ക്കല്‍ 863 709 4434, സണ്ണി വള്ളിക്കളം 847 722 7598.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക