Image

പോളിംഗ് സ്‌റ്റേഷനിലെ ഡ്രസ് കോഡ് എന്തായിരിക്കണം? (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 02 March, 2018
പോളിംഗ് സ്‌റ്റേഷനിലെ ഡ്രസ് കോഡ് എന്തായിരിക്കണം? (ഏബ്രഹാം തോമസ്)
വാഷിംഗ്ടണ്‍: വോട്ടര്‍മാര്‍ പോളിംഗ് സ്‌റ്റേഷനില്‍ ചെല്ലുമ്പോള്‍ ഏത് തരം വസ്ത്രം എങ്ങനെ ധരിച്ചിരിക്കണം, വസ്ത്രത്തില്‍ നല്‍കുന്ന സന്ദേശത്തില്‍ ഏതാണ് സ്വീകാര്യം, ഏതാണ് അസ്വീകാര്യം എന്നീ പ്രശ്‌നങ്ങളില്‍ യു.എസ്. സുപ്രീം കോടതിയില്‍ വാദം നടക്കുകയാണ്. ഭരണഘടനയുടെ ഒന്നാം ഭേദഗതി നല്‍കുന്ന പൗരാവകാശം മിനിസോട്ട സംസ്ഥാനത്തിന്റെ പുതിയ നിയമം ഹനിക്കുന്നു എന്നാരോപിക്കുന്ന പെറ്റീഷന്‍ സുപ്രീം കോടതി പരിശോധിച്ചു വരികയാണ്. ഭരണഘടന വാഗ്ദാനം ചെയ്യുന്ന സംസാര സ്വാതന്ത്ര്യം പോളിംഗ് സ്‌റ്റേഷനുകളില്‍ വോട്ടര്‍മാര്‍ക്ക് എത്രമാത്രം അവകാശപ്പെടാം. ഇത് പൗരബോധത്തിന് വിരുദ്ധമായാല്‍ നിരോധിക്കേണ്ടേ തുടങ്ങിയ ചോദ്യങ്ങളാണ് ഉയരുന്നത്.

കോടതിയില്‍ നടന്ന സജീവ വാദ പ്രതിവാദത്തില്‍ ജസ്റ്റീസ് സാമുവല്‍ അലിറ്റോ സംസ്ഥാനത്തിന്റെ അഭിഭാഷകനോട് ചില കടുത്ത ചോദ്യങ്ങള്‍ ചോദിച്ചു. ഒരു റെയിന്‍ബോ പതാകയുള്ള ടീ ഷര്‍ട്ട് ധരിച്ച് ഒരു വോട്ടര്‍ക്ക് വോട്ടിംഗ് ബൂത്തില്‍ എത്താമോ?

ഇത് അനുവദനീയമാണ്. ബാലറ്റില്‍ ഗേ അവകാശങ്ങളെകുറിച്ച് എന്തെങ്കിലും ചോദ്യം ഇല്ലെങ്കില്‍', എന്നായിരുന്നു വക്കീലിന്റെ മറുപടി.

ഫ്‌ളോറിഡ ഷൂട്ടിംഗിനെ ഓര്‍മ്മിപ്പിക്കുന്ന പാര്‍ക്ക് ലാന്‍ഡ് സ്‌ട്രോംഗ് എന്നെഴുതിയ ടീ ഷര്‍ട്ടും അനുവദിക്കാം, എന്നാല്‍ നാഷ്ണല്‍ റൈഫിള്‍ അസോസിയേഷന്റെ ലോഗോ പ്രദര്‍ശിപ്പിക്കുന്ന ടീ ഷര്‍ട്ട് ഇന്നത്തെ മിനിസോട്ടയില്‍ അനുവദിക്കില്ല എന്നായിരുന്നു മറ്റൊരു ചോദ്യത്തിനുള്ള മറുപടി.

ഭരണഘടനയുടെ രണ്ടാം ഭേദഗതിയുടെ ടെക്‌സസ് പ്രദര്‍ശിപ്പിക്കുന്ന ടീ ഷര്‍ട്ട് രാഷ്ട്രീയമായി കരുതും. മീടൂ സന്ദേശം വോട്ടിംഗ് നടക്കുന്ന സ്ഥലത്ത് ഒരു പ്രശ്‌നമാണെങ്കില്‍ അത് രാഷ്ട്രീയമായി തന്നെ കണക്കാക്കപ്പെടും. റോഗന്റെ മറുപടികള്‍ ഇങ്ങനെയായിരുന്നു. 

മറുപടികള്‍ കേട്ടതിന് ശേഷം ബില്‍ ഓഫ് റൈറ്റ്‌സിന്റെ ചില ഭാഗങ്ങളുള്ള വസ്ത്രം വോട്ടര്‍മാര്‍ ധരിക്കുന്നത് വിലക്കുകയും മറ്റു ചില ഭാഗങ്ങള്‍ സ്വീകാര്യമാണെന്ന് പറയുകയും ചെയ്യുന്നത് തനിക്ക് അത്ര സ്വീകാര്യമായി തോന്നുന്നില്ല എന്ന് ജസ്റ്റീസ് നീല്‍ഗോര്‍സച്ച് അഭിപ്രായപ്പെട്ടു.

വളരെ അസാധാരണവും വിഷമകരവുമായ ഒരു പ്രശ്‌നത്തില്‍ തീര്‍പ്പ് കല്‍പിക്കേണ്ട അവസ്ഥയിലാണ് സുപ്രീം കോടതി. വിശാലഹൃദയരായ ചില ജസ്റ്റീസുമാര്‍ ജസ്റ്റീസ് ആന്റണി കെന്നഡിയോടും ചീഫ് ജസ്റ്റീസ് ജോണ്‍ റോബര്‍ട്ട്‌സിനോടും ചേര്‍ന്ന് പോളിംഗ് സ്ഥലത്തിന്റെ അന്തസിനും മേന്മയ്ക്കും അനുയോജ്യമായ വസ്ത്രങ്ങള്‍ വോട്ടര്‍മാര്‍ ധരിക്കണം എന്ന് അഭിപ്രായപ്പെട്ടു.

എന്നാല്‍ പെറ്റീഷ്ണറുടെ അഭിഭാഷകന്‍ ജെ.ഡേവിഡ് ബ്രീമര്‍ വിയോജിച്ചു. പോളിംഗ് സ്ഥലങ്ങള്‍ യഥാര്‍ത്ഥ ലോകത്തില്‍ നിന്നകലെയുള്ള അകളങ്ക സംശുദ്ധമായ ഏകാന്ത കേന്ദ്രങ്ങളല്ല', ബ്രീമര്‍ വാദിച്ചു.

മിനിസോട്ടയുടെയും മറ്റ് ഒന്‍പതു സംസ്ഥാനങ്ങളും വോട്ടര്‍മാര്‍ രാഷ്ട്രീയ ബാഡ്ജ്, ബട്ടണ്‍ അല്ലെങ്കില്‍ രാഷ്ട്രീയപദവികള്‍ വ്യക്തമാക്കുന്ന ചിഹ്നങ്ങള്‍ ധരിച്ച് പ്രൈമറിയോ ഇലക്ഷനോ നടക്കുന്ന വോട്ടിംഗ് ബൂത്തിനടുത്ത്  എത്തുന്നത് വിലക്കിയിട്ടുണ്ട്. ഈ വലക്കിനെതിരെയാണ് സുപ്രീം കോടതിയില്‍ കേസ് നടക്കുന്നത്. ശരീരത്തില്‍ പല ഭാഷ്യങ്ങള്‍ ആലേഖനം ചെയ്തു നടക്കുന്നവര്‍ ധാരാളമുള്ള ഇക്കാലത്ത് തിരഞ്ഞെടുപ്പ് ഇവര്‍ക്കെതിരെ എന്ത് നടപടി സ്വീകരിക്കും എന്നും കാത്തിരുന്ന് കാണേണ്ടതുണ്ട്.

പോളിംഗ് സ്‌റ്റേഷനിലെ ഡ്രസ് കോഡ് എന്തായിരിക്കണം? (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക